Sunday, 9 February 2014

ഉപ്പ

ഉപ്പ

------------
ഉപ്പ
പെടാപ്പാടു പെട്ട് 
കിട്ടിയതീ ചോറ് 

 ഉപ്പ
കടും വെട്ടു കൊണ്ട്
കെട്ടിയതീ വീട്

 ഉപ്പ
പുളിമുട്ടം കീറി
കുത്തിയ കിണറ്

 ഉപ്പ
തന്നമുത്തമാണെന്‍ 
നെറ്റിയിലെ പാമ്പ്‌.

 പെറ്റനാളിലുമ്മ പോയ
തീക്കരപ്പന്‍ ഞാന്
ഉപ്പ കോരിത്തന്നതാണ് 
ഞാന്‍ കുടിച്ച പാല്.

 മദ്രസ വിട്ടോടി വന്നു 
ഞാന്‍ കരഞ്ഞനാളില്‍ 
ചിത്ര പുസ്തകങ്ങള്‍
തന്ന്കൂട്ടിരുന്നെന്നുപ്പ.

 ബൈക്ക് മുട്ടി പ്ലാസ്ടറിട്ടു
ഞാന്‍ കിടന്ന മാസം
ഒപ്പരം കിടന്നു കഥ 
ചൊല്ലിത്തന്നെന്നുപ്പ. 

 മുത്തുനബിപ്പോര്‍കഥകള്‍ 
ബുദ്ധസന്ദേഹങ്ങള്‍
കൃഷ്ണദൂത്,സീതാവ്യഥ
ക്രിസ്തു സഞ്ചാരങ്ങള്‍.
ഒക്കെയും പിഴിഞൊഴിച്ചു
ജ്ഞാനദാഹം മാറ്റി 
സ്വപ്ന സ്വിച്ചില്‍ സ്പര്ശിച്ചെന്നും
വെട്ടമിട്ടെന്നുപ്പ.

 നിസ്കരിച്ചു പാതെറുത്ത് 
ശവ്വാല്‍ മേഘം പോകെ 
സല്‍ക്കരിച്ച തേന്‍ മഴയ്ക്ക് 
കൈ കൊടുത്തെന്നുപ്പ.

 നോക്കി നോക്കി കണ്ണുപോയ 
പാവമാമെന്നുപ്പ 
കൊച്ചുമൈലാഞ്ചിത്തണലില്‍ 
വിശ്രമിക്കും നേരം
ദുഃഖരക്തമുറഞ്ഞാറി 
നിന്ന മീസാന്‍കല്ല്‌ 
മുദ്ര വച്ച വാക്കിനാലെന്‍
മജ്ജയുരുക്കുന്നു.

നേത്രദാന പത്രികയില്‍ 
ഒപ്പുവച്ച ഞാനോ 
സ്നേഹനദി പ്പൂങ്കരയില്‍
കാത്തു കാത്തിരിപ്പൂ.

 ഉപ്പ
വിയര്‍പ്പുപ്പു തൂകി
ചോപ്പു ചേര്‍ത്ത റോസ

 ഉപ്പ
പുഞ്ചിരിച്ച കണ്ട്
വെള്ളയിട്ട മുല്ല

ഉപ്പ
കണ്ണുനീര് കൊണ്ട്
തീര്‍ത്തു മഞ്ഞുതുള്ളി

ഉപ്പ 
ചിന്തച്ചെന്തീ കൊണ്ട്
പൂട്ടിയെന്നടുപ്പ് .

ഉപ്പ
എന്റെയുപ്പയെനി-
ക്കുജ്ജ്വല നക്ഷത്രം.

ഉപ്പ
എന്റെയുപ്പയെനി-
ക്കക്ഷയ പാല്‍പാത്രം.

35 comments:

  1. സ്നേഹം
    പാതിമെയ്യാം പിതാവിനോട് സ്നേഹം

    നല്ല സ്നേഹക്കവിതയ്ക്കെന്റെ നന്ദി

    ReplyDelete
  2. ഞാൻ കൊതിച്ച ഉപ്പ ഹൃദയാശംസകൾ

    ReplyDelete
  3. ഉപ്പ.. സ്നേഹത്തിന്‍റെ, വാത്സല്യത്തിന്‍റെ പര്യായം.

    ReplyDelete
  4. എന്താ പറയാ.... മൌനം...

    ReplyDelete
    Replies
    1. വായിച്ചതിനു നന്ദി അലി.

      Delete
  5. പിതാവു പകർന്നു നൽകിയ സ്നേഹ-
    മിന്നെന്നെ മുന്നോട്ടു നയിക്കുന്നു വന്ദനം.

    ReplyDelete
  6. പെറ്റനാളിലുമ്മ പോയ
    തീക്കരപ്പന്‍ ഞാന്
    ഉപ്പ കോരിത്തന്നതാണ്
    ഞാന്‍ കുടിച്ച പാല്.

    മദ്രസ വിട്ടോടി വന്നു
    ഞാന്‍ കരഞ്ഞനാളില്‍
    ചിത്ര പുസ്തകങ്ങള്‍
    തന്ന്കൂട്ടിരുന്നെന്നുപ്പ.

    ReplyDelete
  7. This comment has been removed by the author.

    ReplyDelete
  8. ഉപ്പ തൻ സ്നേഹം വർണ്ണിച്ചീടാൻ
    ഉതിർന്നിടുന്നെൻ മനവും, പക്ഷെ,
    കുരീപ്പുഴയേപ്പോൽ വാക്കുകൾ
    ഉതിരുന്നില്ലിവിടെ അത് മാത്രമെൻ സങ്കടം!!
    നന്നായി മാഷെ ഈ ഓർമ്മകുറികൾ.
    പക്ഷെ പിടി കിട്ടിയില്ല ചില വാക്കുകൾ തൻ പൊരുൾ!
    ആശംസകൾ.

    ReplyDelete
  9. നല്ല കവിത ..കണ്ണ് നിറഞ്ഞു ..

    ReplyDelete
  10. മുത്തുനബിപ്പോര്‍കഥകള്‍
    ബുദ്ധസന്ദേഹങ്ങള്‍
    കൃഷ്ണദൂത്,സീതാവ്യഥ

    ഈ വരിയിലെ വാക്ക് “ബുദ്ധസന്ദേശങ്ങള്‍“ എന്നായിരുന്നുവോ?

    ReplyDelete
  11. വായിക്കാന്‍ ഇഷ്ടം തോന്നുന്ന വരികള്‍

    ReplyDelete
  12. എല്ലാ കൂട്ടുകാര്‍ക്കും നന്ദി.പ്രതികരണങ്ങള്‍ എനിക്ക് കൂടുതല്‍ കാവ്യധൈര്യം തരുന്നു.. :)

    ReplyDelete
  13. കവിതയുടെ ലാളിത്യം ഇഷ്ടപ്പെട്ടു..
    പക്ഷേ കവിത കുരീപ്പുഴയുടേതായിട്ടും ഹൃദയത്തിൽ തൊട്ടില്ല. ചിലത് സ്പർശിക്കണമെങ്കിൽ ചില അനുഭവങ്ങൾ കൂടി വേണമെന്ന് തോന്നുന്നു.

    ReplyDelete
    Replies
    1. വായിച്ചതിനു നന്ദി കൂട്ടുകാരാ.

      Delete
  14. കണ്ണ് നിറഞ്ഞു

    ReplyDelete
  15. ഇഷ്ടായി...മാഷെ..!

    ReplyDelete
  16. നന്ദി ഷംസുദീന്‍.

    ReplyDelete
  17. എല്ലാവരും ഉമ്മയെ ക്കുറിച്ച് വർണിക്കുമ്പോൾ ഉപ്പയെവിടെ
    ഉമ്മ സ്നെഹമെങ്കിൽ ഉപ്പ കൂട്ടുകാരനായിരുന്നു.
    "Thou wert my guide, philosopher, and friend "അലക്സാണ്ടർ പോപിന്റെ പ്രസിദ്ധമായ വരികൾ

    ReplyDelete
  18. നന്ദി സംഷീര്‍.

    ReplyDelete
  19. വായിച്ചു
    ഇഷ്ട്ടട്ടം

    ReplyDelete
  20. മാഷെ ഇഷ്ടം

    ReplyDelete