Wednesday 11 October 2023

വാഴക്കുല വീണ്ടും വായിക്കുമ്പോള്‍

 വാഴക്കുല വീണ്ടും വായിക്കുമ്പോള്‍ 

-----------------------------------------------------------
എണ്‍പത്താറു വര്ഷം മുന്‍പുണ്ടായ കവിതയാണ് മഹാകവി ചങ്ങമ്പുഴയുടെ വാഴക്കുല.ഇന്നത് പോയകാലത്തിന്റെ കണ്ണാടിയായി മാറിയിരിക്കുന്നു. കവിതയിലൂടെ ചരിത്രം അനാവൃതമാകുന്ന അസാധാരണ സന്ദര്‍ഭം.

വായനക്കാരിലൂടെയും കഥാപ്രസംഗകരിലൂടെയും നാടകക്കാരിലൂടെയും ഈ കവിത കേരളത്തില്‍ ഉടനീളം പടര്‍ന്ന് പന്തലിച്ചു. ഹൃദയപക്ഷരാഷ്ട്രീയ പ്രസംഗകര്‍ കണ്ണീരും ചോരയും കൊണ്ടെഴുതിയ ഈ കവിത വേദികളില്‍ ഉദ്ധരിച്ചു. മാനസം കല്ലുകൊണ്ടല്ലാത്തതായുള്ള മാനവരെല്ലാം ഈ കവിത വായിച്ചു കരയുകയും ഈ സാമൂഹ്യവ്യവസ്ഥയ്ക്ക് അടിയന്തിര പരിഹാരം ഉണ്ടാകണമെന്ന് ആഗ്രഹിക്കുകയും ചെയ്തു. പിന്നേയും രണ്ടു പതിറ്റാണ്ടുകള്‍ക്ക് ശേഷമാണ് ഇന്ത്യന്‍ കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയുടെ മന്ത്രിസഭ കേരളത്തിലുണ്ടായതും, കുടികിടപ്പവകാശം നിയമമായതും. അതിനു ശേഷമാണ് ചങ്ങമ്പുഴ വാഴക്കുലയിലൂടെ അവതരിപ്പിച്ച സാമൂഹ്യ ദുരവസ്ഥ അവസാനിച്ചത്.

എന്തായിരുന്നു ആ ദുരവസ്ഥ? മലയപ്പുലയന്‍ തന്റെ കുപ്പമാട ത്തിന്‍റെ മുറ്റത്തു മഴവന്നനാളില്‍ ഒരു വാഴ നട്ടു. അതിനെ ആ തൊഴിലാളി കുടുംബം താലോലിച്ചു വളര്‍ത്തി. കുട്ടികള്‍ ആ വാഴത്തണലില്‍ തന്നെ കഴിഞ്ഞു കൂടി. വാഴകുലയ്ക്കുന്നതും പഴുക്കുന്നതും പഴം  തിന്നുന്നതും പകല്‍ക്കിനാവുകണ്ടു. പന്തയം വച്ചു. കുട്ടികളുടെ ഈ ആഹ്ലാദം കണ്ടിട്ട് ഒന്നു വേഗം കുലച്ചാല്‍ മതിയെന്നു വാഴ പോലും  ആഗ്രഹിച്ചു.

വാഴകുലച്ചു. ആ കൊതിയസമാജത്തിന്റെ ആഗ്രഹം പോലെ കുലവിളഞ്ഞു പഴുക്കാറായി. അപ്പോഴാണ് മലയപ്പുലയന് കുലവെട്ടി ഭൂമിയുടെ ഉടമസ്ഥനായ ജന്‍മിയുടെ വീട്ടിലേക്ക് കൊണ്ടുപോകേണ്ടിവന്നത്.

അങ്ങനെയായിരുന്നു അക്കാലത്തെ അലിഖിത നിയമം. പശുവിനെ വളര്‍ത്തുന്നത് കുടികിടപ്പുകാരനായ ചെറുമന്‍. പാലും വെണ്ണയും തൈരും മോരും നെയ്യുമെല്ലാം ജന്‍മിക്ക്. തെങ്ങിന്‍ തൈ നട്ടു പരിപാലിക്കുന്നത് ചെറുമന്‍.ഓലയും  കരിക്കും തേങ്ങയുമെല്ലാം ജന്‍മിക്ക്. പൊരിവെയിലത്ത് വയലില്‍ വിളവൊരുക്കുന്നത് ചെറുമന്‍. നിറയുന്നത് ജന്‍മിയുടെ പത്തായം. എന്തിന്, ചെറുമന്‍റെ പെണ്ണിന്‍റെ ആദ്യരാത്രിപോലും ജന്‍മിക്ക് 

ഇന്ന് അവിശ്വസനീയമായിട്ടുള്ള അക്കാലത്താണ് മഹാകവി ചങ്ങമ്പുഴ വാഴക്കുല എഴുതിയത്. മലയപ്പുലയന്‍റെ ദുരനുഭവം അടയാളപ്പെടുത്തിയിട്ട് ഇത് പണമുള്ളോര്‍ നിര്‍മ്മിച്ച നീതിയാണെന്നും അദ്ദേഹം കുറിക്കുന്നുണ്ട്. ഹൃദയസ്പര്‍ശിയായ ഒരു സാക്ഷിമൊഴിയായിരുന്നു ആ കവിത.ആശയതീക്ഷ്ണത കൊണ്ടുമാത്രമല്ല, അപൂര്‍വമായ പ്രയോഗചാരുതകൊണ്ടും ആ കവിത ശ്രദ്ധേയമായിരുന്നു. കരിമാടിക്കുട്ടന്‍മാര്‍, ആട്ടിയബാലനില്‍ ഗ്രാമീണകന്യകയ്ക്കുള്ള അനുരാഗാരംഭം,പകലിന്‍റെ കുടല്‍മാലച്ചോര കുടിച്ച സന്ധ്യ, ചൂരപ്പഴം, വാഴകുലച്ചപ്പോള്‍ വന്ന തിരുവോണം, ഇലവിനെ വലയം ചെയ്യുന്ന ലതകള്‍, അസിധാധരത്തില്‍ നിന്നടരുന്ന മുല്ലപ്പൂക്കള്‍, കുതുകത്തിന്‍റെ പച്ചക്കഴുത്ത് ഇങ്ങനെ നിരവധി കല്‍പ്പനകളാലും മധുരിതമാണാ കവിത.

ഈ കവിത ചരിത്രത്തിന്റെ ഭാഗമാകുന്നത്, വ്യവസ്ഥിതി മാറിയതുകൊണ്ടാണ്. കുടികിടപ്പു നിയമം ഉണ്ടായി. കിടപ്പാടങ്ങള്‍ പൊളിച്ച് കളയാനും തീവയ്ക്കാനുമൊക്കെയുള്ള ജന്‍മിയുടെ അഹങ്കാരം അവസാനിച്ചു. സ്വന്തം വീട്ടുമുറ്റത്ത് നട്ടുവളര്‍ത്തുന്ന വാഴയുടെ കുല, നട്ടു വളര്‍ത്തിയവന്നുതന്നെ അനുഭവിക്കാമെന്നായി. നിങ്ങളോര്‍ക്കുക നിങ്ങളെങ്ങനെ നിങ്ങളായെന്ന് എന്ന ചോദ്യം ഉത്ഭവിക്കുമ്പോള്‍ ഈ കവിതയും പിന്നീടുണ്ടായ സമരപ്പകലുകളും ഉത്തരമായി വരും. എണ്‍പത്താറു വര്ഷം മുന്പ് കേരളത്തിന്റെ സ്ഥിതി എന്തായിരുന്നുവെന്ന് വാഴക്കുലയെന്ന കവിത വിളിച്ചുപറയുന്നു.

നമ്മുടെ ഭൂതകാലം തീരെ ശോഭനമായിരുന്നില്ല. അഭിമാനകരവും ആയിരുന്നില്ല. ജീവിതശോഭയും അഭിമാനവുമൊക്കെ കയ്യെ ത്തിപ്പിടിക്കാന്‍ കഴിഞ്ഞത് വാഴക്കുലപോലെയുള്ള കവിതകള്‍ ഹൃദയത്തിലേല്‍പ്പിച്ച മുറിവുകളില്‍ നിന്നും ഊര്‍ജ്ജം ഉള്‍ക്കൊള്ളാന്‍ കഴിഞ്ഞതുകൊണ്ടാണ്. വര്‍ത്തമാനകാലത്തെ പ്രതിബിംബിപ്പിക്കുന്ന കവിത ചരിത്രത്തിന്‍റെ തിളങ്ങുന്ന ഒരു അടരായി മാറുകതന്നെചെയ്യും.

No comments:

Post a Comment