Saturday, 6 June 2020

തിരുനല്ലൂരിന്റെ കൊല്ലം

കവികളെ അനുസ്മരിക്കുന്ന നിരവധി പരിപാടികള്‍ കേരളത്തിലുടനീളമുണ്ട്. എന്നാല്‍ അതില്‍ നിന്നൊക്കെ വ്യത്യസ്തമാണ് തിരുനല്ലൂര്‍ കാവ്യോത്സവം. കവികളുടെ ജനനത്തീയതിയോ മരണത്തീയതിയോ ആണ് സാധാരണ അനുസ്മരണത്തിനു തെരഞ്ഞെടുക്കാറുള്ളതെങ്കില്‍ തിരുനല്ലൂര്‍ കരുണാകരന്റെ സ്മരണയ്ക്കു സമര്‍പ്പിച്ച കാവ്യോത്സവം സാര്‍വ്വദേശീയ തൊഴിലാളി ദിനമായ മെയ് ഒന്നിനാണ് സംഘടിപ്പിച്ചിട്ടുള്ളത്.


മെയ് ദിനത്തിന് മെയ്ദിന റാലികളും സമ്മേളനങ്ങളും മാത്രമാണ് നമുക്ക് കണ്ടുപരിചയം. കവി സമ്മേളനങ്ങള്‍ ആ ദിവസം ഉണ്ടാകാറില്ല. എന്നാല്‍ മെയ്ദിന സായാഹ്നത്തില്‍ നിരവധി കവികള്‍ കൊല്ലത്തെത്തി തിരുനല്ലൂര്‍ കരുണാകരന്റെ കവിതകള്‍ വായിക്കുകയാണ്.


പ്രണയത്തേയും കവിതയേയും തൊഴിലാളി വര്‍ഗ്ഗ സൗന്ദര്യശാസ്ത്രത്തിന്റെ വസന്തഭൂമിയിലൂടെ സഞ്ചരിപ്പിച്ച കവിയായിരുന്നു തിരുനല്ലൂര്‍ കരുണാകരന്‍. അധ്വാനത്തിന്റെ മഹത്വത്തെ അദ്ദേഹം എപ്പോഴും ഉയര്‍ത്തിപ്പിടിച്ചു. അധ്വാനിക്കുന്നവരുടെ സ്വപ്‌നങ്ങളും സ്വപ്‌നഭംഗങ്ങളും തിരുനല്ലൂര്‍ കവിതയില്‍ വിളഞ്ഞുകിടക്കുന്നു. തൊഴിലാളികളുടെ സ്വപ്‌നഭംഗം രേഖപ്പെടുത്തുവാന്‍ മുനയൊടിയാത്ത പേന ഉപയോഗിക്കുന്നതില്‍ അദ്ദേഹത്തിന് ഒരു മടിയും ഉണ്ടായിരുന്നില്ല. അതുകൊണ്ടാണ് കയര്‍ തൊഴിലാളികളുടെ ഹൃദയവ്യഥകള്‍ രേഖപ്പെടുത്തിയപ്പോള്‍, തുടരെ അധികാരത്തില്‍ വരുന്നതില്‍ അഭിമാനമുണ്ടെങ്കിലും അനാഥരാകുന്നതില്‍ ഉഗ്രരോഷവുമുണ്ട് എന്ന് അദ്ദേഹം എഴുതിയത്.


സമീപകാലത്ത് കേരളത്തിലുണ്ടായ ചില ദുരഭിമാനക്കൊലകള്‍ സമൂഹത്തെ മുഴുവന്‍ ഞെട്ടിച്ചിരുന്നു. ഇതുസംബന്ധിച്ച് അഖിലേന്ത്യാ യുവജന ഫെഡറേഷന്‍ കേരളത്തിലുടനീളം നടത്തിയ സെമിനാറുകളുടെ ശീര്‍ഷകം പ്രേമം മധുരമാണ് ധീരവുമാണ് എന്നായിരുന്നല്ലോ. തിരുനല്ലൂരിന്റെ ഒരു കാവ്യത്തിന്റെ പേരാണത്. ആശയമാകട്ടെ പൊലീസ് തേര്‍വാഴ്ചയില്‍ ഒരു കാലുതന്നെ നഷ്ടപ്പെട്ടുപോയ തൊഴിലാളിയെ പരസ്യമായി ഒരു സ്ത്രീതൊഴിലാളി മാലയിട്ട് ജീവിതത്തിലേക്ക് സ്വീകരിക്കുന്നതാണ്. ജാതിയോ മതമോ പൊന്നോ പണമോ മറ്റു പ്രതാപങ്ങളോ ഒന്നും അവിടെ വിലങ്ങുതടിയായതേയില്ല.


അഷ്ടമുടിക്കായലിന്റെ തീരദേശമായ കൊല്ലം നഗരം തിരുനല്ലൂരിന്റെ ഇഷ്ടദേശമായിരുന്നു. കൊല്ലത്തിന്റെ ചരിത്രവും ഭൂമിശാസ്ത്രവും സമരമാര്‍ഗങ്ങളും എന്നും അദ്ദേഹത്തില്‍ അഭിമാനത്തിന്റെ പതാകകള്‍ പാറിച്ചു. കൊല്ലം എന്ന തിരുനല്ലൂര്‍ കവിത ആരംഭിക്കുന്നത് കൊല്ലം കണ്ടാലില്ലം വേണ്ട എന്ന മധുരപ്പഴമൊഴിയോടുകൂടിയാണ്. കൊല്ലം നഗരത്തിന് അന്യരാജ്യങ്ങളുമായുണ്ടായിരുന്ന വാണിജ്യ സാംസ്‌കാരിക വിനിമയങ്ങളെക്കുറിച്ചും ആ കവിതയില്‍ അദ്ദേഹം പറയുന്നുണ്ട്. 

റോമിലേയും ഗ്രീസിലേയും ഈജിപ്റ്റിലേയും ലോക സുന്ദരിമാര്‍ ഗ്രീഷ്മകാല രാത്രികളെ സ്വാഗതം ചെയ്യാനായി കാത്തിരിക്കുന്നത് കൊല്ലത്തുനിന്നും ലഭിച്ച സുഗന്ധവസ്തുക്കളുടെ സന്തോഷ സാമീപ്യത്തോടെയാണ് എന്ന് അദ്ദേഹം സൂചിപ്പിക്കുന്നു. 

ചീനക്കപ്പലിനെ ഓര്‍മിപ്പിക്കുന്ന ചിന്നക്കടയും നീണ്ടകരക്കായലില്‍ നങ്കൂരമിട്ട കപ്പലുകളേയും അദ്ദേഹം ഈ കവിതയില്‍ ഓര്‍മിക്കുന്നു. അയ്യങ്കാളിയുടെ നേതൃത്വത്തില്‍ കൊല്ലത്തു നടന്ന 
ഐതിഹാസികമായ മാനം രക്ഷിക്കല്‍ ചടങ്ങും ഈ കവിതയില്‍ അദ്ദേഹം അടയാളപ്പെടുത്തിയിരിക്കുന്നു. സ്വാതന്ത്ര്യദിനത്തില്‍ ഉയര്‍ത്തുന്ന പതാകയുടെ ചുവപ്പുനിറം കൊല്ലത്തിന്റെതാണെന്ന് അദ്ദേഹം വാദിക്കുന്നു.


ജാതിമതരഹിതവും അന്ധവിശ്വാസരഹിതവുമായ ജീവിതമായിരുന്നു തിരുനല്ലൂരിന്റെ ആദര്‍ശം. അത് അനുഷ്ഠിക്കുന്ന കാഥികന്‍ വി ഹര്‍ഷകുമാര്‍ ഓരോ വര്‍ഷവും ഓരോ തിരുനല്ലൂര്‍ കവിത കഥാപ്രസംഗ രൂപത്തില്‍ അവതരിപ്പിക്കാറുണ്ട് എന്നതും കാവ്യോത്സവത്തിന്റെ സവിശേഷതയാണ്.

1 comment:

  1. പ്രണയത്തേയും കവിതയേയും തൊഴിലാളി വര്‍ഗ്ഗ സൗന്ദര്യശാസ്ത്രത്തിന്റെ വസന്തഭൂമിയിലൂടെ സഞ്ചരിപ്പിച്ച കവിയായിരുന്ന തിരുനല്ലൂര്‍ കരുണാകരനെ കുറിച്ചുള്ള അസ്സൽ അവലോകനം 

    ReplyDelete