Wednesday, 3 July 2013

ശബ്ദതാരാവലിക്ക് തൊണ്ണൂറുവയസ്



എഴുത്തുകാര്‍ക്ക് നിഘണ്ടു ഒരു അവശ്യവസ്തു അല്ല. എന്നാല്‍ വായനക്കാര്‍ക്കും ഭാഷ പഠിക്കുന്നവര്‍ക്കും നിഘണ്ടു അത്യാവശ്യമാണ്. എഴുതാന്‍ വേണ്ടിയല്ല, അറിയാന്‍വേണ്ടിയാണ് നിഘണ്ടു ഉപയോഗിക്കുന്നത്.

മലയാളത്തിന്റെ പദനിധികള്‍ക്ക് പതിനെട്ടാം നൂറ്റാണ്ടിന്റെ പൂര്‍വാര്‍ധം വരെയേ ചരിത്രമുള്ളു. ഇത് മതവുമായി ബന്ധപ്പെട്ടിരിക്കുന്നു എന്നത് കൗ...
തുകകരമാണ്.

ബഹുഭൂരിപക്ഷം ജനങ്ങള്‍ക്കും അക്ഷരം നിരോധിച്ചിരുന്നതിനാല്‍ ഹിന്ദുമതക്കാര്‍ക്ക് നിഘണ്ടുവിന്റെ ആവശ്യമേ വന്നില്ല. മലയാളം അവിശ്വാസിയുടെയും ഇംഗ്ലീഷ് ചെകുത്താന്റെയും ഭാഷയാണെന്നു കരുതിയിരുന്നവര്‍ക്കും പദകോശവഴിയേ സഞ്ചരിക്കേണ്ടിവന്നില്ല. എന്നാല്‍ കേരളത്തിലെ പാപികളെ ജ്ഞാനസ്‌നാനം ചെയ്യിക്കാന്‍ വന്നവര്‍ക്ക് സ്വന്തം ഭാഷ പ്രയോജനരഹിതമാവുകയും മലയാളം പഠിക്കേണ്ടിവരുകയും ചെയ്തു.

വേദപുസ്തകം വായിക്കേണ്ടത് അത്യാവശ്യം ആയിരുന്നതിനാല്‍ സമൂഹത്തെ സാക്ഷരമാക്കുന്നതിലും അവര്‍ ശ്രദ്ധിച്ചു. നിഘണ്ടു നിര്‍മാണം ആരംഭിക്കുന്നത് നമ്മുടെ നാട്ടില്‍ അങ്ങനെയാണ്.

സുവിശേഷ വേലയുമായി ബന്ധപ്പെട്ട് നിര്‍മിക്കപ്പെട്ട നിഘണ്ടുക്കള്‍ മലയാള ഭാഷയ്ക്ക് വലിയ ഈടുവയ്പുകളായി. അര്‍ണോസുപാതിരി, ക്ലമന്റ് പാതിരി, റവ. ബി ബെയ്‌ലി, റിച്ചാര്‍ഡ് കോളിന്‍സ്, ഹെര്‍മന്‍ ഗുണ്ടര്‍ട്ട് തുടങ്ങിയ വിദേശികളാണ് ഈ പ്രവര്‍ത്തനങ്ങള്‍ ഫലവത്താക്കിയത്. എന്നാല്‍ ആയിരത്തിത്തൊള്ളായിരത്തി ഇരുപത്തിമൂന്നില്‍ ഒന്നാം പതിപ്പായി പ്രസിദ്ധീകരിക്കപ്പെട്ട ശബ്ദതാരാവലിയാണ് ബ്രഹത്തായ ഒരു പദനിധിയായി മലയാളത്തിനു ലഭിച്ചത്.

നാടകങ്ങളും ആട്ടക്കഥകളും അടക്കം മുപ്പത്തിയഞ്ചു കൃതികള്‍ രചിച്ച ശ്രീകണ്‌ഠേശ്വരം ജി പത്മനാഭപിള്ളയുടെ ഊണുമുറക്കവും ഉപേക്ഷിച്ചുള്ള പരിശ്രമമാണ് ശബ്ദതാരാവലിയില്‍ കലാശിച്ചത്. മറ്റുകൃതികളൊന്നും കാലം കടന്നുവന്നില്ലെങ്കിലും ശബ്ദതാരാവലി മലയാളത്തിന്റെ ആധികാരിക പദകോശമായി തുടരുന്നു.

ഒന്നര ലക്ഷത്തോളം വാക്കുകളാണ് ശബ്ദതാരാവലിയിലുള്ളത്. എങ്കില്‍പോലും ശബ്ദതാരാവലി അപൂര്‍ണമാണ്. ശബ്ദതാരാവലിക്കുവേണ്ടി വാക്കുകള്‍ ശേഖരിക്കുന്ന പ്രവര്‍ത്തനം മുപ്പത്തിരണ്ടാം വയസ്സിലാണ് അദ്ദേഹം ആരംഭിച്ചത്. അമ്പത്തെട്ടാം വയസ്സിലാണ് ഒന്നാം പതിപ്പ് പ്രസിദ്ധീകൃതമായത്.

ശബ്ദതാരാവലി പൂര്‍ത്തിയാക്കാന്‍ കഴിയുമോ എന്ന ആശങ്ക ഉണ്ടായപ്പോള്‍ സമാഹരിക്കപ്പെട്ട വാക്കുകള്‍ ചേര്‍ത്ത് ഒരു കീശാനിഘണ്ടു പ്രസിദ്ധീകരിച്ചു. ആ നിഘണ്ടുവിനു വലിയ സ്വീകരണമാണ് ലഭിച്ചത്. നിഘണ്ടു ഒരിക്കലും പൂര്‍ണമാകുന്ന ഗ്രന്ഥമല്ല എന്ന അദ്ദേഹത്തിന്റെ പ്രസ്താവന വളരെ പ്രധാനപ്പെട്ടതാണ്.

അക്ഷരമാലാക്രമത്തില്‍ വാക്കുകള്‍ അടുക്കാന്‍ ഒറ്റ നിമിഷംകൊണ്ട് ഇന്നു സാധിക്കുമെങ്കിലും യന്ത്രസംവിധാനങ്ങളൊന്നുമില്ലാതിരുന്ന അക്കാലത്ത് ശ്രീകണ്‌ഠേശ്വരം പത്മനാഭപിള്ള ഒറ്റയ്ക്കു ചെയ്ത ആ പ്രയത്‌നം വിസ്മയകരം തന്നെ. രണ്ടാം പതിപ്പിന്റെ മുഖവുരയില്‍ അദ്ദേഹം ഇങ്ങനെ രേഖപ്പെടുത്തിയിട്ടുണ്ട്.
'സുഖം എന്ന പദത്തിന്റെ അര്‍ഥം എന്റെ നിഘണ്ടുവില്‍ കൊടുത്തിട്ടുണ്ടെന്നു വരുകിലും പരമാര്‍ഥത്തില്‍ അത് എങ്ങനെയിരിക്കുമെന്ന് ഞാന്‍ ഇതുവരെ അറിഞ്ഞിട്ടുള്ളവനല്ല'. ഒന്നാം പതിപ്പിന്റെ മുഖവുരയിലാകട്ടെ, ഗുണ്ടര്‍ട്ട് അടക്കമുള്ള മുന്‍ഗാമികളെ സ്മരിച്ചിട്ടുമുണ്ട്.

1864 മുതല്‍ 1946 വരെയായിരുന്നു ശ്രീകണ്‌ഠേശ്വരം പത്മനാഭ പിള്ളയുടെ ജീവിതകാലം. വക്കീല്‍പ്പണി അടക്കമുള്ള വരുമാനമാര്‍ഗങ്ങള്‍ ശബ്ദതാരാവലി നിര്‍മാണത്തിനുവേണ്ടി അദ്ദേഹത്തിനു ത്യജിക്കേണ്ടിവന്നു. അഞ്ഞൂറുകോപ്പിമാത്രം, സ്വന്തം ചെലവില്‍, ഒന്നാം പതിപ്പായി പ്രസിദ്ധീകരിച്ച ശബ്ദതാരാവലിക്ക് ഇരുപത്തി രണ്ട് രൂപയായിരുന്നു വില.

ശബ്ദതാരാവലിയിലെ അവസാന വാക്ക് ഇംഗ്ലീഷില്‍ നിന്നും മലയാളത്തിലെത്തിയ ''റ്റാറ്റാ'' ആണ്. പോയിവരട്ടെ എന്ന യാത്രപറയല്‍ വാക്ക്, അവസാനവാക്കായത് കൗതുകകരമാണ്.

എണ്‍പത്തി രണ്ടാം വയസ്സിലാണ് ശ്രീകണ്‌ഠേശ്വരം പത്മനാഭപിള്ള ലോകത്തോട് റ്റാറ്റാ പറഞ്ഞത്. അദ്ദേഹം നമ്മള്‍ക്കു നല്‍കിയ ശബ്ദതാരാവലിക്കു തൊണ്ണൂറുവയസ്സു പൂര്‍ത്തിയായിരിക്കുന്നു
.

16 comments:

  1. ശ്രേഷ്ടഭാഷക്ക് ഒരു കോടി വിലയിട്ടപ്പോൾ അതിനു പിന്നിൽ പ്രവര്ത്തിച്ച വിലമതിക്കുവാനാവാത്ത എത്ര എത്ര ജീവിതങ്ങൾ. അത് ഓർക്കാൻ ഓർമപ്പെടുത്താൻ കഴിഞ്ഞത് ശ്രേഷ്ടതയായി

    ReplyDelete
  2. ക്ഷമിക്കണം കോടിയിൽ ഒരു 99 വിട്ടു പോയി ആരുടെയോ വായിൽ പോകുവാനുള്ളതുകൊണ്ടാണോ എന്നറിയില്ല

    ReplyDelete
  3. കുട്ടിക്കാലത്ത് ശബ്ദതാരാവലി കണ്ട് ഇത്രയും വലിയ പുസ്തകമോ എന്ന് അത്ഭുതപ്പെട്ടിട്ടുണ്ട്.

    വിവരങ്ങള്‍ പങ്കുവച്ചതിന് നന്ദി

    ReplyDelete
  4. അറിവുകൾ പകർന്നു തന്നതിന് നന്ദി.

    ReplyDelete
  5. ശബ്ദതാരാവലി അപൂർണ്ണമാണെന്നു ഇപ്പോഴാണറിയുന്നത് ( നന്ദി, ശ്രീകുമാർ!) ഇത്രയും നീണ്ടകാലം കൊണ്ട് സമാഹരിക്കപ്പെട്ടിട്ടുപോലും, ഈ ബ്രഹത്കൃതി അപൂർണ്ണമായിരുന്നുവെന്നറിയുമ്പോൾ, ശ്രീകണ്‌ഠേശ്വരത്തിന്‍റെ മഹാപ്രയത്നത്തിന്‍റെ വ്യാപ്തിയും സങ്കീർണ്ണതയും തെല്ലൊന്നു വെളിവാകുന്നു.

    ReplyDelete
  6. എല്ലാ നിഘണ്ടുവും അപൂർണമാണ്. നാട്ടുവാക്കുകൾ എല്ലാം സംഭരിക്കാൻ ഒറ്റയ്ക്ക് സാധിക്കുകയില്ല.സാങ്കേതിക വളര്ച്ച ഭാഷക്ക് നല്കുന്ന പുതിയ പദങ്ങളും #ചാനൽ# സ്വാഭാവികമായി ഉരുത്തിരിയുന്ന പദങ്ങളും#അടിപൊളി,തരികിട,ഇറച്ചിക്കോഴി,കൂതറ..# മുന്കൂട്ടിക്കാണാൻ കഴിയില്ലല്ലോ.

    ReplyDelete
  7. നമ്മളനുഭവിക്കുന്ന മിക്ക സുഖങ്ങളും സൌകര്യങ്ങളുമെല്ലാം ആരോ ലോകനന്മയ്ക്കായി മനപൂർവ്വം ത്യജിച്ചിരുന്നവയാണ്.അന്യന്റെ ഈടുവയ്പ് അധികാരത്തോടെ കവർന്നെടുത്ത് നാം നമ്മുടേതെന്ന് മേനി നടിക്കുന്നുവെന്നുമാത്രം.ശ്രീകണ്ഠേശ്വരം എന്നും ഓർമ്മിക്കപ്പെടട്ടെ കവേ.

    ReplyDelete
  8. This comment has been removed by the author.

    ReplyDelete
  9. താങ്കളുടെ കുറിപ്പാണ് ഹിന്ദുവില്‍ ഇതേക്കുറിച്ച് ഒരു റിപ്പോര്‍ട്ട് വരാന്‍ എന്ന്‍ കണ്ടിരുന്നു. അല്ലെങ്കില്‍ ഒരു പക്ഷേ ഇക്കാര്യം ആരും അറിയാതെ പോയേനെ... കഴിഞ്ഞ കുറേ മാസങ്ങളായി ശബ്ദതാരാവലി നിത്യജീവിതത്തിന്റെ ഭാഗമായിരിക്കുന്നു.

    എന്നിരുന്നാലും ഈ നവതിയെക്കുറിച്ച് താങ്കള്‍ പറഞ്ഞില്ലെങ്കില്‍ അറിയാതെ പോയേനെ -
    വളരെ നന്ദി.

    ഹിന്ദുവില്‍ വന്ന റിപ്പോര്‍ട്ട് ദാ ഇവിടെയുണ്ട് http://www.thehindu.com/news/cities/Kochi/sabdatharavali-quietly-turns-90/article4885722.ece

    ReplyDelete
  10. വളരെ നന്ദി നിഷ.

    ReplyDelete
  11. ശബ്ദതാരാവലിയിലെ അവസാന വാക്ക് ഇംഗ്ലീഷില്‍ നിന്നും മലയാളത്തിലെത്തിയ ''റ്റാറ്റാ'' ആണ്. പോയിവരട്ടെ എന്ന യാത്രപറയല്‍ വാക്ക്, അവസാനവാക്കായത് കൗതുകകരമാണ്.

    വളരെ ഇൻഫോർമേറ്റീവായ ഒരു ആലേഖനം തനെയാണിത് കേട്ടൊ ഭായ്

    ReplyDelete