Monday, 3 March 2014

കല്യാണപ്പന്തലില്‍ കവിത ചൊല്ലുമ്പോള്‍



തിരുവനന്തപുരത്തെ ശ്രീമൂലം ക്ലബാണ് വേദി. ഒരു വിവാഹം അരങ്ങേറുകയാണ്. ശുഭ്രയവനികകൊണ്ട് അലങ്കരിച്ച വിവാഹവേദി. കതിര്‍മണ്ഡപമോ അള്‍ത്താരയോ പുരോഹിതരോ ഇല്ല. കുരവപ്പെണ്ണുങ്ങള്‍ വാപൊത്തി നില്‍ക്കുന്നില്ല. താലിയും നിറപറയും നിലവിളക്കുമില്ല. വേദിയില്‍ ദാമ്പത്യബന്ധമില്ലാത്ത നാരായണഗുരുവിന്റെയോ ഗണപതിയുടെയോ ക്രിസ്തുവിന്റെയോ ചിത്രങ്ങളില്ല. മേല്‍ക്കൂരയിലെ പൂക്കുട കുലുക്കാനായി പുഷ്പവൃഷ്ടിയുടെ ചരടുപിടുത്തക്കാരില്ല. നിയമസഭാ ഉപാധ്യക്ഷന്‍ എന്‍ ശക്തന്‍ നാടാര്‍ അടക്കമുള്ള നിറഞ്ഞ സദസ്.
കേബിളില്ലാത്ത മൈക്കുമായി ഒരാള്‍ സ്റ്റേജിലേക്കു വരുന്നു. വധൂവരന്മാരെയും അവരുടെ മാതാപിതാക്കളെയും വേദിയിലേക്ക് ക്ഷണിക്കുന്നു. വിദ്യാഭ്യാസ വിചക്ഷണനും വിളപ്പില്‍ശാല സമരത്തിന്റെ നായകനുമായ എം പി ശ്രീധരന്‍, ഭാര്യയോടും മകള്‍ പിങ്കിയോടുമൊപ്പം വേദിയിലെത്തുന്നു. മണ്ണൂര്‍ ലിറ്റില്‍ഫഌവര്‍ സ്‌കൂളിന്റെ പ്രിന്‍സിപ്പാള്‍ അഡ്വ. വി ടി ചെറിയാന്‍, ഭാര്യയോടും മകന്‍ തോമസ് ചെറിയാനുമൊപ്പം വേദിയിലെത്തുന്നു. തിരുവനന്തപുരത്ത് സബ് രജിസ്ട്രാറുടെ അസിസ്റ്റന്റും വേദിയിലേക്ക് ക്ഷണിക്കപ്പെടുന്നു.ആദ്യമായി കവിതാലാപനത്തിന് എന്നെ ക്ഷണിക്കുന്നു. അപ്രതീക്ഷിതമായതിനാല്‍ തെല്ല് അമ്പരപ്പോടെ വേദിയിലെത്തിയ എന്നോട് വധുവിന്റെ പിതാവ്, ചാര്‍വാകന്‍ ചൊല്ലാന്‍ ആജ്ഞാപിക്കുന്നു. കല്യാണമല്ലേ, ചാര്‍വാകന്‍ വേണോ, അറേബ്യന്‍ രാത്രി ചൊല്ലട്ടേയെന്നു ഞാന്‍ ചോദിക്കുമ്പോള്‍ ചാര്‍വാകനല്ലാതെ ഏതു കവിത ചൊല്ലിയാലും കൂവുമെന്ന് സ്‌നേഹപൂര്‍വം ഭീഷണിപ്പെടുത്തുന്നു.
ജാതിയും മതവും ദൈവവും ഇല്ലെന്ന ആശയമാണല്ലോ ചാര്‍വാകദര്‍ശനത്തിലുള്ളത്. ആ കവിത ചൊല്ലിക്കഴിഞ്ഞപ്പോള്‍, ജാതിമത അന്ധവിശ്വാസരഹിതമായി നടത്തുന്ന മനുഷ്യവിവാഹത്തെക്കുറിച്ച് പറയാനും കഴിഞ്ഞു. കല്യാണസദസ് കവിതകേട്ട് കയ്യടിച്ചു.
കല്യാണത്തിനു ചില വീടുകളില്‍ ഗാനമേള നടത്തുന്നത് ഞാന്‍ ശ്രദ്ധിച്ചിട്ടുണ്ട്. കോഴി, ആട്, കാള, പന്നി, മുയല്‍, പോത്തിറച്ചി കൂട്ടി ഭക്ഷണം കഴിക്കുന്നവരെ നോക്കി ചില്ലുമേടയിലിരുന്നെന്നെ കല്ലെറിയല്ലേ എന്ന് കരഞ്ഞുപാടുന്ന കെ എസ് ജോര്‍ജിനെ കണ്ടിട്ടുണ്ട്. അനവസരത്തിലുള്ള ഇത്തരം കലാപ്രകടനങ്ങള്‍ക്കപ്പുറം ഒരു മനുഷ്യവിവാഹത്തിന്റെ ആശയത്തെതന്നെ കവിതയിലൂടെ സാക്ഷാത്ക്കരിക്കാന്‍ സാധിച്ചുവെന്നതില്‍ എനിക്ക് സന്തോഷവും തോന്നി.വിവാഹചടങ്ങുകള്‍ അതീവലളിതം. സ്‌പെഷ്യല്‍ മാരേജ് ആക്ട് അനുസരിച്ചുള്ള പരസ്യവിവാഹം. പേരെഴുതിയ മോതിരം മാറല്‍, രണ്ടു കൊച്ചുകുട്ടികളില്‍ നിന്നും സ്വീകരിച്ച ഹാരംകൊണ്ട് പരസ്പരം ചാര്‍ത്തല്‍. യുക്തിവാദി കുടുംബത്തിന്റെ ആചാര്യന്‍ യു കലാനാഥന്റെ ഹ്രസ്വപ്രഭാഷണം, ഭക്ഷണം, കഴിഞ്ഞു കല്യാണം.
മതരഹിത വിവാഹങ്ങള്‍ കേരളത്തില്‍ വര്‍ധിച്ചുവരികയാണ്. അതിന്റെ അര്‍ഥം മനുഷ്യത്വം നഷ്ടപ്പെടാത്ത ഒരു സമൂഹം കേരളത്തില്‍ അവശേഷിക്കുന്നു എന്നുതന്നെയാണ്. ഈ സമൂഹമാണ് വര്‍ഗീയവല്‍ക്കരണത്തിന് തടയിടുന്നത്. ഈ സമൂഹമാണ് സാവിത്രിയുടെയും ചാത്തന്റെയും സാറാമ്മയുടെയും കേശവന്‍ നായരുടെയും പിന്‍മുറക്കാരായി നിന്ന് സ്‌നേഹത്തിന്റെ വലിയവയല്‍ വിതച്ചും കൊയ്തും മുന്നേറുന്നത്. ആദര്‍ശ പ്രലോഭിതരായ അച്ഛനമ്മമാര്‍ ഈ വിവാഹവേദികളിലാണ് പ്രകാശഗോപുരങ്ങളാകുന്നത്.
മലയാള കവിതയും അവിടെ ഒരു മിന്നാമിനുങ്ങിന്റെ നുറുങ്ങുവെട്ടം പ്രസരിപ്പിക്കും

ജനയുഗം 2014 മാർച്ച്‌ 1

2 comments:

  1. മതരഹിതകേരളം, മനുഷ്യസമൃദ്ധകേരളം വളര്‍ന്ന് വരട്ടെ

    ReplyDelete
  2. മനുഷ്യത്വം നഷ്ടപ്പെടാത്ത ഒരു സമൂഹം കേരളത്തില്‍ അവശേഷിക്കുന്നു എന്നുതന്നെയാണ്. ഈ സമൂഹമാണ് വര്‍ഗീയവല്‍ക്കരണത്തിന് തടയിടുന്നത്

    ReplyDelete