ബുദ്ധിയില്ലാത്തവരായിരുന്നെങ്കിൽ
മൃഗത്തോലുണക്കിയരിഞ്ഞേതു കാലും
പൊതിഞ്ഞേറ്റമേറാൻ
ഇറങ്ങാൻ, കറങ്ങാൻ
വഴിച്ചില്ല്, കല്ല്, വിഷക്കള്ളിമുള്ള്
നെടുമ്പാത താണ്ടാൻ ചെരുപ്പായതെങ്ങനെ?
തെളിനീർ തളിച്ചു മുടിക്കാടുലർത്തി
ചിതംപോലെ കത്രിച്ചു കാവ്യപ്പെടുത്തി
മുഖക്കേടുമാറ്റി മനോഹരനാക്കി
പുറത്തേക്കൊരുത്തനെ അടർത്തിയതെങ്ങനെ?
ബുദ്ധിയില്ലാത്തവരായിരുന്നെങ്കിൽ
നെരിപ്പോടിൽവെച്ച് കുനിഞ്ഞൂതിക്കാച്ചി
കൊടിൽകൊണ്ട് കുത്തി മൃദുസ്മേരമാക്കി
നിലാവിന്റെ തുള്ളികൾ കോർത്തുപൂവാക്കി
കഴുത്തിൽ മണിത്താലി മുത്തിച്ചതെങ്ങനെ?
ഉളിത്തി ചുഴറ്റി കരിമ്പാറ കൊത്തി
നടേശന്റെ കൈയ്യിൽ കടുന്തുടിയേറ്റി
തുടിച്ചരടാക്കി തുടിപ്പിച്ചതെങ്ങനെ?
പെരുങ്കാളിതൻ മുലക്കണ്ണായുരുട്ടി
കൊടുങ്കല്ലിനെ മഷിയാക്കിയതെങ്ങനെ?
ബുദ്ധിയില്ലാത്തവരായിരുന്നെങ്കിൽ
എട്ടാളുപൊങ്ങിയ തെങ്ങിൻ കുടുന്തയിൽ
തൊട്ടിരുന്നും താളമിട്ടുമുൾക്കൂമ്പിലെ
ശുദ്ധാമൃതത്തിൻ മധുരത്തെയിറ്റിച്ചു
മുട്ടിയിലാക്കി പകർന്നു തോഴർക്കായ്
പച്ചിളക്കുമ്പിളിൽ നേദിച്ചതെങ്ങനെ?
ഉച്ചിവിയർപ്പും മിഴിനീരുമുപ്പാക്കി
അസ്തമിക്കാത്ത തീഗോളത്തെനോക്കി
മണ്ണുരുട്ടി ക്കുടം, പാക്കലം, വട്ടക
ചട്ടി, കുടുക്ക മെനഞ്ഞതുമെങ്ങനെ?
ബുദ്ധിയില്ലാത്തവരായിരുന്നെങ്കിൽ
രക്തക്കറചത്ത കുപ്പായക്കുന്നുകൾ
എറ്റിയലക്കിവെളുപ്പിച്ചുണക്കി
ഇസ്തിരിത്തീവണ്ടിയോടിച്ചു പൊള്ളാതെ
ചുറ്റിമടക്കിപ്പൊലിപ്പിച്ചതെങ്ങനെ?
ഇഷ്ടികശ്ലോകസദസ്സുകൾക്കപ്പുറം
കൊയ്ത്തരിവാളിന്റെ ശ്വാസത്തിൽ ജീവിത-
ക്കറ്റകൊടുംചെണ്ട കൊട്ടുവാൻ ചിന്തുകൾ
കത്തിച്ചെരിഞ്ഞു പൊറുത്തതുമെങ്ങനെ?
വേറൊരൂഴം ഞാറുകുത്തി-
ത്തെളിഞ്ഞപ്പോൾ നിവർന്നപ്പോൾ
പോയകാലം മാക്രിയായി
കൊഞ്ഞനം കുത്തി
എന്റെ കണ്ടച്ചാലു കീറി
പേക്കളമുളച്ചേ
എന്റെ പാവൽപാടമാകെ
ചോരമാരിപെയ്തേ
ചോരമാരി എങ്ങനെന്നോ
ബുദ്ധിജീവിസ്സാറേ
ചോരമാരിയിങ്ങനെ
പിന്നങ്ങനെ പിന്നിങ്ങനെ
ഇഷ്ടികശ്ലോകസദസ്സുകൾക്കപ്പുറം
ReplyDeleteകൊയ്ത്തരിവാളിന്റെ ശ്വാസത്തിൽ ജീവിത-
ക്കറ്റകൊടുംചെണ്ട കൊട്ടുവാൻ ചിന്തുകൾ
കത്തിച്ചെരിഞ്ഞു പൊറുത്തതുമെങ്ങനെ?