Thursday, 30 May 2019

കരിന്തണ്ടൻ കാവൽ നിൽക്കും പ്രഭാതങ്ങൾ (വയനാട് പശ്ചാത്തലമായുള്ള ചില പ്രഭാതചിന്തകൾ)


ബാണാസുരൻ മലയ്ക്കപ്പുറത്ത്
സൂര്യേടെ ഗ്രീൻ റൂം സജീവം
*
സൂചിപ്പാറയിലെത്തുമ്പോൾ
സൂര്യയുമീറനണിഞ്ഞു
*
മൈലാഞ്ചി
ഉദയം പുരട്ടുന്നതേയുള്ളു
മൈനക്കുട്ടി ഉണര്ന്നല്ലോ
*
വിധവയീ പുലരി
മുളങ്കാട്ടിനോരത്ത്
വിലപിച്ചു തന്നെ നില്ക്കുന്നു
*
യാമാന്ത്യ നക്ഷത്രം
വെട്ടിത്തിളങ്ങുന്ന
ബാവലിപ്പുഴയിലെ കല്ല്‌
*
ഉദിച്ചുയരുന്ന സൂര്യ
അടുപ്പില് വച്ച കൽച്ചട്ടി
*
സൂര്യ വരുംമുന്പ്
എടക്കൽ ഗുഹയിലേക്ക്
പാറുന്നൊരു വെള്ളിമൂങ്ങ
*
പക്ഷിപാതാളത്തിലെത്തിയുറങ്ങുവാൻ
തത്രപ്പെടുന്നുണ്ടിരുട്ട്
*
കരിന്തണ്ടൻ കാവൽ നിൽക്കും
ചുരത്തിലൂടെ
വെളിച്ചത്തിൻ പെരുംവണ്ടി
വരുന്നുണ്ടല്ലോ.
*
ദുസ്വപ്നം കണ്ടു കുതറിപ്പറക്കുന്നു
ദുഷ്പ്രഭാതത്തിലെ പക്ഷി
*
സൂര്യയെയോര്ത്തു
ഭയന്ന ചന്ദ്രൻ
നൂല്പ്പുഴയിലെങ്ങോ മറഞ്ഞു
*
നുള്ളാതെതന്നെ ഉണര്ന്നുവല്ലോ
വള്ളിയൂർക്കാവിലെ പൂവ്
*
പുഷ്പിണിയായ് സൂര്യ
പേടിച്ചും ലജ്ജിച്ചും
സുപ്രഭാതത്തിലേക്കെത്തി നോക്കി
*
പെരുമീനുദിച്ചു നമിച്ചു നില്പ്പൂ
പെരുമന്റെ ബലികുടീരത്തില്‍
*
ഇരുട്ടിന്റെ കരിക്കൂട്ടം പതിവുപോലെ
തിരുനെല്ലിക്കാട്ടിലേക്ക് മടങ്ങുന്നുണ്ട്
*
കുറിച്യപ്പോരാളികൾ പോൽ
മുകില്ക്കൂട്ടങ്ങൾ
പഴശ്ശിപ്പെരുമാളിനെപ്പോൽ
ഉദയസൂര്യ
*
ആദിത്യസ്നാനം ഒളിച്ചു കണ്ട
താരകം തലകുത്തിത്താഴോട്ട്
*
ഗദ്ദിക കണ്ട താരങ്ങൾ
നിദ്ര നേടാനൊരുങ്ങുന്നു
*
കനവിൽ  പഠിച്ച പുലരിത്താരം 
സ്വയമെരിയും വഴി കാണും
*
സുപ്രഭാതം ദേ പ്രസന്നം
മുത്തങ്ങക്കാട് പോല്‍ സത്യം
*
ഉദയസൂര്യയുടെ വേഷത്തില്‍
വയനാട്ടുകുലവൻ വരുന്നു
*
രക്തമൊലിപ്പിച്ചോടി വരുന്നു
ഒറ്റമുലച്ചി ഉഷസ്സ്
*
ഉദയനക്ഷത്രം മുഖം മിനുക്കുന്ന
കബനിയില്‍ നിന്നൊരു സുപ്രഭാതം
*
കൽപ്പറ്റയില് കാപ്പി പൂത്തപോലെ
സുസ്മേരയായൊരു സുപ്രഭാതം
*
നന്ദി പറഞ്ഞു പിരിഞ്ഞ രാത്രി
ബ്രഹ്മഗിരിയിലുറക്കമായി
*
മുയല്‍ചന്ദ്രൻ ഇടയ്ക്കല്പ്പം
മയങ്ങിപ്പോയി
ഫിനിഷിംഗ് പോയിന്റിലെത്തി
യാമിനിയാമ
*
തരുവണപ്പള്ളിയില്‍ ബാങ്കു കേട്ടാൽ
അരുണോദയത്തിനൊരുക്കമായി
*
മേഘപ്പുതപ്പിന്നിടയിലൂടെ
കാണുന്നു രക്തശിരസ്സ്
*
തീക്കനലാമുഷസ്സിനെ തൊട്ടോ
കാക്കവയലിലെ കാറ്റ്
*
ഇലയുണങ്ങിയ തോട്ടമായ് മേഘം
അതില്‍ മുഴുത്ത തക്കാളിയായ് സൂര്യ
*
ജയശ്രീസ്ക്കൂളിൻ മുറ്റത്ത്
ജനുവരിപ്പുലരി പരുങ്ങുന്നു.
*
ഹര്‍ത്താലില്‍
വിശ്വാസമില്ലാതെ സ്നേഹിക്കും
സുൽത്താന സൂര്യയ്ക്ക്
സുപ്രഭാതം
*
വൈകിയാണെങ്കിലും
എത്തിയല്ലോ
വൈത്തിരിക്കുള്ള
പുലരിക്കാറ്റ്
*
മൂടൽമഞ്ഞിന്റെ കണ്ണട വച്ച്
ചൂടുകാപ്പി കുടിക്കുന്നു സൂര്യ
*
മൈനസ് നാല്
വിറയ്ക്കുന്നു പൂക്കൾ
കൈ തിരുമ്മി
ഉണര്‍ത്തുന്നു സൂര്യ
*
കോടമഞ്ഞിനെ നേരിടാനായി
മാമലയിൽ നെരിപ്പോടു വച്ചു
*
വഴി മുടക്കാൻ
മഞ്ഞുകോട്ടകൾ എന്നിട്ടും
പണി മുടക്കുന്നില്ല സൂര്യ
*
മൂടുപടമിട്ട മുംതാസായ് സൂര്യ
ഷാജഹാനായ് ബ്രഹ്മശൈലം
*
സൂര്യ ചെങ്കണ്ണുരുട്ടിയപ്പോൾ
ശീതസേന ചിതറിയോടി
*
അമ്പലവയലിലെ വീരക്കല്ല്
പുലരിമാനത്ത് തറച്ചതാര്?.
*
പട്ടിണി വാഴും പണിയക്കുടിലിന്റെ
ദു:ഖത്തിലേക്കൊരു സൂര്യോദയം
*
തൃശ്ശിലേരിയെ മഞ്ഞു മൂടുമ്പോൾ
ചക്രവര്‍ത്തിനിയായ് വന്നു സൂര്യ
*
മഞ്ഞു കാണാനണിഞ്ഞൊരുങ്ങുന്നു
വന്മലയിലെ മാണിക്യപ്പെണ്ണ്
*
തണുപ്പിൻ പുതപ്പിൽ
വിറയ്ക്കുന്നു ഭൂമി
അടുപ്പായ് ജ്വലിക്കുന്നു സൂര്യ
*
ശുക്രനക്ഷത്രം മിഴിതുറന്നു
പക്രന്തളത്തിലേക്കെത്തി നോക്കി
*
മകരമഞ്ഞിൻ
അലുക്കുകൾ ചൂടി
ഉദയസൂര്യ
പ്രയാണം തുടങ്ങി
*
മക്കിയാട്ടേക്കുള്ള വഴി തിരഞ്ഞ്‌
ബുദ്ധിമുട്ടുന്നു വിഭാതക്കാറ്റ്
*
ആര്ത്തവകാലമാണെന്നു തോന്നുന്നു
ചോപ്പു സൂര്യ മലകേറിപ്പോകുന്നു
*
ഒറ്റയാപ്പിൾ
കിഴക്കന് തോട്ടത്തിൽ
കൊത്തിപ്പറക്കാന്
പകല്‍പ്പക്ഷി
*
കനലാടി കർക്കിടപ്പാട്ടുപാടി
പനമരത്തോളമെത്തുന്നു സൂര്യ
*
ഡിസംബറിൻ
ശവസ്മരണയിലൊരു
ജനുവരിപ്പകൽ പിറക്കുന്നു
*
ശശിമല നോക്കി-
ത്തിരിഞ്ഞു നില്ക്കുന്നു
ശശികല
രാവോടുങ്ങുമ്പോൾ
*
കിഴക്കൻ കാട്ടിലെ
തകര്‍പ്പൻ വാക ചെ-
ങ്കുട നിവര്‍ത്തണ നേരം
*
ഒരു യുവാവിൻ
തലപ്പാവുമായി
പുലരി തെളിഞ്ഞു വരുന്നു.
*
മാര്‍ത്താണ്ഡബിംബം
മഹാ പ്രപഞ്ചാത്ഭുതം
ഊര്‍ജ്ജപ്രദായകം
സുസ്വാഗതം
*
അമ്പിളിയൊന്നു
തിരിഞ്ഞു നോക്കി
അമ്പുകുത്തിക്കുള്ളിലായി താരം
*
ഋതുവായ യോനിയോ
താംബൂലച്ചൊടികളോ
മൈലാഞ്ചിക്കവിളോ
ഉഷസ്സ്?
*
എത്ര വേഗം ചുരുണ്ടു താഴുന്നു
റഷ്യന്‍ കൊടി പോലുഷസ്സ്
*
കൌതുകത്തോടെ
തിരിഞ്ഞു നോക്കുന്നു
കൌമാരിക്കാരിയുഷസ്സ്
*
ചെമ്മുഖംമൂടി കൊണ്ടു മുഖം മൂടി
വന്നുവല്ലോ ധവളകളേബര
*
ദൂരെ കളിക്കളം
ഒത്ത നടുക്കതാ
ചോര പുരണ്ട
കാൽപ്പന്ത്
*
നവോദയം ശുഭോദയം
സഹര്‍ഷ വശ്യ വിസ്മയം
പ്രകാശിതം പ്രശോഭിതം
മഹോദയാര്‍ക്ക സുസ്മിതം
*
ചന്ദ്രലേഖയ്ക്കൊന്നു
വിശ്രമിക്കാൻ
ബ്രഹ്മശൈലത്തിൻ
പ്രഭാതശയ്യ
*
തുറമുഖം കാണുവാൻ പോരുന്നോ
വയനാടരെ വിളിക്കുന്നു സൂര്യ
*
മലമേലൊരു വമ്പൻ മയിൽ
അരികത്തൊരു ചെമ്പൻ മുയൽ
*
പൂർണസൂര്യയെ
വന്ദിച്ചു കൊണ്ടേ
പൂതാടിയിൽ
നൂറു പൂ വിരിഞ്ഞു
*
തോക്കുചൂണ്ടിയ കാവൽ മരങ്ങൾ
തീക്കനൽക്കണ്ണുമായി ആദിത്യ
*
ഞായറോടൊപ്പം
വെളിച്ചപ്പെടുന്നോരീ
ഞായറാഴ്ച്ചക്കെന്തു ഭംഗി
*
പ്രശാന്തസൂര്യയിങ്ങനെ
അശാന്തയായതെങ്ങനെ?
*
പ്രപഞ്ചമുറ്റം
കരിയിലകൂട്ടി
തീ കായുന്നവരാരെല്ലാം
*
കുതിരവാലൻ
മുളകിനിടയിലൂടെ
മകരം മറയുന്ന
സുപ്രഭാതം
*
കുങ്കുമക്കുപ്പായമിട്ടു
പെണ്കുട്ടികൾ
ചുമ്മാ നടക്കും പ്രഭാതം
*
പുല്‍പ്പള്ളിയിലെ സീതമ്മ
ഒപ്പം ദുഖിത സൂര്യമ്മ
*
പകലോട്ടക്കാരി
അഞ്ചൽക്കാരി
ചെങ്കുട ചൂടി വരുന്നു
*
ഉദയരവി മെല്ലെ
ഉണര്‍ന്നെണീക്കെ
ചെറുകരയിൽ കാറ്റിന്റെ
ചൂളം വിളി.
*
മരിച്ച രാവിനു
പക്ഷികുലത്തിൻ
കാക്കപ്പുലയാഘോഷം
*
പച്ചത്തുള്ളനെ
പറ്റിപ്പിടിച്ച്
എത്തറ വലിയൊരു ഞണ്ട്
*
പാല്‍ത്തൊണ്ടിപ്പാടത്ത്
പാലും കൊണ്ടെത്തുന്നു
പകലെന്ന കുംഭക്കിടാവ്
*
കിഴക്ക് ചെങ്കടൽ
നടുക്ക് വൻപുലി
*
ഉത്തപ്പന്‍ തമ്പുരാൻ
പെട്ടിതുറന്നപ്പോൾ
പെട്ടീലൊരു പറ മഞ്ചാടി
*
നീലാകാശം കണ്ണീര്‍ക്കുളം
സീതത്തലയായ് സൂര്യത്തി
*
അക്ഷരാര്‍ത്ഥത്തിൽ
അഗ്നിമദ്ധ്യത്തിൽ
ഉഗ്ര ബാണാസുരശൈല സൂര്യ
*
കുന്നടുപ്പിൽ തീയേറ്റേറ്റ് ഒരു
പൊങ്കാലക്കലം തൂവുന്നു
*
വാസവദത്ത
തിരിഞ്ഞു നില്‍ക്കുന്നു
വാസരമെത്തയ്ക്കു മുന്നില്‍
*
കമ്മ്യൂണിസ്റ്റാക്കി കളിച്ചകാലം
ബത്തേരിയിൽ പോയതോര്ത്തു സൂര്യ
*
തുടികൊട്ടി,പ്പകലോനെ
വരവേറ്റൂ തുടുവെട്ടി
*
ആരു പതിച്ചു
കിഴക്കേ വാനില്‍
ഡി എം കെ യുടെ അടയാളം
*
കരിയാത്തൻ പാറയിൽ
കാണാം പുലര്‍ച്ചയിൽ
കനലുപോലൊരു രക്തതാരം
*
കല്ലൂർപ്പുഴയുടെ തീരത്ത് ഒരു
ചെങ്കദളിക്കുല പൊന്തുന്നു
*
കുപ്പാടിയിൽ സൂര്യ
തീയാല്‍ കുറിച്ചു
ഹന്നരടു വീഥി
ഹന്നരടു വീഥി
*
ഉദയനക്ഷത്രമേ
കാണുകതാഴെയീ
പുലരിമഞ്ഞേറ്റു
കുളിര്‍ത്ത പുൽനാമ്പിനെ
*
ജീരകശാലപ്പാടത്ത്
ഒരു
വീര്യക്കാരി ചെമ്പോത്ത്
*
ആലത്തൂരമ്മിണി
മുടിയഴിച്ചപ്പോൾ
സൂര്യനൈരാവതം പ്രത്യക്ഷം
*
മാനന്തവാടിയിൽ
നീര്‍മാതളം പൂത്തു
മാനത്തു സൂര്യ വിടര്‍ന്നു
*
അടയിരിക്കാൻ
കുഞ്ഞു കൂടുകള്‍ നീട്ടുന്നു
തൊവരിമലയിലെ സുപ്രഭാതം
*
പ്രഭാതത്തിലേ പാൽ ചുരത്തുന്നു സൂര്യ
സഖാവിൻ പശുക്കളെ പോലെ.
*
സി പി ജലീലോ
ജോഗിയോ
വര്‍ഗീസോ
തെച്ചിയായ് പൂത്തൂ കിഴക്ക്
*
തലക്കൽ ചന്തുവിൻ
പരിചയായ് സൂര്യ
കുറുവദ്വീപിനും മേലേ

Wednesday, 29 May 2019

ദുര്‍മന്ത്രവാദ പൂച്ചയ്ക്ക് ആര് മണികെട്ടും ?


സാക്ഷരകേരളത്തില്‍ ദുര്‍മന്ത്രവാദത്തിന്റെയും അന്ധവിശ്വാസത്തിന്റെയും പൂച്ചകള്‍ പുലിയുടെ ശൗര്യത്തോടെ സഞ്ചരിക്കുകയാണ്. ഉന്നത വിദ്യാഭ്യാസമുള്ളവരുടെ വീടുകളില്‍പ്പോലും അന്ധവിശ്വാസവും അനാചാരവും പൂമുഖത്തു തന്നെ ഇരിപ്പുറപ്പിച്ചിട്ടുണ്ട്.

ഞെട്ടിക്കുന്ന വാര്‍ത്തകളാണ് കേരളത്തിന്റെ പല ഭാഗങ്ങളില്‍ നിന്നും പുറത്തു വന്നുകൊണ്ടിരിക്കുന്നത്. തലസ്ഥാന ജില്ലയില്‍ സ്വയം ഹത്യക്ക് കീഴടങ്ങിയ അമ്മ സ്വന്തം കുഞ്ഞിനെ കൊല്ലുന്നതിനുമുമ്പ് ഭയത്തോടെ ഓര്‍മിച്ചത് ദുര്‍മന്ത്രവാദം നടത്തുന്ന സ്വന്തം ഭര്‍ത്താവിനെ ആയിരിക്കാം. ഭര്‍ത്താവ് മദ്യപാനം, പുകവലി തുടങ്ങിയ ഒരു ദുഃശീലവും ഇല്ലാത്തയാളായിരുന്നു. ഒറ്റ പ്രശ്‌നമേ അയാള്‍ക്കുണ്ടായിരുന്നുള്ളൂ. ദുര്‍മന്ത്രവാദത്തില്‍ വിശ്വസിച്ചിരുന്നു. ദുര്‍മന്ത്രവാദം ഒരു കുറ്റകൃത്യമായി നമ്മുടെ സമൂഹം ഇന്നും കണ്ടിട്ടില്ല.

മദ്യപാനം, പുകവലി തുടങ്ങിയ ദുഃശീലങ്ങളേക്കാള്‍ എത്രയോ അപകടകരമാണ് നരബലിയിലുള്ള വിശ്വാസം. എല്ലാ അന്ധവിശ്വാസങ്ങളും മതത്തിന്റെ കുടക്കീഴില്‍ പുലരുന്നതിനാലും മതം വമ്പന്‍ വോട്ടുബാങ്ക് ആയതിനാലും ഇതിനെ തള്ളിപ്പറയാന്‍ ഭരണാധികാരികള്‍ക്കു പോലും കഴിയുന്നില്ല. കൊല്ലത്തുനിന്നു റിപ്പോര്‍ട്ട് ചെയ്യപ്പെട്ട ഒരു വീട്ടമ്മയുടെ മരണം ഒരു ഹിന്ദുകുടുംബത്തിന്റെ മന്ത്രവാദ വിശ്വാസവുമായി ബന്ധപ്പെട്ടതായിരുന്നു. ആവശ്യമായ ഭക്ഷണം കൊടുക്കാതെ ഒരമ്മയെ ഇഞ്ചിഞ്ചായി ഇല്ലാതാക്കുകയായിരുന്നു ആ മന്ത്രവാദ കുടുംബം.

കൊല്ലത്തു നിന്നും റിപ്പോര്‍ട്ട് ചെയ്യപ്പെട്ട മറ്റൊരു സംഭവത്തില്‍ പതിനാറു വയസുള്ള ഒരു പെണ്‍കുട്ടിയാണ് ദുര്‍മന്ത്രവാദ മരണത്തിനിരയായത്. പെണ്‍കുട്ടിയുടെ ശരീരത്തില്‍ മാതാവിന്റെ പ്രേതം പ്രവേശിച്ചതായിട്ടാണ് സാക്ഷര കേരളത്തിലെ ആ കുടുംബം കരുതിയത്.

കൊല്ലത്തെ സംഭവങ്ങളില്‍ ഒന്ന് ഹിന്ദു കുടുംബവും മറ്റൊന്ന് മുസ്‌ലിം കുടുംബവുമായിരുന്നു. മരുന്നു നല്‍കാതെ പ്രാര്‍ഥിച്ചു കൊല്ലുന്ന രോഗശുശ്രൂഷാ പരിപാടികള്‍ ചില ക്രൈസ്തവ സഭകളിലുമുണ്ട്. നോക്കൂ, കുറെ മതവിശ്വാസികള്‍ ആധുനിക സൗകര്യങ്ങളുള്ള ആശുപത്രികള്‍ നടത്തുമ്പോള്‍ കുറേ മതവിശ്വാസികള്‍ ആശുപത്രികളെ നിരാകരിച്ച് മന്ത്രവാദത്തെ സ്വീകരിക്കുന്നു. ഈ രണ്ടു കൂട്ടരുടേയും വിശ്വാസം ദൈവത്തില്‍ തന്നെയാണ്.

അന്ധവിശ്വാസ നിര്‍മ്മാര്‍ജന നിയമത്തിന്റെ കരടു തയ്യാറാക്കി കേരള ശാസ്ത്ര സാഹിത്യ പരിഷത്ത്, യുക്തിവാദി സംഘങ്ങള്‍ തുടങ്ങിയ സാംസ്‌ക്കാരിക സംഘടനകള്‍ ഭരണാധികാരികള്‍ക്ക് സമര്‍പ്പിക്കുകയും യഥാസമയം ഓര്‍മപ്പെടുത്തുകയും ചെയ്തിട്ടുണ്ട്. മഹാരാഷ്ട്ര,ആസ്സാം  തുടങ്ങിയ സംസ്ഥാനങ്ങളില്‍ ദുര്‍മന്ത്രവാദം നിയമം മൂലം നിരോധിച്ചിട്ടുമുണ്ട്.

കേരളത്തില്‍ അത്തരം ഒരു നിയമമുണ്ടായിരുന്നുവെങ്കില്‍ പൊലീസ് ഉദ്യോഗസ്ഥര്‍ക്ക് നടപടി സ്വീകരിക്കുവാന്‍ അത് സഹായിക്കുമായിരുന്നു. നിയമ വിരുദ്ധ പ്രവര്‍ത്തനം നടത്തുന്ന വീടുകളെ ചൂണ്ടിക്കാട്ടിക്കൊടുക്കുവാന്‍ പൗരന്മാര്‍ക്കും സാധിക്കുമായിരുന്നു.

ചാത്തന്‍സേവ, ഹനുമാന്‍ സേവ, പിശാച്‌സേവ തുടങ്ങിയവ ലാഭകരമായി വിപണനം നടത്തുന്ന കേന്ദ്രങ്ങള്‍ കേരളത്തില്‍ പരസ്യമായിത്തന്നെ പ്രവര്‍ത്തിക്കുന്നുണ്ട്. ഈ കേന്ദ്രങ്ങളിലെത്താനുള്ള വഴി സഹിതം അടയാളപ്പെടുത്തിയിട്ടുള്ള പരസ്യപ്പലകകള്‍ സര്‍ക്കാരിന്റെ ബസ്സ്റ്റാന്റുകളില്‍ സ്ഥാപിച്ചിട്ടുണ്ട്. ഫോണ്‍ നമ്പറുകളും കൊടുത്തിട്ടുണ്ട്. അവിടെയെത്തുക ഇത്രയും സുഗമമാണെങ്കില്‍ കൂടിയും ആര്‍ക്കും ഇടപെടാന്‍ കഴിയാത്തത് ഒരു നിയമം ഇല്ലാത്തതുകൊണ്ടാണ്. കുട്ടിച്ചാത്തന് നാരായണഗുരു കൊടുത്തയച്ച കത്തിനെ സംബന്ധിച്ചും അതിന്റെ പിന്നിലെ ഗംഭീരമായ ഫലിതത്തെ സംബന്ധിച്ചും നമ്മള്‍ ഇടയ്‌ക്കെങ്കിലും ഒന്നോര്‍ക്കുന്നത് നല്ലതാണ്.

അന്ധവിശ്വാസങ്ങളും അനാചാരങ്ങളും അതിന്റെ ഭാഗമായ മന്ത്രവാദങ്ങളും മലയാളികളെ പ്രാകൃത കാലത്തിലേക്ക് കൊണ്ടുപോകുക തന്നെ ചെയ്യും. അതിനാല്‍ അന്ധവിശ്വാസ നിര്‍മ്മാര്‍ജന നിയമം ഉടന്‍ തന്നെ കൊണ്ടുവരേണ്ടതാണ്.

Wednesday, 15 May 2019

ഡോക്ടർ


വയറുവേദന വന്നു
പുളഞ്ഞപ്പോൾ
ഡോക്ടറുടെ വീട്ടിൽ
ഓടിക്കയറി

അയാൾ കവിതയുടെ
ഡോക്ടറാണത്രേ
അടുത്തയാൾ
കഥയുടെ ഡോക്ടർ
ഇനിയുമൊരാൾ
നാടക ഡോക്ടർ
മറ്റൊരാൾ
ഇൻഡ്യൻ സ്വാതന്ത്ര്യസമരത്തിൽ
ഗാന്ധിജിയുടെ പങ്കിന്റെ ഡോക്ടർ

ഈ ഡോക്ടർമാരെക്കൊണ്ട്
എന്താണൊരു പ്രയോജനം.?

നല്ല വീടുകളുടെ ലക്ഷണം



കേരളത്തില്‍ റെസിഡന്റ്‌സ് അസോസിയേഷന്‍ എന്ന പേരില്‍ വീട്ടുകൂട്ടായ്മകള്‍ രൂപം കൊള്ളുന്ന ഒരു കാലമാണിത്. നഗരങ്ങളില്‍ ആരംഭിച്ച ഈ സവിശേഷത ചെറുനഗരങ്ങളിലേക്കും അവശേഷിക്കുന്ന ഗ്രാമങ്ങളിലേക്കും പടര്‍ന്നു കയറുന്നുണ്ട്.
നല്ല വീടിന്റെ ലക്ഷണമെന്താണ്?

കോണ്‍ക്രീറ്റു ചെയ്ത ചുറ്റുമതിലും നായയും ക്യാമറയും ഗൂര്‍ഖയും ഉള്ളതുകൊണ്ട് ഒരു വീട് നല്ല വീടാകുമോ? ഓടിട്ടതുകൊണ്ടോ ഓലമേഞ്ഞതുകൊണ്ടോ ഒരു വീട് നല്ല വീടാകുമോ? ഒരു കെട്ടിടം വീടാകണമെങ്കില്‍ ബാഹ്യപ്രൗഢികള്‍ക്കപ്പുറം വീട്ടിലെ അംഗങ്ങള്‍ തമ്മില്‍ ഉപാധികളില്ലാത്ത സ്‌നേഹം ഉണ്ടാകണം. കല്യാണ വീടുകളില്‍ച്ചെന്ന് എല്ലാവരേയും തൊഴുകയ്യോടെ നേരിടുന്ന ദമ്പതികള്‍ തിരിച്ചു വന്ന് വീട്ടില്‍ പരസ്പരം സംസാരിക്കാതെ രണ്ടു മുറികളില്‍ കിടന്നുറങ്ങുന്നവരാണെങ്കില്‍ ആ വീട് ഒരു തടവറയാണ്. ക്ലബുകളില്‍ ഒന്നിച്ചിരുന്ന് ഭക്ഷണം കഴിക്കുന്ന കുടുംബാംഗങ്ങള്‍ വീട്ടില്‍ വന്ന് അകലം പാലിക്കുന്നുവെങ്കില്‍ ആ വീട് ശൂന്യതയുടെ വാസസ്ഥലമാണ്.

മനുഷ്യര്‍ തമ്മില്‍ മാത്രമല്ല സ്‌നേഹം വേണ്ടത്. വീട്ടിലെ ചുമരുകളോടും വാതിലുകളോടും മേല്‍ക്കുരയോടും എല്ലാം സ്‌നേഹം ഉണ്ടായിരിക്കണം. രാവിലെ തന്നെ ഹാജരാകുന്ന കാക്കയോടും മറ്റു ജീവജാലങ്ങളോടും സ്‌നേഹമുണ്ടായിരിക്കണം. വീട്ടുമുറ്റത്തെ തുമ്പയോടും തുളസിയോടും മാവിനോടും നെല്ലിയോടും സ്‌നേഹമുണ്ടായിരിക്കണം.

പൊതുപരീക്ഷയില്‍ ഉന്നതവിജയം ലഭിക്കില്ലെന്ന് ആശങ്കപ്പെട്ട വിദ്യാര്‍ഥിനി സ്വയം മരിക്കുന്ന വീട് ഒരു വീടേ അല്ല. എല്ലാ വിഷയത്തിനും എപ്ലസ് കിട്ടാത്ത വിദ്യാര്‍ഥിയെ മര്‍ദ്ദിക്കുന്ന അച്ഛനുള്ള വീട് ഒരു വീടേ അല്ല. കാക്കയ്ക്ക് ചോറും മൈനക്കും ഉപ്പനും കരീലക്കിളികള്‍ക്കും വെള്ളവും കൊടുക്കാത്ത വീട് ഒരു വീടേ അല്ല. പൂ നുള്ളാന്‍ വരുന്ന കുഞ്ഞുങ്ങളെ ആട്ടിയോടിക്കുന്ന വീട് ഒരു വീടേ അല്ല. പുസ്തകങ്ങളില്ലാത്ത വീട് ഒരു വീടേ അല്ല.

പരീക്ഷയെഴുതിയ കുട്ടികളോട് തോറ്റു പോയാല്‍ വിഷമിക്കരുതെന്നും ഇനിയും എത്രയോ വഴികളുണ്ടെന്നും പറഞ്ഞു കൊടുക്കുന്ന വീടാണ് വീട്. ഉള്ള കഞ്ഞി ഒരു പോലെ പങ്കിട്ട് സന്തോഷത്തോടെ കുടിക്കുന്ന കുടിലാണ് വീട്. നാരായണ ഗുരുവിന്റെ പടം വച്ചതുകൊണ്ട് ഒരു വീട് വീടാകുകയില്ല. നാരായണ ഗുരുവിന്റെ ആശയങ്ങളായ ജാതിമതരാഹിത്യവും യുക്തിബോധവും ഉണ്ടെങ്കില്‍ മാത്രമേ നാരായണ ഗുരുവിന്റെ പടം വയ്ക്കുന്നതില്‍ അര്‍ഥമുള്ളൂ.

പ്രളയകാലത്ത് വീടുകളിലും സമീപത്തും സ്ഥാപിച്ചിരുന്ന നിരവധി ബോര്‍ഡുകള്‍ വെള്ളം എടുത്തുകൊണ്ടു പോയിരുന്നു. പട്ടിയുണ്ട്, സൂക്ഷിക്കുക, ഇതുപൊതുവഴിയല്ല, അന്യര്‍ക്കു പ്രവേശനമില്ല, ചക്കുളത്തമ്മ ഈ വീടിന്റെ ഐശ്വര്യം, യേശുദേവന്‍ ഈ വീട്ടിന്റെ നാഥന്‍ തുടങ്ങിയ ബോര്‍ഡുകളും അറബി ലിപിയിലെഴുതിയ സൂക്തങ്ങളും ഇക്കൂട്ടത്തിലുണ്ടായിരുന്നു. അതെല്ലാം പുനഃസ്ഥാപിച്ച് ആര്‍ത്തവ ലഹളക്കാലത്തെന്നപോലെ ഭിന്നിച്ചു നിന്നാല്‍ ഒരു വീടും വീടാവുകയില്ല.

സ്‌നേഹമുള്ള വീടുകളില്‍ നിന്ന് സംഗീതമുണ്ടാവും, സൗരഭ്യമുണ്ടാകും. സ്‌നേഹത്തെ സ്ഥാപിച്ചെടുക്കുക എന്നത് വീട്ടുകൂട്ടായ്മയുടെ ചുമതലയാണ്. വൃദ്ധജനങ്ങള്‍ ഒറ്റയ്ക്കു താമസിക്കുന്ന വീടുകളില്‍ സ്‌നേഹ സ്പര്‍ശവുമായി എത്തേണ്ടത് റെസിഡന്റ്‌സ് അസോസിയേഷന്‍ ഭാരവാഹികളുടെ കടമയാണ്. അത് പരീക്ഷകളില്‍ കൂടുതല്‍ മാര്‍ക്കു വാങ്ങുന്ന കുട്ടികളെ അഭിനന്ദിക്കാന്‍ മാത്രമുള്ള സംഘങ്ങളാകരുത്. പരീക്ഷകളില്‍ പിന്നാക്കം നിന്നവരെ കൈ പിടിച്ചു നടത്തിക്കാനും വീട്ടുകൂട്ടായ്മകള്‍ക്കു കഴിയേണ്ടതാണ്.

Sunday, 5 May 2019

ചേച്ചി



എന്റെ ചേച്ചിക്കു നൂറുമ്മ
ചുമ്മാതിരുന്നാലു
മെന്നും ചിരിക്കാതെ
വിമ്മിക്കരഞ്ഞു
തളർന്നു നീറുന്നൊരെൻ
പൊന്നുചേച്ചിക്കു നൂറുമ്മ

വേനലിൽ കൈനഖ-
പ്പാടുമായ് വീഴുന്ന
പൂവിനെപോൽ മൂക-
വേദനയേന്തിയും
കാണാത്ത ലോകാ-
ന്തരങ്ങളിൽ ചിന്തതൻ
പ്രാവിനെത്തൊട്ടു
തലോടിപ്പറത്തിയും
ഏകാന്തവേളയിൽ
ദീർഘനിശ്വാസങ്ങ-
ളേറുന്ന മാത്രക-
ളെണ്ണിക്കുഴയുന്നൊ
രെന്റെ ചേച്ചിക്കു നൂറുമ്മ

നീലക്കരിമ്പിൻ
വിലോലമാം നാമ്പുപോ-
ലാലസ്യപൂർണയായ്
അസ്വസ്ഥയായ്, കൊടും
ചൂടിൻ ശരങ്ങളേ-
റ്റാകെ പിടഞ്ഞിട്ടു-
മേതോ വിദൂരസ്ഥ-
വാസന്ത സന്ദേശ-
വാഹകയെപ്പോൽ
ചിരിക്കാൻ ശ്രമിക്കയാ-
ണോരോ കിനാവിലും മോഹം

സ്വപ്നങ്ങളസ്ഥിത്വ-
മില്ലാത്ത രൂപങ്ങ-
ളർത്ഥരാഹിത്യങ്ങൾ
ഏതിലോ ചെന്നു ചേർന്നെപ്പൊഴും
ദു:ഖം കൊളുത്തും വിപത്തുകൾ

എന്റെ ചേച്ചിക്കുണ്ടു
സ്വപ്നങ്ങൾ, കണ്ണുനീരുണ്ടാ
മനസ്സിന്റെ ദാഹം കെടുത്തുവാൻ

തുമ്പിക്കിടാങ്ങൾ തൻ
ചുണ്ടിൽ നറുംചിരി-
ത്തുമ്പക്കുടങ്ങൾ
വിടരവേ നാദങ്ങൾ
തങ്കച്ചിലങ്ക കിലുക്കവേ
നേത്രങ്ങൾ
അമ്പരപ്പിൻ പട്ടുതൂവാല തുന്നവേ
ഉള്ളിൽ പൊടിക്കുന്ന
നൊമ്പരങ്ങൾ നുള്ളി
നുള്ളിക്കളയാതെ
പിന്നെയും കേഴുന്നൊ
രെന്റെ ചേച്ചിക്കു നൂറുമ്മ
സാന്ത്വനത്തിന്റെ നൂറുമ്മ

പാമ്പും പത്മിനിയും



ഏപ്രിലിൽ ഏതോ രാത്രിയിലുള്ളിൽ
മുല്ലക്കാടു വിയർത്ത സുഗന്ധം
നദിയായ് ഒഴുകി

തെങ്ങോലയിലൊരു കാറ്റിൻ കുസൃതി
ഏകാന്തതയുടെ തടവറയാം മുറി
മഞ്ഞനിലാവിൽ കൂവളവിരലിൽ
നിദ്രമുറിക്കും ഗന്ധർവ്വൻപാട്ടുണരുന്നുണ്ടോ?
അമ്മയുറങ്ങിപ്പോയോ?

മുറ്റത്താരുടെ കാൽപ്പെരുമാറ്റം
ചാരായച്ചിരി രാക്ഷസനഛൻ?

ചിമ്മിനിയൂതിയിരുന്നൂ പത്മിനി
കട്ടിയിരുട്ടിൽ പുകയിലമണമോ
കാലിൽ പാമ്പിൻപത്തിയുരുമ്മി
നടുങ്ങീ പത്മിനി.

തോറ്റ കണക്കുപരീക്ഷയിൽനിന്നും
തേച്ചു മഴക്കിയുണക്കിയടുപ്പിൽ
റേഷനരിത്തിള വിളയുംവരെയും
നോക്കിയിരുന്നു തീയായ് പത്മിനി.

ആകെ നനഞ്ഞ കൊതുമ്പും ചൂട്ടും
ആറിപ്പോയ കിനാവിൻ ചോറും
ഭാവിപ്പാത കരിമ്പിൻചോട്ടിൽ
വാരിക്കുഴികൾ പുരുഷച്ചതികൾ
വാതിലിലാരുടെ മേഘമുരൾച്ച?

വാലാൽ വായ വരിഞ്ഞുമുറുക്കും
പാമ്പാട്ടത്തിൽ നുറുങ്ങീ പത്മിനി
പ്രായക്കല്ലു ചവിട്ടിക്കയറി
സ്നേഹത്തിൻ മരുഭൂമി മടക്കി
ദു:ഖത്തിന്റെ പരിക്കിൻമുകളിൽ
സ്വപ്നത്തിന്റെ മണപ്പൊടി പൂശി
മൂളും മകുടിക്കൊപ്പം പാമ്പുകൾ
താളം തുള്ളി ശിഖരം തല്ലി
രക്തം തുപ്പി മരിപ്പതു കാണാൻ
പാമ്പുവളർത്തൽ തുടങ്ങീ പത്മിനി

ആയില്യത്തിനു നൂറുംപാലും
ശീമക്കള്ളും ഉള്ളിക്കറിയും
ക്രോധക്കയ്യാൽ നൽകീ പത്മിനി

ഉരഗോത്സവമിതു കാണുക
നെഞ്ചാൽ പൊടിമണ്ണു വകഞ്ഞലയുന്നു
കരിമൂർഖൻ
ഞൊടികേൾക്കുമ്പോൾ
കയറിൻമേൽ ചുറ്റിക്കയറും
തലയിൽ പൂവുള്ളോരടിമ
പുരികക്കൊടിയിളകുമ്പോഴേ-
ക്കൊരു നാഗം ശൂലത്തിൻമേൽ
വിരലിൻമേലൊന്നാം സർപ്പം
അരമണിയായ് രണ്ടാം സർപ്പം
മുലമറയായ് മൂന്നാം സർപ്പം
ചുമലിൻമേൽ നാലാം സർപ്പം
വയർ ചുറ്റിയതഞ്ചാം സർപ്പം
പാദത്തിൽ ആറാം സർപ്പം
തിരുനെറ്റിയിലേഴാം സർപ്പം
മുറിചുറ്റി വണങ്ങും സർപ്പ-
ക്കൊതി വിറ്റു വിളങ്ങീ പത്മിനി

മന്ദബുദ്ധിയായ് മണ്ണുതിന്നുന്നൊരു
സുന്ദരൻ സർപ്പമായെന്റെ ജീവിതം
പുറ്റടർത്തിപ്പിറന്നു വാല്മീകിയായ്
മിത്രദു:ഖം സമാഹരിച്ചീടവേ
ചത്തപാമ്പുകൾ പാതയിൽ പാറയിൽ
ചുറ്റുചുറ്റായ് കിടക്കുന്നു മാനത്തു
വജ്രനക്ഷത്രമായ് പകക്കണ്ണുമായ്
തൃപ്തയായിത്തിളങ്ങുന്നു പത്മിനി

Thursday, 2 May 2019

തിരുനല്ലൂരിന്റെ കൊല്ലം



കവികളെ അനുസ്മരിക്കുന്ന നിരവധി പരിപാടികള്‍ കേരളത്തിലുടനീളമുണ്ട്. എന്നാല്‍ അതില്‍ നിന്നൊക്കെ വ്യത്യസ്തമാണ് തിരുനല്ലൂര്‍ കാവ്യോത്സവം. കവികളുടെ ജനനത്തീയതിയോ മരണത്തീയതിയോ ആണ് സാധാരണ അനുസ്മരണത്തിനു തെരഞ്ഞെടുക്കാറുള്ളതെങ്കില്‍ തിരുനല്ലൂര്‍ കരുണാകരന്റെ സ്മരണയ്ക്കു സമര്‍പ്പിച്ച കാവ്യോത്സവം സാര്‍വ്വദേശീയ തൊഴിലാളി ദിനമായ മെയ് ഒന്നിനാണ് സംഘടിപ്പിച്ചിട്ടുള്ളത്.

മെയ് ദിനത്തിന് മെയ്ദിന റാലികളും സമ്മേളനങ്ങളും മാത്രമാണ് നമുക്ക് കണ്ടുപരിചയം. കവി സമ്മേളനങ്ങള്‍ ആ ദിവസം ഉണ്ടാകാറില്ല. എന്നാല്‍ മെയ്ദിന സായാഹ്നത്തില്‍ നിരവധി കവികള്‍ കൊല്ലത്തെത്തി തിരുനല്ലൂര്‍ കരുണാകരന്റെ കവിതകള്‍ വായിക്കുകയാണ്.

പ്രണയത്തേയും കവിതയേയും തൊഴിലാളി വര്‍ഗ്ഗ സൗന്ദര്യശാസ്ത്രത്തിന്റെ വസന്തഭൂമിയിലൂടെ സഞ്ചരിപ്പിച്ച കവിയായിരുന്നു തിരുനല്ലൂര്‍ കരുണാകരന്‍. അധ്വാനത്തിന്റെ മഹത്വത്തെ അദ്ദേഹം എപ്പോഴും ഉയര്‍ത്തിപ്പിടിച്ചു. അധ്വാനിക്കുന്നവരുടെ സ്വപ്‌നങ്ങളും സ്വപ്‌നഭംഗങ്ങളും തിരുനല്ലൂര്‍ കവിതയില്‍ വിളഞ്ഞുകിടക്കുന്നു. തൊഴിലാളികളുടെ സ്വപ്‌നഭംഗം രേഖപ്പെടുത്തുവാന്‍ മുനയൊടിയാത്ത പേന ഉപയോഗിക്കുന്നതില്‍ അദ്ദേഹത്തിന് ഒരു മടിയും ഉണ്ടായിരുന്നില്ല. അതുകൊണ്ടാണ് കയര്‍ തൊഴിലാളികളുടെ ഹൃദയവ്യഥകള്‍ രേഖപ്പെടുത്തിയപ്പോള്‍, തുടരെ അധികാരത്തില്‍ വരുന്നതില്‍ അഭിമാനമുണ്ടെങ്കിലും അനാഥരാകുന്നതില്‍ ഉഗ്രരോഷവുമുണ്ട് എന്ന് അദ്ദേഹം എഴുതിയത്.

സമീപകാലത്ത് കേരളത്തിലുണ്ടായ ചില ദുരഭിമാനക്കൊലകള്‍ സമൂഹത്തെ മുഴുവന്‍ ഞെട്ടിച്ചിരുന്നു. ഇതുസംബന്ധിച്ച് അഖിലേന്ത്യാ യുവജന ഫെഡറേഷന്‍ കേരളത്തിലുടനീളം നടത്തിയ സെമിനാറുകളുടെ ശീര്‍ഷകം പ്രേമം മധുരമാണ് ധീരവുമാണ് എന്നായിരുന്നല്ലോ. തിരുനല്ലൂരിന്റെ ഒരു കാവ്യത്തിന്റെ പേരാണത്. ആശയമാകട്ടെ പൊലീസ് തേര്‍വാഴ്ചയില്‍ ഒരു കാലുതന്നെ നഷ്ടപ്പെട്ടുപോയ തൊഴിലാളിയെ പരസ്യമായി ഒരു സ്ത്രീതൊഴിലാളി മാലയിട്ട് ജീവിതത്തിലേക്ക് സ്വീകരിക്കുന്നതാണ്. ജാതിയോ മതമോ പൊന്നോ പണമോ മറ്റു പ്രതാപങ്ങളോ ഒന്നും അവിടെ വിലങ്ങുതടിയായതേയില്ല.

അഷ്ടമുടിക്കായലിന്റെ തീരദേശമായ കൊല്ലം നഗരം തിരുനല്ലൂരിന്റെ ഇഷ്ടദേശമായിരുന്നു. കൊല്ലത്തിന്റെ ചരിത്രവും ഭൂമിശാസ്ത്രവും സമരമാര്‍ഗങ്ങളും എന്നും അദ്ദേഹത്തില്‍ അഭിമാനത്തിന്റെ പതാകകള്‍ പാറിച്ചു. കൊല്ലം എന്ന തിരുനല്ലൂര്‍ കവിത ആരംഭിക്കുന്നത് കൊല്ലം കണ്ടാലില്ലം വേണ്ട എന്ന മധുരപ്പഴമൊഴിയോടുകൂടിയാണ്. കൊല്ലം നഗരത്തിന് അന്യരാജ്യങ്ങളുമായുണ്ടായിരുന്ന വാണിജ്യ സാംസ്‌കാരിക വിനിമയങ്ങളെക്കുറിച്ചും ആ കവിതയില്‍ അദ്ദേഹം പറയുന്നുണ്ട്. റോമിലേയും ഗ്രീസിലേയും ഈജിപ്റ്റിലേയും ലോക സുന്ദരിമാര്‍ ഗ്രീഷ്മകാല രാത്രികളെ സ്വാഗതം ചെയ്യാനായി കാത്തിരിക്കുന്നത് കൊല്ലത്തുനിന്നും ലഭിച്ച സുഗന്ധവസ്തുക്കളുടെ സന്തോഷ സാമീപ്യത്തോടെയാണ് എന്ന് അദ്ദേഹം സൂചിപ്പിക്കുന്നു. ചീനക്കപ്പലിനെ ഓര്‍മിപ്പിക്കുന്ന ചിന്നക്കടയും നീണ്ടകരക്കായലില്‍ നങ്കൂരമിട്ട കപ്പലുകളേയും അദ്ദേഹം ഈ കവിതയില്‍ ഓര്‍മിക്കുന്നു. അയ്യങ്കാളിയുടെ നേതൃത്വത്തില്‍ കൊല്ലത്തു നടന്ന ഐതിഹാസികമായ മാനം രക്ഷിക്കല്‍ ചടങ്ങും ഈ കവിതയില്‍ അദ്ദേഹം അടയാളപ്പെടുത്തിയിരിക്കുന്നു. സ്വാതന്ത്ര്യദിനത്തില്‍ ഉയര്‍ത്തുന്ന പതാകയുടെ ചുവപ്പുനിറം കൊല്ലത്തിന്റെതാണെന്ന് അദ്ദേഹം വാദിക്കുന്നു.

ജാതിമതരഹിതവും അന്ധവിശ്വാസരഹിതവുമായ ജീവിതമായിരുന്നു തിരുനല്ലൂരിന്റെ ആദര്‍ശം. അത് അനുഷ്ഠിക്കുന്ന കാഥികന്‍ വി ഹര്‍ഷകുമാര്‍ ഓരോ വര്‍ഷവും ഓരോ തിരുനല്ലൂര്‍ കവിത കഥാപ്രസംഗ രൂപത്തില്‍ അവതരിപ്പിക്കാറുണ്ട് എന്നതും കാവ്യോത്സവത്തിന്റെ സവിശേഷതയാണ്.