Wednesday, 24 July 2013

കാവ്യസദസ്സില്‍ ഒരു കല്യാണം



യുവകവികളായ സൂര്യയുടെയും ഹരി നീലഗിരിയുടെയും വിവാഹക്ഷണക്കത്ത് അസാധാരണം ആയിരുന്നു. ലോകത്തിന്റെ വിവിധ ഭാഗങ്ങളിലുള്ള അഞ്ഞൂറോളം ആളുകളാണ് ഫേസ്ബുക്കിലൂടെ വധുവരന്മാരെ അഭിവാദ്യം ചെയ്തത്.

നെടുമങ്ങാട് നെട്ടയിലെ കമ്മ്യൂണിറ്റി ഹാള്‍. കുട്ടികള്‍ കരികൊണ്ടുവരച്ച ചിത്രങ്ങളല്ലാതെ മറ്റലങ്കാരങ്ങള്‍ ഒന്നുമില്ല. മുറിച്ചെടുത്ത കുലവാഴകളോ തോരണങ്ങളോ ബാനറോ വന്ദനം പറയാന്‍ കുട്ടിയാനയോ ഇല്ല.

ഹാളിനകവും അങ്ങനെ തന്നെ. അവിടെ ഒരു കവി സദസ് നടക്കുകയാണ്. പത്തു പത്ത് എന്ന കാവ്യപുസ്തകത്തിന്റെ പ്രകാശനവുമുണ്ട്.

പുസ്തക പ്രകാശനം കഴിഞ്ഞായിരുന്നു വിവാഹം. നീലഷര്‍ട്ടും കൈത്തറി മുണ്ടുമുടുത്ത് നവവരന്‍ ഹരി നീലഗിരി. പച്ചസാരിയുടുത്ത് മുടിയില്‍ ചെറിയ മുല്ലപ്പൂമാല ചൂടി സൂര്യ. ഇരുവര്‍ക്കും പരിഭ്രമമില്ല. ഹരി, സൂര്യയെ മാലയണിയിച്ചു. വധൂവരന്മാരുടെ കൈകള്‍ ചേര്‍ത്തു വയ്ക്കുകയെന്ന ഉത്തരവാദിത്വം അവര്‍ ഉദാരതയോടെ എന്നെയാണേല്‍പ്പിച്ചത്.
അതോടെ ചടങ്ങുകള്‍ പൂര്‍ത്തിയായി. സ്‌പെഷ്യല്‍ മാര്യേജ് ആക്ടിന്റെ പിന്‍ബലവും അവര്‍ക്കുണ്ടായിരുന്നു. കവികളായ ഗിരീഷ് പുലിയൂരും വിനോദ് വെള്ളായണിയും ശരണ്യയും ഷൈറാബീവിയും ആര്യനാട് വിജയകുമാറും ജി എസ് ജയചന്ദ്രനും ജിജോ കൃഷ്ണനും സി എസ് രാജേഷും കാവ്യാശംസകള്‍ അര്‍പ്പിച്ചു. വധൂവരന്മാരുടെ ഉറ്റബന്ധുക്കളും സന്നിഹിതരായിരുന്നു.

നെടുമങ്ങാടിന്റെ ചരിത്രകാരന്‍ ഉത്തരം കോട് ശശിയും യുവരാഷ്ട്രീയ പ്രവര്‍ത്തകന്‍ അഡ്വ. വി രാജേഷും പ്രൊഫ. ഗിരിജയും പ്രഭനും ഇരിഞ്ചയംരവിയും മറ്റും ഉപദേശങ്ങളും ആശംസകളും ചൊരിഞ്ഞു.

ചായം ധര്‍മരാജന്‍ ചൊല്ലിയത് ബാലചന്ദ്രന്‍ ചുള്ളിക്കാടിന്റെ അന്നം എന്ന കവിതയായിരുന്നു. ബാലചന്ദ്രന്‍ ചുള്ളിക്കാടും വിജയലക്ഷ്മിയും വിജാതീയ പ്രണയ വിവാഹിതര്‍ക്ക് പ്രചോദനവുമാണല്ലോ.

ഇതുപോലെ, ആചാരങ്ങളുപേക്ഷിച്ച് വിവാഹിതരായ യുവകവികളാണ് ഇന്ദുലേഖയും എം സങ്ങും. ഹൈന്ദവ ക്രൈസ്തവ ബാല്യകാല പരിസരത്തെയാണ് ആ പ്രണയികള്‍ നിരസിച്ചത്. രണ്ടു കുസൃതിക്കുടുക്കകളുമായി ശാസ്താംകോട്ട ശുദ്ധജല തടാകത്തിന്റെ തീരത്ത് സന്തുഷ്ടകുടുംബജീവിതം പുലര്‍ത്തുന്ന ഈ കവികള്‍ വര്‍ത്തമാനകാല മലയാള കവിതയില്‍ വളരെ ശ്രദ്ധേയരാണല്ലോ. 

വിവാഹനിശ്ചയം ഉത്രാളിക്കാവ് പൂരം പോലെയും വിവാഹം തൃശൂര്‍പൂരം പോലെയും ആയിരിക്കണമെന്നു കരുതുന്നവരാണ് കേരളീയര്‍. അതിനായി സാമ്പത്തിക ബാധ്യതകള്‍ വരുത്തിവയ്ക്കാനും ആത്മഹത്യ ചെയ്യാനും വരെ നമ്മള്‍ ഒരുക്കവുമാണ്. ഈ ഭ്രാന്താവസ്ഥയെയാണ്, വിജാതീയവും ആചാര-ആര്‍ഭാട രഹിതവുമായ വിവാഹത്തിലൂടെ സൂര്യയും ഹരിയും ലംഘിച്ചത്.

പങ്കെടുത്തവരില്‍ പലരും സ്വന്തം വിവാഹം ഇങ്ങനെ സ്ത്രീധന രഹിതവും ലളിതവുമായി നടത്താന്‍ കഴിയാതെ പോയതിലുള്ള പരിഭവം പരസ്യമായിത്തന്നെ പ്രകടിപ്പിച്ചു. സ്വന്തം മക്കളെ സ്ത്രീധനാര്‍ത്തിയില്‍ നിന്നും ആര്‍ഭാട ഭ്രമത്തില്‍ നിന്നും ദുരാചാരങ്ങളില്‍ നിന്നും മോചിപ്പിക്കാന്‍ ശ്രമിക്കുമെന്നും ആശംസാപ്രസംഗകര്‍ അഭിപ്രായപ്പെട്ടു.

ജ്യോത്സ്യവിധിപ്രകാരമുള്ള മുഹൂര്‍ത്തമൊന്നും സൂര്യഹരി വിവാഹത്തിനില്ലായിരുന്നു. കാവ്യസദസ് മൂന്നരയ്ക്ക് എന്നു പറഞ്ഞിരുന്നെങ്കിലും ഗതാഗത കുരുക്കും മറ്റും കാരണം നാലരക്കാണ് തുടങ്ങാന്‍ കഴിഞ്ഞത്.

മനുഷ്യ വിവാഹങ്ങള്‍ക്ക് ഒരു മാതൃകയാണ് ഈ യുവകവികളുടെ വിവാഹം. കവികള്‍, ഭാവനയുടെ മഴവില്‍കൊട്ടാരത്തില്‍ മാത്രമല്ല, പോരാട്ടത്തിന്റെ വഴിയിലുമാണ്.

14 comments:

  1. ആശംസകള്‍ വധൂവരന്മാര്‍ക്കും വര്‍ത്തമാനം അറിയിച്ച പ്രിയകവിയ്ക്കും!
    കൂട്ടത്തില്‍ പറയട്ടെ, 20 വര്‍ഷങ്ങള്‍ക്ക് മുമ്പ് ഞങ്ങളുടെ വിവാഹവും അടുത്ത ബന്ധുക്കളുടെ സാന്നിദ്ധ്യത്തില്‍ നടന്ന, ആര്‍ഭാടരഹിതമായ മിശ്രവിവാഹമായിരുന്നു!!

    ReplyDelete
  2. വിവാഹവേളകളിലെ - അതു ഏതു ജാതിയിലായാലും, ഏതു മതത്തിലായാലും - അമിതവ്യയവും ധൂർത്തും കേരളത്തിലെ ബഹുഭൂരിപക്ഷം വിവാഹങ്ങളുടേയും മുഖമുദ്രയായിരിക്കുന്ന ദുരവസ്ഥയാണ് എവിടെയും കാണുന്നത്. നൂറുകണക്കിനു പവൻ പൊന്നിന്‍റെ പൊലിമയും, പതിനായിരക്കണക്കിനു രൂപയുടെ സാരിയുടെ പകിട്ടും, നിർദ്ദയം പണം കോരിച്ചൊരിയുന്ന നൂറായിരം ചടങ്ങുകളും ( ബ്യൂട്ടിഷ്യന്മാരുടേയും ഫോട്ടോഗ്രാഫർമാരുടേയും വീഡിയോഗ്രാഫർമാരുടേയും സംഹാരതാണ്ഡവത്തിനു പുറമേ) രാജകൊട്ടാരങ്ങളിലെ സദ്യയെ വെന്നേയടങ്ങൂ എന്നതുപോൽ മത്സരബുദ്ധിയോടെയുള്ള ഭക്ഷ്യമാമാങ്കവും സർവ്വോപരി, കൊട്ടും കുരവയും ആനയും അമ്പാരിയും പലകുടുംബങ്ങളുടേയും സാമ്പത്തികഅസ്ഥിവാരം തകർക്കുകയും, കടത്തിലേക്കും കണ്ണീരിലേക്കും തള്ളിവിടുകയും ചെയ്യുന്ന ഒരു സാമൂഹവിപത്തിന്‍റെ വക്കോളമെത്തിനിൽക്കുന്നു, ഇന്നത്തെ തത്വദീക്ഷയില്ലാത്ത, നിലമറന്നുള്ള വിവാഹഘോഷങ്ങൾ. മിഡിൽ ക്ലാസും അപ്പർ ക്ലാസും ലോവർ ക്ലാസ്സുമെല്ലാം ഒരുപോലെതന്നെ, തങ്ങളുടെ സ്ഥാനമാനങ്ങളും സമ്പത്തും ആഡ്യത്വവും (പൊങ്ങച്ചവും) വിളംബരം ചെയാനുള്ള ആഘോഷാവസരങ്ങളായാണു വിവാഹങ്ങളെ ഉപയോഗപ്പെടുത്തുന്നത്. മറ്റുള്ളവരെപ്പോലെ-അല്ലെങ്കിൽ, അവരെക്കാളും മെച്ചമായി-ഇത്തരം ധാരാളിത്തം കാണിച്ചില്ലെങ്കിൽ, സമൂഹമധ്യേ തങ്ങൾ മോശക്കാരായിപ്പോകുമെന്ന ചിന്തയാണ്, ഈ സാമൂഹിക മഹാമാരിയെ നാടൊട്ടും പടർത്തുന്നത്‌. അഭിജാത-വ്യവസ്ഥാപിത കുടുംബങ്ങളും തലമുതിർന്നവരും ഇക്കാര്യത്തിൽ സമൂലമായൊരു മാറ്റത്തിനു വഴിയൊരുക്കില്ലെന്നു ഉറപ്പുള്ളതുകൊണ്ട്, ശേഷിച്ച ഏക പ്രതീക്ഷ, ഇത്തരം മിശ്ര വിവാഹങ്ങളാണ്; ലളിത ചടങ്ങുകളാണ്. പുതിയൊരു സാമൂഹികമാറ്റത്തിന് ഈ പരിഷ്കൃതാശയർ, വിഗ്രഹഭഞ്ജകർ നാന്ദിയാകട്ടെ!

    ReplyDelete
  3. വിവാഹനിശ്ചയം ഉത്രാളിക്കാവ് പൂരം പോലെയും വിവാഹം തൃശൂര്‍പൂരം പോലെയും ആയിരിക്കണമെന്നു കരുതുന്നവരാണ് കേരളീയര്‍
    ഹ ഹ ഹ സത്യമാണ് സാർ പറഞ്ഞത്

    ReplyDelete
  4. nandi.azamsakal sooryakkum harikkum kaimarunnu.

    ReplyDelete
  5. രണ്ടു വ്യക്തികളുടെ സ്വകാര്യ ജീവിതത്തിന്റെ തുടക്കത്തെ മാമാങ്കമായി ആടാറുന്ന മലയാളിയുടെ ഈ പ്രവണത മഹാ വിപത്ത് തന്നെയാണ്.
    വിവാഹത്തിൽ മാതൃക കാണിച്ച സൂര്യക്കും ഹരിക്കും അഭിവാദ്യങ്ങൾ.

    ReplyDelete
  6. വധൂവരൻ മാർക്കും ഇത് പോലെ പവിത്രമായ ഒരു ചടങ്ങ് സംബന്ധിക്കുവാൻ ഭാഗ്യം ലഭിച്ച അഥിതികൾക്കും ഇത്രയും ലളിതമായി നടന്ന ചടങ്ങ് തൃശൂർ പൂരം പോലെ കണ്ണിനും കാതിനും ഇമ്പം ആയി പുനരവതരിപ്പിച്ച ശ്രീയേട്ടനും 20 വര്ഷം മുമ്പ് ഇത് പോലെ ഒരു ചടങ്ങിനു ധൈര്യം കാണിച്ചിട്ടും ഇപ്പോഴും നല്ലൊരു കവി സദസ്സ് പോലെ ദാമ്പത്യം ആസ്വദിക്കുന്ന അജിത്‌ ഭായ് ക്കും കുടുംബത്തിനും ആശംസകൾ

    പിന്നെ വിവാഹം എല്ലാം ലളിതം ആയി നടത്തണം എന്ന് വാശി വേണ്ട. അതിലും വൈവിധ്യം ആയിക്കോട്ടേ. ലളിതമായ വിവാഹവും ആഡംബര വിവാഹവും നല്ല നിലയിൽ ദാമ്പത്യം പരിവ്യസാനിക്കട്ടെ, ഇവിടെയും വധു വരണോ അവരുടെ മാതാപിതാക്കളോ ആവില്ല കുറ്റക്കാർ. അത് സമൂഹം തന്നെ ആവും കുറ്റക്കാർ. സമൂഹം മഴ പോലെ ഓന്ത് പോലെ നിറം മാറും.. അത് കൊണ്ട് അത് കാര്യം ആക്കണ്ട. പക്ഷെ വിവാഹം ഇന്ന് ഒരു വ്യവസായം ആണ് അത് ഒരു ഉപജീവന മാര്ഗം ആയി ജീവിക്കുന്ന പതിനായിരക്കണക്കിനു ആൾക്കാരും ഉണ്ട് . ആ പണം ഒന്നുകിൽ ദാന ധര്മം ആയിട്ടോ അല്ലെങ്ങിൽ പണം ഒഴുകുന്ന ചടങ്ങയിട്ടോ കൈ മാറട്ടെ. അതിനുള്ള പാങ്ങ് ഉണ്ടെങ്കിൽ. കാരണം സമ്പദ് വ്യവസ്ഥ എന്ന് പറയുന്നത് സമ്പത്തിന്റെ കൈമാറ്റം കൂടി ആണല്ലോ. ലളിതമായ ഇത്തരം വിവാഹങ്ങൾ സാമ്പത്തിക ബുദ്ധിമുട്ട് ആണ് ഭാവിക്കുന്നവർക്ക് അപകര്ഷത ഇല്ലാതെ മനോഹരമായി തന്നെ വിവാഹം എന്ന ചടങ്ങ് നടത്താൻ പ്രേരണ നല്കട്ടെ

    ReplyDelete
  7. athe bhanu kalarikkal,baiju maniyankala..

    ReplyDelete
  8. ഭ്രൂണഹത്യകളും സ്ത്രീധന പീഡനങ്ങളും ഒരു ചോദ്യചിഹ്നമായി നമ്മുക്ക് മുന്നില്‍ ഉയര്‍ന്നു നില്‍ക്കുമ്പോള്‍ സംസ്കാരത്തിന്‍റെ ആചാരത്തിന്‍റെ മറ പിടിച്ചു അതിനെ ആശ്ലേഷിക്കുന്നവര്‍ക്ക് മുന്നില്‍ ഒരു സാമൂഹിക വിപ്ലവം തുടങ്ങേണ്ട സമയം ആഗതമായിരിക്കുന്നു...

    സ്തീധനത്തിനും ആര്‍ഭാട വിവാഹത്തിനും എതിരെ നിരന്തരം പ്രസ്താവനകള്‍ ഇറക്കുകയും,നെടുവീര്‍പ്പെടുകയും ചെയ്യുക മാത്രമല്ല സ്വയം അടയാളപ്പെടുത്തി സംസ്കാരിക നവോത്ഥാനത്തിന്‍റെ വര്‍ണ്ണവസന്തത്തില്‍ പങ്കാളിയുംകൂടി ആവുകയും ചെയ്ത കൂട്ടുകാര്‍ക്ക് അഭിവാദ്യങ്ങള്‍.....,....

    ഞാനൊരു വിവാഹം കഴിക്കുന്നെങ്കില്‍ ജാതിമത ചിന്തകളില്ലാതെ ആര്ഭാടരഹിത സ്ത്രീധന രഹിത വിവാഹമായിരിക്കുമെന്നു മുന്‍പേ തീരുമാനിച്ചതാണ്

    ReplyDelete
  9. അവർ മുന്നോട്ടു വച്ച, സ്വയം കാണിച്ചു തന്ന ആശയങ്ങൾ എല്ലാ മനസ്സുകളിലേക്കും പടരട്ടെ.
    നവവധൂവരന്മാർക്ക് എല്ലാ ആശംസകളും....

    ReplyDelete
  10. മനുഷ്യ വിവാഹങ്ങള്‍ക്ക് ഒരു മാതൃകയാണ് ഈ യുവകവികളുടെ വിവാഹം

    ReplyDelete