Wednesday 16 August 2023

ഗഗനനീലിമയായ് ഗദ്ദര്‍

 ഗഗനനീലിമയായ് ഗദ്ദര്‍

--------------------------------------
ഒടുവില്‍ ഇന്ത്യ കണ്ട ഊര്‍ജ്ജപ്രവാഹിനിയായ വിപ്ലവകവി ഗുമ്മടി
വിറ്റല്‍ റാവു എന്ന ഗദ്ദര്‍ സമാധിസ്ഥനായി. ആള്‍വാളിലെ മഹാബോധി വിദ്യാലയത്തിന്‍റെ തിരുമുറ്റത്ത് നാലു സിമന്‍റ് സ്ലാബുകള്‍ക്കുളില്‍, ആ കണ്ഠം നിശ്ശബ്ദമായി.

ഇന്ത്യ കണ്ട ഏറ്റവും ജനത്തിരക്കുള്ള ശവസംസ്ക്കാര ചടങ്ങ് ശാന്തിനികേതനില്‍ ആയിരുന്നു. വിശ്വമഹാകവി രവീന്ദ്രനാഥ ടാഗോറിന്‍റെ അന്ത്യനിദ്ര. തന്‍റെ മൃതദേഹ സംസ്ക്കരണം എങ്ങനെ വേണമെന്ന് ടാഗോര്‍ വേണ്ടപ്പെട്ടവരോടു പറഞ്ഞിരുന്നു. നിശബ്ദമായിരിക്കണം. വിശ്വകവി രവീന്ദ്രനാഥ ടാഗോര്‍ എന്നൊന്നും ഉറക്കെ വിളിക്കരുത്. വന്ദേമാതരം പോലും വിളിക്കരുത്. പൂര്‍ണ്ണ നിശ്ശബ്ദതയില്‍ ഒടുങ്ങാന്‍ അനുവദിക്കണം. പക്ഷേ അനുയായികള്‍ കവിയുടെ അന്ത്യാഭിലാഷം അനുസരിച്ചില്ല. മരണമുറിയിലേക്ക് അപരിചിതര്‍ ഇരച്ചുകയറി. പിന്നെ നടന്നതെല്ലാം വികാരത്തിന്റെ കൊടിതോരണങ്ങള്‍ ഉയര്‍ത്തിയ രംഗങ്ങള്‍ ആയിരുന്നു. നിരത്തിനിരുവശവുമുള്ള മാളികകളില്‍ നിന്നുപോലും സ്ത്രീകളും  കുഞ്ഞുങ്ങളും ടാഗോറിന്‍റെ ശവമഞ്ചത്തിലേക്ക് പൂക്കളെറിഞ്ഞു.

ഗദ്ദര്‍ ഒരു പഞ്ചായത്ത് മെംബര്‍ പോലും ആയിരുന്നില്ല. പക്ഷേ ലാല്‍ബഹാദൂര്‍ സ്റ്റേഡിയത്തില്‍ അന്ത്യശുശ്രൂഷയ്ക്ക് മുഖ്യമന്ത്രി ചന്ദ്രശേഖരറാവു തന്നെ നേതൃത്വം നല്കി. പൂക്കളുമായി വന്നവരെ തോളില്‍ തട്ടി ആ മുഖ്യമന്ത്രി ആശ്വസിപ്പിച്ചു. വന്‍ പോലീസ് സംഘത്തിന്‍റെ അന്ത്യാഭിവാദ്യത്തോടെയാണ് ഗദ്ദറിനെ തെലങ്കാന യാത്രയാക്കിയത്.

തെലങ്കാനയിലെ എല്ലാ ചാനലുകളും ഒരു ദിവസം മുഴുവന്‍ ആ വിലാപയാത്ര മറ്റുള്ള ജനങ്ങളില്‍ എത്തിക്കാനായി മാറ്റിവച്ചു. ഒരു മുന്‍ മുഖ്യമന്ത്രിയുടെ വിലാപയാത്രക്കായി മൂന്നു ദിവസം മാറ്റി വച്ച കേരളത്തിലെ ചാനലുകള്‍ തെലങ്കാനയിലെ  ഐതിഹാസികമായ വിലാപയാത്ര കണ്ടതായി ഭാവിച്ചില്ല.

റോഡരികില്‍ ജനങ്ങള്‍ ഗദ്ദറിനെ പോലെ വേഷം കെട്ടിനിന്നു. അമ്മ തെലങ്കാനമു തുടങ്ങിയ അദ്ദേഹത്തിന്റെ പാട്ടുകള്‍  പാടി  അങ്ങനെ ഒറ്റ ദിവസം അസംഖ്യം ഗദ്ദര്‍മാര്‍   തെലങ്കാനയിലെ തെരുവുകളിലുണ്ടായി.

ചെങ്കൊടി പിടിച്ചല്ലാതെ അദ്ദേഹത്തെ ഇന്ത്യകണ്ടിട്ടില്ല.പ്രോഗ്രസീവ് റൈറ്റേഴ്സ് അസോസിയേഷന്‍റെ ഹൈദരാബാദ് സമ്മേളനത്തില്‍ വച്ചാണ് ഞാനദേഹത്തെ ആദ്യം നേരിട്ടു കാണുന്നത്. അന്നും ചുവപ്പായിരുന്നു അദ്ദേഹത്തിന്റെ ചുമലില്‍ ഉണ്ടായിരുന്നത്. കേരളത്തില്‍ വരുമ്പോഴും ജാലിയന്‍വാലാ ബാഗില്‍ പോകുമ്പോഴും ചുവപ്പായിരുന്നു ഗദ്ദറിന്‍റെ ഇഷ്ടവര്‍ണ്ണം. പിന്നീട് ആവര്‍ണ്ണം നീലയ്ക്ക് വഴിമാറുന്ന കാഴ്ചയാണ് നമ്മള്‍ കാണുന്നത്.

ദളിത് ബാല്യകാല പശ്ചാത്തലമുള്ള ഒരാള്‍, നന്നായി പഠിച്ച് എഞ്ചിനീയറിങ് വിദ്യാര്‍ഥിയാവുന്നു. തെലങ്കാനയിലെ തലമുതിര്‍ന്ന കമ്മ്യൂണിസ്റ്റുകള്‍ പരീക്ഷിച്ചു വേണ്ടെന്ന് വച്ച സായുദ്ധവിപ്ലവത്തില്‍ ആകൃഷ്ടനാവുന്നു. പീപ്പിള്‍സ് വാര്‍ ഗ്രൂപ്പ്. 

സ്വതസിദ്ധമായ വാസനയാല്‍ പാട്ടുകളുണ്ടാക്കി പരമ്പരാഗത രീതിയില്‍ വേഷവും താളവുമിട്ട് തൊണ്ട പൊട്ടിപ്പാടി. സമൂഹം മാറണം എന്ന ആഗ്രഹമായിരുന്നു ആകെയുണ്ടായിരുന്നത്. അധസ്ഥിതന്റെ  പക്ഷമെന്നാല്‍ ഇന്ത്യയിലെവിടെയും ദളിതന്‍റെ പക്ഷം എന്നാണല്ലോ അര്‍ത്ഥം. ഗദ്ദര്‍ പാടി.
" എന്തിനാണീ പറയന്‍റെ ജീവിതം 
ഇരന്നാലുമില്ലൊരുപിടി  ചോറ്
പിന്നെന്തിനാണീ പറയന്‍റെ ജീവിതം?

പുലയനണ്ണാ പറയനണ്ണാ
തോട്ടിയണ്ണാ കുറവനണ്ണാ
ചക്കാലനണ്ണാ ലംബാടിയണ്ണാ
ചെഞ്ചുവണ്ണാ തൂപ്പുകാരന്നണ്ണാ
കുലം കുലം പറഞ്ഞലഞ്ഞു
നോവുതിന്നും കൂലികളേ
തൊള്ള തുറന്നു ഞാന്‍ പാടുന്നു 
കേള്‍ക്കൂ മനംതുറന്നണ്ണന്‍മാരെ .....

അവര്‍ കേട്ടു. പറ്റം പറ്റമായി  ഗദ്ദറിനൊപ്പം അണിനിരന്നു. ഒന്നിച്ചു പാടി. കൂട്ടമായി ആടി. പക്ഷേ അപ്പോഴേക്കും പീപ്പിള്‍സ് വാര്‍ഗ്രൂപ്പിന്‍റെ നേതാവ് കൊണ്ടപ്പള്ളി സീതാരാമയ്യ ആയുധം താഴെവച്ചു കാട്ടിനു പുറത്തുവന്നു. പിന്നെ ആശയസംഘട്ടനങ്ങളുടെ നാളുകളായിരുന്നു. കയ്യില്‍ കിട്ടിയ തോക്കുകളുമായി ഓരോ ഗ്രൂപ്പും പലവഴിക്ക് പിരിഞ്ഞു.

ഗദ്ദറിനും മനംമാറ്റം സംഭവിച്ചു. ആ വിപ്ലവകാരിയുടെ ചിന്തകളില്‍ വര്‍ഗ്ഗസമരത്തെ സംബന്ധിച്ച സംശയങ്ങള്‍ മുളച്ചു. പതുക്കെ പതുക്കെ അംബേദ്ക്കര്‍ വിതാനിച്ച ആകാശനീലിമയിലേക്ക് ആ രാഷ്ട്രീയപ്പാട്ടുകാരന്‍ നീങ്ങാന്‍ തുടങ്ങി. ബുദ്ധചക്രം അടയാളപ്പെടുത്തിയ നീലപ്പതാക ഗദ്ദറിനു തണലായില്ല. ഗദ്ദര്‍ പ്രജാപാര്‍ട്ടി എന്നൊരു വിപ്ലവജന സംഘടനയെക്കുറിച്ച്  ഗദ്ദര്‍ ആലോചിച്ചു.

അതിനിടെയാണ് കഠിനമായ ഹൃദ്രോഗം ഗദ്ദറിനെ ആക്രമിച്ചത്. ശസ്ത്രക്രിയയെ തുടര്ന്ന് ആ തീപ്പന്തം അണഞ്ഞു. ഓരോ തീപ്പൊരിയും അധസ്ഥിതരിലേക്ക് ആളിപ്പടര്‍ന്നു. 

ഹിന്ദുവായി ജനിച്ച ഞാന്‍ ഹിന്ദുവായി മരിക്കില്ലെന്ന് പ്രഖ്യാപിച്ചത് ഡോ.അംബേദ്ക്കര്‍ ആയിരുന്നു. മുംബൈയില്‍ ബുദ്ധമത ആചാരപ്രകാരമായിരുന്നു അംബേദ്ക്കറിന്റെ ശവസംസ്ക്കാരം നടന്നത്. അംബേദ്ക്കര്‍ സമാധിയെന്നാണ് ആ സ്ഥലം അറിയപ്പെടുന്നത്. അതുപോലെയായിരുന്നു ഗദ്ദറിന്‍റെയും അവസാനനിമിഷങ്ങള്‍. താടിയും മുടിയും നീക്കി. പൂകൊണ്ടു മൂടി. സമാധിസ്ഥലത്ത് ബുദ്ധന്റെയും അംബേദ്ക്കറിന്റെയും ചിത്രങ്ങള്‍. ബന്ധുക്കളും സ്നേഹിതരുമെല്ലാം അടുത്തുനിന്നു. ഉപ്പും കര്‍പ്പൂരവും നിറച്ച സിമന്‍റ് അറയിലേക്ക് ആ മൃതശരീരം അടക്കപ്പെട്ടു. ബുദ്ധം സംഘം ധര്മ്മം ശരണം ഗഛാമി എന്ന മന്ത്രം ഉയര്‍ന്നു.

അംബേദ്ക്കാര്‍ സമാധിയിലേക്ക് ഇപ്പൊഴും ജനങ്ങള്‍ എത്താറുള്ളതുപോലെ ഇനി ഗദ്ദര്‍ സമാധിയിലേക്കും ജനങ്ങള്‍ ഒഴുകിയെത്തും. അവിടെയിരുന്നവര്‍ ആഗതു ആഗതൂ ആഗതു ഇന്ത സായുധപ്പോരു ആഗതു എന്നു തൊണ്ട പൊട്ടിപ്പാടുമോ?

No comments:

Post a Comment