കാക്കിക്കുള്ളിലെ കരുണാര്‍ദ്ര ഹൃദയം
-----------------------------
കൊല്ലം ജില്ലയില്‍ വെളിനല്ലൂര്‍ പഞ്ചായത്തിലെ പെരപ്പയം എന്ന സ്ഥലം.സമീപത്തുകൂടി കായല്‍വീട്ടിലേക്ക് ഓടിപ്പോകുന്ന ഇത്തിയാറ്. ജനപ്രതിനിധികളുടെയും അയല്‍വാസികളുടെയും
മറ്റും സാന്നിധ്യത്തില്‍, അഭിവന്ദ്യയായ മൃഗസംരക്ഷണ വകുപ്പ് മന്ത്രി ജെ..ചിഞ്ചുറാണി ഒരു ചെറിയ വീടിന്റെ താക്കോല്‍ ഏല്‍പ്പിക്കുകയാണ്. വിറയ്ക്കുന്ന കൈകളോടെ താക്കോല്‍ ഏറ്റുവാങ്ങുമ്പോള്‍ വീട്ടുടമസ്ഥനായി മാറിയ പാവം മനുഷ്യന്റെ കണ്ണിലും കൊല്ലം ക്രൈം ബ്രാഞ്ചിലെ എ എസ് ഐയായ ഡി.ശ്രീകുമാറിന്‍റെ കണ്ണിലും അസാധാരണമായ ഒരു തെളിച്ചം.
സ്വന്തം ശമ്പളത്തില്‍ നിന്നു ഒരു ഭാഗം ഇതിനായി നീക്കിവച്ച മനുഷ്യസ്നേഹിയാണ് കേരള പോലീസ് സേനയിലെ അംഗമായ ഡി.ശ്രീകുമാര്‍.
ഭരണകൂടത്തിന്റെ മര്‍ദ്ദനോപകരണം എന്ന പ്രാകൃതാവസ്ഥയില്‍ നിന്നും നമ്മുടെ പോലീസ് സേന വളരെയധികം മാറിയിട്ടുണ്ട്. ചില അപവാദങ്ങള്‍ ഉണ്ടെങ്കില്‍ക്കൂടിയും ഈ മാറ്റം പോലീസ് സേനയുടെ അന്തസ്സും പ്രതിച്ഛായയും വര്‍ദ്ധിപ്പിച്ചിട്ടുണ്ട്. പോലീസുകാരില്‍ വായനാശീലം വര്‍ധിച്ചിരിക്കുന്നു. പല പോലീസ് ഓഫീസുകളിലും നല്ല നിലയില്‍ പ്രവര്‍ത്തിക്കുന്ന ലൈബ്രറികളുണ്ട്. അതിന്റെ പ്രതിഫലനം പോലീസില്‍ വ്യക്തമായി കാണാം.ബി.സന്ധ്യ മുതല്‍ സാദിര്‍ തലപ്പുഴ വരെയുള്ള കവികളും നിരവധി കഥാകാരന്മാരും നാടകക്കാരും മറ്റ് കലാഭിരുചിയുള്ളവരും പോലീസ് സേനയിലുണ്ട്. ഒറ്റപ്പെട്ട സംഭവങ്ങള്‍ മാറ്റി നിറുത്തിയാല്‍ പോലീസിന്റെ പെരുമാറ്റത്തില്‍ ജനസൌഹൃദത്തിന്റെ സുഗന്ധം കലര്‍ന്നിട്ടുണ്ട്. ഈ മാറ്റത്തിന്റെ സുന്ദരമായ ഉദാഹരണമാണ് സ്പെഷ്യല്‍ ബ്രാഞ്ചില്‍ പ്രവര്‍ത്തിക്കുന്ന ഡി.ശ്രീകുമാര്‍.
നിയമവിദ്യാര്‍ഥി ആയിരുന്ന ജിഷയുടെ ദാരുണമായ കൊലപാതകത്തിന് ശേഷം കേരളത്തിലെ അടച്ചുറപ്പില്ലാത്ത വീടുകളുടെ ഞെട്ടിക്കുന്ന വിവരങ്ങള്‍ പോലീസ് മേധാവികള്‍ തന്നെയാണ് പുറത്തുവിട്ടത്. കേരള സര്ക്കാര്‍ ലൈഫ് പദ്ധതിയിലൂടെയും സന്നദ്ധസംഘടനകള്‍ സമൂഹത്തോടുള്ള ഉത്തരവാദിത്ത നിര്‍വഹണത്തിലൂടെയും രാഷ്ട്രീയപാര്‍ട്ടികള്‍ നേതാക്കളുടെ പേരിലുമൊക്കെ നിരവധി വീടുകള്‍ നിര്‍മ്മിച്ചു നല്കി. വിദ്യാര്‍ഥികളും അദ്ധ്യാപകരും അധ്വാനശേഷിയും ധനശേഷിയും വിനിയോഗിച്ച് വഴിയാധാരമായവര്‍ക്ക് കൂരയുണ്ടാക്കിക്കൊടുത്തു. ഇത്രയുമൊക്കെയായിട്ടും ഇനിയും വീടില്ലാത്തവര്‍ കേരളത്തില്‍ അവശേഷിക്കുകയാണ്.
വ്യക്തിയെന്ന നിലയില്‍ പാവങ്ങള്‍ക്ക് ഏറ്റവും കൂടുതല്‍ വീടുകള്‍ നിര്‍മ്മിച്ചു നല്കിയത് കാസര്‍കോട്ടെ ഗോപാലകൃഷ്ണ ഭട്ട് എന്ന സായിറാം ഭട്ട് ആണ്. സീതാംഗോളിയിലെ അബ്ബാസ് അദ്ദേ ഹത്തെ സമീപിച്ചത് പെരുമഴയില്‍ തകര്‍ന്നു പോയ തന്റെ കൂര ഉയര്‍ത്തിനിറുത്താന്‍ ഒരു മുള ചോദിച്ചുകൊണ്ടാണ്. അബ്ബാസിന്റെ ദയനീയസ്ഥിതി സായിറാംഭട്ടിന്റെ മനസ്സലിയിച്ചു. അബ്ബാസിനും കുടുംബത്തിനും രാപ്പാര്‍ക്കാന്‍ ഒരു വീടുതന്നെ ഭട്ട് പണിയിച്ചു കൊടുത്തു. പിന്നീട് പാവങ്ങള്‍ക്ക് ഒരു രൂപപോലും പ്രതിഫലം വാങ്ങാതെ വീടുണ്ടാക്കിക്കൊടുക്കുന്നത് ഒരു ജീവിത ദൌത്യമായി ഭട്ട് സ്വീകരിച്ചു. നാട്ടുവൈദ്യവും അല്‍പ്പസ്വല്‍പ്പം കൃഷിയുമായി ജീവിച്ച അദ്ദേഹം അധ്വാനത്തിലൂടെ സമാഹരിച്ച പണം ഉപയോഗിച്ച് പാവങ്ങള്‍ക്ക് വീടുണ്ടാക്കി. ബദിയടുക്കയില്‍ വച്ച് എണ്‍പത്തഞ്ചാമത്തെ വയസ്സില്‍ മരിക്കുന്നതിനുള്ളില്‍ മുന്നൂറോളം പേര്‍ക്കാണ് അദ്ദേഹം വീടുണ്ടാക്കിക്കൊടുത്തത്. മറ്റ് ജീവകാരുണ്യ പ്രവര്‍ത്തനങ്ങളും അദ്ദേഹം നടത്തിയിരുന്നു.
പോലീസുദ്യോഗസ്ഥനായ ഡി.ശ്രീകുമാറിന്റെയും സുഹൃത്തുക്കളുടെയും ഉത്സാഹത്തില്‍ നീണ്ടകരയില്‍ മദര്‍ഹുഡ് എന്ന പേരിലൊരു ജീവകാരുണ്യ സങ്കേതവും പ്രവര്‍ത്തിക്കുന്നുണ്ട്.അവിടെ അന്തേവാസിയായി എത്തിയ അനന്തു എന്ന പാവം കുട്ടിക്ക് വേണ്ടിയാണ് പെരപ്പയത്ത് വീടൊരുങ്ങിയത്. മാനസികരോഗം വന്ന് വീടുവിട്ടലഞ്ഞ അമ്മയുടെ മകനാണ് അനന്തു. അവസാനകാലത്ത് വിളക്കുടിയിലെ അനാഥാലയത്തിലായിരുന്നു മനോനില തെറ്റിയ അനന്തുവിന്റെ അമ്മ. അനാഥത്വത്തിന്‍റെ കൊടും ചൂടില്‍നിന്ന അനന്തുവിന് രോഗിയായ അച്ഛനെയും ശ്രദ്ധിക്കണമായിരുന്നു.ഈ ചുറ്റുപാടിലാണ് അനന്തുവിനെ ശ്രീകുമാര്‍ കണ്ടെത്തുന്നത്.
താക്കോല്‍ നല്‍കിയശേഷം മന്ത്രിയടക്കമുള്ളവര്‍ അനന്തുവിനൊപ്പം ആഹാരം കഴിച്ചു. പെരപ്പയത്തെ കൊടും ചൂടിനെ സ്നേഹത്തിന്റെ നിലാവ് തഴുകിയ നട്ടുച്ചയായിരുന്നു അത്. പാമ്പുകള്‍ക്ക് മാളമുണ്ട് പറവകള്‍ക്കാകാശമുണ്ട് മനുഷ്യപുത്രനു തലചായ്ക്കാന്‍ മണ്ണിലിടമുണ്ട് എന്നു പറഞ്ഞു പോയ ഒരു നട്ടുച്ച.
No comments:
Post a Comment