കേരളത്തിലെ ദളിത് എഴുത്തുകാർ സ്വത്വചിഹ്നങ്ങൾ കാട്ടിക്കൊണ്ടുതന്നെ പൊതുരംഗത്ത് പ്രവർത്തിക്കുന്നുണ്ട്. തൊഴിലന്വേഷിച്ച് കേരളം വിടേണ്ടിവന്നവർ എഴുത്തിനും സാംസ്കാരിക പ്രവർത്തനങ്ങൾക്കും ഒരിടം നൽകിക്കൊണ്ട് ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ പ്രവർത്തിക്കുന്നുണ്ട്. ഈ രണ്ടു വിഭാഗക്കാരുടെയും ശബ്ദങ്ങൾക്ക് കേരള സാഹിത്യ അക്കാദമി വലിയ പ്രാധാന്യമൊന്നും കൊടുക്കാറില്ല.
ചങ്ക്‌രാന്തി അട പോലുള്ള കഥകളെഴുതിയ ടി കെ ചാത്തൻ എന്ന ടി കെ സി വടുതലയെ കേരള സാഹിത്യ അക്കാദമി വേണ്ടവിധം ആദരിക്കുകയോ അംഗീകരിക്കുകയോ ചെയ്തില്ല എന്നത് ചരിത്രപരമായ കുറ്റകൃത്യമാണ്. കേരളത്തിലെ ദളിത് എഴുത്തിനെ പൊലിപ്പിച്ചുകാട്ടിയ മഹത്‌വ്യക്തിയായിരുന്നു അദ്ദേഹം.
ദളിതർക്ക് സുവിശേഷമെഴുതുകയും പൂക്കൈത മറപറ്റി എന്ന പ്രസിദ്ധമായ നാട്ടിപ്പാട്ട് ഡോ. അയ്യപ്പപ്പണിക്കർ തെറ്റായാണ് നിരീക്ഷിച്ചത് എന്ന് സ്ഥാപിക്കുകയും വയൽച്ചുള്ളിപോലുള്ള കവിതകളിലൂടെ ശ്രദ്ധേയനാവുകയും ചെയ്ത കവിയൂർ മുരളിയെ സാഹിത്യ അക്കാദമി അംഗീകരിക്കുകയോ ആദരിക്കുകയോ ചെയ്തില്ല.
ഇന്ന് യുവകേരളം ആവേശത്തോടെ പാടുന്ന പല നാട്ടറിവു പാട്ടുകളും നഷ്ടപ്പെടാതെ കരുതിവച്ച വെട്ടിയാർ പ്രേംനാഥിനെ, ഭവാനി പ്രേംനാഥിനെ സാഹിത്യ അക്കാദമി അംഗീകരിക്കുകയോ ആദരിക്കുകയോ ചെയ്തില്ല.
പെരുമാൾ പാറ എന്ന ഒറ്റ നോവലിലൂടെ ശ്രദ്ധേയനായ കവിയും ശിൽപിയുമായിരുന്ന മാങ്ങാനം കുട്ടപ്പന്റെ ചിത്രം അക്കാദമിയിൽ വയ്ക്കണമെന്ന ആവശ്യം നിരസിക്കപ്പെടുകയായിരുന്നു. കല്ലേൻ പൊക്കുടനേയും അക്കാദമി കണ്ടില്ല.
കേരള ചരിത്രത്തിലെ അവഗണിക്കപ്പെട്ട ഏടുകൾ പുറത്തുകൊണ്ടുവന്ന ടി എച്ച് പി ചെന്താരശേരിയും നിരവധി പുസ്തകങ്ങളിലൂടെ ദളിത് വീര്യം സ്ഥാപിച്ചെടുത്ത ദളിത് ബന്ധു എൻ കെ ജോസും മലയാള സിനിമയിലെ ആദ്യ നായികയായ ദളിത് യുവതി പി കെ റോസിയുടെ ജീവിതത്തെക്കുറിച്ച് ആധികാരിക രേഖകൾ സമ്പാദിച്ച കുന്നുകുഴി എസ് മണിയും ഇപ്പോഴും ജീവിച്ചിരിപ്പുണ്ട്. കേരള സാഹിത്യ അക്കാദമി അവരെ കണ്ടിട്ടില്ല.
പത്മിനി എന്ന ഒറ്റ കൃതിയിലൂടെ ഒരുകാലത്ത് കേരളമെമ്പാടും ശ്രദ്ധിക്കപ്പെട്ട നിരണം എം പി കേശവനെ കേരള സാഹിത്യ അക്കാദമി മറന്നുപോയി. അദ്ദേഹത്തിന്റെ സ്മരണ നിലനിർത്തുവാൻ പുതിയ തലമുറ ഇപ്പോൾ ഒരു സ്വകാര്യ പുരസ്കാരം ഏർപ്പെടുത്തിയിട്ടുണ്ട്.
ശ്രീപത്മനാഭസ്വാമി സമ്മാനം ഒഴിവാക്കണം എന്ന ആവശ്യം ഉന്നയിച്ചപ്പോൾ പേരിനോടൊപ്പം സവർണജാതിപ്പേരുള്ള പല എഴുത്തുകാർക്കും അത് ഉൾക്കൊള്ളാൻ സാധിച്ചില്ല. കേരള സാഹിത്യ അക്കാദമിയിൽ നിന്നുപോലും അതിന് വിയോജിപ്പുകളുണ്ടായി.
ദളിത് പക്ഷത്തുനിന്നുള്ള ശക്തമായ രചനകൾ ഇന്നു മലയാള ഭാഷയിലുണ്ട്. സി അയ്യപ്പൻ, കെ കെ കൊച്ച്, കെ ടി ബാബുരാജ്, എസ് ജോസഫ്, പ്രദീപൻ പാമ്പിരിക്കുന്ന്, രാജേഷ് ചിറപ്പാട്, എം ബി മനോജ്, എം ആർ രേണുകുമാർ, രാജേഷ് കെ എരുമേലി, രേഖാ രാജ്, സതി അങ്കമാലി, വിജില ചിറപ്പാട്, സി എസ് രാജേ ഷ്, സുധീർരാജ് തുടങ്ങിയവരും തൃശൂരിൽ നിന്നും പ്രസിദ്ധീകരിക്കുന്ന ഒന്നിപ്പ് മാസികയിലെഴുതുന്ന നിരവധി എഴുത്തുകാരും കൈവെള്ളയിലെ ദളിത് ആണിപ്പഴുത് കാട്ടിയിട്ടുള്ളവരാണ്. കേരള സാഹിത്യ അക്കാദമിയിലെ നിർവാഹക സമിതിയിലും ജനറൽ കൗൺസിലിലും ദളിത് പ്രാമുഖ്യം ഉണ്ടാവേണ്ടതാണ്.
കുടുംബം പുലർത്താൻ വേണ്ടി കേരളം വിട്ടുപോന്നവരാണ് പ്രവാസികൾ. അവർ അവിടെ നടത്തുന്ന സാംസ്കാരിക പ്രവർത്തനങ്ങൾക്കും സാഹിത്യ രചനകൾക്കും പ്രാതിനിധ്യത്തിലൂടെ കേരള സാഹിത്യ അക്കാദമിയിൽ അംഗീകാരം നൽകേണ്ടതുണ്ട്.
ചെറുകഥയ്ക്ക് ഒരിക്കൽ സാഹിത്യ അക്കാദമി അവാർഡു നേടിയ മാനസിയും സിത്താരയും സഹീറാ തങ്ങളും ഇ കെ ദിനേശനും ആർ ബി പ്രമോദും എൻ എസ് ജ്യോതികുമാറും കെ സി ജയനും കെ കെ ജോൺസനും ഇ ജി മധുവും സി പി കൃഷ്ണകുമാറും കെ ബാലകൃഷ്ണനും രവി പാലൂരും ഒക്കെ പ്രവാസികളാണ്. ബന്യാമിനും കുഴൂർ വിത്സനും സുറാബും ബാലൻ തളിയിലും അഹമ്മദ് മൂന്നാം കൈയും രാജീവ് ജി ഇടവയും അടക്കം നിരവധി എഴുത്തുകാർ പ്രവാസ ജീവിതത്തിന്റെ തീഷ്ണ സ്മരണകളുമായി നാട്ടിലുണ്ട്.
പ്രവാസി ശബ്ദത്തിന് കേരള സാഹിത്യ അക്കാദമിയിൽ ഒരു ഇടം ഉണ്ടാകേണ്ടതുണ്ട്.
കുടുംബം പുലർത്താൻ വേണ്ടി
ReplyDeleteകേരളം വിട്ടുപോന്നവരാണ് പ്രവാസികൾ.
അവർ അവിടെ നടത്തുന്ന സാംസ്കാരിക
പ്രവർത്തനങ്ങൾക്കും സാഹിത്യ രചനകൾക്കും
പ്രാതിനിധ്യത്തിലൂടെ കേരള സാഹിത്യ അക്കാദമിയിൽ
അംഗീകാരം നൽകേണ്ടതുണ്ട്.