മൂന്ന് നഗ്നകവിതകള്‍
-----------------------------------
കവികള്‍ക്ക് സാമൂഹ്യവിമര്‍ശനം നടത്താനുള്ള ഏറ്റവും ശക്തമായ പ്രതലമാണ് നഗ്നകവിതകള്‍. തമ്പുരാന്‍ ഇടവരമ്പില്‍ നിന്നൊന്ന് മാറിനിന്നാലേ മുണ്ടൊന്നു കുടഞ്ഞുടുക്കാന്‍ കഴിയൂ എന്നു ഞണ്ടിനോടെന്ന പോലെ തമ്പുരാനോടു പാടിപ്പറഞ്ഞ കര്‍ഷകത്തൊഴിലാളി പെങ്ങളോളം ഈ വിമര്‍ശന കാവ്യ പദ്ധതിക്കു ചരിത്രമുണ്ട്. ഓലയും എഴുത്താണിയുമൊക്കെ ഉപയോഗിക്കാന്‍ കഴിയുമായിരുന്ന കുഞ്ചന്‍ നമ്പ്യാരില്‍ ഈ നഗ്നമാര്‍ഗ്ഗം അതിവിശാലമായിത്തന്നെ കാണാന്‍ കഴിയും.
ഇന്ത്യന്‍ ഭാഷകളില്‍ തെലുങ്കിലാണ് ഈ കാവ്യസരണി വിസ്തൃതി പ്രാപിക്കുന്നത്. ശ്രീ ശ്രീയില്‍ മുതല്‍ കൊണ്ടേപ്പുടി നിര്‍മ്മലയില്‍ വരെ ഈ തുറന്ന സമീപനം കാണാം. എന്നാല്‍ തെലുങ്കിലെ രാഷ്ട്രീയ ദിഗംബരകവിതകളില്‍ നിന്നും മലയാളത്തിലെ തുറന്നകവിതകളെ ഭിന്നമാക്കുന്നത് അതിന്‍റെ വിഷയവൈപുല്യവും ഹ്രസ്വതയുമാണ്. ബയണറ്റ് പോലെയോ വെടിയുണ്ടപോലെയോ ആ ഹ്രസ്വരചനകള്‍ വര്‍ദ്ധിച്ച പ്രഹരശേഷി നേടുന്നുണ്ട്. പുനലൂര്‍ ബാലനിലും അയ്യപ്പപ്പണിക്കരിലും കുഞ്ഞുണ്ണിയിലുമൊക്കെ ഈ രചനാവിശേഷം നമുക്ക് ബോധ്യപ്പെടാം.
അടുത്തകാലത്ത് സാമൂഹ്യമാധ്യമങ്ങളില്‍ വളരെയധികം ശ്രദ്ധ നേടിയ ഒന്നിലധികം നഗ്നകവിതകളുണ്ട്.ഇരുപത്തിനാല് മണിക്കൂര്‍ കൊണ്ട് അറുനൂറ്റിനാല്‍പ്പത്താറു ലൈക്കുകള്‍ നേടുകയും മുപ്പത്താറു പേരാല്‍ ഷെയര്‍ ചെയ്യപ്പെടുകയും ഉണ്ടായ പെലയക്കുരിശ് എന്ന കവിതയാണ് ഇക്കൂട്ടത്തില്‍ ഏറെ ശ്രദ്ധിക്കപ്പെട്ടത്. അനില്‍ മുട്ടാര്‍ എന്ന പുതുകവിയാണ് ഈ കവിതയെഴുതിയത്.
അപ്പന്‍ ചത്തപ്പോള്‍ മകള്‍ ജെസി പള്ളിമേടയിലേക്ക് ഓടിച്ചെല്ലുന്നു. ഏ.കെ.ജി കോളനിയിലെ നാലാമത്തെ വീട്ടിലാണ് അവര്‍ താമസിച്ചിരുന്നത്.ജെസിയോട് വിവരങള്‍ അന്വേഷിച്ചു മനസ്സിലാക്കിയ അച്ചന്‍ ഇങ്ങനെ അരുളിച്ചെയ്തു. വറീത് പെലേന്‍ മാര്‍ക്കം കൂടിയതല്ലേ, ഈ സെമിത്തേരിയിലല്ല അടക്കേണ്ടത്. വറീതിന്‍റെ ശവം ഇടപ്പള്ളി വ്യാഴാഴ്ച ചന്തയിലേക്കെടുത്ത് കത്തിച്ചു.അതിനു മുന്‍പ് ജെസി അപ്പന്റെ കഴുത്തില്‍ നിന്നും പെലക്കുരിശെടുത്തുമാറ്റി. വിശന്ന വയറുകള്‍ക്ക് പാതിരിമാര്‍ കൊടുത്ത ഉപ്പുമാവിന്‍റെ പൊടിക്ക് മതത്തിന്‍റെ മണമുണ്ടായിരുന്നുവെന്ന് അറിഞ്ഞില്ല എന്നു പറഞ്ഞാണ് കവിത അവസാനിക്കുന്നത്.
ഹിന്ദുമത ദ്രോഹങ്ങളില്‍ നിന്നു രക്ഷപ്പെടാന്‍ വേണ്ടി ക്രിസ്തുമതം സ്വീകരിച്ച ദളിതര്‍ അനുഭവിച്ച അപമാനവും ദു:ഖവും ഇതിന് മുന്‍പും മലയാളകവിതയില്‍ അടയാളപ്പെടുത്തിയിട്ടുണ്ട്. പൊയ്കയില്‍ അപ്പച്ചന്‍റെ ഗീതങ്ങളിലും വയലാര്‍ രാമവര്‍മ്മയുടെ ഇത്താപ്പിരി എന്ന കവിതയിലും നമുക്ക് ഈ വിഷയം കാണാവുന്നതാണ്. ഇപ്പൊഴും അതുനിലനില്‍ക്കുന്നു എന്നതാണു പെലക്കുരിശ് നമ്മെ ബോധ്യപ്പെടുത്തുന്നത്. മാത്രമല്ല സംഗീതവും വ്യവസ്ഥാപിതമായ താളവും ഉപേക്ഷിച്ചാല്‍ ലഭിക്കുന്ന മൂര്‍ച്ചയും ഈ രചന വിളംബരം ചെയ്യുന്നുണ്ട്.
ഒറ്റ ദിവസം കൊണ്ട് അഞ്ഞൂറ്ററുപത്തിമൂന്ന് ലൈക്കുകള്‍ ഫേസ്ബുക്കില്‍ നേടിയ കവിതയാണ് സി.എസ്.രാജേഷിന്‍റെ കവിയൂര്‍ പൊന്നമ്മ. പേരങ്ങനെയാണെങ്കിലും ഈ കവിത, മലയാളസിനിമയിലെ ആ അഭിനേത്രിയെ കുറിച്ചുള്ളതല്ല. ആ നടി സിനിമയില്‍ ഉപയോഗിക്കാറുള്ള കുലീനമെന്ന് കണക്കാക്കപ്പെട്ടിട്ടുള്ള വസ്ത്രധാരണരീതി ഈ കവിതയിലുണ്ട്. ആ ഡ്രസ്സ് കോഡുള്ള ഒരു മമ്മി ബസ്സില്‍ കയറിയാല്‍ അവര്‍ക്കായി സീറ്റ് ഒഴിഞ്ഞുകൊടുക്കാന്‍ കോളജ് കാരികള്‍ വരെ റെഡി. എന്നാല്‍ സൂര്യന്‍ കൊണ്ടുനടന്നു പാടത്ത് വളര്‍ത്തിയ അമ്മയുടെ സ്ഥിതിയോ? തൂണേല്‍ പിടി തള്ളേ എന്ന പ്രതികരണമാകും ഉണ്ടാവുക! സമൂഹത്തില്‍ ഇന്നും നിലനില്‍ക്കുന്ന സമീപന വ്യത്യാസത്തെയാണ് ഈ കവി കവിതയുടെ ചുട്ടുപൊള്ളുന്ന തുറന്ന പ്രതലത്തില്‍ അടയാളപ്പെടുത്തിയത്.
ഫേസ്ബുക്ക് വായനക്കാരാല്‍ സ്വീകരിക്കപ്പെട്ട മറ്റൊരു
ദിഗംബര സ്വഭാവമുള്ള കവിതയാണ് നഗ്നാസനസ്ഥന്‍.സതീശന്‍ മോറായിയാണ് കവി. ശരീരമാകെ ചെളിപുരണ്ട് തെരുവില്‍ നടക്കുന്ന ഭ്രാന്താവസ്ഥയിലുള്ള ഒരു മനുഷ്യന് ഒരു തൂവാലപോലും ആരും കൊടുക്കുന്നില്ല. എന്നാല്‍ മേലാകെ ഭസ്മം പുരട്ടിയ ഒരു നഗ്നസന്യാസിയെ കണ്ടപ്പോള്‍ ആളുകള്‍ ഓടിച്ചെന്ന് സാഷ്ടാംഗം പ്രണമിക്കുന്നു! സമൂഹത്തിന്‍റെ കാരുണ്യമില്ലായ്മയും വര്‍ദ്ധിച്ചുവരുന്ന അന്ധവിശ്വാസവും കവി വിഷയമാക്കിയിരിക്കുന്നു.
പുതിയ കവികള്‍ സമൂഹത്തെ കാണുന്നില്ലെന്ന വാദം തെറ്റാണ്. അവര്‍ രോഗാവസ്ഥയിലുള്ള സമൂഹത്തെ സൂക്ഷ്മമായി നിരീക്ഷിക്കുന്നുണ്ട്.
No comments:
Post a Comment