Friday, 21 March 2014

കറുത്ത നട്ടുച്ച


കറുത്ത നട്ടുച്ച

വാക്കെരിയുന്നൊരടുപ്പില്‍ നിന്നും
തീക്കനല്‍ കോരി ഞാന്‍ തിന്നിടുമ്പോള്‍
പൂക്കുന്നതെന്താണു കൂട്ടുകാരീ
ഓര്‍ക്കാപ്പുറത്തൊരു ചെമ്പരത്തി.

ഏതോ ഡിസംബറില്‍ നമ്മള്‍ തമ്മില്‍
പാപവും പുണ്യവും പങ്കുവച്ചു
ഏതോ കൊടുങ്കാറ്റിലൂര്‍ജ്ജമായി
ആലിംഗനത്തില്‍ കിതച്ചുറങ്ങി
രാത്രിയോടൊപ്പമുണര്‍ന്നിരിക്കെ
യാത്രയായ്‌ ചിന്തതന്‍ചങ്ങാതികള്‍
ആലപിച്ചന്നുനാം കണ്ണുനീരില്‍
ചാലിച്ചെടുത്തോരനുഭവങ്ങള്‍
കാലം കടല്‍ക്കാക്ക കൊണ്ടുപോയി
ജീവിതാസക്തികള്‍ ഭാരമായി
വേനല്‍വഴിയിലലഞ്ഞു നമ്മള്‍
താഴിട്ട വാതിലില്‍ മുട്ടി നമ്മള്‍
നിഷ്കാസിതരായ്‌ നിലവിളിച്ചീ-
മുറ്റത്തു വീണു മുഖംമുറിഞ്ഞ
സ്വപ്‌നത്തിനൊപ്പം നടക്കുമെന്നില്‍
യുദ്ധം കെടുത്തിയ സൂര്യനുണ്ട്.
വിങ്ങിക്കരഞ്ഞു നീ എന്‍റെ നെഞ്ചില്‍
പിന്നെയും പൊള്ളുന്ന ചോദ്യമിട്ടു
ചിങ്ങം വിടര്‍ത്തി നമ്മള്‍ക്കു തന്ന
ഉണ്ണിക്കിരിക്കുവാനെന്തു നല്‍കും?

ഉണ്ണിക്കിരിക്കുവാന്‍ മുള്‍ത്തടുക്ക്
ഉണ്ണാനുടുക്കാനും പേക്കിനാവ്‌
ഉണ്ണിക്കുറങ്ങുവാന്‍ നെഞ്ചകത്തെ
ഉമ്മറത്തുള്ള കടുത്ത ചൂട്‌
ഇല്ലായ്‌മകള്‍ താളമിട്ടുപാടും
കുഞ്ഞിനു കൂട്ടായ്‌ ഉറക്കുപപാട്ട്
നേരിനോടൊപ്പമവന്‍ വളരും
നോവില്‍ നിന്നായുധമേന്തിനില്‍ക്കും
അച്ഛനെ ചോദ്യങ്ങളാല്‍ തളര്‍ത്തും
മിത്രങ്ങളോടൊത്തു വേട്ടയാടും
അന്നത്തെയുഷ്‌ണത്തിനെന്തുത്തരം
അന്നത്തെയമ്മയ്‌ക്കുമെന്തുത്തരം!
വാക്കെരിയുന്നൊരടുപ്പില്‍ നിന്നും
തീക്കനല്‍ കോരി ഞാന്‍ തിന്നിടുമ്പോള്‍
ഓര്‍ക്കുവാനെന്തുണ്ടു കൂട്ടുകാരീ
കാക്കക്കറുപ്പുള്ള നട്ടുച്ചകള്‍.

Tuesday, 18 March 2014

പരീക്ഷക്കാലമാണ് ഉച്ചഭാഷിണികള്‍ ഓഫാക്കുക


      കേരളത്തിലെ വിദ്യാര്‍ഥിലക്ഷങ്ങള്‍ ജീവിതത്തിലെ ഏറ്റവും നിര്‍ണായകമായ പരീക്ഷ എഴുതുകയാണ്. അവര്‍ സൂര്യോദയത്തിനു വളരെ മുന്‍പെതന്നെ ഉണരുന്നു. രാവേറെ ചെന്നിട്ടും ഉണര്‍ന്നിരുന്നു വായിക്കുന്നു. വായിച്ചു പഠിച്ചത് ഓര്‍ത്തുനോക്കുന്നു. ഓര്‍മിച്ചത് എഴുതിപ്പഠിക്കുന്നു. വിദ്യാര്‍ഥികളുടെ മുഴുവന്‍ ശ്രദ്ധയും പുസ്തകങ്ങളിലാണ്.
     ഇതൊന്നും കേരളത്തിലെ ആരാധനാലയങ്ങള്‍ അറിഞ്ഞമട്ടില്ല. ആരാധനാലയങ്ങളുടെ ഭാരവാഹികളായ ഭക്തശിരോമണികള്‍ ശുക്രനുദിക്കുന്നതിനു മുന്‍പുതന്നെ ഉണര്‍ന്ന് ഭക്തിഗാനങ്ങളുടെ പേരിലുള്ള പാരഡിപ്പാട്ടുകള്‍ ഉച്ചഭാഷിണികളിലൂടെ മുഴക്കുന്നു. ഈ കീര്‍ത്തനാട്ടഹാസങ്ങള്‍ നിയമവിരുദ്ധമായിട്ടും ഇടപെടാന്‍ ആരുംതന്നെയില്ല. നീതിനിര്‍വഹണം സുഖനിദ്രയിലാണ്.
    ഇന്ത്യന്‍ പാര്‍ലമെന്റ് പാസാക്കിയിട്ടുള്ള ശബ്ദമലിനീകരണനിയന്ത്രണം സംബന്ധിച്ച നിയമമനുസരിച്ച് വലിയ ഹോണുകള്‍ ഉപയോഗിക്കാന്‍ പാടില്ല. ചെറിയ ബോക്‌സുകള്‍ ഉപയോഗിച്ച് പരിസരത്തുമാത്രം കേള്‍ക്കുന്ന ചെറുശബ്ദം മാത്രമേ അനുവദിച്ചിരുന്നുള്ളു. മാത്രമല്ല, മൈക്ക് ഉപയോഗിക്കുവാന്‍ നിയമവിധേയമായ അനുമതി നേടുകയും വേണം. കേരളത്തിലെ എത്ര ആരാധനാലയങ്ങളാണ് ഇങ്ങനെ സ്ഥിരാനുമതി നേടിയിട്ടുള്ളത്?
     ഹിന്ദു ആരാധനാലയങ്ങള്‍ മാത്രമേ അടുത്തകാലംവരെ അമിതശബ്ദം ഉപയോഗിച്ച് ആളുകളെ നിരന്തരം ശല്യപ്പെടുത്തിയിരുന്നുള്ളു. ഇപ്പോഴാകട്ടെ നിരന്തര ശബ്ദശല്യം എല്ലാ മതക്കാരുടേയും ആരാധനാലയങ്ങള്‍ ഏറ്റെടുത്തിട്ടുണ്ട്.
   ഹിന്ദുഭാരവാഹികള്‍ പറയാറുള്ളത് ഈ ശബ്ദാതിക്രമം ക്ഷേത്രാചാരത്തിന്റെ ഭാഗമാണെന്നാണ്. ക്ഷേത്രാചാരം സംബന്ധിച്ച ഒരു പുസ്തകത്തിലും മൈക്കുപയോഗിച്ചുള്ള ശബ്ദാരാധനയെക്കുറിച്ചു പറയുന്നതേയില്ല. മാത്രമല്ല, അഹിന്ദുക്കള്‍ക്ക് പ്രവേശനമില്ലെന്ന് നിഷ്‌ക്കര്‍ഷിക്കാറുള്ള ഹിന്ദുക്ഷേത്രങ്ങളില്‍ അഹിന്ദുക്കള്‍ കണ്ടുപിടിച്ച കറണ്ടും മൈക്കും ലൈറ്റുകളും ഉപയോഗിക്കുന്നത് ശരിയുമല്ല.
   ശരിതെറ്റുകളുടെ സംവാദം അവിടെ നില്‍ക്കട്ടെ. ഇപ്പോള്‍ വേണ്ടത്, ആരാധനാലയങ്ങളിലുള്ള എല്ലാ ഉച്ചഭാഷിണികളും ഓഫാക്കി എല്ലാ വിദ്യാര്‍ഥികള്‍ക്കും ഉന്നതവിജയം നേടാനുള്ള സന്ദര്‍ഭം ഉണ്ടാക്കുകയാണ്.
       കേരളസര്‍ക്കാര്‍ ഗള്‍ഫ് മേഖലയിലും എസ്എസ്എല്‍സി പരീക്ഷ നടത്തുന്നുണ്ട്. ഹിന്ദു ആരാധനാലയങ്ങള്‍പോലും അനുവദിച്ചിട്ടുള്ള ഗള്‍ഫ് രാജ്യത്ത് ഉച്ചഭാഷിണി ഉപയോഗിച്ച് അതിരാവിലെ മണിക്കൂറുകള്‍ നീണ്ടുനില്‍ക്കുന്ന ശബ്ദാതിക്രമം തീരെയില്ല. അനുകരണീയമായ ഒരു മാതൃകയാണത്.
        ക്ഷേത്രപരിസരത്ത് താമസിക്കുന്ന കുടുംബങ്ങളിലെ കുട്ടികളെ ശബ്ദശല്യം ഇല്ലാത്തസ്ഥലത്തേക്ക് മാറ്റിപ്പാര്‍പ്പിച്ചിരിക്കയാണ്. പരീക്ഷക്കാലത്ത് വീടുമാറുന്നത് കുട്ടികളുടെ മാനസികാവസ്ഥയെ സാരമായി ബാധിക്കും. അത് പരീക്ഷാഫലത്തില്‍ പ്രതിഫലിക്കുകയും ചെയ്യും. പരീക്ഷയെക്കാള്‍ വലിയ പരീക്ഷണമാണ് ക്ഷേത്രങ്ങളിലെ ശബ്ദശല്യത്തെ മറികടക്കുകയെന്നത്.
       പരിഷ്‌കൃത രാജ്യങ്ങളിലെങ്ങുംതന്നെ ഉച്ചഭാഷിണി ഉപയോഗിച്ചുള്ള ശബ്ദശല്യം ഇല്ല. വാഹനങ്ങളുടെ ഹോണ്‍പോലും അനാവശ്യമായി ശബ്ദിപ്പിക്കാറില്ല. അന്യന്റെ സ്വസ്ഥതക്ക് മറ്റ് രാജ്യങ്ങള്‍ വലിയ പ്രാധാന്യം നല്‍കുമ്പോള്‍ സമ്പൂര്‍ണ സാക്ഷരരായ നമ്മളാകട്ടെ ഇക്കാര്യത്തില്‍ നിരക്ഷരതയും നിശബ്ദതയും പാലിക്കുകയാണ്.

Friday, 7 March 2014

അമ്മമലയാളം


കാവ്യക്കരുക്കളില്‍ താരാട്ടുപാട്ടിന്റെ
യീണച്ചതിച്ചേലറിഞ്ഞു ചിരിച്ചൊരാള്‍
ഞെട്ടിത്തെറിച്ചു തകര്‍ന്നു ചോദിക്കുന്നു
വിറ്റുവോ നീ എന്റെ ജീവിതഭാഷയെ.
ഓലയും നാരായവും കാഞ്ഞിരത്തിന്റെ
ചോലയില്‍ വച്ചു നമിച്ചു തിരിഞ്ഞൊരാള്‍
ആദിത്യനേത്രം തുറന്നു ചോദിക്കുന്നു
ഏതു കടലില്‍ എറിഞ്ഞു നീ ഭാഷയെ.
ചിഞ്ചിലം നിന്ന് ചിലങ്കകളൂരീട്ട്
നെഞ്ചത്തു കൈവച്ചു ചോദിക്കയാണൊരാള്‍
ചുട്ടുവോ നീ എന്റെ കേരളഭാഷയെ.

വീണപൂവിന്റെ ശിരസ്സ്‌ ചോദിക്കുന്നു
പ്രേമസംഗീത തപസ്സ് ചോദിക്കുന്നു
ചിത്രയോഗത്തിന്‍ നഭസ്സ് ചോദിക്കുന്നു
മണിനാദമാര്‍ന്ന മനസ്സ് ചോദിക്കുന്നു
പാടും പിശാച് ശപിച്ചു ചോദിക്കുന്നു
പന്തങ്ങള്‍ പേറും കരങ്ങള്‍ ചോദിക്കുന്നു
കളിയച്ഛനെയ്ത കിനാവ് ചോദിക്കുന്നു
കാവിലെ പാട്ടിന്‍ കരുത്ത് ചോദിക്കുന്നു
പുത്തരിച്ചുണ്ടയായ് ഗോവിന്ദ ചിന്തകള്‍
പുസ്തകം വിട്ട് തഴച്ചു ചോദിക്കുന്നു
എവിടെയെവിടെ സഹ്യപുത്രി മലയാളം
എവിടെയെവിടെ സ്നേഹപൂര്‍ണ്ണ മലയാളം.
മലിനവസ്ത്രം ധരിച്ച്, ഓടയില്‍ നിന്നെണീറ്റ്
അരുതരുത് മക്കളേയെന്ന് കേഴുന്നു
ശരണഗതിയില്ലാതെ അമ്മമലയാളം
ഹൃദയത്തില്‍ നിന്നും പിറന്ന മലയാളം.

ആരുടെ മുദ്ര, ഇതാരുടെ ചോര
ആരുടെ അനാഥമാം മുറവിളി
ആരുടെ നിലയ്ക്കാത്ത നിലവിളി
അച്ഛന്റെ തീമൊഴി, അമ്മയുടെ തേന്‍മൊഴി
ആരോമല്‍ ചേകോന്റെ അങ്കത്തിരുമൊഴി
ആര്‍ച്ചയുടെ ഉറുമിമൊഴി, ചെറുമന്റെ കനല്‍മൊഴി
പഴശ്ശിപ്പെരുമ്പടപ്പോരിന്‍ നിറമൊഴി
കുഞ്ഞാലി വാള്‍മൊഴി, തച്ചോളിത്തുടിമൊഴി
തോരാതെ പെയ്യുന്ന മാരിത്തെറിമൊഴി.

തേകുവാന്‍ ,ഊഞ്ഞാലിലാടുവാന്‍
പൂനുള്ളിയോടുവാന്‍ ,വിളകൊയ്തു കേറുവാന്‍
വിത്തിടാന്‍ ,സന്താപ സന്തോഷ-
മൊക്കെയറിയിക്കുവാന്‍
തമ്മില്‍ പിണങ്ങുവാന്‍ ,പിന്നെയുമിണങ്ങുവാന്‍
പാടുവാന്‍ ,പഞ്ചാര കയ്പ്പേറെ-
യിഷ്ടമെന്നോതുവാന്‍
കരയുവാന്‍ ,പൊരുതുവാന്‍ ,ചേരുവാന്‍
ചുണ്ടത്തിരുന്നു ചൂണ്ടിത്തന്ന നന്മയാണ്
അമ്മമലയാളം, ജന്മമലയാളം.
അന്യമായ് പോകുന്ന ജീവമലയാളം.

ഓര്‍ക്കുക,അച്ഛനും അമ്മയും
പ്രണയിച്ച ഭാഷ മലയാളം
കുമ്പിളില്‍ കഞ്ഞി വിശപ്പാറ്റുവാന്‍
വാക്കു തന്ന മലയാളം
പെങ്ങളോടെല്ലാം പറഞ്ഞു
തളിര്‍ക്കുവാന്‍ വന്ന മലയാളം
കൂലി പോരെന്നതറിഞ്ഞു പിണങ്ങുവാന്‍
ആയുധം തന്ന മലയാളം.

ഉപ്പ്, കര്‍പ്പൂരം, ഉമിക്കരി
ഉപ്പേരി തൊട്ടു കാണിച്ച മലയാളം.
പുള്ളുവന്‍ ,വീണ, പുല്ലാങ്കുഴല്‍
നന്തുണി ചൊല്ലു കേള്‍പ്പിച്ച മലയാളം.
പൊട്ടിക്കരഞ്ഞു കൊണ്ടോടി വീഴുന്നു
കഷ്ടകാലത്തിന്‍ കയത്തില്‍
രക്ഷിച്ചിടേണ്ട കൈ കല്ലെടുക്കുമ്പോള്‍
ശിക്ഷിച്ചു തൃപ്തരാകുമ്പോള്‍
ഓമനത്തിങ്കള്‍ കിടാവ് ചോദിക്കുന്നു,
ഓണമലയാളത്തെ എന്തുചെയ്തു
ഓമല്‍മലയാളത്തെ എന്തുചെയ്തു.
നഗ്നകവിതകള്‍.
--------------------
കവിതാരചന
----------------
വിഷയം ഗംഭീരം.
മയിലമ്മ മനസ്സില്‍ വരുമ്പോള്‍.

പന്ത്രണ്ട് പേര്‍ 
മയിലിനെ കുറിച്ചും
രണ്ടു പേര്‍ 
മയിലിരുന്ന മരത്തിലെ 
കുയിലിനെ കുറിച്ചും എഴുതി.

വിഷയം നല്‍കിയ മാഷ്‌
ഒരു പാവത്തിനെ നോക്കി ചിരിച്ചു.
പ്ലാച്ചിമടയിലെ മയിലമ്മ.
*****
മോഹിനിയാട്ടം
------------------
ചെസ്റ്റ് നമ്പര്‍ 
ഫോര്‍ സീറോ ഫോര്‍
ഓണ്‍ ദി സ്റ്റേജ് .

തിളങ്ങുന്ന വേഷം
ആകര്‍ഷകം ആഭരണം.

തരിടിടതോം 
കിടതോം കിടതോം
തിത്തരികിട തോം
തരികിട തോം.

എ.ഗ്രേഡ് 
നൃത്തക്കാരിക്ക്.
പ്രൈസ് മണി 
പലിശക്കാരന്.
****
മാര്‍ഗംകളി.
-------------
മാര്‍ഗംകളിമത്സരം
ആരംഭിക്കുകയാണ്.
സ്റ്റേജിനു മുന്നില്‍
നിലം പറ്റിക്കിടക്കുന്ന 
ഫോട്ടോഗ്രാഫര്‍ മാര്‍ 
അവിടെ നിന്നും 
എഴുന്നേറ്റ്
വശങ്ങളിലേക്ക് 
മാറി നില്‍ക്കേണ്ടതാണ്.
*****
കഥാ പ്രസംഗം.
-------------------
അതാ 
അങ്ങോട്ട്‌ നോക്കൂ.
പാല്‍ക്കുടമേന്തിയ 
ഒരു പെണ്‍കുട്ടി.

ഇതാ 
ഇങ്ങോട്ടു നോക്കൂ.
കാഞ്ഞാവിന്‍ കമ്പുമായി 
ഒരു ആട്ടിടയന്‍.

വിധികര്‍ത്താക്കള്‍ 
തിരിഞ്ഞും പിരിഞ്ഞും നോക്കി.
ആരെയും കണ്ടില്ല.
അങ്ങനെയാണ് 
കഥാപ്രസംഗമത്സരത്തില്‍ നിന്ന്
എ.ഗ്രേഡ് 
ഔട്ട്‌ ആയത്.

Monday, 3 March 2014

കല്യാണപ്പന്തലില്‍ കവിത ചൊല്ലുമ്പോള്‍



തിരുവനന്തപുരത്തെ ശ്രീമൂലം ക്ലബാണ് വേദി. ഒരു വിവാഹം അരങ്ങേറുകയാണ്. ശുഭ്രയവനികകൊണ്ട് അലങ്കരിച്ച വിവാഹവേദി. കതിര്‍മണ്ഡപമോ അള്‍ത്താരയോ പുരോഹിതരോ ഇല്ല. കുരവപ്പെണ്ണുങ്ങള്‍ വാപൊത്തി നില്‍ക്കുന്നില്ല. താലിയും നിറപറയും നിലവിളക്കുമില്ല. വേദിയില്‍ ദാമ്പത്യബന്ധമില്ലാത്ത നാരായണഗുരുവിന്റെയോ ഗണപതിയുടെയോ ക്രിസ്തുവിന്റെയോ ചിത്രങ്ങളില്ല. മേല്‍ക്കൂരയിലെ പൂക്കുട കുലുക്കാനായി പുഷ്പവൃഷ്ടിയുടെ ചരടുപിടുത്തക്കാരില്ല. നിയമസഭാ ഉപാധ്യക്ഷന്‍ എന്‍ ശക്തന്‍ നാടാര്‍ അടക്കമുള്ള നിറഞ്ഞ സദസ്.
കേബിളില്ലാത്ത മൈക്കുമായി ഒരാള്‍ സ്റ്റേജിലേക്കു വരുന്നു. വധൂവരന്മാരെയും അവരുടെ മാതാപിതാക്കളെയും വേദിയിലേക്ക് ക്ഷണിക്കുന്നു. വിദ്യാഭ്യാസ വിചക്ഷണനും വിളപ്പില്‍ശാല സമരത്തിന്റെ നായകനുമായ എം പി ശ്രീധരന്‍, ഭാര്യയോടും മകള്‍ പിങ്കിയോടുമൊപ്പം വേദിയിലെത്തുന്നു. മണ്ണൂര്‍ ലിറ്റില്‍ഫഌവര്‍ സ്‌കൂളിന്റെ പ്രിന്‍സിപ്പാള്‍ അഡ്വ. വി ടി ചെറിയാന്‍, ഭാര്യയോടും മകന്‍ തോമസ് ചെറിയാനുമൊപ്പം വേദിയിലെത്തുന്നു. തിരുവനന്തപുരത്ത് സബ് രജിസ്ട്രാറുടെ അസിസ്റ്റന്റും വേദിയിലേക്ക് ക്ഷണിക്കപ്പെടുന്നു.ആദ്യമായി കവിതാലാപനത്തിന് എന്നെ ക്ഷണിക്കുന്നു. അപ്രതീക്ഷിതമായതിനാല്‍ തെല്ല് അമ്പരപ്പോടെ വേദിയിലെത്തിയ എന്നോട് വധുവിന്റെ പിതാവ്, ചാര്‍വാകന്‍ ചൊല്ലാന്‍ ആജ്ഞാപിക്കുന്നു. കല്യാണമല്ലേ, ചാര്‍വാകന്‍ വേണോ, അറേബ്യന്‍ രാത്രി ചൊല്ലട്ടേയെന്നു ഞാന്‍ ചോദിക്കുമ്പോള്‍ ചാര്‍വാകനല്ലാതെ ഏതു കവിത ചൊല്ലിയാലും കൂവുമെന്ന് സ്‌നേഹപൂര്‍വം ഭീഷണിപ്പെടുത്തുന്നു.
ജാതിയും മതവും ദൈവവും ഇല്ലെന്ന ആശയമാണല്ലോ ചാര്‍വാകദര്‍ശനത്തിലുള്ളത്. ആ കവിത ചൊല്ലിക്കഴിഞ്ഞപ്പോള്‍, ജാതിമത അന്ധവിശ്വാസരഹിതമായി നടത്തുന്ന മനുഷ്യവിവാഹത്തെക്കുറിച്ച് പറയാനും കഴിഞ്ഞു. കല്യാണസദസ് കവിതകേട്ട് കയ്യടിച്ചു.
കല്യാണത്തിനു ചില വീടുകളില്‍ ഗാനമേള നടത്തുന്നത് ഞാന്‍ ശ്രദ്ധിച്ചിട്ടുണ്ട്. കോഴി, ആട്, കാള, പന്നി, മുയല്‍, പോത്തിറച്ചി കൂട്ടി ഭക്ഷണം കഴിക്കുന്നവരെ നോക്കി ചില്ലുമേടയിലിരുന്നെന്നെ കല്ലെറിയല്ലേ എന്ന് കരഞ്ഞുപാടുന്ന കെ എസ് ജോര്‍ജിനെ കണ്ടിട്ടുണ്ട്. അനവസരത്തിലുള്ള ഇത്തരം കലാപ്രകടനങ്ങള്‍ക്കപ്പുറം ഒരു മനുഷ്യവിവാഹത്തിന്റെ ആശയത്തെതന്നെ കവിതയിലൂടെ സാക്ഷാത്ക്കരിക്കാന്‍ സാധിച്ചുവെന്നതില്‍ എനിക്ക് സന്തോഷവും തോന്നി.വിവാഹചടങ്ങുകള്‍ അതീവലളിതം. സ്‌പെഷ്യല്‍ മാരേജ് ആക്ട് അനുസരിച്ചുള്ള പരസ്യവിവാഹം. പേരെഴുതിയ മോതിരം മാറല്‍, രണ്ടു കൊച്ചുകുട്ടികളില്‍ നിന്നും സ്വീകരിച്ച ഹാരംകൊണ്ട് പരസ്പരം ചാര്‍ത്തല്‍. യുക്തിവാദി കുടുംബത്തിന്റെ ആചാര്യന്‍ യു കലാനാഥന്റെ ഹ്രസ്വപ്രഭാഷണം, ഭക്ഷണം, കഴിഞ്ഞു കല്യാണം.
മതരഹിത വിവാഹങ്ങള്‍ കേരളത്തില്‍ വര്‍ധിച്ചുവരികയാണ്. അതിന്റെ അര്‍ഥം മനുഷ്യത്വം നഷ്ടപ്പെടാത്ത ഒരു സമൂഹം കേരളത്തില്‍ അവശേഷിക്കുന്നു എന്നുതന്നെയാണ്. ഈ സമൂഹമാണ് വര്‍ഗീയവല്‍ക്കരണത്തിന് തടയിടുന്നത്. ഈ സമൂഹമാണ് സാവിത്രിയുടെയും ചാത്തന്റെയും സാറാമ്മയുടെയും കേശവന്‍ നായരുടെയും പിന്‍മുറക്കാരായി നിന്ന് സ്‌നേഹത്തിന്റെ വലിയവയല്‍ വിതച്ചും കൊയ്തും മുന്നേറുന്നത്. ആദര്‍ശ പ്രലോഭിതരായ അച്ഛനമ്മമാര്‍ ഈ വിവാഹവേദികളിലാണ് പ്രകാശഗോപുരങ്ങളാകുന്നത്.
മലയാള കവിതയും അവിടെ ഒരു മിന്നാമിനുങ്ങിന്റെ നുറുങ്ങുവെട്ടം പ്രസരിപ്പിക്കും

ജനയുഗം 2014 മാർച്ച്‌ 1