കരയുടെ
പെനാല്‍റ്റി ബോക്സിന്നുള്ളില്‍
കടലിന്നാക്രമണം.
ഉരുക്കുകോട്ട
തകര്‍ക്കാന്‍ വയ്യാ-
തുടനെ പിന്മാറ്റം.
കരുത്തു കൂട്ടി
കുതിച്ചു കേറി
തുടരന്‍ മുന്നേറ്റം.
ചീനിയു,മോലപ്പീപ്പിയുമായി
കാണാ ഗ്യാലറിയില്‍
മത്സര,മുത്സവമാക്കി മദിക്കും
കാറ്റിന്‍ സാന്നിധ്യം.
വാകകള്‍
തെങ്ങുകവുങ്ങുകളാടീ
കേരളസാംബാ നൃത്തം.
ഇടയ്ക്കു വന്നൊരു
നീലപ്പൊന്മാന്‍
ചിലച്ചു ചോദിച്ചു
മറന്നു പോയോ
സന്തോഷ് ട്രോഫി,
ഒടുക്കമിന്നാണ്.
നഗ്നപാദരാമോര്‍മ്മകള്‍ ബൂട്സിന്‍
ശക്തിയിലേക്കമര്‍ന്നു പോകുന്നു.
കട്ടിയിരുട്ടത്തുരുട്ടിച്ചുരുട്ടി
വെട്ടത്തു വെച്ച പീരങ്കി
തുപ്പിയ തീപ്പന്തുമോര്‍ത്തു മൌനത്തിന്‍
കല്‍ക്കരി തിന്നിരിക്കുമ്പോള്‍
അപ്പുറത്തെന്താണൊരാരവം
സ്റ്റേഡിയം
കത്തുന്ന പൌരുഷശബ്ദം.
ദിക്കുകള്‍ ഞ്ഞെട്ടിത്തെറിക്കെ
കാല്‍പ്പന്തിനാല്‍
അത്ഭുതം കാട്ടീ മിടുക്കന്‍.
സ്വര്‍ണ്ണ ബംഗാളിന്‍റെ
ഗോള്‍വല ഭേദിച്ചു
കന്നിത്തെലുങ്കിന്‍റെ സൈന്യം.
മൈതാനമധ്യത്ത്
ഇടത്ത്
അതിര്‍രേഖയില്‍
വായുവില്‍
മുന്നില്‍
വലത്തേ കോര്‍ണറില്‍ .....
ഭ്രാന്തുപിടിച്ചപോല്‍ പന്തിന്‍റെ
വേഗവിന്യാസ പ്രഹരം.
കാലില്‍ നിന്നും നെഞ്ചിലേക്ക്
നെഞ്ചില്‍ നിന്നും തലയിലേക്ക്
തലയില്‍ നിന്നും .....
ശത്രുപക്ഷം കിടുങ്ങിയ
കത്രികക്കട്ടിലൂടുഗ്ര വേഗത്തില്‍
കുതിക്കയാണ്
ഇരുകാല്‍ ക്കുതിരകള്‍
കാഞ്ചി വലിച്ച തോല്‍പ്പന്ത്.
ക്രോസ്ബാറു മുട്ടി
നിറഞ്ഞു നില്‍ക്കും ഗോളി
വിശ്രുതന്‍ തങ്കരാജിന്‍റെ
ദീര്‍ഘ ഹസ്തങ്ങള്‍ക്ക്
പാദപ്പെരുമയ്ക്ക്
കീഴ്പ്പെടാന്‍ സമ്മതിക്കാതെ
പച്ച കുരുത്ത പഥത്തിലൂടങ്ങനെ
കത്തിപ്പറന്നു ഭൂഗോളം.
ശ്വാസമിപ്പോള്‍ വിട്ടതേയുള്ളൂ കാണികള്‍
നീള്‍ വിസില്‍ മീട്ടീ റഫറി.
-----------------------------------------
1966-കൊല്ലത്ത് നടന്ന സന്തോഷ് ട്രോഫി മത്സരത്തില്‍ ആന്ധ്രപ്രദേശ് ജയിച്ചു.
കമന്ററി പോലെ ആവേശമുണര്‍ത്തുന്ന കവിത
ReplyDeleteഇങ്ങനെയൊന്ന് ആദ്യമായി വായിയ്ക്കുകയാണ്
വളരെ നന്ദി അജിത്.. ..പന്തിന്‍റെ വേഗതയോര്ത്ത് എനിക്ക് വല്ലാത്ത ആശങ്ക ഉണ്ടായിരുന്നു.
Deleteഎന്താ കഥ? വേഗം തന്നെയല്ലേ ജീവിതം?കളികളെക്കുറിച്ച് ഈയുള്ളവന് ഒന്നുമറിയില്ല.കളിമറന്ന് കാര്യത്തിലേയ്ക്ക് ഓടിക്കയറിയപ്പോഴെല്ലാം മുരള്‍ച്ചയോടെ മുതുകില്‍ തറഞ്ഞുകയറിയ കളിപ്പന്തുകളെ ഓര്‍ക്കുന്നു!കളിയും കാര്യവും ഇടകലര്‍ന്ന് ജീവിതം അഴിയാക്കുരുക്കായോ പൊരുളറ്റ സമസ്യയായോ ആയി പരിണമിക്കുന്നു.കവിത ഇഷ്ടപ്പെട്ടു.
ReplyDeleteനന്ദി രമേഷ് സന്ദര്‍ഭം കിട്ടുമെങ്കില്‍ "two half time in hell" എന്ന ചിത്രം കാണാന്‍ ശ്രമിക്കണേ.നല്ല സിനിമയാണ്.
Deleteകാണാം.എവിടെ ലഭിക്കുമെന്നുകൂടി പറയാമോ..
ReplyDeleteഅതെനിക്ക് അറിയില്ല രമേശ്.. ഞാന്‍ വര്‍ഷങ്ങള്‍ക്കു മുന്പ് ഒരു ഫിലിം ഫെസ്ടിവലിന് കണ്ടതാണ്.നെറ്റില്‍ പരതിയാല്‍ കിട്ടില്ലേ?
Delete