വാനവിസ്മയങ്ങല്‍ക്കേതു നേരവും
പൂവുകൊണ്ടാണഭിവാദ്യമെങ്കിലും
പൂമരത്തിനു ദൂരരാജ്യങ്ങളില്‍
വേരുകൊണ്ടേ ഗറില്ലാ പ്രവര്‍ത്തനം.
പോണ പോക്കില്‍ സുഗന്ധം ചുരത്തുന്ന
കൂവയെ, നറുനീണ്ടിയെ നോക്കാതെ
തേനൊളിപ്പിച്ച ചക്കരക്കുട്ടിയെ
ഏറുകണ്ണിനാല്‍ തൊട്ടുരിയാടാതെ
വന്‍ കിണറ്റില്‍ മനുഷ്യമാലിന്യം
കണ്ടു കീയാതറച്ചും പകച്ചും
മാര്‍ഗവിഘ്നകന്‍ പാറക്കരുത്തനെ
തോക്കു ചൂണ്ടിക്കവച്ചു കടന്നും
വേരുകള്‍, ഒളിപ്പോരാളികള്‍ ജല-
ജ്വാല തേടിത്തുരന്നു പോകുന്നു.
അപ്പുറത്തേതു ഭാഷയാണെങ്കിലും
വസ്ത്രധാരണം വേറെയാണെങ്കിലും
അന്നവും മതപ്രേമവും ജാതിയും
അന്ധദൈവ വഴക്കവും നീതിയും
ഭിന്നമെങ്കിലും, ജീവജലത്തിന്റെ
വര്‍ണ്ണമെന്നും അഭിന്നം ആശാമൃതം.
മണ്ണുടുപ്പുകള്‍ക്കൊക്കെയും കീഴെ
മുന്നുപാധിയില്ലാതെ ജലാശയം
വന്നു മുത്തുവിന്‍ പ്രാണനാലെന്ന
വന്ദനത്താല്‍ വിനീതയാകുമ്പോള്‍
ദൂരസൈനികര്‍ വറ്റാജലത്തിന്‍റെ
വീരമദ്യം സ്വദിച്ചുയിര്‍ക്കുന്നു.
പൂമരത്തിന്റെ കുട്ടിപ്പട്ടാളം
സൂര്യതേജസ്സിലേക്ക് പൊന്തുന്നു.
എത്രകാലമീ ഭൂഗര്‍ഭദൃശ്യം
ഉള്‍ക്കവിയുടെ കല്ലിച്ച ചോദ്യം.
പൂമരത്തിന്റെ കുട്ടിപ്പട്ടാളം
ReplyDeleteസൂര്യതേജസ്സിലേക്ക് പൊന്തുന്നു.
എത്രകാലമീ ഭൂഗര്‍ഭദൃശ്യം
ഉള്‍ക്കവിയുടെ കല്ലിച്ച ചോദ്യം.