ഒരു പാഠത്തെ ഓര്‍മ്മിപ്പിക്കുന്ന പുരസ്ക്കാരം
------------------------------ ------------------------------ ------------
കേരളത്തില്‍ വിവിധമേഖലകളില്‍ മികവ് പുലര്‍ത്തുന്നവര്‍ക്ക് നല്‍കുന്ന പുരസ്ക്കാരങ്ങളെല്ലാം വ്യക്തികളെ ഓര്‍മ്മിപ്പിക്കുന്നതാണ്. അപൂര്‍വമായി പുസ്തകങ്ങളെയും സംഘടനകളെയും ഓര്‍മ്മിപ്പിക്കുന്ന പുരസ്ക്കാരങ്ങളുമുണ്ട്.
ഓടക്കുഴല്‍ സമ്മാനം മഹാകവി ജി ശങ്കരക്കുറുപ്പിന്റെ അവാര്‍ഡിതമായ പുസ്തകത്തെ ഓര്‍മ്മിപ്പിക്കുന്നതാണെങ്കില്‍ അബുദാബി ശക്തി അവാര്ഡ് ഒരു പ്രവാസി സംഘടനയെ ഓര്‍മ്മിപ്പിക്കുന്നതാണ്. ഒരിയ്ക്കലും ആരും കണ്ടിട്ടില്ലാത്ത ഒരു സവര്‍ണ്ണഹിന്ദുദൈവമായ പത്മനാഭസ്വാമിയുടെ പേരിലുള്ള പുരസ്ക്കാരം, പെണങ്ങുണ്ണിക്കു കിട്ടിയപ്പോള്‍ നിരസിച്ചതോടുകൂടി, സാഹിത്യ അക്കാദമിയും ആ മാലിന്യം വേണ്ടെന്ന് വച്ചു. അത്രയും കാലം അത് ആ സവര്‍ണ്ണ ദൈവത്തെ ഓര്‍മ്മിപ്പിച്ചുകൊണ്ടിരുന്നു.
ഇതില്‍ നിന്നൊക്കെ വ്യത്യസ്തമായ ഒരു പുരസ്ക്കാരമാണ് കേരള യുക്തിവാദി സംഘം നല്‍കുന്ന മതമില്ലാത്ത ജീവന്‍ അവാര്ഡ്.അത് ഏഴാം ക്ലാസ്സിലുണ്ടായിരുന്ന ഒരു പാഠത്തെ ഓര്‍മ്മിപ്പിക്കുന്നതാണ്. മതേതരത്വത്തിന് വേണ്ടി രക്തസാക്ഷിയായ ഒരു പാവം പാഠത്തെ ഓര്‍മ്മിപ്പിക്കുന്ന പുരസ്ക്കാരം.
മറക്കാനും പൊറുക്കാനുമുള്ള കഴിവ് കേരളീയര്‍ക്ക് ജന്മസിദ്ധമാണ്. എഞ്ചിനീയറിങ് വിദ്യാര്‍ഥിയായിരുന്ന രാജന്‍റെ കൊലപാതകത്തിലും ഈച്ചരവാര്യരുടെ കണ്ണുനീരിലും മനസ്സ് തകര്‍ന്ന കേരളം അന്നത്തെ മുഖ്യമന്ത്രിയെക്കൊണ്ട് രാജിവയ്പ്പിച്ചു. അദ്ദേഹമായിരുന്നു , അടിയന്തിരാവസ്ഥക്കാലത്തു പോലീസിനെ നിയന്ത്രിച്ചിരുന്നത്. നമ്മളതെല്ലാം മറക്കുകയും അദ്ദേഹത്തെ പിന്നീട് മുഖ്യമന്ത്രിയാക്കുകയും ചെയ്തു.
കിങ്ങിണിക്കുട്ടനെന്ന കഥാപാത്രം തിളങ്ങിനിന്ന ദശാവതാരം എന്ന റേഡിയോ നാടകത്തിന്റെ അച്ചടിച്ച പതിനായിരക്കണക്കിന് കോപ്പികള്‍ ക്യൂനിന്നു വാങ്ങിയ നമ്മള്‍ ആ കഥാപാത്രത്തോടു പൊറുക്കുകയും അതിനു മാതൃകയായ ആളെ മന്ത്രിയും നിയമസഭാംഗവും ലോക്സഭാംഗവുമൊക്കെ ആക്കുക്കയും ചെയ്തു.നാടകം വിറ്റുകിട്ടിയ കാശുകൊണ്ട് നാടകകൃത്തൊരു കാറ് വാങ്ങിയതാണ് ഉണ്ടായ ഏക ലാഭം.
പെണ്‍വിഷയത്തില്‍ ആരോപിതരായി പുറത്തുപോയ നിയമസഭാംഗങ്ങളെയോ അവരുടെ നോമിനികളെയോ അധികാരസ്ഥാനത്ത് എത്തിക്കാനുള്ള ക്ഷമാശീലവും കേരളീയര്‍ക്കുണ്ടായി.
എന്നാല്‍ കൊലചെയ്യപ്പെട്ട പാഠത്തെ നമ്മള്‍ തിരിച്ചുപിടിച്ചില്ല.
ഭര്‍ണഘടനാമൂല്യം ഉയര്‍ത്തിപ്പിടിക്കുന്ന ഒരു പാഠമായിരുന്നു മതമില്ലാത്ത ജീവന്‍. അന്‍വര്‍ റഷീദെന്ന പുരുഷനും ലക്ഷ്മീദേവിയെന്ന സ്ത്രീയും ഇന്ത്യന്‍ ഭരണഘടനയുടെ സുരക്ഷാകവചത്തിനുള്ളില്‍ വിവാഹിതരായി. അവരുടെ ഓമനക്കുഞ്ഞാണ് ജീവന്‍. കുട്ടിയെ സ്ക്കൂളില്‍ ചേര്‍ത്തപ്പോള്‍ ജാതിയോ മതമോ രേഖകളില്‍ വച്ചില്ല. അത് ചോദ്യംചെയ്ത സ്ക്കൂള്‍ അധികൃതരോട് കുട്ടി വളര്‍ന്നുവരുമ്പോള്‍ ഇഷ്ടമുള്ള മതം സ്വീകരിക്കാമല്ലോ എന്ന ഉത്തരമാണ് മാതാപിതാക്കള്‍ നല്കിയത്.
ഈ പാഠത്തിനെതിരെ കേരളത്തിലെ മതങ്ങള്‍ ഫണം വിടര്‍ത്തി. കന്യാസ്ത്രീകളടക്കം തെരുവിലിറങ്ങി.പാഠപുസ്തകം കത്തിക്കപ്പെട്ടു. മലപ്പുറത്തെ വിദ്യാര്‍ഥിസംഘടന ഏഴാം ക്ലാസ്സിലെ പാഠപുസ്തകം കിട്ടാഞ്ഞതിനാല്‍ നാലാം ക്ലാസ്സിലെയും മൂന്നാം ക്ലാസ്സിലെയും പാഠപുസ്തകങ്ങള്‍ ചേര്‍ത്തുവച്ചു കത്തിച്ച് പ്രതിഷേധിച്ചു എന്നത് അക്കാലത്തെ ഗംഭീരഫലിതമായിരുന്നു.
ആദ്യകമ്മ്യൂണിസ്റ്റ് സര്‍ക്കാരിന്റെ കാര്യത്തില്‍ വര്‍ഗീയശക്തികള്‍ സംഭവിപ്പിച്ച ജനാധിപത്യഹത്യയെ ഓര്‍ത്താകാം ഒരു പണ്ഡിതസമിതിയുടെ കുടപിടിച്ചുകൊണ്ട് അന്നത്തെ സര്ക്കാര്‍ പാഠം ഒഴിവാക്കുകയുണ്ടായി. ക്രിസ്തുവിന്റെ ആറാം തിരുമുറിവ് നിരോധിച്ചതിന്റെ പിന്നില്‍ പ്രവര്‍ത്തിച്ച അതേ മതപ്രേതഭയം തന്നെയാണ് മതമില്ലാത്ത ജീവന്റെ കാര്യത്തിലും ഉണ്ടായത്.
കാര്യങ്ങള്‍ ഇങ്ങനെ പര്യവസാനിച്ചെങ്കിലും ഈ പ്രശ്നം വലിയൊരു ഗുണം ചെയ്തു. മക്കള്‍ പഠിക്കുന്ന പുസ്തകത്തിലെ പാഠം രക്ഷകര്‍ത്താക്കള്‍ വായിച്ചു. കേരളം വായിച്ചു. പാഠം തുടരണമെന്ന് അഭിപ്രായമുണ്ടായിരുന്നവര്‍ നിലനിര്‍ത്താന്‍ വേണ്ടിയുള്ള സമാധാനസമരവും സെക്രട്ടേറിയറ്റിനു മുന്നില്‍ സംഘടിപ്പിച്ചു.
കേരളത്തില്‍ ചിലരൊക്കെ ഈ പാഠം ഇന്നും ഓര്‍മ്മിക്കുന്നു. അങ്ങനെയാണ് പാഠം ഒഴിവാക്കിയതിന്റെ പിറ്റേ വര്ഷം മുതല്‍ മതമില്ലാത്ത ജീവന്‍ പുരസ്ക്കാരം ഉണ്ടായത്. സ്ക്കൂള്‍ രേഖകളില്‍ ജാതിയോ മതമോ രേഖപ്പെടുത്താത്ത വിദ്യാര്‍ഥികളില്‍ എസ്.എസ്.എല്‍.സിക്കും പ്ലസ് ടൂവിനും വിജയം നേടിയവര്‍ക്കാണ് ഈ പുരസ്ക്കാരം നല്‍കുന്നത്. ഈ വര്‍ഷം അന്‍പത്തിമൂന്നു കുട്ടികള്‍ക്കാന് ഈ പുരസ്ക്കാരം ലഭിച്ചത്.
കേരളത്തിലെ പുരോഗമനവാദികളുടെ ഹൃദയത്തില്‍ വജ്രശോഭയോടെ നില്‍ക്കുന്ന നാലുവരിക്കവിതയുണ്ട്. ഞങ്ങളിലില്ല ഹൈന്ദവരക്തം/ ഞങ്ങളിലില്ലാ ക്രൈസ്തവരക്തം/ ഞങ്ങളിലില്ലാ ഇസ്ലാം രക്തം/ ഞങ്ങളിലുള്ളത് മാനവരക്തം. ഈ കവിതയെഴുതിയ എം.പി പവിത്രന്റെ ഓര്‍മ്മക്കായുള്ള പവിത്രം അവാര്‍ഡും മതവും ജാതിയും ഇല്ലാത്ത വിദ്യാര്‍ഥികള്‍ക്ക് നല്‍കുന്നതാണ്.
ജസ്റ്റിസ് വി.ജി.അരുണ്‍ ഇക്കുറി അവാര്ഡ് വിജയികള്‍ക്ക് സമര്‍പ്പിച്ചു. ഇസ്ലാം മത തീവ്രവാദികളാല്‍ കൈ ഛേദിക്കപ്പെട്ട,സാഹിത്യ അക്കാദമി അവാര്ഡ് ജേതാവ് ടി.ജെ.ജോസഫുമായി കുട്ടികള്‍ സംവാദം നടത്തുകയും ചെയ്തു.
അവാര്‍ഡുകളുടെ ആധിക്യമുള്ള കേരളത്തില്‍ മതമില്ലാത്ത ജീവന്‍ അവാര്ഡ് വേറിട്ട് നില്‍ക്കുന്നു.
No comments:
Post a Comment