വടക്കേ ഇന്ത്യയിലെ ഗ്രാമീണകോടതികളുടെ വിധിയനുസരിച്ച് ചുട്ടുകൊന്ന പ്രണയികളുടെ എണ്ണം തിട്ടപ്പെടുത്തിയിട്ടില്ല. മറ്റു ഗോത്രത്തിലുളളവരെ സ്നേഹിച്ചു എന്നതായിരുന്നു ആ യുവാക്കൾ ചെയ്ത തെറ്റ്?
സ്നേഹം ഒരു കുറ്റകൃത്യമാണോ? നിന്നെപ്പോലെ നിന്റെ അയൽക്കാരനെയും സ്നേഹിക്കണമെന്നൊക്കെ മതം വാചകമേള നടത്താറുണ്ടെങ്കിലും അന്യമതസ്ഥരെ സ്നേഹിക്കുകയും ഒന്നിച്ചു ജീവിക്കാൻ തീരുമാനിക്കുകയും ചെയ്യുന്നത് ക്ഷമിക്കാൻ കഴിയാത്ത കുറ്റമായിട്ടാണ് മതപൗരോഹിത്യം കാണുന്നത്. മതം മാറിയാൽ ചില സാമ്പത്തികപ്പിഴകൾ ചുമത്തി കുറ്റവിമുക്തമാക്കുകയും ചെയ്യും.
ഇങ്ങനെയൊക്കെയാണെങ്കിലും ഏതെങ്കിലും രീതിയിൽ പ്രാഗത്ഭ്യം തെളിയിച്ച് ജനസ്വീകാര്യത ലഭിച്ചവരോട് സാധാരണഗതിയിൽ മതം കളിക്കാറില്ല. അതിന്റെ നല്ല ഉദാഹരണമാണ് മലയാളികളുടെ പ്രിയപ്പെട്ട ഛായാഗ്രാഹകൻ റസാഖ് കോട്ടക്കലും സത്യഭാമയും ചേർന്നുളള മാതൃകാജീവിതം.
കേരളം ഒഴികെയുളള സംസ്ഥാനങ്ങളിൽ, ജാതിമാറി സ്നേഹിച്ചാൽ ഗോത്രകോടതി പിടികൂടി ശിക്ഷിക്കും. അവർ ഇന്ത്യയുടെ നീതിന്യായ വ്യവസ്ഥയെ മാനിക്കുന്നതേയില്ല. ശിക്ഷയാണെങ്കിൽ അറേബ്യൻ പ്രാകൃതശിക്ഷാരീതികളെ തോൽപ്പിക്കുന്നതുമാണ്. പ്രണയികളെ നഗ്നരാക്കി തെരുവിലൂടെ വലിച്ചിഴക്കുക, പരസ്യമായി തൂക്കിക്കൊല്ലുക, തീയിലേക്ക് വലിച്ചെറിയുക തുടങ്ങിയവയാണ് ശിക്ഷാരീതികൾ. ഇങ്ങനെയുളള ശിക്ഷാരീതികൾ വിധിച്ചു നടപ്പാക്കുന്ന ജഡ്ജിമാരെ പിടിച്ച് കൽത്തുറങ്കിലടക്കാനുളള ചങ്കൂറ്റം ഇന്ത്യൻ ഭരണകൂടം കാണിക്കുന്നുമില്ല.
സാമൂഹ്യവും സാംസ്കാരികവുമായ നിരവധി ഇടപെടലുകൾ കൊണ്ട് ചില ചെറിയ മാറ്റങ്ങൾ ഉണ്ടായിട്ടുണ്ട്. ചില പ്രദേശങ്ങളിലെങ്കിലും ഗോത്രക്കോടതികൾ പ്രണയജോഡികളെ വിജാതീയരായാൽപോലും വെറുതെ വിടാൻ തീരുമാനിച്ചു.
ആ മാറ്റത്തിന്റെ പിന്നാലെയാണ് നവവധുവിനെ ചുട്ടുകൊന്ന വാർത്ത കേരളത്തിന്റെ അയൽപക്കമായ മംഗലാപുരത്തുനിന്നും വന്നിട്ടുളളത്. അതൊരു വിജാതീയ വിവാഹം പോലുമായിരുന്നില്ല.
ദൈരവേശ്വരത്തെ മംഗളമ്മയുടെ മകളും ജയനഗരിയിലെ അഭിജിത്തിന്റെ ഭാര്യയുമായ ശിൽപ്പാനായിക് എന്ന പത്തൊൻപതുകാരിയെയാണ് ചുട്ടുകൊന്നത്. അഭിജിത്തും, ശിൽപയും വിവാഹിതരായിട്ട് അഞ്ചു മാസമേ ആയിട്ടുളളു.
അഭിജിത്തിന്റെ പിതാവും ഇളയമ്മയും ചേർന്ന് ശിൽപയെ ക്ഷേത്രദർശനത്തിന് കൂട്ടിക്കൊണ്ടുപോവുകയും വഴിയിൽവച്ച് തലയ്ക്കടിച്ചു വീഴ്ത്തി ദേഹത്ത് പെട്രോൾ ഒഴിച്ചു തീയിടുകയും ചെയ്യുകയായിരുന്നു. ആശുപത്രിയിൽ വച്ച് ശിൽപ നൽകിയ മരണമൊഴിയിലൂടെയാണ് കാര്യങ്ങൾ വെളിച്ചത്തു വന്നത്.
ഇവിടെ ഗ്രാമക്കോടതിയുടെ ഇടപെടൽ ഉണ്ടായില്ല. എന്നാൽ സ്വന്തം പിതാവ് ചീഫ് ജസ്റ്റിസായുളള കുടുംബക്കോടതിയാണ് വിധി നടപ്പാക്കിയത്. കുട്ടികളുടെ ആഹ്ളാദത്തിൽ മാതാപിതാക്കൾക്ക് പങ്കുചേരാൻ കഴിയുന്നില്ല. ജീവിതപങ്കാളിയെ സ്വയം കണ്ടെത്താനും ഒന്നിച്ചു ജീവിക്കാനും യുവാക്കളെ അനുവദിക്കാത്തത് മുതിർന്നവരുടെ ഉളളിൽ നിന്നും ഇനിയും ഒഴിഞ്ഞുപോയിട്ടില്ലാത്ത ചില മൂഢവിശ്വാസങ്ങൾ കൊണ്ടാണ്. നിത്യജീവിതത്തിൽ ഇടപെടുന്ന ജാതിയും മതങ്ങളും ദൈവങ്ങളുമൊന്നും ഈ മൂഢതയിൽ നിന്നും മനുഷ്യരെ രക്ഷപ്പെടുത്തുന്നതുമില്ല.
ലോകനിലനിൽപിന്റെ ആധാരജലമാണ് പ്രണയം. ആ നീരുറവകൾ ഇല്ലാതാക്കുന്നതിലൂടെ ജീവിതനിരാസം തന്നെയാണ് സമൂഹം അനുഷ്ഠിക്കുന്നത്.
നാം പ്രാകൃതഗോത്രവ്യവസ്ഥയില് നിന്ന് മോചിതരായിട്ടില്ല എന്നല്ലേ ഇതിന്റെയൊക്കെ അര്‍ത്ഥം?
ReplyDeleteഎല്ലാവർക്കും പഴയതിലേക്ക് തിരിച്ചു പോകാനാണീഷ്ടമെന്നു തോന്നുന്നു. എന്റെ കുലം,എന്റെ ഗോത്രം എന്നിവക്ക് മതവിശ്വാസത്തേക്കാൾ തീവ്രതയുണ്ടോ...?
ReplyDeleteചിലപ്പോള്‍ ഗോത്രവും കുലവും ഒക്കെ മതത്തെക്കാള്‍ ഭീകരമായി പ്രവര്‍ത്തിക്കും
Deleteലോകനിലനിൽപിന്റെ ആധാരജലമാണ് പ്രണയം. ആ നീരുറവകൾ ഇല്ലാതാക്കുന്നതിലൂടെ ജീവിതനിരാസം തന്നെയാണ് സമൂഹം അനുഷ്ഠിക്കുന്നത്.
ReplyDelete