Wednesday, 15 November 2017

ഒഎന്‍വിയും ഒ മാധവനും സാംബശിവനും



ആയിരത്തിത്തൊള്ളായിരത്തി അമ്പതുകളിലെ കൊല്ലം ശ്രീനാരായണ കോളജ് വിദ്യാര്‍ഥി സമരങ്ങളുടെ തീച്ചൂളയായിരുന്നു- ഒപ്പം സര്‍ഗാത്മകതയുടെയും.

സ്പീക്കര്‍ സ്ഥാനത്തേക്ക് മത്സരിച്ച് പരാജയപ്പെട്ട ഒരു വിദ്യാര്‍ഥി, സ്റ്റുഡന്റ്‌സ് ഫെഡറേഷന്റെ അംഗത്വം സ്വീകരിക്കുന്നു. സമരങ്ങളിലും സംവാദങ്ങളിലും സജീവമായി ഇടപെടുന്നു. അടുത്ത കൊല്ലം സ്റ്റുഡന്റ്‌സ് ഫെഡറേഷന്റെ സ്ഥാനാര്‍ഥിയായി മത്സരിച്ച ആ വിദ്യാര്‍ഥി കോളജ് യൂണിയന്റെ അധ്യക്ഷനാവുക തന്നെ ചെയ്തു.

അന്ന് കോളജ് യൂണിയന്‍ ഉദ്ഘാടനം ചെയ്യാന്‍ സരോജിനി നായിഡുവിന്റെ സഹോദരനും വിഖ്യാത കവിയുമായിരുന്ന ഹരീന്ദ്രനാഥ ചതോപാധ്യായ ക്ഷണിക്കപ്പെടുന്നു. ഏറ്റവും ശ്രദ്ധേയവും സുവര്‍ണ പ്രഭയുള്ളതുമായ കോളജ് യൂണിയന്‍ പ്രവര്‍ത്തനമായിരുന്നു ആ വിദ്യാര്‍ഥിയുടെ നേതൃത്വത്തില്‍ നടന്നത്. കവിതാ വാസനയില്‍ മുന്നിട്ടുനിന്ന ആ രാഷ്ട്രീയക്കാരന്‍ വിദ്യാര്‍ഥിയാണ് പില്‍ക്കാലത്ത് ജ്ഞാനപീഠ പുരസ്‌കാര ജേതാവായ ഒഎന്‍വി കുറുപ്പ്.


യൂണിയന്‍ സ്പീക്കറും സജീവ വിദ്യാര്‍ഥി സംഘടനാ പ്രവര്‍ത്തകനുമായിരുന്ന മറ്റൊരു കലാകാരനാണ് പിന്നീട് കാഥികന്‍ വി സാംബശിവന്‍ ആയത്. അതേ പാതയിലൂടെ സഞ്ചരിച്ച മറ്റൊരു വിദ്യാര്‍ഥി രാഷ്ട്രീയക്കാരനാണ് കാട്ടുകടന്നലും മയ്യഴിപ്പുഴയുടെ തീരങ്ങളിലും അവതരിപ്പിച്ച് മലയാളിയുടെ മനസില്‍ കുടിയേറിയ കാഥികന്‍ വി ഹര്‍ഷകുമാര്‍.


ശ്രേഷ്ഠകവികളായ തിരുനെല്ലൂരും പുതുശ്ശേരി രാമചന്ദ്രനും കലാലയ രാഷ്ട്രീയത്തില്‍ മനസ് വച്ച വരായിരുന്നു. രാഷ്ട്രീയ കലാലയം മലയാളത്തിന് സംഭാവന ചെയ്ത വലിയ പത്രാധിപരാണ് കെ ബാലകൃഷ്ണന്‍. തിരുവനന്തപുരം ആര്‍ട്‌സ് കോളജ് പിക്കറ്റ് ചെയ്ത് ജയിലിലായ വിദ്യാര്‍ഥി രാഷ്ട്രീയക്കാരനാണ് നടനും ജനയുഗം വാരികയുടെ പത്രാധിപരുമായി മാറിയ കാമ്പിശ്ശേരി കരുണാകരന്‍. ആയുര്‍വേദ പരീക്ഷയില്‍ ഉന്നത വിജയം നേടിയ നാടകകൃത്ത് തോപ്പില്‍ ഭാസിയും യൗവ്വനാരംഭത്തില്‍ തന്നെ രാഷ്ട്രീയത്തിലെത്തിയിരുന്നു.


തിരുവനന്തപുരം യൂണിവേഴ്‌സിറ്റി കോളജിലെ യൂണിയന്‍ അധ്യക്ഷനായിരുന്നു കഥാകൃത്ത് എന്‍ മോഹനന്‍. വിദ്യാര്‍ഥിയായിരുന്ന കാലംതൊട്ടേ രാഷ്ട്രീയത്തില്‍ ശ്രദ്ധകേന്ദ്രീകരിച്ച ബിനോയ് വിശ്വമാണ് ആഫ്രിക്കന്‍ അമ്മമാരുടെ കവിതകള്‍ മലയാളത്തിലേക്ക് മൊഴിമാറ്റിയത്. ഭഗവാന്‍ കാലുമാറുന്നു എന്ന നാടകത്തിലേക്ക്, പിന്നോട്ടു പോകാന്‍ തുടങ്ങിയ കേരളത്തെ പിടിച്ചുനിര്‍ത്തിയ കണിയാപുരം രാമചന്ദ്രനും സ്വരലയയുടെ ശില്‍പിയും നിരവധി ഗ്രന്ഥങ്ങളുടെ രചയിതാവും കടമ്മനിട്ട ഫൗണ്ടേഷന്‍ അധ്യക്ഷനുമായ എം എ ബേബിയും മന്ത്രിപദത്തിലിരിക്കുമ്പോഴും കവിതയ്ക്കായി ഉഷ്ണമുഹൂര്‍ത്തങ്ങള്‍ കരുതിവയ്ക്കുന്ന ജി സുധാകരനും രാഷ്ട്രീയ കലാലയത്തിന്റെ സംഭാവനകളാണ്. കവികളായ എസ് രമേശനും രാവുണ്ണിയും കഥാകൃത്ത് അക്ബര്‍ കക്കട്ടിലും പ്രഭാഷകന്‍ സുനില്‍ പി ഇളയിടവും കോളജ് യൂണിയന് നേതൃത്വം നല്‍കിയ രാഷ്ട്രീയ ബോധമുള്ളവരായിരുന്നു.


ശാസ്ത്രാംകോട്ട ദേവസ്വം ബോര്‍ഡ് കോളജില്‍ പഠിക്കുന്ന കാലത്ത് ഒരു പ്രാദേശിക വിദ്യാര്‍ഥി സംഘടനാ പ്രവര്‍ത്തകനായിരുന്ന യുവാവാണ് പില്‍ക്കാലത്ത് ഭരത് മുരളി യായി മാറിയത്.


വിദ്യാര്‍ഥി സംഘടനാ പ്രവര്‍ത്തകരെന്ന നിലയില്‍ ക്രൂരമര്‍ദ്ദനമേല്‍ക്കേണ്ടിവന്ന അതുല്യ നാടക നടന്‍ ഒ മാധവനും സൈദ്ധാന്തികനും പത്രാധിപരുമായി മാറിയ തെങ്ങമം ബാലകൃഷ്ണനും കേരളത്തിന്റെ സാംസ്‌കാരിക നഭസിലുണ്ട്.
കലാലയ രാഷ്ട്രീയ പ്രവര്‍ത്തനത്തിലൂടെ പുറത്തുവന്ന മറ്റു പ്രതിഭകളില്‍ പെരുമ്പുഴ ഗോപാലകൃഷ്ണനും ആര്‍ എസ് ബാബുവും പ്രഭാകരന്‍ പഴശ്ശിയും ഗീതാനസീറുമുണ്ട്.


കുറച്ചുകാലം മാത്രം ജീവിച്ചുമരിച്ച പരിവര്‍ത്തനവാദി വിദ്യാര്‍ഥിസംഘം എന്ന സംഘടനയോടായിരുന്നു എനിക്ക് ചങ്ങാത്തം. കോണ്‍ഗ്രസില്‍ നിന്നും പുറത്താക്കപ്പെട്ട എം എ ജോണ്‍ അടക്കമുള്ള നിരീശ്വരവാദികളുടെ ഒരു കൂട്ടായ്മയായിരുന്നു അത്. ജോണിന്റെ കുര്യനാട്ടുള്ള വീട്ടില്‍ പോയപ്പോഴാണ് ഞാന്‍ ശാകുന്തളത്തിന്റെ ഒരു പരിഭാഷ വായിച്ചത്. കാന്താംഗീ നാലടി നടന്നു കൊണ്ടാള്‍ എന്നു തുടങ്ങുന്ന ശ്ലോകം അവിടെവച്ച് കാണാതെ പഠിക്കുകയും ചെയ്തു. സോവിയറ്റ് യൂണിയനില്‍ നിന്നും പ്രസിദ്ധീകരിച്ച കമ്യൂണിസ്റ്റ് മാനിഫെസ്റ്റോ സ്വന്തമായി വാങ്ങി സൂക്ഷിച്ചതും അക്കാലത്തായിരുന്നു. എ വി ആര്യന്റെ ഒരു ക്ലാസിലും ഞാന്‍ ഇരുന്നിട്ടുണ്ട്. കേരള സര്‍വകലാശാല യുവജനോത്സവത്തില്‍ ആ വര്‍ഷം എന്റെ കവിതയ്ക്കായിരുന്നു ഒന്നാം സമ്മാനം കിട്ടിയത്. അക്ഷരങ്ങളെ ആദരിക്കുവാനും കവിതയുടെ വഴിയില്‍ മുടന്തിയും വീണും അല്‍പദൂരമെങ്കിലും സഞ്ചരിക്കുവാനും രാഷ്ട്രീയ കലാലയം എന്നെ സഹായിച്ചിട്ടുണ്ട്.


രാഷ്ട്രീയ കലാലയം മുന്‍മന്ത്രിമാരെ സൃഷ്ടിക്കാനുള്ള ഫാക്ടറികളല്ല അത് സര്‍ഗാത്മകസംവാദങ്ങളിലൂടെ രൂപപ്പെട്ടുവരുന്ന പ്രതിഭകളുടെ ഈറ്റില്ലമാണ്.

1 comment:

  1. രാഷ്ട്രീയ കലാലയം മുന്‍മന്ത്രിമാരെ സൃഷ്ടിക്കാനുള്ള ഫാക്ടറികളല്ല അത് സര്‍ഗാത്മകസംവാദങ്ങളിലൂടെ രൂപപ്പെട്ടുവരുന്ന പ്രതിഭകളുടെ ഈറ്റില്ലമാണ്...!

    ReplyDelete