Sunday, 21 April 2024

പാളവണ്ടി

 പാളവണ്ടി 

------------------
വിശപ്പില്‍ വെന്ത ചോറ്
അമ്മയൂട്ടിയ കാലം 
കവുങ്ങിന്‍റെ തണുങ്ങാണ്
മയില്‍വാഹനം 

അരുമപ്പെങ്ങളാണൊറ്റ
യാത്രിക, ഞാനാ 
കമുകോല നയിക്കുന്ന 
കേമനാം ഡ്രൈവര്‍ 

വിചിത്രം സ്റ്റോപ്പുകള്‍ കൊല്ലം 
ചവറ ദില്ലി 
അറിവുള്ള സ്ഥലം പിന്നെ 
സിലോണ്‍ സിങ്കപ്പൂര്‍ 

അവള്‍ പാളപ്പുറത്തേറി
ചിരിച്ചുതൂവി 
ഒരു സ്റ്റോപ്പും വേണ്ട, പായാന്‍
തുടലിബെല്ല്!

കവുങ്ങും പെങ്ങളും ഞാനും 
ബാല്യവും പോയി 
പുതുകാലം ഫ്ലൈറ്റിലേറി
ജീവിതം ചുറ്റി 

പഴയ പെങ്ങളെ കാണാന്‍ 
ആങ്ങള ഞാനീ 
വഴിയില്‍ നില്‍ക്കുമ്പോള്‍ ഏപ്രില്‍ 
വെയില്‍ പെയ്യുന്നു. 

No comments:

Post a Comment