Wednesday, 19 October 2016

വാൽനരനിൽനിന്നും നരനിലേയ്ക്ക്‌



മറ്റു മനുഷ്യരോട്‌ നിന്ദ്യമായി പെരുമാറാനും അവരെ മനുഷ്യരായി ജീവിക്കുന്നതിൽ നിന്നും തടയാനും സമൂഹത്തെ പഠിപ്പിച്ചത്‌ ഹിന്ദുമതത്തിലെ ജാതി വ്യവസ്ഥയാണ്‌. ഒരു വിഭാഗം ആളുകൾക്ക്‌ പണിയെടുക്കാതെ ജീവിക്കാൻ വേണ്ടി ആവിഷ്കരിച്ചു നടപ്പിലാക്കിയ കുതന്ത്രമാണ്‌ ജാതി വ്യവസ്ഥ. അതിന്റെ വൈഷമ്യങ്ങൾ ഇന്നും തുടരുകയാണല്ലോ.

ജാതിവാൽ അഭിമാനമല്ല. അപമാനമാണ്‌.

മാതാപിതാക്കൾ പേരിനോടൊപ്പം വിളക്കിച്ചേർത്തുവച്ച ജാതിവാൽ ഉപേക്ഷിക്കാൻ സാധിക്കുമോ? തീർച്ചയായും സാധിക്കും. പേരുമാറ്റുവാനുള്ള നടപടികൾക്കായി ഗസറ്റിൽ പരസ്യപ്പെടുത്തുകയും പരസ്യപ്പെടുത്തിയ ഗസറ്റിന്റെ കോപ്പി എസ്‌എസ്‌എൽസി ബുക്കിൽ ഒട്ടിച്ചുവയ്ക്കുകയും ചെയ്യണം. പിന്നീട്‌ ഒരു രേഖയിലും ജാതിപ്പേര്‌ എഴുതേണ്ട ആവശ്യം ഇല്ല. പേരുമാറ്റുന്നതിലൂടെയാണ്‌ ജാതിവാൽ ചുട്ടുകളയുന്നത്‌.

കൃഷ്ണൻ എന്നത്‌ നിരുപദ്രവകരമായ ഒരു പേരാണ്‌. ആ പേര്‌ ഇന്ത്യൻ പുരാണത്തിലെ ഒരു പ്രധാന കഥാപാത്രത്തെ ഓർമിപ്പിക്കും. പ്രണയാസക്തിയും കള്ളവും ചതിയും ഒക്കെയുള്ള ഒരു കഥാപാത്രമാണ്‌ കൃഷ്ണൻ. കൃഷ്ണൻ ഒരു ഹിന്ദുമത ആത്മീയാചാര്യനല്ല. എന്നാൽ കൃഷ്ണൻ എന്ന നാമത്തിനോടൊപ്പം നമ്പൂതിരി, നമ്പ്യാർ, നായർ, വാര്യർ, കൈമൾ, തിരുമുൽപ്പാട്‌, വർമ, ശർമ, കുറുപ്പ്‌ തുടങ്ങിയ ജാതിപ്പേരുകൾ ചേർത്താൽ ചിത്രം മാറും. അത്‌ ഇന്ത്യ കണ്ട ഏറ്റവും നീചമായ ജാതി വ്യവസ്ഥയെ ഓർമിപ്പിക്കും.

ജാതി വാൽ പേരിനോടൊപ്പമുളളവർ ജാത്യാഭിമാനികളല്ലെങ്കിൽപ്പോലും ജാതിപ്പേര്‌ ചരിത്രത്തിലെ നിന്ദ്യമുഹൂർത്തങ്ങളെ ഓർമിപ്പിക്കും.

കുട്ടികളെ സ്കൂളിൽ ചേർക്കുമ്പോൾ ജാതിയോ മതമോ ചേർക്കേണ്ടതില്ല. അതിന്‌ നിയമപരമായ പരിരക്ഷയുണ്ട്‌. ഇതിനെക്കുറിച്ച്‌ അറിഞ്ഞുകൂടാത്ത സ്കൂൾ അധികൃതർ കുട്ടികൾക്ക്‌ ജാതിപ്പേര്‌ അടിച്ചേൽപ്പിക്കുന്നുണ്ട്‌. നിരപരാധികളായ കുഞ്ഞുങ്ങളുടെ മനസിലും ശരീരത്തിലും പുരട്ടുന്ന മാലിന്യമാണത്‌. എല്ലാ മെയ്‌ മാസങ്ങളിലും സ്കൂൾ പ്രവേശനത്തിന്‌ ജാതി ചേർക്കേണ്ടതില്ല എന്ന അറിയിപ്പ്‌ സ്കൂൾ അധികൃതർക്ക്‌ നൽകാൻ വിദ്യാഭ്യാസ വകുപ്പ്‌ ശ്രദ്ധിക്കണം. സ്കൂൾ പ്രവേശനകാലത്ത്‌ ഇതുസംബന്ധിച്ചുള്ള അറിയിപ്പ്‌ രക്ഷകർത്താക്കൾ ശ്രദ്ധിക്കുന്ന രീതിയിൽ പ്രദർശിപ്പിക്കുകയും വേണം.

എസ്‌എസ്‌എൽസി ബുക്കിൽ നിന്ന്‌ ജാതി എടുത്തുമാറ്റുവാനുള്ള സംവിധാനം ഇപ്പോൾ ഇല്ല. മതം മാറ്റവും മറ്റും അനുവദനീയമാണ്‌. ഒരു വ്യക്തി ഏതെങ്കിലും മതത്തിൽ നിന്ന്‌ ഹിന്ദുമതത്തിലേക്ക്‌ പോവുകയാണെങ്കിൽ അത്‌ അംഗീകരിക്കപ്പെടുന്നതിനായി കേരള ഹിന്ദു മിഷൻ, ഓൾ ഇന്ത്യ ദയാനന്ദ സാൽവേഷൻ മിഷൻ, ആര്യസമാജം, അഖിലഭാരത അയ്യപ്പ സേവാ സംഘം, ശ്രീരാമദാസ മിഷൻ എന്നിവയുടെ സാക്ഷ്യപത്രം വേണ്ടതാണ്‌. ഇസ്ലാം മതത്തിലേക്കാണ്‌ പോവുന്നതെങ്കിൽ പൊന്നാനിയിലെ മൗനത്തുൽ ഇസ്ലാം അസോസിയേഷൻ, കോഴിക്കോട്ടെ തർബിയ്യത്തുൽ ഇസ്ലാം എന്നീ സംഘടനകളുടെ സാക്ഷ്യപത്രം വേണം. ക്രിസ്തുമതത്തിലേക്കാണ്‌ പോകുന്നതെങ്കിൽ ക്രിസ്ത്യൻ ദേവാലയ സഭകളിൽ നിന്നുമുള്ള മാമോദീസ സർട്ടിഫിക്കറ്റ്‌ വേണം.

സെക്കുലർ ഭരണഘടനയുള്ള ഒരു രാജ്യത്ത്‌ ജാതിയും മതവും നിയമപരമായിത്തന്നെ ഉപേക്ഷിക്കുവാനുള്ള സൗകര്യം ഉണ്ടാകേണ്ടതാണ്‌. തഹസീൽദാരുടേയോ വില്ലേജാഫീസറുടേയോ മുൻപാകെ ജാതിമതങ്ങൾ ഉപേക്ഷിച്ചതായുള്ള സത്യവാങ്മൂലം നൽകി വർഗീയതയിൽ നിന്നും രക്ഷപ്പെടുവാനുള്ള മാർഗങ്ങൾ ഒരുക്കേണ്ടതാണ്‌. മതസംഘടനകൾക്ക്‌ മതത്തിൽ ചേർക്കാനുള്ള അംഗീകാരം നൽകിയിട്ടുള്ളതുപോലെ മതരാഹിത്യം രേഖപ്പെടുത്തി സാക്ഷ്യപത്രം നൽകാനുളള നിയമപരമായ അംഗീകാരം യുക്തിവാദിസംഘടനകൾക്കോ ലൈബ്രറി കൗൺസിലിനോ നൽകാവുന്നതാണ്‌.

ജാതിയിൽ നിന്നും പുറത്തുകടക്കുവാനുള്ള വാതിലുകൾ സൃഷ്ടിച്ചെങ്കിൽ മാത്രമേ സമൂഹത്തെ മനുഷ്യസമൂഹമാക്കി മാറ്റാൻ സാധിക്കുകയുള്ളു.

നൂറ്റാണ്ടുകളായി പീഡനത്തിനിരയായിട്ടുള്ള ദളിത്‌ സമൂഹത്തെ ഭരണത്തിൽ പങ്കാളികളാക്കുകയും സാമ്പത്തികമായും സാമൂഹികമായും മുൻപന്തിയിൽ എത്തിക്കുകയും വേണം. ഹിന്ദുമതം ചെയ്ത പാപപരിഹാരത്തിനായി അവരുടെ ജാതിസംബന്ധിച്ച വിശദവിവരങ്ങൾ രഹസ്യമായി സൂക്ഷിക്കുകയും സംവരണാനുകൂല്യങ്ങൾ സംരക്ഷിക്കപ്പെടുകയും വേണം. ദളിതർ മുൻപന്തിയിൽ എത്തിയാലുടൻ അംബേദ്ക്കർ വിഭാവന ചെയ്തതുപോലെ സംവരണാനുകൂല്യങ്ങൾ ഒഴിവാക്കുകയും വേണം.

ജാതിവാൽ ഒഴിവാക്കി പേര്‌ ഗസറ്റിൽ പരസ്യം ചെയ്യുവാൻ 1500 രൂപയാണ്‌ ഫീസായി ഒടുക്കേണ്ടത്‌. അപേക്ഷാഫാറങ്ങൾ തിരുവനന്തപുരത്തെ ഗവൺമെന്റ്‌ സെൻട്രൽ പ്രസിലും എല്ലാ ജില്ലാ ഫാറം സ്റ്റോറുകളിലും ലഭ്യമാണ്‌. ജാതിവാലിനോട്‌ പ്രതിപത്തിയില്ലാത്ത ഒരു നിലപാടാണ്‌ കേരളത്തിലെ ഇടതുപക്ഷ സർക്കാരിനുളളത്‌ എന്നതും വാൽമുറിക്കുന്നതിന്‌ പ്രേരണയാകേണ്ടതാണ്‌.

ജാതിവാൽ മുറിച്ചെന്നു കരുതി ജാതിയിൽ നിന്നും രക്ഷപ്പെടാൻ കഴിയില്ല. ആ മാലിന്യം മനസിൽ നിന്നും കുടുംബജീവിതത്തിൽ നിന്നും ഒഴിവാക്കേണ്ടതുണ്ട്‌. എങ്കിൽ മാത്രമേ സമൂഹത്തിൽ നിന്നും വർഗീയ വൃത്തികേടുകളേയും മൗലികവാദത്തിൽ നിന്നും ഉയിർക്കൊള്ളുന്ന ഭീകരതയേയും ഒഴിവാക്കാൻ കഴിയൂ.

1 comment: