നാസ്തികം
------------------
സ്നേഹപൂര്‍ണ്ണം സുധീരം സുനാസ്തികം
ജീവിതാന്തര സൌന്ദര്യസൂചകം
നീലഗോളമുള്‍ച്ചേര്‍ന്ന ഗാലക്സിയില്‍
ജ്വാലകള്‍ വകഞ്ഞെത്തിയ ജാഗരം
എന്തതെങ്ങനെ എന്തുകൊണ്ടിങ്ങനെ
എന്നു ചോദ്യം തൊടുക്കുമന്വേഷണം
ജീവജാലനാനാത്വത്തിലുണ്മതന്‍
നേര്‍മുഖം കാട്ടുമൂര്‍ജ്ജപ്രചോദനം
ജ്ഞാനബന്ധുരം ചിന്താസുരഭിലം
സൂര്യരശ്മിപോല്‍ സൂക്ഷ്മം സഹായകം
കാലബോധത്തില്‍ നിന്നുയിര്‍ക്കൊള്ളുമീ-
കാവ്യതീവ്രമാമുത്തരം നാസ്തികം
ഭാവസാന്ദ്രമഹാപ്രപഞ്ചത്തിന്‍റെ
പ്രായകോശം പഠിച്ച രസാത്ഭുതം
കാന്തസൂചിയാല്‍ സാഗരാതിര്‍ത്തികള്‍
ചൂണ്ടിടുന്ന സഞ്ചാരിതന്‍ സൌഹൃദം
ഭൌതികത്തിന്‍റെ ഉത്പന്നമാത്മാവ്
ലൌകികത്തിന്‍റെ ലീലയീ കല്‍പ്പന
ഐഹികാനന്ദ തീക്ഷ്ണപ്രവാഹമായ്
നന്മ നല്‍കി ജ്വലിക്കുന്ന നാസ്തികം
അന്ധകാരത്തൊടേറ്റുമുട്ടുന്നവര്‍-
ക്കിന്ധനം മനസ്പന്ദനം നാസ്തികം
വജ്രനക്ഷത്രമാര്‍ഗം സുധായനം
ലക്ഷ്യനേത്രം തെളിക്കുന്ന വാസ്തവം
മിത്തിനുത്ഭവശൃംഗം മനസ്സെന്ന
രക്തസത്യം സ്ഫുരിപ്പിച്ച നാസ്തികം
മൃത്യുവിന്‍റെയജ്ഞാത പ്രദേശത്ത്
വെട്ടമായ് വന്ന ശാസ്ത്രാവബോധനം
അര്‍ബുദാശങ്കയാലെന്‍റെ തൊണ്ടയില്‍
കല്‍ക്കരിത്തീ ചുവന്നു കനക്കവേ
നിര്‍ഭയം വന്നു ശസ്ത്രക്രിയാമുറി-
ക്കപ്പുറത്തു കടത്തിയ നാസ്തികം
നിസ്തുലം നിത്യകാമിതം നിസ്സീമ-
സ്വപ്നമേഖല ചൂടും ഋതോത്സവം
അക്ഷരം അശ്രുബിന്ദുവിന്നര്‍ത്ഥമായ്
സ്വസ്ഥജീവിതം ചൂണ്ടുന്ന നാസ്തികം
ഉള്‍പ്പൊരുള്‍ തേടിയോരോ ചതുപ്പിലും
അഗ്നിബാധിച്ചു ഞാനലഞ്ഞീടവേ
ദു:ഖഹേതുക്കള്‍ ചൊല്ലി അസാധ്യമാം
മുക്തിതന്ന ബോധിത്തണല്‍ നാസ്തികം
സ്നേഹപൂര്‍ണ്ണം സുധീരം സുനാസ്തികം
No comments:
Post a Comment