Wednesday, 13 September 2023

ചന്ദ്രനിലെ ശിവശക്തിയും പരിഷത്തും

 ചന്ദ്രനിലെ ശിവശക്തിയും പരിഷത്തും

----------------------------------------------------------------
കേരള ശാസ്ത്രസാഹിത്യ പരിഷത്ത് വളരെ ശ്രദ്ധേയമായ ഒരു ആവശ്യം ഉന്നയിച്ചിരിക്കുന്നു. ചന്ദ്രയാന്‍ ഇറങ്ങിയ സ്ഥലത്തിന് ശിവശക്തി പോയ്ന്‍റ് എന്നു പേരിട്ടത് അനുചിതമാണെന്നും അതിനാല്‍ ആ നാമകരണം പിന്‍വലിക്കണമെന്നുമാണ് പരിഷത്ത് ആവശ്യപ്പെട്ടിരിക്കുന്നത്.

ക്ഷേത്രദര്‍ശനം തന്റെ വ്യക്തിപരമായ കാര്യമാണെന്നും അതിനു ചന്ദ്രയാന്‍ മിഷനുമായി ബന്ധമൊന്നുമില്ലെന്നും തുറന്നു പറഞ്ഞ ബഹിരാകാശ ഗവേഷണകേന്ദ്രം മേധാവി പോലും സര്‍ക്കാരിന് പേരിടാനുള്ള അധികാരമുണ്ടെന്നു സാധൂകരിച്ചതിന്‍റെ പശ്ചാത്തലത്തില്‍ കേരള ശാസ്ത്രസാഹിത്യ പരിഷത്തിന്‍റെ അഭിപ്രായം പ്രത്യേക പരിഗണന അര്‍ഹിക്കുന്നുണ്ട്.

ശാസ്ത്രാവബോധം ഉണ്ടാക്കേണ്ടത് പൌരന്റെ ചുമതലയാണെന്നു രേഖപ്പെടുത്തിയിട്ടുള്ളതും മതേതര സ്വഭാവമുള്ളതുമായ നമ്മുടെ ഭരണഘടനയുടെ ലംഘനമാണ് ശിവശക്തിയെന്ന മതപരമായ പേരെന്നത് ഭരണകൂടം മനപ്പൂര്‍വം മറന്നു. നിയമനിര്‍മ്മാണസഭയിലെ ഭൂരിപക്ഷം, ഭരണകക്ഷിയുടെ വര്‍ഗ്ഗീയതാല്പര്യങ്ങള്‍ അടിച്ചേല്‍പ്പിക്കാനുള്ള മനസ്സമ്മതം അല്ലെന്നുള്ള വസ്തുതയും ഭരണകൂടം കണ്ടില്ലെന്നു നടിച്ചു. കേരള ശാസ്ത്രസാഹിത്യ പരിഷത്ത് പറഞ്ഞിരിക്കുന്നത് ഇന്ത്യയിലെ എല്ലാ പുരോഗമന വാദികളുടെയും അഭിപ്രായമാണ്. ബാലറ്റ് പ്രണയമുള്ള രാഷ്ട്രീയപാര്‍ട്ടികള്‍ പരസ്യമായി പറയാതെ പോയ അഭിപ്രായം.

ബഹിരാകാശത്തിലെ ഇടങ്ങള്‍ക്ക് പേരിടുന്നതിന് അന്താരാഷ്ട്ര ജ്യോതിശാസ്ത്ര സംഘടന അംഗീകരിച്ച മാനദണ്ഡങ്ങള്‍ ഇന്ത്യ അവഗണിച്ചു.അവിടെ മിത്തുകള്‍ക്ക് ഒരു സ്ഥാനവുമില്ല. ആദ്യമായി  മനുഷ്യനെ ബഹിരാകാശത്തെത്തിച്ച സോവിയറ്റ് യൂണിയനോ മനുഷ്യനെ ചന്ദ്രനിലെത്തിച്ച അമേരിക്കയോ വ്യാളിയടക്കം നിരവധി മിത്തുകളുടെ ആവാസഭൂമിയായ ചൈനയോ ആ വഴിക്കു ആലോചിച്ചില്ല. ഈ രാജ്യങ്ങള്‍ ആദ്യം അവിടെയുള്ള മനുഷ്യരുടെ പട്ടിണിമാറ്റിയിട്ടാണ് ബഹിരാകാശ യാത്രയ്ക്കൊരുങ്ങിയതെന്ന വസ്തുത, അഭിമാനത്തിന്റെ കുപ്പായക്കീശയില്‍ നമുക്ക് മറച്ചു വയ്ക്കാം. എന്നാലും ഈ രാജ്യങ്ങളൊന്നും അവരെത്തിയ ഇടങ്ങള്‍ക്ക് യഹോവമുക്കെന്നോ കര്‍ത്താവുകവലയെന്നോ ഡ്രാഗണ്‍ ജംഗ്ഷനെന്നോ പേരിട്ടില്ല. മിത്തില്ലാഞ്ഞിട്ടല്ല, ശാസ്ത്രബോധമുള്ളതുകൊണ്ടാണ് ആ രാജ്യങ്ങള്‍ അതിനു തുനിയാതിരുന്നത്. മതഭരണഘടനയുള്ള ഏതെങ്കിലും അറേബ്യന്‍ രാജ്യം അവിടെയെത്തിയാലും അവര്‍ അള്ളാഹുമുക്കെന്നൊന്നും പേരിടില്ല. വിശ്വാസങ്ങളെ അവര്‍ ബഹിരാകാശത്ത് ദുര്‍വിനിയോഗം ചെയ്യില്ല. ഇന്ത്യ ലോകരാജ്യങ്ങളുടെ മുന്നില്‍ നാണം കെടുക മാത്രമാണു ചെയ്തിട്ടുള്ളത്. ശിവശക്തി നാമകരണത്തെ തുടര്‍ന്ന് ചന്ദ്രനെ ഹിന്ദുരാജ്യമായി പ്രഖ്യാപിക്കണമെന്ന് പോലും ഭ്രാന്തവചനങ്ങളുണ്ടായി.

ഇന്ത്യന്‍ ശാസ്ത്രലോകം പുതുതായി വികസിപ്പിച്ചെടുത്ത താമര ഇനത്തിന് സി എസ് ഐ ആര്‍ നമോ 108 എന്നു നാമകരണം ചെയ്തതിനെയും പരിഷത്ത് അപലപിച്ചിട്ടുണ്ട്. പൂവിനെപ്പോലും ഹിന്ദുമത തീവ്രവാദത്തിന്‍റെ അടയാളമാക്കി മാറ്റുന്നത് പ്രാകൃതയുഗത്തിലേക്ക് ഒരു രാജ്യത്തെ അതിന്റെ ഭരണകൂടം നയിക്കുന്നു എന്നതിന്റെ തെളിവാണ്. ഇക്കാര്യങ്ങളില്‍ ബഹിരാകാശത്തേക്കല്ല ഇന്ത്യ കുതിച്ചത്. അധോലോകത്തിലേക്കാണ്.

മനുഷ്യസങ്കല്‍പ്പത്തിലെ മനോഹാരിതകളാണ് മിത്തുകള്‍. അവയെ മതങ്ങള്‍ മനുഷ്യചൂഷണത്തിന് ഉപയോഗിക്കുകയാണ്. വിഷപ്പാമ്പുകള്‍ക്ക് അതിജീവനം അസാധ്യമായ ഹിമാലയത്തിലെ ഒരു കൊടുമുടിയാണ് കൈലാസം. അവിടെ  മൂര്‍ഖനെ കഴുത്തില്‍ ചുറ്റി ഇരിക്കുന്നതായിട്ടാണ് ശിവനെ സങ്കല്‍പ്പിച്ചത്. ഷര്‍ട്ടിനെ കുറിച്ചു ധാരണയില്ലാത്ത കാലത്തെ സങ്കല്‍പ്പമായതിനാല്‍ പരമശിവന് ഇംഗ്ലീഷ് ശൈലിയില്‍ കോളറും മുഴുക്കയ്യുമുള്ള ഷര്‍ട്ടില്ല.പാര്‍വതിയെ പിന്നെവന്നവര്‍ സാരിയും ബ്ലൌസുമൊക്കെ ധരിപ്പിച്ചു. വടക്കേ ഇന്ത്യയില്‍ ഇന്ന് സാര്‍വത്രികമായ ചുരിദാരിന്റെ കണ്ടെത്തലും അന്ന് ഉണ്ടായിരുന്നില്ല. ശിവന്റെ ജാരത്തിയായ ഗംഗയെയും തേങ്ങാപ്പൂളുപോലുള്ള അമ്പിളി- ക്കലയെയും ശിവശീര്‍ഷത്തില്‍ സങ്കല്‍പ്പചക്രവര്‍ത്തിമാര്‍ സ്ഥാപിച്ചു. ശിവസ്തുതികള്‍ ഭാരതീയഭക്തി സാഹിത്യത്തില്‍ പ്രധാനസരണിയായി. അല്ലാതെ ഇതൊന്നും ചരിത്രവസ്തുതകളോ ശാസ്ത്രമുദ്രകളോ അല്ല.

ശാസ്ത്രസമൂഹം നിര്‍വഹിക്കേണ്ട ചുമതലകള്‍ പ്രധാനമന്ത്രിയുടെ രാഷ്ട്രീയ പ്രഖ്യാപനങ്ങളാക്കി മാറ്റുന്നത് ഒട്ടും അഭിലഷണീയമെല്ലെന്നും പരിഷത്ത് അഭിപ്രായപ്പെട്ടിട്ടുണ്ട്. ചാന്ദ്രപര്യവേഷണത്തിലെ മനുഷ്യരാശിയുടെ  മുന്നേറ്റത്തില്‍  ശാസ്ത്രബോധമുള്ളവരെല്ലാം അഭിമാനിക്കുന്നുണ്ട്. അതോടൊപ്പം അയുക്തികളിലെ അപകടം ചൂണ്ടിക്കാണിച്ച കേരളശാസ്ത്രസാഹിത്യ പരിഷത്തിന്‍റെ സത്യസന്ധമായ ഈ നിലപാടിനെ അഭിനന്ദിക്കുകയും ചെയ്യുന്നു.

No comments:

Post a Comment