സാക്ഷരകേരളത്തില്‍ ദുര്‍മന്ത്രവാദത്തിന്റെയും അന്ധവിശ്വാസത്തിന്റെയും പൂച്ചകള്‍ പുലിയുടെ ശൗര്യത്തോടെ സഞ്ചരിക്കുകയാണ്. ഉന്നത വിദ്യാഭ്യാസമുള്ളവരുടെ വീടുകളില്‍പ്പോലും അന്ധവിശ്വാസവും അനാചാരവും പൂമുഖത്തു തന്നെ ഇരിപ്പുറപ്പിച്ചിട്ടുണ്ട്.
ഞെട്ടിക്കുന്ന വാര്‍ത്തകളാണ് കേരളത്തിന്റെ പല ഭാഗങ്ങളില്‍ നിന്നും പുറത്തു വന്നുകൊണ്ടിരിക്കുന്നത്. തലസ്ഥാന ജില്ലയില്‍ സ്വയം ഹത്യക്ക് കീഴടങ്ങിയ അമ്മ സ്വന്തം കുഞ്ഞിനെ കൊല്ലുന്നതിനുമുമ്പ് ഭയത്തോടെ ഓര്‍മിച്ചത് ദുര്‍മന്ത്രവാദം നടത്തുന്ന സ്വന്തം ഭര്‍ത്താവിനെ ആയിരിക്കാം. ഭര്‍ത്താവ് മദ്യപാനം, പുകവലി തുടങ്ങിയ ഒരു ദുഃശീലവും ഇല്ലാത്തയാളായിരുന്നു. ഒറ്റ പ്രശ്‌നമേ അയാള്‍ക്കുണ്ടായിരുന്നുള്ളൂ. ദുര്‍മന്ത്രവാദത്തില്‍ വിശ്വസിച്ചിരുന്നു. ദുര്‍മന്ത്രവാദം ഒരു കുറ്റകൃത്യമായി നമ്മുടെ സമൂഹം ഇന്നും കണ്ടിട്ടില്ല.
മദ്യപാനം, പുകവലി തുടങ്ങിയ ദുഃശീലങ്ങളേക്കാള്‍ എത്രയോ അപകടകരമാണ് നരബലിയിലുള്ള വിശ്വാസം. എല്ലാ അന്ധവിശ്വാസങ്ങളും മതത്തിന്റെ കുടക്കീഴില്‍ പുലരുന്നതിനാലും മതം വമ്പന്‍ വോട്ടുബാങ്ക് ആയതിനാലും ഇതിനെ തള്ളിപ്പറയാന്‍ ഭരണാധികാരികള്‍ക്കു പോലും കഴിയുന്നില്ല. കൊല്ലത്തുനിന്നു റിപ്പോര്‍ട്ട് ചെയ്യപ്പെട്ട ഒരു വീട്ടമ്മയുടെ മരണം ഒരു ഹിന്ദുകുടുംബത്തിന്റെ മന്ത്രവാദ വിശ്വാസവുമായി ബന്ധപ്പെട്ടതായിരുന്നു. ആവശ്യമായ ഭക്ഷണം കൊടുക്കാതെ ഒരമ്മയെ ഇഞ്ചിഞ്ചായി ഇല്ലാതാക്കുകയായിരുന്നു ആ മന്ത്രവാദ കുടുംബം.
കൊല്ലത്തു നിന്നും റിപ്പോര്‍ട്ട് ചെയ്യപ്പെട്ട മറ്റൊരു സംഭവത്തില്‍ പതിനാറു വയസുള്ള ഒരു പെണ്‍കുട്ടിയാണ് ദുര്‍മന്ത്രവാദ മരണത്തിനിരയായത്. പെണ്‍കുട്ടിയുടെ ശരീരത്തില്‍ മാതാവിന്റെ പ്രേതം പ്രവേശിച്ചതായിട്ടാണ് സാക്ഷര കേരളത്തിലെ ആ കുടുംബം കരുതിയത്.
കൊല്ലത്തെ സംഭവങ്ങളില്‍ ഒന്ന് ഹിന്ദു കുടുംബവും മറ്റൊന്ന് മുസ്‌ലിം കുടുംബവുമായിരുന്നു. മരുന്നു നല്‍കാതെ പ്രാര്‍ഥിച്ചു കൊല്ലുന്ന രോഗശുശ്രൂഷാ പരിപാടികള്‍ ചില ക്രൈസ്തവ സഭകളിലുമുണ്ട്. നോക്കൂ, കുറെ മതവിശ്വാസികള്‍ ആധുനിക സൗകര്യങ്ങളുള്ള ആശുപത്രികള്‍ നടത്തുമ്പോള്‍ കുറേ മതവിശ്വാസികള്‍ ആശുപത്രികളെ നിരാകരിച്ച് മന്ത്രവാദത്തെ സ്വീകരിക്കുന്നു. ഈ രണ്ടു കൂട്ടരുടേയും വിശ്വാസം ദൈവത്തില്‍ തന്നെയാണ്.
അന്ധവിശ്വാസ നിര്‍മ്മാര്‍ജന നിയമത്തിന്റെ കരടു തയ്യാറാക്കി കേരള ശാസ്ത്ര സാഹിത്യ പരിഷത്ത്, യുക്തിവാദി സംഘങ്ങള്‍ തുടങ്ങിയ സാംസ്‌ക്കാരിക സംഘടനകള്‍ ഭരണാധികാരികള്‍ക്ക് സമര്‍പ്പിക്കുകയും യഥാസമയം ഓര്‍മപ്പെടുത്തുകയും ചെയ്തിട്ടുണ്ട്. മഹാരാഷ്ട്ര,ആസ്സാം തുടങ്ങിയ സംസ്ഥാനങ്ങളില്‍ ദുര്‍മന്ത്രവാദം നിയമം മൂലം നിരോധിച്ചിട്ടുമുണ്ട്.
കേരളത്തില്‍ അത്തരം ഒരു നിയമമുണ്ടായിരുന്നുവെങ്കില്‍ പൊലീസ് ഉദ്യോഗസ്ഥര്‍ക്ക് നടപടി സ്വീകരിക്കുവാന്‍ അത് സഹായിക്കുമായിരുന്നു. നിയമ വിരുദ്ധ പ്രവര്‍ത്തനം നടത്തുന്ന വീടുകളെ ചൂണ്ടിക്കാട്ടിക്കൊടുക്കുവാന്‍ പൗരന്മാര്‍ക്കും സാധിക്കുമായിരുന്നു.
ചാത്തന്‍സേവ, ഹനുമാന്‍ സേവ, പിശാച്‌സേവ തുടങ്ങിയവ ലാഭകരമായി വിപണനം നടത്തുന്ന കേന്ദ്രങ്ങള്‍ കേരളത്തില്‍ പരസ്യമായിത്തന്നെ പ്രവര്‍ത്തിക്കുന്നുണ്ട്. ഈ കേന്ദ്രങ്ങളിലെത്താനുള്ള വഴി സഹിതം അടയാളപ്പെടുത്തിയിട്ടുള്ള പരസ്യപ്പലകകള്‍ സര്‍ക്കാരിന്റെ ബസ്സ്റ്റാന്റുകളില്‍ സ്ഥാപിച്ചിട്ടുണ്ട്. ഫോണ്‍ നമ്പറുകളും കൊടുത്തിട്ടുണ്ട്. അവിടെയെത്തുക ഇത്രയും സുഗമമാണെങ്കില്‍ കൂടിയും ആര്‍ക്കും ഇടപെടാന്‍ കഴിയാത്തത് ഒരു നിയമം ഇല്ലാത്തതുകൊണ്ടാണ്. കുട്ടിച്ചാത്തന് നാരായണഗുരു കൊടുത്തയച്ച കത്തിനെ സംബന്ധിച്ചും അതിന്റെ പിന്നിലെ ഗംഭീരമായ ഫലിതത്തെ സംബന്ധിച്ചും നമ്മള്‍ ഇടയ്‌ക്കെങ്കിലും ഒന്നോര്‍ക്കുന്നത് നല്ലതാണ്.
അന്ധവിശ്വാസങ്ങളും അനാചാരങ്ങളും അതിന്റെ ഭാഗമായ മന്ത്രവാദങ്ങളും മലയാളികളെ പ്രാകൃത കാലത്തിലേക്ക് കൊണ്ടുപോകുക തന്നെ ചെയ്യും. അതിനാല്‍ അന്ധവിശ്വാസ നിര്‍മ്മാര്‍ജന നിയമം ഉടന്‍ തന്നെ കൊണ്ടുവരേണ്ടതാണ്.
ReplyDeleteഅന്ധവിശ്വാസങ്ങളും അനാചാരങ്ങളും അതിന്റെ ഭാഗമായ മന്ത്രവാദങ്ങളും മലയാളികളെ പ്രാകൃത കാലത്തിലേക്ക് കൊണ്ടുപോകുക തന്നെ ചെയ്യും. അതിനാല്‍ അന്ധവിശ്വാസ നിര്‍മ്മാര്‍ജന നിയമം ഉടന്‍ തന്നെ കൊണ്ടുവരേണ്ടതാണ്.