Tuesday, 17 February 2015

അധ്യാപകൻ വിദ്യാമന്ത്രിയാകുമോ?



ഓൾ കേരള സ്കൂൾ ടീച്ചേഴ്സ്‌ യൂണിയന്റെ സംസ്ഥാനസമ്മേളനം തൃശൂർവച്ച്‌ ആയിരുന്നല്ലോ.
അവർ പൊതുവിദ്യാഭ്യാസ സംരക്ഷണത്തിനുവേണ്ടി പ്രവർത്തിക്കുന്നവരിലൊരാളെ കണ്ടെത്തി
പി ആർ നമ്പ്യാർ അവാർഡ്‌ നൽകി. അവാർഡിന്‌ അവർ തെരഞ്ഞെടുത്തത്‌ സ്ക്കൂൾബാർ, അമ്മമലയാളം
തുടങ്ങിയ കവിതകളുടെ ബലത്തിൽ എന്നെ ആയിരുന്നു. പി ആർ നമ്പ്യാർ രാഷ്ട്രീയബോധമുളള വലിയ
ഗുരുനാഥനായിരുന്നു.

ജനസേവനത്തെയും അധ്യാപകവൃത്തിയെയും അദ്ദേഹം ഒരുപോലെ കണ്ടു.
അധ്യാപകക്ഷേമത്തെക്കുറിച്ച്‌ സ്വപ്നം കണ്ടതിനാണ്‌ പി ആർ നമ്പ്യാർ മാഷെ
പന്തലായിനി സ്കൂളിൽനിന്നും പിരിച്ചുവിട്ടത്‌. ജനങ്ങൾ അദ്ദേഹത്തെ സംരക്ഷിക്കുകയും
റൈവൽ സ്ക്കൂൾ കെട്ടി അദ്ദേഹത്തെ അവിടെ പഠിപ്പിക്കാൻ നിയോഗിക്കുകയും ചെയ്തു.

തൃശൂർ സമ്മേളനവേദിയിലിരുന്നപ്പോഴാണ്‌ പ്രൊഫ. ജോസഫ്‌ മുണ്ടശേരിക്കുശേഷം
അധ്യാപകരാരും വിദ്യാഭ്യാസമന്ത്രിമാരായിട്ടില്ലല്ലൊ എന്നോർത്തത്‌.
അധ്യാപകരുടെ കണ്ണുനീര്‌ മനസിലാക്കിയ ഭരണാധികാരിയായിരുന്നു മുണ്ടശേരി.
കാരൂർ നീലകണ്ഠപ്പിളളയുടെ കഥകളിലൂടെ അനാവൃതമാകുന്നതാണ്‌ നമുക്ക്‌ ആ കാലം.
സ്കൂൾ മാനേജർക്ക്‌ തുച്ഛവരുമാനമുളള അധ്യാപകരെ എപ്പോൾ വേണമെങ്കിലും പിരിച്ചുവിടാം.
‘ജ്ജ്‌ ഞ്ഞി ങ്ങട്മരണ്ട’ എന്നുപോലും പിരിച്ചുവിടൽ ഉത്തരവുണ്ടായിട്ടുണ്ട്‌.
അധ്യാപക ജീവിതമടക്കം വിദ്യാഭ്യാസരംഗത്തെ അടിമുടി പരിഷ്ക്കരിച്ചുകൊണ്ടുളള
വിദ്യാഭ്യാസബില്ലിനെ തുടർന്നാണല്ലൊ കേരളത്തിലെ ആദ്യത്തെ ഹൃദയപക്ഷമതേതര
മന്ത്രിസഭ കൊല ചെയ്യപ്പെട്ടത്‌.

വിദ്യാഭ്യാസമന്ത്രിമാരുടെ മതേതരബോധം വളരെ പ്രധാനപ്പെട്ടതാണ്‌.
ജോസഫ്‌ മുണ്ടശേരിതന്നെയാണ്‌ ഏറ്റവും നല്ല ഉദാഹരണം.
കാസർകോട്‌ ഗവ.കോളജ്‌ നിൽക്കുന്ന സ്ഥലത്തിന്റെ പേര്‌ പണ്ട്‌ കുഞ്ഞിമാവിന്റടി
എന്നായിരുന്നു. കോളജ്‌ സ്ഥാപിക്കുമ്പോൾ സ്ഥലപ്പേര്‌ മാറും എന്ന ശ്രുതിയുണ്ടായി.
ശിലാസ്ഥാപനത്തിനായി വന്ന മന്ത്രി മുണ്ടശേരി പുലിക്കുന്നിലെ റസ്തൗസിൽ വിശ്രമിക്കുകയായിരുന്നു.
കുറെ ഹിന്ദുമതമൗലികവാദികൾ അദ്ദേഹത്തെ കണ്ട്‌ ഹിന്ദുമത സൂചനയുളള ഒരു പേര്‌
ആ സ്ഥലത്തിന്‌ നിർദേശിച്ചു. ഇത്‌ മനസിലാക്കിയ ഇസ്ലാം മതമൗലികവാദികൾ ഇസ്ലാം മത
സൂചനയുളള മറ്റൊരു പേരും നിർദേശിച്ചു. മുണ്ടശേരി രണ്ടുകൂട്ടരെയും കാര്യങ്ങൾ പറഞ്ഞുബോധ്യപ്പെടുത്തുകയും
വിദ്യാനഗർ എന്ന പേര്‌ നിർദേശിക്കുകയും ചെയ്തു. ഇന്നത്തെപ്പോലെ മതതീവ്രവാദം ശക്തമല്ലാത്തതിനാൽ
രണ്ടുകൂട്ടരും മന്ത്രിയുടെ നിർദേശം അംഗീകരിച്ചു.

പിന്നെവന്ന പല വിദ്യാഭ്യാസമന്ത്രിമാരും മതപ്രീണനത്തിന്റെ മഹാരാജാക്കൻമാരായി വാഴുന്നതാണ്‌ നമ്മൾ കണ്ടത്‌.
പാഠപുസ്തകങ്ങളെ മതവൽക്കരിച്ചു. അവധി ദിവസങ്ങളെ ജാതിവൽക്കരിച്ചു. പരീക്ഷാദിനങ്ങൾ മതപുരോഹിതരുടെ
ഇഷ്ടത്തിനനുസരിച്ച്‌ ക്രമീകരിച്ചു. മതമില്ലാത്ത ജീവൻ എന്ന പാഠം ഇല്ലാതാക്കുകവഴി കഴിഞ്ഞ ഇടതുപക്ഷ
ഗവൺമെന്റുപോലും വർഗീയ ശക്തികളോട്‌ പരാജയപ്പെട്ടു.

ഭാഷാഭിമാന ഗീതമോ ദേശഭക്തി ഗീതമോ ആലപിച്ചുകൊണ്ട്‌ വിദ്യാലയപ്രവർത്തനം ആരംഭിക്കുന്നതിനുപകരം
അന്ധവിശ്വാസജഡിലമായ ഈശ്വര പ്രാർഥന, കേരള വിദ്യാഭ്യാസ നിയമത്തിൽ ഇല്ലാഞ്ഞിട്ടുപോലും
സംരക്ഷിച്ചുനിലനിർത്തി.

തുച്ഛമായ ശമ്പളം പറ്റിക്കൊണ്ട്‌ പണിയെടുക്കേണ്ടിവരുന്ന സ്വകാര്യസ്കൂൾ അധ്യാപകരുടെ വൻനിരതന്നെ
കേരളത്തിൽ സൃഷ്ടിക്കപ്പെട്ടു. സർക്കാർ സ്കൂൾ അധ്യാപകരെ സ്വകാര്യസ്കൂളുകളിലേയ്ക്ക്‌ പറഞ്ഞയക്കേണ്ടിവന്നു.
പൊതുവിദ്യാലയങ്ങൾക്കുചുറ്റും ത്രീസ്റ്റാർ വിദ്യാലയങ്ങളുണ്ടായി.
ശമ്പളമായി പ്രസാദം പോലും ലഭിക്കുന്ന സ്ഥിതിവിശേഷം കേരളത്തിലുണ്ടായി.
പൊതുവിദ്യാലയങ്ങൾ പൂട്ടിത്തുടങ്ങി.

അധ്യാപകരുടെയും വിദ്യാർഥികളുടെയും പ്രശ്നങ്ങൾ മനസിലാക്കാൻ കഴിവുളള ഒരു വിദ്യാഭ്യാസമന്ത്രി
അധ്യാപകരുടെ നിരയിൽനിന്നും ഇനി എന്നാണുണ്ടാവുക.

1 comment:

  1. ഭാഷാഭിമാന ഗീതമോ ദേശഭക്തി ഗീതമോ ആലപിച്ചുകൊണ്ട്‌ വിദ്യാലയപ്രവർത്തനം ആരംഭിക്കുന്നതിനുപകരം
    അന്ധവിശ്വാസജഡിലമായ ഈശ്വര പ്രാർഥന, കേരള വിദ്യാഭ്യാസ നിയമത്തിൽ ഇല്ലാഞ്ഞിട്ടുപോലും
    സംരക്ഷിച്ചുനിലനിർത്തി.

    ReplyDelete