ഒരു സംഗീത കുടുംബത്തിന്റെ സ്വപ്നസാഫല്യം
----------------------------------------------------------------------------
സപ്തസ്വരങ്ങളുടെ മധുരിമ മൂന്നാം തലമുറ ഏറ്റുവാങ്ങുന്ന
അസുലഭചരിത്രം രചിച്ചിരിക്കയാണ് പുനലൂരെ ശ്രീ ത്യാഗരാജ
സംഗീത കലാലയം.
ത്യാഗരാജ സംഗീതകലാലയത്തില്‍ സൂക്ഷിച്ചിട്ടുള്ള ഒരു നൂറ്റാണ്ടിലധികം പഴക്കമുള്ള ഹാര്‍മോണിയത്തിന് പല കയ്യുകളിലെ വിരലുകള്‍ ശ്രുതിമീട്ടിയ ഓര്മ്മ പങ്കുവയ്ക്കാനുണ്ട്.സ്വന്തം മകനടക്കം സംഗീതാഭിരുചിയുള്ള പുനലൂര്‍ സ്വദേശികളെയും
സമീപവാസികളെയുമെല്ലാം. സപ്തസ്വരത്തിന്റെ അത്ഭുതഭൂഖണ്ഡ
ത്തിലേക്ക് കൂട്ടിക്കൊണ്ടുപോയ രാമസ്വാമി ഭാഗവതര്‍.
നാടോടി സംഗീതത്തിന്റെ ഉള്‍വഴികളിലൂടെ സഞ്ചരിച്ച വന്ദ്യവയോധികയായ ചെല്ലമ്മ കൃഷ്ണനടക്കം എല്ലാ സംഗീതപ്രേമികളുടെയും മനസ്സിലെ രാഗതാരകമാണ് രാമസ്വാമി ഭാഗവതര്‍.
അഭിഭാഷകപ്രതിഭകളായി പിന്നീട് കേരളം സ്വീകരിച്ച മുന്‍ നിയമസഭാംഗം പുനലൂര്‍ എന്‍.രാജഗോപാലന്‍ നായരും ജി.ജനര്‍ദ്ദനക്കുറുപ്പും ഒരു നാടകസമിതിയെ കുറിച്ചു ചിന്തിച്ചകാലം.
കേരള ജനകീയ കലാസമിതി ( കെ.പി.എ.സി) ഉറവ പൊട്ടിയ കാലം.
അവര്‍ തന്നെ ഒരു നാടകം ഉണ്ടാക്കിയെടുത്തു. ചെങ്കൊടിനോക്കി ആ കൊടിയിങ്ങു താ മോളേ
എന്നു അടുത്ത നാടകത്തില്‍ പരമു പിള്ള പറഞ്ഞതുപോലെ, ഒരു കുടുംബക്കാരണവര്‍, രാജഭരണത്തിനെതിരെ പോരാടുന്ന എന്റെ മകനാണ് ശരിയെന്ന് പറയുന്ന നാടകം. പുനലൂര്‍ സ്ക്കൂളിലെ മാഷായിരുന്ന പുനലൂര്‍ ബാലന്‍ പാട്ടെഴുതി.
രാമസ്വാമി ഭാഗവതര്‍ ഈണമിട്ടു . തെരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ കണ്ടെത്തിയ ഈറ്റത്തൊഴിലാളി കെ.എസ്.ജോര്‍ജ്ജ് പാടി.പാടുക നീയെന്‍ പൂങ്കുയിലേ
എന്ന ശാലീനതയുള്ള ഗാനം.
രാമസ്വാമിഭാഗവതരുടെ മകന്‍ എഴുപത്തെട്ടു ഓണമുണ്ട സംഗീതജ്ഞനായ എസ്..ആര്‍.ത്യാഗരാജന്‍ പാടുക നീയെന്‍ പൂങ്കുയിലേ എന്ന പാട്ട് ഈയിടെ ഓര്‍മ്മിച്ചു പാടിയിരുന്നു.
പുതിയ ആകാശവും പുതിയ ഭൂമിയും ചെങ്കൊടിത്തണലില്‍
ആകരുതെന്നു കരുതിയവര്‍ പോലും ആദ്യനാടകവുമായി സഹകരിച്ചു.അന്നത്തെ കോണ്‍ഗ്രസ്സ് മന്ത്രി കുഞ്ഞുരാമന്‍റെ വീട്ടില്‍ നിന്നുപോലും നൂറു രൂപ സഹായം കിട്ടി.രാമസ്വാമി ഭാഗവതരുടെ ശബ്ദസാന്നിധ്യം പുലരിപ്പൂ വിടര്‍ത്തിയ കെ.പി എ സിയുടെ വിജയയാത്ര ചരിത്രം.
സംഗീത കലാലയത്തിന്റെ രണ്ടാം ഘട്ടം ആരംഭിക്കുന്നത്
എസ്.ആര്‍.ത്യാഗരാജന്‍ ഭാഗവതരിലൂടെയാണ്. ശ്രീ സ്വാതിതിരുനാള്‍ സംഗീത കോളജില്‍ പഠനം, നെയ്യാറ്റിന്‍കര വാസുദേവന്‍ , രവീന്ദ്രന്‍, യേശുദാസ്, എം.ജി.രാധാകൃഷ്ണന്‍, പാലാ സി.കെ രാമചന്ദ്രന്‍, കുമാരകേരള വര്‍മ്മ, പാറശ്ശാല രവി തുടങ്ങിയവരെ കുറിച്ചുള്ള ഓര്‍മ്മകളും ശെമ്മാങ്കുടിയും മാവേലിക്കര പ്രഭാകര വര്‍മ്മയും അടക്കമുള്ള
പ്രകാശഗോപുരങ്ങളും അദ്ദേഹത്തെ നയിക്കുന്നു. ശാസ്ത്രീയ സംഗീതം മാത്രമല്ല, സംഗീതോപകരണങ്ങളില്‍ നാദവിസ്മയം
തീര്‍ക്കാനും അദ്ദേഹം ശിഷ്യരെ സഹായിച്ചു.
ലക്ഷം വീട് പദ്ധതിയുടെ ഭാഗമായി നടത്തിയ വിളംബരജാഥയ്ക്ക് പാട്ടെഴുതിയത് പുനലൂര്‍ ബാലന്‍ ആയിരുന്നു. സ്വരപ്പെടുത്തി പാടിയത് എസ്.ആര്‍.ത്യാഗരാജന്‍.ലക്ഷം വീടുകള്‍,മുറ്റം തോറും ലക്ഷം പൂക്കളമുയരുമ്പോള്‍ എന്ന ഗാനം അക്കാലത്തിന്റെ സന്തോഷഗീതമായിരുന്നു.
ബേഗഡ രാഗത്തിലുള്ള കരുണാകര മാധവ എന്ന സ്വാതികൃതി
പ്രധാനമന്ത്രി നെഹ്റുവിന്റെയും രാഷ്ട്രപതി രാജേന്ദ്ര പ്രസാദിന്റെയും മുന്നിലവതരിപ്പിക്കാന്‍ അവസരം ലഭിച്ച
ബാലനായിരുന്ന ത്യാഗരാജന് സ്വര്‍ണ്ണമെഡല്‍, ബാഡ്ജ്, പ്രശസ്തി പത്രം തുടങ്ങിയവ അവര്‍ സമ്മാനിച്ചു. അന്നത്തെ
മുഖ്യമന്ത്രി ഇ.എം.എസ്സും വിദ്യാഭ്യാസ മന്ത്രി ജോസഫ് മുണ്ടശ്ശേരിയും കുട്ടിയെ വീട്ടില്‍ ചെന്ന് അഭിനന്ദിച്ചു
ഡല്‍ഹിയിലെ ശിശുദിനാഘോഷം എന്ന ശീര്‍ഷകത്തില്‍ ത്യാഗരാജന്‍ എന്ന വിദ്യാര്‍ഥി എഴുതിയ യാത്രാവിവരണം പാഠപുസ്തകത്തില്‍ ഉള്‍പ്പെടുത്തി.
മുപ്പത്താറു വര്‍ഷം സംഗീതാദ്ധ്യാപകനായിരുന്ന ത്യാഗരാജന്‍ മാഷ് ഇപ്പോള്‍ പുനലൂര്‍ നഗരസഭാ
ബാലകലാഭവനും സംഗീത കലാലയത്തിനും നേതൃത്വം നല്‍കുന്നു.
ശ്രദ്ധേയനായ യുവ സംഗീതജ്ഞന്‍ ടി.എസ്.ജയരാജ് ആണ്
സംഗീതകലാലയത്തിന്റെ മൂന്നാം ഘട്ടത്തിന്‍റെ കേന്ദ്രബിന്ദു.
പുനലൂരെ കുന്നിന്‍ മുകളില്‍ ശിരസ്സുയര്‍ത്തി നില്‍ക്കുന്ന മനോഹര സൌധം. അതിനുള്ളില്‍
നിരവധി ക്ലാസ്സുമുറികള്‍.
ആധുനിക സൌകര്യങ്ങളോട് കൂടിയ ശബ്ദലേഖനമുറി,
സംഗീതോപകരണങ്ങളുടെ പ്രദര്‍ശനശാല,
ചുറ്റുമതിലിനുള്ളില്‍ വിവിധ കലാരൂപങ്ങളുടെ ചിത്രാവിഷ്ക്കാരം.
കലാവാസനയുള്ള കൌമാരക്കാരുടെ നിറ സാന്നിധ്യം. സാഹിത്യവും സംഗീതവും ലഹരിയാക്കിയ ആസ്വാദകരുടെ
സന്ദര്‍ശനോത്സാഹം.
ഒരു സംഗീത കലാലയം നൂറ്റാണ്ടിന്റെ പാരമ്പര്യശോഭയാര്‍ജ്ജിച്ചു
പ്രകാശിക്കുകയാണ്. സംഗീതസാന്ദ്രമായ ഒരു ഭാസുരഭാവിയിലേക്ക് സഞ്ചരിക്കുകയാണ്.