മടക്കയാത്ര
--------------------
ഇനി മടങ്ങുന്നു ഞാന്‍
പൊള്ളിയ മനസ്സുമായ്
പുലരികളുറങ്ങുന്ന
ജ്വരപേടകംചുമന്നകലുന്ന
രാത്രിയെപ്പോലെ നിശ്ശബ്ദനായ്
ഇനി മടങ്ങുന്നു ഞാന്‍
വളരുന്ന വര്‍ഷങ്ങളില്‍ പൂത്തുനില്‍ക്കുന്ന
വിഷമുല്ലതന്‍ ചോട്ടിലെന്‍റെ സ്വപ്നത്തിന്‍റെ
മുടിയും നഖങ്ങളും കണ്ടുഞാനിന്നലെ
പുണരുന്ന മുള്‍ക്കാട്ടിലെന്‍റെ മോഹത്തിന്‍റെ
മിഴികളിമയില്ലാതെ ചോര ചിന്തുന്നതും
വിരിയുന്ന മരണക്കിളിക്കാലിലെന്‍ ജീവ-
ലഹരികള്‍ തേങ്ങിക്കരഞ്ഞു വിങ്ങുന്നതും
പകലിന്‍റെ മുനയിലെന്‍ ഹൃദയം തറഞ്ഞതും
വിരലറ്റുപോയതും കണ്ടുഞാനിന്നലെ
ഇനി മടങ്ങുന്നു ഞാന്‍
ദു;ഖം പിഴിഞ്ഞുടുത്തലറുന്ന
ജൂണിനെപ്പോലെ അതൃപ്തനായ്
കടലില്‍ കുഴങ്ങി വീഴുന്ന നിലാവിന്‍റെ
അവസാനനിശ്വാസമാം
കൊടുങ്കാറ്റുപോല്‍
ഇനി മടങ്ങുന്നു ഞാന്‍
ഇടവേളയില്ലാത്ത യാത്രയ്ക്കിടയ്ക്കെന്‍റെ
ചെറിയ പ്രതീക്ഷകള്‍ കത്തിക്കരിഞ്ഞതും
പിടിവിട്ടുപോയ സുഹൃത്തിന്‍റെ നെഞ്ചിലൂ-
ടൊരു കുതിരയോടി ചീനച്ചു മറഞ്ഞതും
തിരികെട്ട കാക്കവിളക്കിന്‍റെ ചുണ്ടിലെന്‍
പരിഭവങ്ങള്‍ പടര്‍ന്നാളിക്കവിഞ്ഞതും
ഇടവരാവ് അള്ളിയടര്‍ത്തിയ നെറ്റിയില്‍
മുകിലിന്‍റെ പാനപാത്രം വീണുടഞ്ഞതും
ഇടവഴികളില്ലാതെ
മറുമൊഴികളില്ലാതെ
ഇടറിയതുമിന്നലെ കണ്ടു ഞാന്‍.
ഓര്‍മ്മയില്‍
നിറയുന്ന നോവില്‍ നിന്നൊരു
സാന്ത്വനത്തിന്‍റെ
ഉറവ കണ്ടെത്തുവാന്‍
ഇനി മടങ്ങുന്നു ഞാന്‍
ഇനി മടങ്ങുന്നു ഞാന്‍
ഒരു കുയില്‍പ്പാട്ടിന്‍റെ
മുടിയിലേക്കല്ല
മടിയിലേക്കല്ല
ഈറന്‍ കിനാവിന്‍റെ
ചുമലിലേക്കല്ല
നീളുന്ന ചിന്തയുടെ നെഞ്ചിലേക്കല്ല
ഇനി മടങ്ങുന്നു ഞാന്‍
ഒറ്റയ്ക്കിരിക്കുന്നൊ-
രെന്നിലേക്കെന്നെ
ചുമന്നിറങ്ങുന്നു ഞാന്‍.
No comments:
Post a Comment