വര്‍ഗ്ഗീയ ഫാസിസത്തിനും ജാതി-മത ഭ്രാന്തിനുമെതിരെ പൊരുതുന്ന വര്‍ത്തമാനകാല കവിതയുടെ സമരമുഖത്താണ് കുരീപ്പുഴ ശ്രീകുമാര്‍. എഴുത്തിലും ജീവിതത്തിലും ഉള്ളുറപ്പുള്ള നിലപാടുകളാണ് ഈ കവിയെ ഒരു പോരാളിയാക്കി തീര്‍ക്കുന്നത്. ഭൗതികവാദിയെന്ന നിലയിലും മാനവികവാദിയെന്ന നിലയിലും നിസ്വപക്ഷത്തോടുള്ള കൂറിലും മലയാളിയുടെ ആസ്വാദനഭൂമികയില്‍ തനതായ ഒരു ലാവണ്യമണ്ഡലത്തെയാണ് ഈ കവി നിര്‍മ്മിച്ചിട്ടുള്ളത്. കായല്‍മണമുള്ള വാക്കുകളും കലപ്പപൊഴിയിടുന്ന താളങ്ങളും കരിമീന്‍ചാട്ടങ്ങളും നിറയുന്ന വിയര്‍പ്പിന്‍സുഗന്ധമുള്ള ഒരു നാട്ടുവിശേഷമെന്ന പോലെ, കവിയുടെ ജീവിതത്തെയും കവിതയേയും കുറിച്ചുള്ള ചില വര്‍ത്തമാനങ്ങള്‍…
ചോ: ‘ഒറ്റയ്ക്കിരുന്നെന്റെ സ്വപ്നങ്ങളെക്കൊണ്ട് നൃത്ത’മാടിക്കുന്ന വ്യക്തിദുഃഖത്തില്‍ നിന്ന് സാമൂഹിക ദുഃഖത്തിലേയ്ക്കുള്ള ഒരു പരിണാമം താങ്കളുടെ കവിതകളില്‍ സംഭവിച്ചിട്ടുണ്ടല്ലോ. അതിന്റെ അനുഭവ തലമെന്താണ്?
ഉ: അതിലൊരു സ്വാഭാവികതയുണ്ട്. വ്യക്തിയുടെ ദുഃഖം സാമൂഹികമായ ദുഃഖത്തിന്റെ ഭാഗമാണ്. കലണ്ടറിലെ ഒരു മാസം ബൃഹത്തായ കാലത്തിന്റെ ഭാഗമാകുംപോലെ വ്യക്തിയുടെ ദുഃഖം ബൃഹത്തായ സമൂഹത്തിന്റെ ഭാഗമാണ്. വൈയക്തിക ദുഃഖത്തിനും അതിന്റേതായ പ്രാധാന്യമുണ്ട്. ‘നഗ്നകവിതകള്‍’ പോലും വ്യക്തിപരമായ അലട്ടലിന്റെ പ്രശ്‌നങ്ങള്‍ അടങ്ങിയതാണ്. വ്യക്തിയുടെ ദുഃഖങ്ങളും സാമൂഹികമായ ദുഃഖങ്ങളും തമ്മില്‍ സമരസപ്പെട്ടുപോകുന്ന സ്വാഭാവികതയുണ്ട്.
ചോ: സമകാലീനരായ മറ്റ് കവികളില്‍ നിന്ന് വ്യത്യസ്തമായി താങ്കള്‍ ഭൗതികവാദപരമായ, നിരീശ്വരവാദപരമായ ഒരു തുറന്ന നിലപാടിനെ, മതത്തെക്കുറിച്ചും ജാതിയെക്കുറിച്ചുമുള്ള വിമര്‍ശനത്തെ, എഴുത്തിലും ജീവിതത്തിലും ഉയര്‍ത്തിപ്പിടിക്കുന്നുണ്ട്. ആ നിലപാട് എഴുത്തുകാരനെന്ന നിലയില്‍ ഇന്നത്തെ സമൂഹത്തില്‍ ഒരു നഷ്ടകച്ചവടമല്ലേ?
ഉ: ഞാന്‍ ലാഭനഷ്ടത്തില്‍ വിശ്വസിക്കുന്നയാളല്ല. എന്റെ മുമ്പേ നില്‍ക്കുന്നവര്‍ ചങ്ങമ്പുഴ, വയലാര്‍, തിരുനല്ലൂര്‍, കുറ്റിപ്പുഴ കൃഷ്ണപിള്ള ഇവരൊക്കെ എന്നേക്കാള്‍ മൂര്‍ച്ഛയോടെ ഈ നിലപാട് ഉയര്‍ത്തിപ്പിടിച്ചവരാണ്. അവര്‍ നക്ഷത്രങ്ങളായി നില്‍ക്കുന്ന ആകാശത്തിന്റെ ചോട്ടിലാണ് ഞാന്‍. അവര്‍ പറഞ്ഞതുതന്നെയാണ് ഞാന്‍ ഏറ്റുപറയുന്നത്.
ചോ: ഇങ്ങനെയൊക്കെ ശക്തമായ നിലപാടുള്ളവര്‍ എഴുത്തുകാര്‍ക്കിടയില്‍ കുറഞ്ഞുവരികയല്ലേ. ഒരു വളര്‍ച്ച യഥാര്‍ത്ഥത്തില്‍ സംഭവിക്കുന്നുണ്ടോ?
ഉ: പരന്നൊഴുകുന്നതല്ലാതെ, ഉള്ളിലേയ്‌ക്കൊതുങ്ങുന്ന, ദൃഢതയാര്‍ന്ന ഒരു വളര്‍ച്ചയുണ്ട്. പക്ഷേ, നമുക്ക് മതങ്ങളെയില്ലാതാക്കാന്‍ സാധിക്കില്ല. മതങ്ങള്‍ ലോകാവസാനം വരെയുണ്ടാകും. ലോകം അവസാനിക്കുന്നത് മതങ്ങള്‍ തമ്മിലുള്ള സംഘര്‍ഷം കൊണ്ടാകും. പൗരോഹിത്യം മതങ്ങളെ അതുവരേയ്ക്കും നിലനിര്‍ത്തിക്കൊണ്ടുപോകും. എന്നാല്‍ പൗരോഹിത്യത്തിനെതിരായ സമരങ്ങളുണ്ടാകും. അവ സംഘര്‍ഷങ്ങള്‍ക്ക് കുറവുവരുത്തും. മതത്തില്‍ പൊളിച്ചെഴുത്തുകള്‍ നടക്കുന്നുണ്ട്. ശരീരം മെഡിക്കല്‍ കോളജിന് കൊടുക്കരുതെന്നും അതുംകൊണ്ട് പരലോകത്ത് പോകണമെന്നും മുമ്പ് കരുതിയിരുന്നു. ദാനത്തെക്കുറിച്ച് പറയുന്നെങ്കിലും അവയവദാനത്തെക്കുറിച്ച് ഒരു മതവും പറയുന്നില്ല. കാരണം ഈ മതങ്ങളുണ്ടായ കാലത്ത് അവയവദാനം എന്ന കാര്യം നിലവിലില്ല. ഇപ്പോള്‍ മതവിശ്വാസികള്‍ അവയവദാനത്തിന് തയ്യാറായി വരുന്നുണ്ട്. റഷീദ് കണിച്ചേരി, എന്‍എം മുഹമ്മദാലി തുടങ്ങിയവരുടെ മൃതശരീരങ്ങള്‍ മെഡിക്കല്‍ കോളജില്‍ പഠനത്തിന് നല്‍കുകയാണുണ്ടായത്. ചെറുത്തുനില്‍പ്പുകള്‍ പരാജയങ്ങളല്ല.
ചോ: യുക്തിവാദികള്‍ എണ്ണത്തില്‍ ഒരു ചെറു ന്യൂനപക്ഷം മാത്രമല്ലേ?
ഉ: യുക്തിവാദി സംഘടനകളിലൊതുങ്ങുന്നതല്ല യുക്തിവാദം. യുക്തിബോധത്തോടുകൂടി പെരുമാറുന്നവരാണ് ഭൂരിപക്ഷം ജനങ്ങളും. അതൊരു ജീവിതരീതിയാണ്. എല്ലാ മനുഷ്യരിലും ഉണര്‍ന്നിരിക്കുന്ന ഒരു ഫലമാണ് യുക്തിവാദം.
ചോ: പക്ഷേ, യുക്തിയില്ലായ്മകള്‍ ധാരാളമായി മടങ്ങിവരികയാണല്ലോ.?
ഉ: തീര്‍ച്ചയായും. അതിനെ പ്രതിരോധിക്കേണ്ടത് യുക്തിബോധം കൊണ്ടാണ്. ചില അന്തഃവിശ്വാസങ്ങള്‍ ഇല്ലാതാകുമ്പോള്‍ വേറെ ചിലത് മടങ്ങിവരുന്നുണ്ട്. ചന്ദ്രപ്പൊങ്കലും അക്ഷയ തൃതീയയുമൊക്കെ അങ്ങനെ വരുന്നതാണ്. അക്ഷയ തൃതീയ സംഘടിപ്പിക്കുന്നത് സ്വര്‍ണ കച്ചവടക്കാരാണ്.
ചോ: ഈ യുക്തിയില്ലായ്മകളുടെ ഇപ്പോഴത്തെ തിരിച്ചുവരവില്‍ രാഷ്ട്രീയമായ ലക്ഷ്യവും ഉള്ളടക്കവുമില്ലേ? 1996ലാണ് ‘ഗോഡ്‌സേ നഗര്‍’ എന്ന കവിത താങ്കള്‍ എഴുതുന്നത്. ‘വലത്തേക്ക് മറ്റൊരു പാത തുടങ്ങി, ഗോഡ്‌സെ നഗര്‍’ എന്നതില്‍ മുന്നറിയിപ്പുണ്ടായിരുന്നു. വര്‍ഗീയ ഫാസിസത്തിന്റെ കടന്നുവരവിനെ പറ്റിയുള്ള ഒരു മുന്‍കാഴ്ച. ഇന്ന് വായിക്കുമ്പോള്‍ ആ കവിതയ്ക്ക് വലിയ അര്‍ത്ഥമാനങ്ങളുണ്ടാകുന്നു.
ഉ: അതേ. ആ സമയത്ത് മതവര്‍ഗീയതയ്‌ക്കെതിരെയുളള ചിന്തയില്‍ നിന്നാണ് അതെഴുതിയത്. കടമ്മനിട്ടയുടെ ‘ക്യാ’ എന്ന കവിതയെക്കുറിച്ച് ഈ അഭിപ്രായമുണ്ട്. അത് ഇന്ന് വായിക്കുമ്പോള്‍ കൂടുതല്‍ പ്രസക്തമായിത്തീരുന്നു. ചില കവിതകള്‍ അങ്ങനെയാകും. ‘ഗോഡ്‌സേ നഗര്‍’ എന്ന കവിതയുടെ അവസാനവരികള്‍-
‘നൂറാം തെരുവിലും അപ്പുറം കോളനി
നീറിയുണര്‍ന്ന പ്രതികാരവാഹിനി’
എന്നാണ്. കോളനികളില്‍ തളച്ചിടപ്പെട്ട ജനതയുടെ ഉയിര്‍ത്തെഴുന്നേല്‍പ്പ് എന്ന ആഗ്രഹം അതിലുണ്ട്. അങ്ങനെയാണ് ആ കവിത എഴുതപ്പെട്ടത്.
ചോ: കുരീപ്പുഴ കവിതകള്‍ കൂടുതല്‍ സാന്ദ്രതയാര്‍ന്ന, ആഴമുള്ളതായ രാഷ്ട്രീയ കവിതകളായിത്തീരുന്നുണ്ട് എന്ന തോന്നലാണ് വായനക്കാര്‍ക്കുണ്ടാകുന്നത്. ‘ചാര്‍വാകക’നും ‘കീഴാളനും’ നമ്മള്‍ കയ്യെത്തിപ്പിടിക്കേണ്ടതായ വര്‍ഗീയതയ്ക്കും അടിച്ചമര്‍ത്തലിനുമെതിരായി രൂപപ്പെടേണ്ട രാഷ്ട്രീയ മുന്നേറ്റത്തേയാണ് കുറിക്കുന്നത്. എന്താണ് ഇതേക്കുറിച്ച് പറയാനുള്ളത്.
ഉ: വിശപ്പിന്റെ രാഷ്ട്രീയം, ജീവിതത്തിന്റെ രാഷ്ട്രീയം, ഏകാന്തതയുടെ രാഷ്ട്രീയം, അരാഷ്ട്രീയതയുടെ രാഷ്ട്രീയം,ആത്മഹത്യ മുനമ്പില്‍ നില്‍ക്കുന്നവന്റെ രാഷ്ട്രീയം, രാഷ്ട്രീയ മുന്നേറ്റത്തിന്റെ തന്നെ പ്രകടമായ രാഷ്ട്രീയം ഇതിലൂടെയൊക്കെ സ്വാഭാവികമായി കവിത കടന്നുപോകും. അതങ്ങനെയായിപ്പോകും.
ചോ: രാഷ്ട്രീയ കവിതയെക്കുറിച്ചുള്ള ചില സംശയങ്ങളും സമീപകാലത്ത് ഉയര്‍ന്നുവരുന്നുണ്ട്. ‘ഗദ്ദര്‍, മനുഷ്യന്റെ പാട്ടുകാരന്‍’ എന്ന് താങ്കള്‍ ഗദ്ദറിനെക്കുറിച്ച് കവിതയെഴുതിയിട്ടുണ്ട്. ഗദ്ദര്‍ ഇപ്പോള്‍ മതപരമായ ആത്മീതയിലാണെന്ന് വാര്‍ത്തകള്‍ വരുന്നുണ്ട്. എങ്ങനെ കാണുന്നു?
ഉ: കമ്മ്യൂണിസ്റ്റായിരുന്ന ടിഎസ് തിരുമുമ്പ് എന്ന കവി വലിയ ഭക്തനായി മാറിയിട്ടുണ്ട്. അതുകൊണ്ട് പ്രത്യയശാസ്ത്രത്തിനോ രാഷ്ട്രീയ മുന്നേറ്റത്തിനോ ഒരു കുറവും സംഭവിച്ചിട്ടില്ല. ഗദ്ദര്‍ അടിസ്ഥാനപരമായി ഒരു കവിയല്ല. പൊളിറ്റിക്കല്‍ ആക്ടിവിസ്റ്റാണ്. പൊളിറ്റിക്കല്‍ ആക്ടിവിസ്റ്റിന് പ്രധാനം ജനങ്ങളുടെ പ്രശ്‌നപരിഹാരമാണ്. അവര്‍ക്ക് വീടുണ്ടാക്കുക, വിദ്യാഭ്യാസം നല്‍കുക, കുടിവെള്ളമെത്തിക്കുക തുടങ്ങിയവയാണ്. അന്തഃവിശ്വാസ നിര്‍മ്മാര്‍ജ്ജനമൊക്കെ അതിന്റെ ഒരു ഭാഗം മാത്രമാണ്. ഗദ്ദറിന്റെ പൊളിറ്റിക്കല്‍ ആക്ടിവിറ്റിയുടെ ഒരു ഭാഗം മാത്രമാണ് അദ്ദേഹത്തിന്റെ കവിത. ഗദ്ദറിനെ ന്യായീകരിക്കുന്ന ചില കാര്യങ്ങള്‍ അദ്ദേഹം വിശ്വസിക്കുന്ന കമ്മ്യൂണിസത്തിലുണ്ട്. സ്ട്രാറ്റജിയുടെയും റ്റാറ്റിക്‌സിന്റെയും പ്രശ്‌നമുണ്ട്. ഗദ്ദര്‍ ടിഎസ് തിരുമുമ്പിനെപ്പോലെ രാഷ്ട്രീയം ഉപേക്ഷിച്ച് ഭക്തിയിലേയ്ക്ക് പോയില്ല എന്നത് പ്രധാനമാണ്. ഇപ്പോഴും ഗദ്ദര്‍ പൊളിറ്റിക്കല്‍ ആക്ടിവിസ്റ്റാണ്. എന്നാലും ഗദ്ദറിന്റെ കാര്യത്തില്‍ പലരുടേയും ചോദ്യങ്ങള്‍ക്ക് മറുപടി പറയേണ്ടിവരുന്നുണ്ട്.
ചോ: വര്‍ഗീയ ഫാസിസത്തിന്റെ അക്രമങ്ങള്‍ക്കെതിരെ, പ്രത്യേകിച്ച് എഴുത്തുകാര്‍ക്കെതിരെ നടന്ന ആക്രമണത്തിനെതിരേ ശക്തമായ നിലപാടുമായി രംഗത്ത് വന്ന ആളാണ് താങ്കള്‍. ഫാസിസത്തിനെതിരെ വിപുലമായ സാംസ്‌കാരിക ഐക്യം കെട്ടിപ്പടുക്കേണ്ട അവസരമല്ലേ ഇത്? അതില്‍ ദൗര്‍ബല്യവും നിലനില്‍ക്കുന്നുന്നില്ലേ?
ഉ: ശരിയാണ്. ഉണ്ടാകേണ്ടതാണ്. മതേതര സാംസ്‌കാരിക യാത്ര നടത്തിയപ്പോള്‍ അങ്ങനെ ഒരു ഐക്യം രൂപപ്പെട്ടിരുന്നതാണ്. പുകസയും യുവകലാസാഹിതിയും മറ്റുള്ള സംഘടനകളുമൊക്കെ ഒരുമിച്ച് ചേര്‍ന്ന് അതിന് സഹായിച്ചിരുന്നു. പന്‍സാരേ, ദബോല്‍ക്കര്‍, കല്‍ബുര്‍ഗി, ഗൗരി ലങ്കേഷ് തുടങ്ങിയവരുടെ കൊലപാതകങ്ങള്‍ക്കെതിരെ ഏറ്റവും കൂടുതല്‍ പ്രതിഷേധങ്ങള്‍ നടന്നതും കേരളത്തിലാണ്. എന്നാല്‍ ഐക്യവേദി ഉണ്ടായിവരേണ്ടതാണ്. പൊളിറ്റിക്കല്‍ ലീഡര്‍ഷിപ്പാണ് അതിനൊരു മുന്‍കൈയെടുക്കേണ്ടത്. എന്നെ സംബന്ധിച്ച് വര്‍ഗീയ സംഘടനകളൊഴികെ ആരുമായും ഞാന്‍ സഹകരിക്കും.
ചോ: ‘പലവട്ടം ആക്രമിക്കപ്പെട്ട ഗ്രാമമാണ് എന്റെ ഹൃദയം. എന്നെഴുതിയതുപോലെയും ഇഷ്ടമുടി, മത്സരകമ്പം എന്നീ കവിതകളിലെ ഗ്രാമീണ ലോകമായും ഗ്രാമീണതയുടെ ഒരു വീണ്ടെടുപ്പിന്റെ പ്രമേയം താങ്കളുടെ കവിതകളില്‍ വരുന്നുണ്ട്. അങ്ങനെയൊരു മടങ്ങിപ്പോക്ക് സാദ്ധ്യമാണോ.
ഉ: മടങ്ങിപ്പോക്ക് സാധ്യമല്ല. നമുക്ക് ഇപ്പോഴത്തെ അടുക്കള മാറ്റി, അമ്മ ഉപയോഗിച്ചതരം അടുക്കള ഉണ്ടാക്കാന്‍ പോലും സാധിക്കില്ല. പക്ഷേ ഹിസ്റ്ററിയില്‍ നിന്ന് കിട്ടാത്ത പലതുണ്ട്. ഉദാഹരണത്തിന് ചങ്ങമ്പുഴ ‘ഗുളോപ്പ്’ എന്ന ഒരു പദം എഴുതിയിട്ടുണ്ട്. അതൊരു കര്‍ണാഭരണമാണ്. അത് വേറെയെങ്ങുനിന്നും കിട്ടില്ല, കവിതയില്‍ നിന്നേ കിട്ടൂ. കവിതയില്‍ രേഖപ്പെടുത്തുന്ന ചിലത് ഹിസ്റ്ററിയില്‍ കിട്ടില്ല.
ചിലത് ഗ്രാമത്തിലേ ഉണ്ടാകുകയുള്ളൂ. നഗരത്തില്‍ നിലാവില്ല. അവിടെ നിലാവിന് പ്രസക്തിയില്ല. നഗരത്തില്‍ മാലിന്യം കൂടുതലായതുകൊണ്ടാണ് ഞാന്‍ ഗ്രാമത്തിലേയ്ക്ക് വന്നത്. ഇന്ന് പ്രകൃതിയുടെ നിലനില്‍പ്പിന് ഒരു രക്ഷാപ്രവര്‍ത്തനം ആവശ്യമാണ്. അത് എല്ലാവര്‍ക്കും മനസ്സിലായിവരുന്നുണ്ട്. ഡല്‍ഹിയിലെ പുകമഞ്ഞ് ഒരു പാഠമാണ്. നഗരങ്ങള്‍ക്ക് അങ്ങനെ അതിരില്ലാതെ വളരാന്‍ കഴിയില്ല.
ഒഴുക്കിനൊപ്പം നീന്തിപ്പോയാല്‍
കടലില്‍ ചെന്നു മരിക്കും നീ
വേരോ കല്ലോ കൈയില്‍ തടയും
ഒഴുക്കിനെതിരേ നീന്തുക നീ
എതിരേ നീന്തുക
എതിരേ നീങ്ങുക
അതുമാത്രം രക്ഷാമാര്‍ഗം. (ഒഴുക്കിനെതിരേ)
നല്ല അഭിമുഖം ..
ReplyDeleteഅസ്സൽ ചോദ്യ ഉത്തരങ്ങൾ