Wednesday 25 October 2023

വിജയദശമിയും സാമൂഹ്യമാധ്യമങ്ങളും

 വിജയദശമിയും   സാമൂഹ്യമാധ്യമങ്ങളും 

----------------------------------------------------------------
പതിവുപോലെ ഇത്തവണയും പൂജാദിനങ്ങള്‍ സാമൂഹ്യമാധ്യമങ്ങളില്‍ കൊണ്ടാടപ്പെട്ടു. പൂജവയ്പ്പിന്റെയും എടുപ്പിന്റെയും വിദ്യാരംഭത്തിന്റെയും നിലവിളക്ക് സഹിതമുള്ള വിശേഷങ്ങള്‍ പോസ്റ്റ് ചെയ്യപ്പെട്ടു. ദുര്‍ഗ്ഗബൊമ്മകളും ബൊമ്മക്കൊലുവും പല പോസിലുള്ള ഫോട്ടോകളായി നിരന്നു നിന്നു. ഗാസയിലെ നിലവിളികളെ തോല്‍പ്പിക്കുന്ന സംഗീതാരവങ്ങള്‍ അവതരിപ്പിക്കപ്പെട്ടു. സാംസ്ക്കാരിക നായകരുടെ മടിയിലിരുന്നു പൊട്ടിക്കരയുന്ന കുഞ്ഞുങ്ങളെ പൂകൊണ്ടും പുഞ്ചിരികൊണ്ടും സമര്‍ത്ഥമായി മറച്ചു വച്ച് മാന്ത്രികക്യാമറകള്‍  വിളയാട്ടം നടത്തി.

അച്ചടിമാധ്യമങ്ങള്‍ പതിവ് വാഴ്ത്തുകളുടെ മത്സരവേദിയിലായിരുന്നു. വിദ്യാരംഭം സവര്‍ണ്ണഹിന്ദുവിന്റെ ഒരു വീട്ടുവിശേഷം മാത്രമായിരുന്നുവെന്നും സ്ത്രീകള്‍ പോലും ആ ഭവനങ്ങളില്‍ അക്ഷര അയിത്തം അനുഭവിച്ചിരുന്നുവെന്നുമുള്ള ചരിത്ര യാഥാര്‍ഥ്യം ഇക്കുറിയും തീണ്ടാപ്പാടകലെ നിന്നു.

എന്നാല്‍ സാമൂഹ്യമാധ്യമങ്ങളില്‍ ചില നക്ഷത്ര വെളിച്ചങ്ങള്‍ പ്രത്യക്ഷപ്പെട്ടു. അവയിലൊന്ന് അയ്യന്‍കാളിയുടെയും പഞ്ചമിക്കുഞ്ഞിന്റെയും ചിത്രം വരച്ചു ചേര്‍ത്തുകൊണ്ടുള്ള  പോസ്റ്റായിരുന്നു. പൂജിച്ചു നേടിയതല്ല, പൊരുതി നേടിയതിന്‍റെ പേരാണ് അക്ഷരമെന്ന് ആ പോസ്റ്റ് പരസ്യപ്പെടുത്തി.

വി.എ.ബാലകൃഷ്ണന്റെ പോസ്റ്റില്‍ സര്ക്കാര്‍ സംവിധാനങ്ങളില്‍ നിന്നും ദുര്‍ഗ്ഗാപൂജ,ആയുധപൂജ, ഗ്രന്ഥപൂജ തുടങ്ങിയ അന്ധവിശ്വാസ ആചാരങ്ങളെ എടുത്തുകളയണം എന്നാണ് ആവശ്യപ്പെട്ടത്. ഇത് ശ്രദ്ധേയയമായ ഒരു അഭിപ്രായമായിത്തോന്നി. വിവിധ മതവിശ്വാസമുള്ള കുട്ടികള്‍ പഠിക്കുന്ന പല സര്‍ക്കാര്‍ ഐ ടി ഐ കളിലും ഇക്കുറി ഡയറിപൂജയും ഉപകരണപൂജയും നടത്തുകയുണ്ടായി. ഇത് നിരുത്സാഹപ്പെടുത്തേണ്ട ഒരു പ്രവണതയാണ്. മരപ്പണി, ലോഹപ്പണി തുടങ്ങി പാരമ്പര്യകുലത്തൊഴിലായി അടിച്ചേല്‍പ്പിച്ചിരുന്ന സര്‍ഗ്ഗാത്മക ജീവിതമാര്‍ഗ്ഗങ്ങളെ ജാതിവ്യവസ്ഥയില്‍ നിന്നും മോചിപ്പിച്ച് എല്ലാര്‍ക്കുമായി തുറന്നുകൊടുത്ത സ്ഥാപനങ്ങളാണ് നമ്മുടെ തൊഴില്‍ പഠനകേന്ദ്രങ്ങള്‍. അവിടേയ്ക്ക് ഹിന്ദുത്വം ഒളിച്ചു കടത്തുന്ന പരിപാടിയാണ് ഡയറിപൂജയും ഉപകരണപൂജയും. സര്‍ക്കാര്‍ സ്ക്കൂളുകളിലേക്കും ഇത്തരം മതവിക്രിയകള്‍ കടന്നു കയറിയേക്കുമെന്നതിന്റെ സൂചനയാണിത്

സമ=രകവിതയുടെ പോസ്റ്റും ശ്രദ്ധിക്കപ്പെട്ടു.പൊരുതി നേടിയതാണ് അക്ഷരം, ആരും താലത്തില്‍ വിളമ്പിയിട്ടില്ല എന്നവര്‍ വിളിച്ച് പറഞ്ഞു. ഞങ്ങളുടെ വിദ്യാദേവത നിങ്ങളുടെ സങ്കല്‍പ്പിക സരസ്വതിയല്ല,പെണ്‍കുട്ടികളുടെ പള്ളിക്കൂടം സ്ഥാപിച്ച സാവിത്രി ഫൂലെയായാണെന്ന് സ്ഥാപിക്കുന്ന  വിശദമായ മറ്റൊരു പോസ്റ്റും സാമൂഹ്യമാധ്യമങ്ങളില്‍ പൂജാദിവസങ്ങളില്‍ വായിക്കപ്പെട്ടു.  പിന്നാക്കക്കാര്‍ക്ക്  വിദ്യാഭ്യാസം നല്‍കേണ്ടതിന്റെ ആവശ്യകതയെ കുറിച്ചു ശ്രീമൂലം പ്രജാസഭയില്‍ കുമാരനാശാന്‍ നടത്തിയ പ്രസംഗവും ഈ പോസ്റ്റ് ശ്രദ്ധയില്‍ പെടുത്തുന്നുണ്ട്.

യുക്തിചിന്തയുടെ പോസ്റ്റ്, പുസ്തകം എന്താണെന്ന് ബോധ്യപ്പെടുത്തുന്നതാണ്. പുസ്തകം അടച്ചുവച്ച് പൂവിട്ടു പൂജിക്കാനുള്ളതല്ലെന്നും തുറന്നു വായിച്ച് വിശകലനം ചെയ്ത് അറിവ് നേടാനുള്ളതാണെന്ന് കുട്ടികളെ പഠിപ്പിക്കണമെന്നും ഈ പോസ്റ്റ് പറയുന്നു. വര്‍ണ്ണബാഹ്യരായ അവര്‍ണ്ണ ജനകോടികള്‍ അറിവിന്‍റെ വാതായനം തുറന്നത് ത്രൈവര്‍ണികരുടെ വിദ്യാരംഭത്തിലൂടെ ആയിരുന്നില്ലെന്നും വിപുലമായ പോരാട്ടങ്ങളിലൂടെ ആയിരുന്നു എന്നും ടി.എസ് ശ്യാംകുമാര്‍ സ്വന്തം പോസ്റ്റില്‍ ഉറപ്പിച്ച് പറഞ്ഞു.വിജയ ദശമി ആശംസയ്ക്ക് പകരം അയ്യന്‍ കാളിയുടെയും പഞ്ചമിയുടെയും ചിത്രം സഹിതം വിജയപഞ്ചമി ദിനം ആശംസിച്ചു കാരായി രാജന്‍. വീണയല്ല, പാതിവെന്ത ബെഞ്ചാണ് വിദ്യയുടെ ജനകീയ പ്രതീകമെന്നും പഞ്ചമിയുടെ സ്ക്കൂള്‍ പ്രവേശത്തോടെ ആധുനിക കേരളത്തിന്‍റെ വിദ്യാരംഭം കുറിച്ചുവെന്നും കൃഷ്ണന്‍ കേളോത്ത്.

ഏറ്റവും രസകരമായി തോന്നിയത് മട്ടന്നൂര്‍ നഗരസഭാ ലൈബ്രറി കമ്മിറ്റി ഇറക്കിയ ഒരു വിദ്യാരംഭം അപേക്ഷാഫോറമാണ്. മട്ടന്നൂര്‍ മധുസൂദനന്‍ തങ്ങള്‍ സ്മാരക ഗവ. അപ്പര്‍ പ്രൈമറി സ്ക്കൂളില്‍ നടത്തുന്ന വിദ്യാരംഭം പരിപാടിയിലേക്കായിരുന്നു അപേക്ഷ ക്ഷണിച്ചത്. വിദ്യാരംഭത്തില്‍ വിവിധമതസമ്മതം നേടുന്ന തരത്തിലായിരുന്നു അപേക്ഷ ക്രമീകരിച്ചിരുന്നത്.
വിദ്യാരംഭം എങ്ങനെ വേണം? 1 ഹരീ ശ്രീ ഗണപതായേ നമ : 2.അല്ലാഹു അക്ബര്‍ 3 യേശുവേ സ്തുതി 4 അമ്മ, അച്ഛന്‍,അ ആ ഇ ഈ 4. ഇംഗ്ലീഷ് അക്ഷരമാലകള്‍(A,B,C,D) ഇതായിരുന്നു മാതൃക.ഇങ്ങനെ ചെയ്യുന്നത് ഹിന്ദുമത വിരുദ്ധമായതിനാല്‍ നഗരസഭക്കെതിരെ ഒരു ഹൈന്ദവ സംഘടനയായ ഹൈന്ദവീയം ഫൌണ്ടേഷന്‍ ഹൈക്കോടതിയില്‍ പോവുകയും, മാതാപിതാക്കല്‍ക്ക് അവരവരുടെ പ്രാര്‍ഥന  അനുസരിച്ചു എഴുതിക്കാന്‍ പൂര്‍ണ്ണ സ്വാതന്ത്ര്യം ഉണ്ടെന്നും ഇക്കാര്യം സംഘാടകര്‍ ഉറപ്പാക്കണമെന്നും വിധിയുണ്ടാവുകയും ചെയ്തിട്ടുണ്ട്.അമ്മ, അച്ഛന്‍,അ ആ ഇ ഈ എന്ന അക്ഷരരൂപങ്ങളാണ് അധികം രക്ഷകര്‍ത്താക്കളും ആവശ്യപ്പെട്ടതെന്നത് ആശ്വാസകരം.

ഇതൊക്കെയായിരുന്നു ഇക്കുറി സാമൂഹ്യമാധ്യമങ്ങളിലെ ദുര്‍ഗ്ഗാഷ്ടമി വിശേഷങ്ങള്‍. ചെറുത്തു നില്‍പ്പുകള്‍ക്കും ബോധ്യപ്പെടുത്തലുകള്‍ക്കും  സാമൂഹ്യമാധ്യമങ്ങളില്‍ ഇനിയും ഇടം അവശേഷിക്കുന്നുണ്ട്.
- കുരീപ്പുഴശ്രീകുമാര്‍ 

No comments:

Post a Comment