Friday, 20 December 2013

കാവ്യകേളിയും മലയാള കവിതാദിനവും


   ലോകത്തെ വിവിധ ഭാഷകള്‍, ചില പ്രത്യേക ദിവസങ്ങള്‍ കാവ്യദിനങ്ങളായി ആചരിച്ചു വരുന്നുണ്ട്. ഇംഗ്ലണ്ടില്‍ ഒക്‌ടോബര്‍ അഞ്ചാണ് കവിതാദിനം. അന്ന് ആ രാജ്യത്തെ കവിതാപ്രേമികള്‍ ഒന്നിച്ചുകൂടി പ്രസിദ്ധ കവികളുടെ സാന്നിധ്യത്തില്‍ കവിതകള്‍ ആലപിക്കുകയും സംവാദത്തിലേര്‍പ്പെടുകയും ചെയ്യുന്നു. മറ്റുചില യൂറോപ്യന്‍ രാജ്യങ്ങളില്‍ ഒക്‌ടോബര്‍ പതിനഞ്ചാണ് കാവ്യദിനം. റോമന്‍ ഇതിഹാസകവിയായ വെര്‍ജിലിന്റെ ജന്മദിനമാണന്ന്.

ജപ്പാനിലാണെങ്കില്‍ ഹൈക്കു കവിതാദിനം രചനാപരമായ ആഘോഷങ്ങളോടെ ആചരിക്കുന്നുണ്ട്. അടുത്ത വര്‍ഷം ഏപ്രില്‍ പതിനേഴിന്റെ ഹൈക്കു ദിനത്തിനായി ഇപ്പോഴേ ഒരുക്കങ്ങള്‍ തുടങ്ങിയിരിക്കുന്നു. അമേരിക്കയിലാണെങ്കില്‍ ദേശീയ കവിതാമാസം തന്നെ ഏപ്രിലില്‍ ആഘോഷിക്കുന്നുണ്ട്.

സാംസ്‌കാരിക കാര്യങ്ങളില്‍ ശ്രദ്ധിക്കുന്ന ഐക്യരാഷ്ട്രസഭയുടെ വിഭാഗമായ യുനെസ്‌കോ കവിതാദിനമായി പ്രഖ്യാപിച്ചിരിക്കുന്നത് മാര്‍ച്ച് ഇരുപത്തൊന്നാണ്. ഈ ദിവസം കവിത വായിക്കുക, എഴുതുക, പ്രസിദ്ധീകരിക്കുക, പഠിപ്പിക്കുക, പഠിക്കുക തുടങ്ങിയ കാര്യങ്ങളാണ് ചെയ്യേണ്ടത്.

മലയാളത്തിനുമുണ്ട് കവിതാദിനം. അത് ധനുമാസം ഒന്നാം തീയതിയാണ്. പ്രവാസി മലയാളികള്‍ ചിലപ്പോഴൊക്കെ കവിതാദിനം ആചരിക്കാറുണ്ട്. ഒരു വര്‍ഷം മുമ്പ് സിംഗപ്പൂര്‍ മലയാളി അസോസിയേഷന്‍ നടത്തിയ കവിതാദിനാചരണം ഉദാഹരണം. 

എന്നാല്‍ ഫേസ്ബുക്കിലെ ഒരു സജീവചര്‍ച്ചാസംഘമായ കാവ്യകേളി എല്ലാ ഭൂഖണ്ഡങ്ങളിലെയും മലയാളിയുടെ പങ്കാളിത്തത്തോടെ ധനു ഒന്നിന് നടത്തുന്ന കവിതാദിനാചരണമാണ് ശ്രദ്ധേയം.

രണ്ടായിരത്തിലധികം അംഗബലമുള്ള കാവ്യകേളി ഇതിനകം ചെയ്ത പ്രധാനപ്പെട്ട കാര്യങ്ങളിലൊന്ന് ചിന്താവിഷ്ടയായ സീതയുടെ ഇംഗ്ലീഷ് പരിഭാഷയാണ്. ദശാബ്ദങ്ങളായി കാനഡയില്‍ താമസിക്കുന്ന വാരിയത്ത് മാധവന്‍കുട്ടിയാണ് ഈ പരിഭാഷ  നിര്‍വഹിച്ചത്. മഹാകവി വൈലോപ്പിള്ളിയുടെ സഹ്യന്റെ മകനും അദ്ദേഹം ഇംഗ്ലീഷിലേക്ക് മൊഴിമാറ്റിയിട്ടുണ്ട്. ഇപ്പോള്‍ അദ്ദേഹം നാലപ്പാട്ടു നാരായണമേനോന്റെ കണ്ണുനീര്‍ത്തുള്ളിയുടെ വിവര്‍ത്തനത്തിലാണ്. ദിവസം ഓരോ ശ്ലോകം മൊഴിമാറ്റി ഫേസ്ബുക്കിലെ കാവ്യകേളിയില്‍ പോസ്റ്റു ചെയ്യുകയാണ്.

കാവ്യകേളി, മലയാള കവിതാദിനം പ്രമാണിച്ച് തോന്നക്കല്‍ ആശാന്‍ സ്മാരകത്തില്‍ വച്ച് ഒരു സാഹിത്യകൂട്ടായ്മയും സംഘടിപ്പിച്ചു. ഒ വി ഉഷ, ശിഹാബുദീന്‍ പൊയ്ത്തും കടവ്, സച്ചിദാനന്ദന്‍ പുഴങ്കര, രാജന്‍ കൈലാസ്, രജീഷ് പാലവിള, എം എന്‍ പ്രസന്നകുമാര്‍, ലോപ, ആനന്ദി രാമചന്ദ്രന്‍ തുടങ്ങിയവരുള്‍പ്പെടെ കവിതയെ സ്‌നേഹിക്കുന്ന നിരവധി പേര്‍ അവിടെ സമ്മേളിച്ചു. ടി ടി ശ്രീകുമാറിന്റെയും ശ്രീകുമാര്‍ മുഖത്തലയുടെയും സംഭാഷണങ്ങളും പാലക്കാട്ടെ കാവ്യസാന്നിധ്യത്തെ അടയാളപ്പെടുത്തിയ ജ്യോതിഭായി പരിയാടത്തിന്റെ ഹ്രസ്വചലച്ചിത്രവും സരിതാ വര്‍മ്മയുടെ കാവ്യപ്രകാശനവും മലയാള കവിതാദിനാചരണത്തിന് തിളക്കം കൂട്ടി.

ഖത്തറിലുമുണ്ടായി മലയാള കവിതാദിനാചരണം. എം ഇ എസ് സ്‌കൂളിലെ അധ്യാപികയായ ഗീതാസൂര്യന്റെ മേല്‍നോട്ടത്തില്‍ കുമാരനാശാന്റെയും ചങ്ങമ്പുഴയുടെയും ഡി വിനയചന്ദ്രന്റെയും മറ്റും കവിതകള്‍ കുട്ടികള്‍ അവതരിപ്പിച്ചു.

കാവ്യസന്ദേശങ്ങള്‍ കൈമാറുകയായിരുന്നു മറ്റൊരു കവിതാദിന കൗതുകം. ഒ എന്‍ വി കുറുപ്പ്, മഹാകവി ജീയുടെ ഒരു കാവ്യശകലം ബാലചന്ദ്രന്‍ ചുള്ളിക്കാടിനയക്കുകയും ആശാന്‍ കവിതകൊണ്ട് അദ്ദേഹം പ്രതിവചിക്കുകയും ചെയ്തു. നിരവധി പേര്‍ ഫേസ്ബുക്കിലൂടെയും മറ്റ് ഇന്റര്‍നെറ്റ് സംവിധാനങ്ങളിലൂടെയും മൊബൈല്‍ ഫോണിലൂടെയും സന്ദേശങ്ങള്‍ കൈമാറുകയും അതൊരു ആഗോള കവിതാ ശൃംഖലയായി മാറുകയും ചെയ്തു.

കാവ്യക്കടലില്‍ ജീവിക്കുന്ന മത്സ്യങ്ങള്‍ക്ക് പ്രത്യേകിച്ചൊരു കവിതാദിനത്തിന്റെ ആവശ്യമില്ല. എന്നാല്‍ വര്‍ഷത്തിലൊരു ദിവസം കവിതയ്ക്കുവേണ്ടി മാത്രം മാറ്റിവയ്ക്കുന്നത് സൗന്ദര്യാത്മകമായ ഒരു ആവശ്യമാണ്.

മലയാള കവിതാദിനാചരണം അവസാനിച്ചിട്ടില്ല. ധനു ഒന്ന് പ്രവൃത്തി ദിവസമായതിനാല്‍ സിംഗപ്പൂര്‍ മലയാളികള്‍ അടുത്ത ഞായറാഴ്ച മലയാള കവിതാദിനം ആചരിക്കുകയാണ്.
 

3 comments:

  1. നല്ലതാണ് കവിത ഇന്ന് പരന്നോഴുകുമ്പോഴും ആഴത്തിൽ അറിയുവാൻ അധികം ആൾക്കാർക്ക് കഴിഞ്ഞിട്ടില്ല ഇത്തരം അറിവുകളും ദിവസങ്ങളും അതിനു കൂടി ഉപകരിക്കട്ടെ

    ReplyDelete
  2. കവിതാദിനം എന്നൊന്ന് നാം ആചരിക്കുന്നുണ്ടെന്ന് ഈ വര്‍ഷം ആണ് അറിഞ്ഞത്.

    ReplyDelete
  3. കാവ്യക്കടലില്‍ ജീവിക്കുന്ന മത്സ്യങ്ങള്‍ക്ക് പ്രത്യേകിച്ചൊരു കവിതാദിനത്തിന്റെ ആവശ്യമില്ല. എന്നാല്‍ വര്‍ഷത്തിലൊരു ദിവസം കവിതയ്ക്കുവേണ്ടി മാത്രം മാറ്റിവയ്ക്കുന്നത് സൗന്ദര്യാത്മകമായ ഒരു ആവശ്യമാണ്.

    ReplyDelete