Sunday, 9 February 2014

പെങ്ങള്‍സ്ഥാന്‍

പെങ്ങള്‍സ്ഥാന്‍

-----------------------------------------------
എന്നേ ചൊടിച്ചു പിരിഞ്ഞ നേര്‍ പെങ്ങളേ
നിന്നെയെനിക്കൊന്നു കാണാന്‍ കൊതി.

വീര ഭഗത്തിന്‍റെ ലാഹോര്‍,
ലജ്പത് റായ്
വീണ മണ്ണിന്‍റെ രക്താഭയും ഭാവവും
കാണാന്‍ കൊതി.

ഗസല്‍ ശീതമടിക്കുന്ന
ഗോതമ്പു പാടവും ഖൈബര്‍ ചുരത്തിന്‍റെ 
ഓര്‍മ്മയില്‍ കത്തും  ചരിത്രവും
പട്ടാളയാത്രയും ബോളാന്‍ റയില്‍ പഴമ്പാതയും
കാണാന്‍ കൊതി.

സിന്ധുതീരത്തു പണ്ടെന്‍റെ 
പൂര്‍വികര്‍ നാടും നഗരവും കൊത്തിയ
പൂവഴി,
ആര്യവേട്ടക്കാര്‍ തെറിപ്പിച്ച
ജീവിതമോടിമറഞ്ഞ മണ്‍ വീഥികള്‍ 
കാണാന്‍ കൊതി.

ഒറ്റപ്പുസ്തകം, വ്യാഖ്യാന ഭേദങ്ങള്‍ 
കയ്യില്‍ കൊടുത്ത ഗ്രനേഡിനാല്‍
തീ വീണ പാവം മനുഷ്യജന്മങ്ങളെ
കാണാന്‍ കൊതി.

പച്ചയിട്ട ചിനാബിന്‍റെ 
തീരത്തെ  പേരമരങ്ങള്‍
പാമീര്‍ മലയോരത്തു 
മേയുന്നൊരൊട്ടകക്കൂട്ടങ്ങള്‍ 
പെഷ് വാറിലെ പൊടിക്കാറ്റ്
കറാച്ചിയില്‍കപ്പലിറങ്ങിയ പര്‍വതാരോഹകര്‍ 
അല്ലാമ ഇഖ്ബാല്‍ മതിമറന്നുര്‍ദുവില്‍ 
കല്ലിനെ പൂവാക്കി  ന് ലാവ് കുടിപ്പിച്ച 
ടെന്റുകള്‍
താര്‍ മരുഭൂവിന്‍ തോളെല്ലുകള്‍
മഞ്ഞുതടാകം 
ബലൂചിപ്പെണ്‍ കുട്ടികള്‍ 
തൊങ്ങലിട്ടാടി വലംവച്ച ഹുക്കകള്‍
കാണാന്‍ കൊതി.

വാശി കൂര്‍പ്പിച്ച ഹോക്കിയും 
വീഴുന്നവിക്കറ്റും നോക്കിക്കയര്‍ക്കുന്ന  
ബാല്യ കൌമാരങ്ങള്‍ 
കാണാന്‍ കൊതി.

എന്നേ ചൊടിച്ചു പിരിഞ്ഞ നേര്‍ പെങ്ങളേ 
നിന്നെയെനിക്കൊന്നു കാണാന്‍ കൊതി.

3 comments:

  1. വെട്ടിപ്പിളര്‍ന്ന നേര്‍പങ്കുകള്‍
    കാണാന്‍ കൊതിപ്പത് ന്യായം

    ReplyDelete
  2. ഒറ്റപ്പുസ്തകം, വ്യാഖ്യാന ഭേദങ്ങള്‍
    കയ്യില്‍ കൊടുത്ത ഗ്രനേഡിനാല്‍
    തീ വീണ പാവം മനുഷ്യജന്മങ്ങളെ
    കാണാന്‍ കൊതി.

    ReplyDelete
  3. പേര് തന്നെ ഉഷാർ ആയി കവിത അതിലും ഹൃദ്യം ഒരു നല്ല വസ്ത്രമോ സമ്മാനമോ വാങ്ങി കൊടുത്താൽ പരസ്പരം തീരാവുന്ന കലഹം നമ്മൾ കോടി കണക്കിന് രൂപയുടെ ആയുധം വാങ്ങി കൂട്ടി തുടരുന്നു

    ReplyDelete