കടലിന്‍റെ കത്ത്
--------------------------
പ്രിയരേ
ഇത് എന്നെയും സൂര്യനെയും കാണാനെത്തുന്ന
എല്ലാ കാമുകീകാമുകന്‍മാര്‍ക്കുമുള്ള കത്ത്.
ഒരു രാവില്‍
എല്ലാവരും പിരിഞ്ഞപ്പോള്‍
തീരവും ഞാനും നിലാവിന്‍റെ നിശാവസ്ത്രം ധരിച്ചപ്പോള്‍
രണ്ടു കാമുകിമാര്‍ ഇവിടെ വന്നു..
കള്ളിമുണ്ടും ബ്ലൌസുമിട്ടവള്‍
സാരിയുടുത്തവളെ നോക്കി
കാര്‍ക്കിച്ചു തുപ്പി.
തുപ്പേറ്റു ചൂളിയവള്‍ പറഞ്ഞു
സോറി. ഞാന്‍ ചന്ദ്രിക തന്നെ.
എങ്കിലും നിന്നെപ്പോലെ
രണ്ടു പുരുഷന്മാരെ കൊന്ന്
സ്വയം മരിച്ചില്ല.
കറുത്തമ്മ വീണ്ടും കാര്‍ക്കിച്ചു തുപ്പി
മീന്‍പാള കൊണ്ടു മുഖത്തടിച്ചു.
ചൂണ്ട വിഴുങ്ങിയ സ്രാവിനെപ്പോലെ
ശ്വാസം ആഞ്ഞുവലിച്ചു.
അനാഥരായ ആടുകള്‍ ആര്‍ത്തു കരഞ്ഞപ്പോള്‍
കാട്ടുമരത്തില്‍ കയറില്‍ തൂങ്ങിക്കിടന്ന
ആ പുല്ലാങ്കുഴല്‍.
ആ ഒറ്റ കൊലകൊണ്ടുതന്നെ
നീ എല്ലാ പ്രണയങ്ങളെയും കൊന്നു.
അല്ല.ഞാനെന്റെ ഭര്‍ത്താവിനെ
പ്രണയിച്ചു.
ഫ!
കറുത്തമ്മ ആട്ടിയപ്പോള്‍
ഒരു നക്ഷത്രം തിരയിലേക്ക് വീണു
അപ്പോള്‍
ഒരു മീന്‍പിടുത്തക്കാരന്റെയും
ആട്ടിടയന്റെയും അവസാന അലര്‍ച്ച
ഒന്നിച്ചു കേട്ടു..
ഞാന്‍
രണ്ടുപേരെയും കൂട്ടിപ്പിടിച്ചു
എന്‍റെ പെണ്‍മക്കളേ
നിങ്ങള്‍ രണ്ടുപേരും സ്നേഹം കൊതിച്ചവര്‍
പാവങ്ങള്‍
ഇനിയാര്‍ക്കും ഈ അനുഭവം
ഉണ്ടാകാതിരിക്കട്ടെ.
സ്വന്തം
കടലമ്മ
No comments:
Post a Comment