കേരളത്തില്‍ റെസിഡന്റ്‌സ് അസോസിയേഷന്‍ എന്ന പേരില്‍ വീട്ടുകൂട്ടായ്മകള്‍ രൂപം കൊള്ളുന്ന ഒരു കാലമാണിത്. നഗരങ്ങളില്‍ ആരംഭിച്ച ഈ സവിശേഷത ചെറുനഗരങ്ങളിലേക്കും അവശേഷിക്കുന്ന ഗ്രാമങ്ങളിലേക്കും പടര്‍ന്നു കയറുന്നുണ്ട്.
നല്ല വീടിന്റെ ലക്ഷണമെന്താണ്?
കോണ്‍ക്രീറ്റു ചെയ്ത ചുറ്റുമതിലും നായയും ക്യാമറയും ഗൂര്‍ഖയും ഉള്ളതുകൊണ്ട് ഒരു വീട് നല്ല വീടാകുമോ? ഓടിട്ടതുകൊണ്ടോ ഓലമേഞ്ഞതുകൊണ്ടോ ഒരു വീട് നല്ല വീടാകുമോ? ഒരു കെട്ടിടം വീടാകണമെങ്കില്‍ ബാഹ്യപ്രൗഢികള്‍ക്കപ്പുറം വീട്ടിലെ അംഗങ്ങള്‍ തമ്മില്‍ ഉപാധികളില്ലാത്ത സ്‌നേഹം ഉണ്ടാകണം. കല്യാണ വീടുകളില്‍ച്ചെന്ന് എല്ലാവരേയും തൊഴുകയ്യോടെ നേരിടുന്ന ദമ്പതികള്‍ തിരിച്ചു വന്ന് വീട്ടില്‍ പരസ്പരം സംസാരിക്കാതെ രണ്ടു മുറികളില്‍ കിടന്നുറങ്ങുന്നവരാണെങ്കില്‍ ആ വീട് ഒരു തടവറയാണ്. ക്ലബുകളില്‍ ഒന്നിച്ചിരുന്ന് ഭക്ഷണം കഴിക്കുന്ന കുടുംബാംഗങ്ങള്‍ വീട്ടില്‍ വന്ന് അകലം പാലിക്കുന്നുവെങ്കില്‍ ആ വീട് ശൂന്യതയുടെ വാസസ്ഥലമാണ്.
മനുഷ്യര്‍ തമ്മില്‍ മാത്രമല്ല സ്‌നേഹം വേണ്ടത്. വീട്ടിലെ ചുമരുകളോടും വാതിലുകളോടും മേല്‍ക്കുരയോടും എല്ലാം സ്‌നേഹം ഉണ്ടായിരിക്കണം. രാവിലെ തന്നെ ഹാജരാകുന്ന കാക്കയോടും മറ്റു ജീവജാലങ്ങളോടും സ്‌നേഹമുണ്ടായിരിക്കണം. വീട്ടുമുറ്റത്തെ തുമ്പയോടും തുളസിയോടും മാവിനോടും നെല്ലിയോടും സ്‌നേഹമുണ്ടായിരിക്കണം.
പൊതുപരീക്ഷയില്‍ ഉന്നതവിജയം ലഭിക്കില്ലെന്ന് ആശങ്കപ്പെട്ട വിദ്യാര്‍ഥിനി സ്വയം മരിക്കുന്ന വീട് ഒരു വീടേ അല്ല. എല്ലാ വിഷയത്തിനും എപ്ലസ് കിട്ടാത്ത വിദ്യാര്‍ഥിയെ മര്‍ദ്ദിക്കുന്ന അച്ഛനുള്ള വീട് ഒരു വീടേ അല്ല. കാക്കയ്ക്ക് ചോറും മൈനക്കും ഉപ്പനും കരീലക്കിളികള്‍ക്കും വെള്ളവും കൊടുക്കാത്ത വീട് ഒരു വീടേ അല്ല. പൂ നുള്ളാന്‍ വരുന്ന കുഞ്ഞുങ്ങളെ ആട്ടിയോടിക്കുന്ന വീട് ഒരു വീടേ അല്ല. പുസ്തകങ്ങളില്ലാത്ത വീട് ഒരു വീടേ അല്ല.
പരീക്ഷയെഴുതിയ കുട്ടികളോട് തോറ്റു പോയാല്‍ വിഷമിക്കരുതെന്നും ഇനിയും എത്രയോ വഴികളുണ്ടെന്നും പറഞ്ഞു കൊടുക്കുന്ന വീടാണ് വീട്. ഉള്ള കഞ്ഞി ഒരു പോലെ പങ്കിട്ട് സന്തോഷത്തോടെ കുടിക്കുന്ന കുടിലാണ് വീട്. നാരായണ ഗുരുവിന്റെ പടം വച്ചതുകൊണ്ട് ഒരു വീട് വീടാകുകയില്ല. നാരായണ ഗുരുവിന്റെ ആശയങ്ങളായ ജാതിമതരാഹിത്യവും യുക്തിബോധവും ഉണ്ടെങ്കില്‍ മാത്രമേ നാരായണ ഗുരുവിന്റെ പടം വയ്ക്കുന്നതില്‍ അര്‍ഥമുള്ളൂ.
പ്രളയകാലത്ത് വീടുകളിലും സമീപത്തും സ്ഥാപിച്ചിരുന്ന നിരവധി ബോര്‍ഡുകള്‍ വെള്ളം എടുത്തുകൊണ്ടു പോയിരുന്നു. പട്ടിയുണ്ട്, സൂക്ഷിക്കുക, ഇതുപൊതുവഴിയല്ല, അന്യര്‍ക്കു പ്രവേശനമില്ല, ചക്കുളത്തമ്മ ഈ വീടിന്റെ ഐശ്വര്യം, യേശുദേവന്‍ ഈ വീട്ടിന്റെ നാഥന്‍ തുടങ്ങിയ ബോര്‍ഡുകളും അറബി ലിപിയിലെഴുതിയ സൂക്തങ്ങളും ഇക്കൂട്ടത്തിലുണ്ടായിരുന്നു. അതെല്ലാം പുനഃസ്ഥാപിച്ച് ആര്‍ത്തവ ലഹളക്കാലത്തെന്നപോലെ ഭിന്നിച്ചു നിന്നാല്‍ ഒരു വീടും വീടാവുകയില്ല.
സ്‌നേഹമുള്ള വീടുകളില്‍ നിന്ന് സംഗീതമുണ്ടാവും, സൗരഭ്യമുണ്ടാകും. സ്‌നേഹത്തെ സ്ഥാപിച്ചെടുക്കുക എന്നത് വീട്ടുകൂട്ടായ്മയുടെ ചുമതലയാണ്. വൃദ്ധജനങ്ങള്‍ ഒറ്റയ്ക്കു താമസിക്കുന്ന വീടുകളില്‍ സ്‌നേഹ സ്പര്‍ശവുമായി എത്തേണ്ടത് റെസിഡന്റ്‌സ് അസോസിയേഷന്‍ ഭാരവാഹികളുടെ കടമയാണ്. അത് പരീക്ഷകളില്‍ കൂടുതല്‍ മാര്‍ക്കു വാങ്ങുന്ന കുട്ടികളെ അഭിനന്ദിക്കാന്‍ മാത്രമുള്ള സംഘങ്ങളാകരുത്. പരീക്ഷകളില്‍ പിന്നാക്കം നിന്നവരെ കൈ പിടിച്ചു നടത്തിക്കാനും വീട്ടുകൂട്ടായ്മകള്‍ക്കു കഴിയേണ്ടതാണ്.
ReplyDeleteസ്‌നേഹമുള്ള വീടുകളില്‍ നിന്ന് സംഗീതമുണ്ടാവും, സൗരഭ്യമുണ്ടാകും. സ്‌നേഹത്തെ സ്ഥാപിച്ചെടുക്കുക എന്നത് വീട്ടുകൂട്ടായ്മയുടെ ചുമതലയാണ്. വൃദ്ധജനങ്ങള്‍ ഒറ്റയ്ക്കു താമസിക്കുന്ന വീടുകളില്‍ സ്‌നേഹ സ്പര്‍ശവുമായി എത്തേണ്ടത് റെസിഡന്റ്‌സ് അസോസിയേഷന്‍ ഭാരവാഹികളുടെ കടമയാണ്. അത് പരീക്ഷകളില്‍ കൂടുതല്‍ മാര്‍ക്കു വാങ്ങുന്ന കുട്ടികളെ അഭിനന്ദിക്കാന്‍ മാത്രമുള്ള സംഘങ്ങളാകരുത്. പരീക്ഷകളില്‍ പിന്നാക്കം നിന്നവരെ കൈ പിടിച്ചു നടത്തിക്കാനും വീട്ടുകൂട്ടായ്മകള്‍ക്കു കഴിയേണ്ടതാണ്...