പ്രവേശനോത്സവം എന്ന വാക്കും ആശയവും ആരുടെ മനസിലുണ്ടായതാണെങ്കിലും അത് അഭിനന്ദനാർഹമാണ്. പ്രവേശനോത്സവമാണ് പളളിക്കൂടത്തിലെ ആദ്യ ദിവസത്തിന്റെ കണ്ണീരൊപ്പിയത്.
കൊല്ലാൻ കൊണ്ടുപോകുന്നതുപോലെയുളള ഒരനുഭവമായിട്ടാണ് കുട്ടികൾ സ്കൂളിലേക്കുളള യാത്രയെ കണ്ടിരുന്നത്. അമ്മയെ കാണണം, വീട്ടിൽ പോകണം എന്നൊക്കെപ്പറഞ്ഞ് അലറികരഞ്ഞിരുന്നു കുഞ്ഞുങ്ങൾ.
ഇപ്പോഴാകട്ടെ, സ്കൂളിൽ ചെന്നാൽ നിറയെ ബലൂണുകൾ, മിട്ടായിപ്പൊതിയുമായി മുതിർന്ന കുട്ടികൾ, ലാത്തി ഉപേക്ഷിച്ച് സൗമ്യരായ അധ്യാപകർ, പക്ഷികളുടെയും മൃഗങ്ങളുടെയും ചിത്രങ്ങളുളള ക്ളാസ് മുറികൾ, നല്ല കുപ്പായം. ക്ളാസിൽ കുറുക്കന്റെയും കൊക്കിന്റെയും ഒപ്പമാണ് പഠിക്കുന്നതെന്ന് തെല്ലു ഗൗരവത്തോടെയും ആഹ്ളാദത്തോടെയും പറയുന്ന കുട്ടികൾ.
മൂന്നുലക്ഷത്തിലധികം കുട്ടികളാണ് ഇക്കുറി സ്കൂളിൽ ചേർന്നത്. തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളുടെ ശ്രദ്ധ ഉളളതിനാൽ സ്കൂളിലെല്ലാം പ്രവേശനോത്സവം ഭംഗിയായി.
ഏറ്റവും കൂടുതൽ സന്തോഷിച്ചത് കോഴിക്കോട് ജില്ലയിലെ മലാപ്പറമ്പ് സ്കൂളിലെ കുട്ടികളായിരിക്കും. അവർ സ്കൂളിൽ ചെന്നപ്പോൾ കണ്ടത് പുതിയൊരു സ്കൂൾ തന്നെയാണ്. കുട്ടികളെല്ലാം വേനലവധിക്കു വീട്ടിൽ പോയിരുന്ന സമയത്ത് സ്കൂൾ ഉടമസ്ഥൻ സ്കൂൾ കെട്ടിടം പൊളിച്ചു കഴിഞ്ഞിരുന്നു. ജനങ്ങൾ ഉടൻതന്നെ പണം ശേഖരിച്ച് പുതിയൊരു സ്കൂൾ കെട്ടിടം പണികഴിപ്പിച്ചു. സ്കൂളിരിക്കുന്ന സ്ഥലം വിറ്റാൽ കോടികൾ കിട്ടുമെന്ന പണക്കൊതിയാണ് സ്കൂൾ കെട്ടിടം പൊളിക്കാൻ ഉടമസ്ഥനെ പ്രലോഭിപ്പിച്ചത്. പകുതി പൊളിഞ്ഞതും ജനകീയ പ്രതിരോധത്തെത്തുടർന്ന് നിലം പൊത്താത്തതുമായ ചില സ്കൂളുകൾ ഇനിയും കേരളത്തിലുണ്ട്.
ആദായകരമല്ലെന്ന് സർക്കാർ തന്നെ എഴുതിത്തളളിയ ആയിരക്കണക്കിനു സ്കൂളുകളാണ് കേരളത്തിലുളളത്. ഇവയൊക്കെത്തന്നെ പൊളിക്കപ്പെടാൻ സാധ്യതയുണ്ട്. മലാപ്പറമ്പിൽ ഒറ്റരാത്രി കൊണ്ടാണ് സ്കൂൾ ഇടിച്ചു നിരത്തിയത്. സാധാരണഗതിയിൽ വിവിധ അനുമതിക്കുഴികളിൽ കുടുങ്ങി പല കൊല്ലങ്ങൾകൊണ്ടാണ് ഒരു സ്കൂൾ കെട്ടിടത്തിന്റെ പണി പൂർത്തിയാക്കുന്നതെങ്കിൽ മലാപ്പറമ്പ് സ്കൂൾ കെട്ടിടം പൂർത്തിയായത് കണ്ണടച്ചു തുറക്കുന്ന സമയംകൊണ്ടാണ്.
വിദ്യാഭ്യാസം കൊണ്ടുണ്ടാക്കുന്ന ആദായം നല്ല മനുഷ്യരെ സൃഷ്ടിക്കുകയാണെന്നുളള സാംസ്കാരിക ദൗത്യം മറക്കുമ്പോഴാണ് പണക്കൊതിക്കു സ്കൂൾ ഉടമകൾ വിധേയരാകുന്നത്. ഈ ആശങ്ക, സ്കൂൾബാർ എന്ന കവിതയിലുണ്ട്.
വിദ്യാർഥികളുടെ എണ്ണം കുത്തനെ താഴ്ന്ന തിരുവനന്തപുരം ജില്ലയിലെ കുഴിവിള ഗവ.എൽപിഎസിലെ പ്രവേശനോത്സവം ആത്മാർഥതകൊണ്ട് ശ്രദ്ധേയമായിരുന്നു. കാണിക്കാരുടെ ലോകത്തെ പൊതുമലയാളത്തിനു വെളിപ്പെടുത്തിയ എം സെബാസ്റ്റ്യനും മറ്റും പഠിച്ച സ്കൂളാണത്. ഒറ്റക്കുട്ടിയിലേക്കും പിന്നെ ഇല്ലായ്മയിലേക്കും ചുരുങ്ങുമായിരുന്ന ആ വിദ്യാലയത്തെ, പുതുതായി വന്ന അധ്യാപകരും രക്ഷകർത്താക്കളും ചേർന്ന് കഠിനപരിശ്രമത്തിലൂടെ പുതുജീവിതത്തിലേക്കെത്തിക്കുകയായിരുന്നു. ഒന്നുമില്ലായ്മയിൽനിന്ന് അറുപത് എന്ന സംഖ്യയിലേക്ക് വിദ്യാർഥികളുടെ എണ്ണം വളർന്നു.
സ്ഥലംമാറ്റം ഉപേക്ഷിച്ച് അവിടെത്തന്നെ പ്രവർത്തിക്കുന്ന സുലേഖ ടീച്ചറുടെ നേതൃത്വമാണ് ഇതിനു കാരണമായത്. ഒരു സർക്കാർ സ്കൂളിനെ കഠിനാദ്ധ്വാനത്തിന്റെ പ്രാണവായു നൽകി ഉയർത്തിക്കൊണ്ടു വരുികയാണ്.
അധ്യാപകരുടെയും രക്ഷകർത്താക്കളുടെയും ശ്രദ്ധയുണ്ടെങ്കിൽ ഏതുപൊതു വിദ്യാലയവും രക്ഷപ്പെടും. പൊതുവിദ്യാലയങ്ങളിലൂടെയാണ് സാക്ഷരകേരളം ശോഭനമാകുന്നത്.
സർക്കാർ സ്കൂളുകളിൽ മക്കളെ പഠിപ്പിക്കുന്നത് നാണക്കേടാകുന്ന ഒരു കാലത്ത് സുലേഖ ടീച്ചറുടെ ഒറ്റപ്പെട്ട ഒരു ശബ്ദമാണ്
ReplyDeleteഅതെ ചാലക്കോടന്.
Deleteഅധ്യാപകരുടെയും രക്ഷകർത്താക്കളുടെയും ശ്രദ്ധയുണ്ടെങ്കിൽ ഏതുപൊതു വിദ്യാലയവും രക്ഷപ്പെടും. പൊതുവിദ്യാലയങ്ങളിലൂടെയാണ് സാക്ഷരകേരളം ശോഭനമാകുന്നത്.
ReplyDeleteഈ ബോധവും വിവേകവും ഇപ്പോള് ഭൂരിപക്ഷം രക്ഷിതാക്കള്ക്കുമില്ല എന്നതാണേറെ ദുഃഖകരം.
അതെ അജിത്.മാറി വരുന്നുണ്ട്.
Deleteപ്രവേശനോത്സവം എന്ന വാക്കും ആശയവും ആരുടെ മനസിലുണ്ടായതാണെങ്കിലും അത് അഭിനന്ദനാർഹമാണ്. പ്രവേശനോത്സവമാണ് പളളിക്കൂടത്തിലെ ആദ്യ ദിവസത്തിന്റെ കണ്ണീരൊപ്പിയത്.
ReplyDelete