മലയാളത്തിലെ നവസാഹിത്യം ചർച്ച ചെയ്യുന്ന നിരവധി സംഘങ്ങൾ സൈബർ മേഖലയിലുണ്ട്. കവിതകളും കഥകളും ആശയങ്ങളും രാഷ്ട്രീയവുമൊക്കെ ഇവർ ചർച്ചക്കുവിധേയമാക്കാറുണ്ട്. ചില സംഘങ്ങൾ ആകട്ടെ, സാഹിത്യ സാംസ്കാരിക ചർച്ചകൾക്കപ്പുറം ജീവകാരുണ്യ പ്രവർത്തനങ്ങളിലും വിദ്യാഭ്യാസ സഹായമേഖലയിലും ശ്രദ്ധിക്കാറുണ്ട്. അതിൽ പ്രധാനപ്പെട്ടത് കൂട്ടം എന്ന സാംസ്കാരികസംഘമാണ്. ഇപ്പോഴിതാ മറ്റൊരു സംഘം കൂടി ഈ മേഖലയിലേക്ക് തിരിയുന്നു- നിളസാഹിത്യതീരം. ഈ കൂട്ടായ്മ സംഘടിപ്പിച്ച നിള സാഹിത്യോത്സവത്തിലാണ് ജീവകാരുണ്യ പ്രവർത്തനമേഖലയിലേക്കുള്ള പ്രവേശനം പ്രഖ്യാപിക്കപ്പെട്ടത്. ഒറ്റപ്പാലത്തിനടുത്തുള്ള വരിക്കശേരിമനയിൽ വച്ചു നടന്ന നിള സാഹിത്യോത്സവത്തിൽ നേരിട്ടു പരിചയമില്ലാത്തവരും സൈബർ ചുമരിൽ നിരന്തരം കണ്ടുമുട്ടുന്നവരുമായ നിരവധി പേർ പങ്കെടുത്തിരുന്നു.
ലേഖാ നമ്പൂതിരിയെ സാഹിത്യോത്സവത്തിൽവച്ച് ആദരിച്ചത് വളരെ പ്രധാനപ്പെട്ട ഒരു സംഭവമായി. ആരാണ് ലേഖാ നമ്പൂതിരി?
അധികമാർക്കും ചെയ്യാൻ കഴിയാത്ത വലിയ ഒരു കാരുണ്യം പ്രാവർത്തികമാക്കിയ യുവതിയാണ് ലേഖാ നമ്പൂതിരി.
സാമ്പത്തികമായി വളരെ പിന്നോക്കാവസ്ഥയിലുള്ള, സ്വന്തം മക്കളെ അഗതിമന്ദിരത്തിൽ പാർപ്പിച്ചു വളർത്തുന്ന, ഭർത്താവിനാൽ ഉപേക്ഷിക്കപ്പെട്ട ഒരു പാവം യുവതിയാണ് ലേഖാ നമ്പൂതിരി. ശാന്തിപ്പണി ചെയ്യുന്ന ഭർത്താവിനോടൊപ്പം താമസിച്ചാൽ, താത്രിക്കുട്ടി ആകേണ്ടിവരുമെന്ന അശാന്തിയിൽപ്പെട്ട ലേഖ മാറിത്താമസിക്കുകയായിരുന്നു.
അക്കാലത്താണ് മാവേലിക്കര പ്രതിഭാ തിയേറ്ററിൽ പ്രദർശിപ്പിച്ച ലൗഡ് സ്പീക്കർ എന്ന ചലച്ചിത്രം അവർ കാണുന്നത്. ആ സിനിമയിലെ ഒരു കഥാപാത്രം വൃക്കദാനം ചെയ്യുന്നുണ്ട്. അത് ലേഖയെ സ്വാധീനിച്ചു. അവർ സ്വന്തം വൃക്കകളിലൊന്ന് ദാനം ചെയ്യാൻ തീരുമാനിച്ചു. സ്വന്തം രക്തഗ്രൂപ്പിൽപ്പെട്ട ഒരാളെ സ്വയം കണ്ടുപിടിച്ചു. പത്രപ്പരസ്യങ്ങളാണ് അതിന് ലേഖയെ സഹായിച്ചത്. ലേഖയുടെ വൃക്ക കിട്ടിയതുകൊണ്ടുമാത്രം ജീവിതത്തിൽ തിരിച്ചെത്തിയത് പട്ടാമ്പിക്കാരൻ ഷാഫി നവാസ്, അദ്ദേഹമിപ്പോൾ ഓട്ടോറിക്ഷ ഓടിച്ചുജീവിക്കുന്നു. കുടുംബം പുലർത്തുന്നു.
നമ്മുടെ മതത്തിൽ ആണെങ്കിലേ മനുഷ്യൻ നന്നാവൂ എന്ന മതമൗലികവാദചിന്തയെക്കൂടിയാണ് ഈ വൃക്കദാനം നിരാകരിക്കുന്നത്. അമുസ്ലിങ്ങൾക്കു പ്രവേശനമില്ലാത്ത സ്ഥലങ്ങളിൽ ലേഖാ നമ്പൂതിരിയുടെ വൃക്കയ്ക്ക് പ്രവേശനമുണ്ട്. സമാനമായ മറ്റൊരു സംഭവമുണ്ടായാൽ, അഹിന്ദുക്കൾക്ക് പ്രവേശനം ഇല്ലാത്ത ഇടങ്ങളിൽ അതു സാധ്യമാകുന്നു. ഇപ്പോൾത്തന്നെ രക്തമായും റെറ്റിനയായും മത വിലക്കുകളെ ഭേദിച്ചു പ്രവേശനം സാധ്യമാകുന്നുണ്ട്.
ദാനകർമം സ്വർഗാരോഹണത്തെ സുഗമമാക്കുമെന്ന് മതങ്ങൾ പ്രസംഗിക്കാറുണ്ടെങ്കിലും അവയവദാനത്തേയോ ശരീരദാനത്തേയോ പ്രോത്സാഹിപ്പിക്കുന്നില്ല. കാലം മാറുകയാണ്. മതങ്ങളും മാറിയേ തീരു. ഫോട്ടോ എടുക്കാൻ പാടില്ലെന്നു ശഠിച്ച മതം, പാസ്പോർട്ടെടുക്കാൻ ഫോട്ടോ ആകാമെന്ന് വെള്ളം ചേർത്തതിനെക്കുറിച്ച് മലയാളത്തിന്റെ പ്രിയപ്പെട്ട നടൻ മാമുക്കോയ പറഞ്ഞിട്ടുണ്ടല്ലോ. ഹിന്ദുമത വിശ്വാസമനുസരിച്ച് കടൽകടക്കാൻ പാടില്ല. ഗാന്ധി മുതൽ കവി വിഷ്ണുനാരായണൻ നമ്പൂതിരി വരെയുള്ളവർ ഈ വിഷയത്തിൽ ചോദ്യം ചെയ്യലിനു വിധേയരായിട്ടുമുണ്ട്. എന്നാൽ കടലിനപ്പുറം പോയി ആരാധനാസൗകര്യത്തിനായി ക്ഷേത്രങ്ങൾ സ്ഥാപിക്കുകയും അവിടെ പൂജിക്കാനായി പൂണൂലിട്ടവർ ഫ്ളൈറ്റിലും കപ്പലിലും യാത്രയാവുകയും ചെയ്യുന്നുണ്ടല്ലോ.
ലേഖയുടെ വൃക്ക ഷാഫിക്ക് അനുയോജ്യമായി എന്നതുതന്നെ മതാന്ധതയെക്കുറിച്ചുള്ള അന്വേഷണങ്ങൾക്കു കാരണമാകേണ്ടതാണ്. മതാതീത മനുഷ്യത്വം തെളിയിച്ച ലേഖാനമ്പൂതിരി മാനവിക കേരളത്തിന്റെ അടയാളമായി മാറിയിരിക്കുന്നു.
"മതാതീത മനുഷ്യത്വം"
ReplyDeleteഅതെ.
Deleteലേഖാനമ്പൂതിരിയെപ്പറ്റി ഇക്കഴിഞ്ഞയാഴ്ച്ച മാധ്യമം വാരാന്തപ്പതിപ്പില്‍ വായിച്ചിരുന്നു. ഇപ്പോള്‍ അവരെ സാഹിത്യോത്സവത്തില്‍ ക്ഷണിച്ച് ആദരിച്ചു എന്ന് കേട്ടപ്പോള്‍ വളരെ സന്തോഷം. മതമില്ലാത്ത ജീവനുകള്‍ കൊണ്ട് ലോകം നിറയട്ടെ
ReplyDeleteഅതെ അജിത്.
Deleteനമ്മുടെ മതത്തിൽ ആണെങ്കിലേ മനുഷ്യൻ നന്നാവൂ എന്ന മതമൗലികവാദചിന്തയെക്കൂടിയാണ് ഈ വൃക്കദാനം നിരാകരിക്കുന്നത്. അമുസ്ലിങ്ങൾക്കു പ്രവേശനമില്ലാത്ത സ്ഥലങ്ങളിൽ ലേഖാ നമ്പൂതിരിയുടെ വൃക്കയ്ക്ക് പ്രവേശനമുണ്ട്. സമാനമായ മറ്റൊരു സംഭവമുണ്ടായാൽ, അഹിന്ദുക്കൾക്ക് പ്രവേശനം ഇല്ലാത്ത ഇടങ്ങളിൽ അതു സാധ്യമാകുന്നു. ഇപ്പോൾത്തന്നെ രക്തമായും റെറ്റിനയായും മത വിലക്കുകളെ ഭേദിച്ചു പ്രവേശനം സാധ്യമാകുന്നുണ്ട്.
ReplyDelete