വീണ വേണോ?-നല്ല വീണ-അമൂല്യമാം
വീണയൊന്നുണ്ടെന്‍റെ കയ്യില്‍
താരാട്ടു കേള്‍ക്കാ,മുറക്കറസംഗീത-
ധാരയില്‍ ചേര്‍ന്നു മയങ്ങാം
വിപ്ലവാവേശം ജ്വലിപ്പിച്ചു നവ്യമാം
പുഷ്‌പനീരാളം വിരിക്കാം
കല്‌പനാ സായൂജ്യരത്നാകരത്തിലെ
കപ്പല്‍ക്കൊടിക്കൂറ കെട്ടാം
വീണ വേണോ-നല്ല വീണ-അനര്‍ഘമാം
വീണയൊന്നുണ്ടെന്‍റെ കയ്യില്‍.
നില്‍ക്കൂ,സുഹൃത്തേ,യീ ഗാനം പഠിക്കുവാ-
നല്പമിരുന്നിട്ടു പോകൂ
പോകുമ്പോള്‍ നിങ്ങളീ വീണയും കൊണ്ടുപൊ-
യ്‌ക്കോളൂ വിരോധമേയില്ല.
കാലം,അനന്തമാം കാല,മവാച്യമീ-
യീണം ശ്രവിച്ചൊന്നു നില്ക്കും
സ്നേഹപുരസ്സരം നിങ്ങള്‍തന്‍ നെറ്റിയില്‍
ഗോപികുറിച്ചുമ്മവയ്‌ക്കും
അമ്മയെപ്പോലാ മുല തരും,നിങ്ങള്‍ക്കു
പിന്നെ മരണമസാദ്ധ്യം!
കാലം നടക്കുന്ന വീഥിയിലൊക്കെയും
കാലിടറാതെ നടക്കാം.
തങ്കം വിളയുന്ന സ്വര്‍ഗ്ഗശതങ്ങളെ
സ്വന്തമാക്കാനെന്തെളുപ്പം
വീണ വേണ്ടേ-നല്ല വീണ-അനാദിയാം
വീണയൊന്നുണ്ടെന്‍റെ കയ്യില്‍
പക്ഷിശാസ്ത്രജ്ഞന്‍റെ വാചാലതയല്ല,
പൊട്ടിച്ചിരിക്കേണ്ട നിങ്ങള്‍
അല്പമടുത്തുനില്‍ക്കാമോ,പറഞ്ഞിടാ-
മൊട്ടും വെളിവാക്കരുതേ
സത്യമാണെല്ലാ,മെനിക്കു ജന്മം തന്ന-
സര്‍ഗ്ഗസമ്പത്താണു വീണ
വില്‍ക്കുവാനെന്തിനായ് വന്നുവെന്നോ ദു:ഖ-
ശപ്തമാണെന്‍ജീവഗാഥ.
വസ്ത്രമി,ല്ലുള്ളതു മാറ്റിക്കഴുകുവാന്‍
മറ്റൊന്നുമില്ലൊന്നണിയാന്‍
പട്ടിണിയാണെന്‍റെ സ്‌നേഹിതാ,വീണയില്‍
ഭക്ഷണമല്‌പവുമില്ല.
എന്തേ,മിഴികള്‍ നനഞ്ഞുവോ,പാടില്ല-
യെങ്കിലും ചൊല്ലീ ക്ഷമിക്കൂ
അഞ്ചാറു നാണയത്തുട്ടെനിക്കേകുമോ
കണ്മണീ വീണ തരാം ഞാന്‍.
വീണ വേണ്ടേ-നല്ല വീണ-അപൂര്‍വ്വമാം
വീണയൊന്നുണ്ടെന്‍റെ കയ്യില്‍.
(1974)
നിന്നു ഞാന്‍, ഈ ഗാനം പഠിക്കുവാന്‍ അല്പനേരം!
ReplyDeleteവസ്ത്രമി,ല്ലുള്ളതു മാറ്റിക്കഴുകുവാന്‍
ReplyDeleteമറ്റൊന്നുമില്ലൊന്നണിയാന്‍
പട്ടിണിയാണെന്‍റെ സ്‌നേഹിതാ,വീണയില്‍
ഭക്ഷണമല്‌പവുമില്ല.