Monday 6 May 2024

കാണ്ടാമനുഷ്യന്‍

 കാണ്ടാമനുഷ്യന്‍

------------------------
വെൺമുഖംമൂടിയിൽ
ചന്ദനം തൊട്ട്
ചിന്തയിൽ തന്ത്രം മെനഞ്ഞ്
കണ്ണിൽ കുറുക്കന്റെ
കൌശലക്കെണിവെച്ച്
മുന്നിൽനിൽക്കും സത്വമേത്?
സത്യത്തിൻ നെറ്റിയിൽ
കാർക്കിച്ചുതുപ്പിയും
സ്വപ്നമുഖത്തേക്കു
മാലിന്യമേറ്റിയും
മുറ്റത്തുതന്നെ പെടുത്തും
ചവർക്കുന്ന ഛർദ്ദിപുരണ്ട
പെരുംവാക്കുകാറിയും
കുത്തിമലർത്തികുലുങ്ങിച്ചിരിച്ചും
മതപ്പാടുപൊട്ടിയും
തോക്കാട്ടമാടിയും
നിൽക്കുന്നു കാണ്ടാമനുഷ്യൻ
അഭയമില്ലാതെ ഞാനോടുമ്പോൾ
എൻമുന്നിൽ
വലവെച്ചു കാണ്ടാമനുഷ്യൻ
ഇവനെ ഞാനിന്നലെ
ഖദറിൽപ്പൊതിഞ്ഞ്
ഗുജറാത്തിത്തൊപ്പിയണിഞ്ഞ്
കപടസത്യാഗ്രഹക്കുറുപന്തലിൽവെച്ച്
തൊഴുകൈകളോടെ കണ്ടപ്പോൾ
ഇതുപോലെ വേഷം പകർന്നെന്റെ മുന്നിൽ
വരുമെന്നറിഞ്ഞതേയില്ല

നിനവുകൾക്കപ്പുറം
നീൾനഖം നീട്ടി
ഇരുപുറം നോക്കാതെ
തീക്കണ്ണുരുട്ടി
നരലോകഘാതിയാം
വിശ്വരൂപം കാട്ടി
വളരുന്നു കാണ്ടാമനുഷ്യൻ.
അരികിലൊരു
പ്രൈമറിസ്ക്കൂളിലെ കുട്ടിയായ്
അതിജീവനാഗ്രഹം വന്ന്
തരികൊരു കൈത്തോക്ക്
എനിക്കുമച്ഛായെന്നു
ചെറുമഴപോലെ ചാറുന്നു.

No comments:

Post a Comment