Sunday, 7 April 2024

ചങ്ങമ്പുഴയില്‍ നിന്നും ചാര്‍വാകനിലേക്ക്

 ചങ്ങമ്പുഴയില്‍ നിന്നും ചാര്‍വാകനിലേക്ക് 

---------------------------------------------------------------------

ചങ്ങമ്പുഴക്കവിതയില്‍ നിന്നും നാസ്തികതയുടെ  വിത്തുകള്‍ ശേഖരിച്ച് ബുദ്ധിയില്‍ നട്ടുവളര്‍ത്തി ചാര്‍വാക ദര്‍ശനത്തിലെത്തിയ അപൂര്‍വ പ്രതിഭയാണ് യു.കലാനാഥന്‍.


അതെങ്ങനെയാണ് സംഭവിക്കുക. ചങ്ങമ്പുഴ കൃഷ്ണപിള്ള ഒരു സമ്പൂര്‍ണ്ണ നാസ്തികകവി ആയിരുന്നോ? നാസ്തിക കവി എന്നു വിശേഷിപ്പിക്കാവുന്ന ആരെങ്കിലും അമ്മമലയാളത്തിലുണ്ടോ? 


ചങ്ങമ്പുഴയാണെങ്കില്‍ ജീവിതത്തെ പോസിറ്റീവായും നെഗറ്റീവായും സമീപിച്ച കവിയാണ്. ദൈവനാമത്തെയും അങ്ങനെ ഉപയോഗിച്ചിട്ടുണ്ട്. ദൈവ നിഷേധിയായ ഒരാള്‍ക്ക് ഏതു മതദൈവത്തെക്കുറിച്ചും എഴുതാന്‍ കഴിയും.കാരണം മതവും അതിന്റെ വാണിജ്യമുദ്രയായ ദൈവവും ഗൂണ്ടത്തലവനായ ചെകുത്താനും എന്താണെന്ന് അങ്ങനെയൊരു കവിക്ക് കൃത്യമായി അറിയാം. ഏതു മതദൈവത്തെക്കുറിച്ചു എഴുതിയാലും ഒരു തരത്തിലുള്ള പാപചിന്തയും അയാളെ ബാധിക്കില്ല. അതേസമയം ദൈവവിശ്വാസിയായ ഒരു കവിക്ക് സ്വന്തം ദൈവത്തെ വാഴ്ത്തിപ്പാടാനല്ലാതെ വിശകലന വിധേയമാക്കുവാന്‍ കഴിയില്ല. വിശ്വാസിയല്ലാത്ത ചങ്ങമ്പുഴക്കു ആശ്രമമൃഗം എന്ന കവിതയെഴുതി സ്വവര്‍ഗരതിയെ പുറത്തു കൊണ്ടുവരാനും അതേ തൂലിക കൊണ്ടുതന്നെ ഗീതഗോവിന്ദം മലയാളപ്പെടുത്താനും കഴിയും.


ആശ്രമമൃഗവും ഭാവത്രയം ചുട്ടെരിക്കിന്‍ ഗളഹസ്തം തുടങ്ങിയ കവിതകളും വായിച്ചു യുവാവായ കലാനാഥന്‍ ഞെട്ടിത്തെറിച്ചു. മനുഷ്യന്‍ വായിച്ചപ്പോള്‍ 

ദൈവത്തിന്‍ പ്രതിരൂപമാണെങ്കില്‍ അത്തരം / ദൈവത്തിനെ പിന്നെയാര്‍ക്ക് വേണം എന്ന തിരിച്ചറിവില്‍ എത്തി. 


ഒളിയമ്പിനു വിരുതനാം ശരവീരന്‍ ശ്രീരാമനു / വിളയാടാനുള്ളതല്ലിനിയീ ലോകം എന്നും ഇതുവരെയും ഹാ നമ്മെ വഴിതെറ്റിച്ചഴല്‍ മുറ്റി / ച്ചിവിടം വരെയെത്തിച്ചു കാവിവസ്ത്രം എന്നും വായിച്ചപ്പോള്‍ ഇന്ത്യ മുന്നോട്ടുവയ്ക്കുന്ന മതദര്‍ശനങ്ങളെ തള്ളിക്കളയാനുള്ള ബോധ്യത്തില്‍ കലാനാഥനെത്തി. കൂദാശ കിട്ടുകില്‍ കൂസാതെ പാപിയില്‍/ കൂറുകാട്ടും ദൈവമെന്ത് ദൈവം? എന്നു വായിച്ചപ്പോള്‍ കലാനാഥന്‍റെ ചിന്തയില്‍ നിരീശ്വരത്വത്തിന്‍റെ തീനാമ്പുകള്‍ കുരുത്തു. 


പട്ടരും നായരും നമ്പൂരിയും സ്വാര്‍ഥം / കെട്ടിപ്പടുത്തുള്ളോരമ്പലങ്ങള്‍ എന്നു വായിച്ചപ്പോള്‍  അമ്പലങ്ങളെ പോലെതന്നെ ജാതിയെയും നിരാകരിക്കേണ്ടതാണെന്ന ജ്ഞാനത്തില്‍ ആ യുവാവെത്തി. അറിയുവിന്‍ മതമണ്ഡലമിതുവരെ സൃഷ്ടിച്ചോ / രഖിലദൈവങ്ങളും ചത്തുപോയി എന്ന് ചങ്ങമ്പുഴ എഴുതിയത് വായിച്ചപ്പോള്‍ യു. കലാനാഥനില്‍ ഭക്തിയെന്ന പാരമ്പര്യരോഗത്തിന്‍റെ അവസാന അണുവും ഇല്ലാതായി.






അദ്ദേഹം ചങ്ങമ്പുഴയില്‍ നിന്നും ചാര്‍വാകനിലേക്ക് യാത്ര ആരംഭിച്ചു. വള്ളിക്കുന്നില്‍ ചാര്‍വാകം എന്ന വീടുകെട്ടി താമസിച്ചു. അവിടെ നിന്നും ഭാരതത്തിലുടനീളം ഭരണഘടന അനുശാസിക്കുന്ന വിധത്തില്‍ യുക്തിചിന്തയും ശാസ്ത്രാവബോധവും വളര്‍ത്താനുള്ള സഞ്ചാരം തുടങ്ങി.


കേരള യുക്തിവാദി സംഘത്തിന്‍റെ ഒരു സമ്മേളനത്തില്‍ പങ്കെടുക്കാനായി കരുനാഗപ്പള്ളിയില്‍ എത്തിയ കലാനാഥന്‍ സദസ്സിന്റെ മുന്‍ നിരയിലിരുന്ന് ചാര്‍വാകന്‍ കവിത ശ്രദ്ധിച്ചതിനു ശേഷമുണ്ടായ സ്വകാര്യ സംഭാഷണത്തിലാണ് ചങ്ങമ്പുഴക്കവിതയെ കുറിച്ചുള്ള സൂചനകള്‍ തന്നത്.


ഒരു ജന്തുശാസ്ത്രജ്ഞന്‍ കക്കവാരുന്ന പെണ്‍കുട്ടിയുമായി ചങ്ങാത്തത്തിലാവുന്ന കടല്‍ചിപ്പികള്‍ എന്ന കാവ്യം കലാനാഥന്‍ എഴുതിയിട്ടുണ്ട്. ഇരുപത്തിനാല് ഗ്രീഷ്മങ്ങളെ അന്ന് കണ്ടിരുന്നുള്ളൂ. ആഖ്യാനത്തില്‍ ചങ്ങമ്പുഴയില്‍ നിന്നും വയലാറില്‍ നിന്നും  തിരുനല്ലൂരില്‍ നിന്നുമൊക്കെ മാറി സഞ്ചരിക്കാന്‍ ശ്രമിച്ച ആ യുവകവിയെ അവതരിപ്പിച്ചത് എ പി പി നമ്പൂതിരി ആയിരുന്നു. വലിയ പ്രത്യാശയായിരുന്നു യു. കലാനാഥന്‍ എന്ന യുവകവിയില്‍ അദ്ദേഹത്തിനുണ്ടായിരുന്നത്  കവിയെ കുറിച്ചെഴുതിയ എരുമേലി പരമേശ്വരന്‍ പിള്ളയാകട്ടെ കവി,ചിത്രകാരന്‍,അദ്ധ്യാപകന്‍, നടന്‍, ശാസ്ത്രതല്‍പ്പരന്‍ ഇതെല്ലാം ഭംഗിയായി ചാലിച്ചെടുത്ത ഒരു വ്യക്തിത്വത്തിന്‍റെ ഉടമയാണ് കലാനാഥന്‍ എന്നു വിശേഷിപ്പിക്കുകയും ചെയ്തു. എന്നാല്‍ കലാനാഥനാകട്ടെ ലോകത്തെക്കുറിച്ച് വലിയ സ്വപ്നങ്ങള്‍ നെയ്ത മാറ്റത്തിന്‍റെ മഹാകാവ്യം രചിച്ച മറ്റൊരു കവിയില്‍ തന്റെ പ്രതിഭയെ സന്നിവേശിപ്പിക്കുകയായിരുന്നു. പ്രണയകവിതകളും ലോകത്തെ പ്രണയിക്കുന്ന പ്രത്യയശാസ്ത്രവും രചിച്ച സാക്ഷാല്‍ കാറല്‍ മാര്‍ക്സിലായിരുന്നു കലാനാഥന്‍ ചെന്നെത്തിയത്. എന്തായാലും കലാനാഥന്‍റെ കുറെ കവിതകള്‍ അദ്ദേഹത്തിന്റെ അഭ്യുദയകാംക്ഷികള്‍ കണ്ടെത്തി സ്വപ്നധാരകള്‍ എന്നപേരില്‍ ഇപ്പോള്‍ പുസ്തകരൂപത്തില്‍ പ്രകാശിപ്പിച്ചിട്ടുണ്ട്.


കലാനാഥന്‍റെ കവിതകള്‍ മാതൃഭൂമി ആഴ്ചപ്പതിപ്പിലും വന്നിട്ടുണ്ട്. എം സി ജോസഫ് മാതൃഭൂമി ആഴ്ചപ്പതിപ്പിലെഴുതിയ ഒരു ലേഖനത്തിനുള്ള പ്രതികരണം

കവിതയുടെ രൂപത്തിലാണ് കലാനാഥന്‍ എഴുതിയത്. അത് അക്കാലത്ത് വായനക്കാരുടെ കത്തുകള്‍ എന്ന പംക്തിയില്‍ പ്രസിദ്ധീകരിക്കപ്പെട്ടു. ആ കത്ത് എം സി ജോസഫിന്‍റെ ശ്രദ്ധയില്‍ പെടുകയും അദ്ദേഹമത് യുക്തിവാദി യില്‍ പുനപ്രസിദ്ധീകരിക്കുകയും ചെയ്തു. ആ കവിതക്കത്തിലൂടെയാണ് കലാനാഥന്‍ യുക്തിവാദാചാര്യനായ എം സി ജോസഫിന്‍റെ ശ്രദ്ധയില്‍ പെടുന്നത്. പ്രമുഖ യുക്തിവാദിയായ മുഹമ്മദ് ഖാനുമായി നടത്തിയ ദീര്‍ഘമായ അഭിമുഖത്തില്‍ ഈ ബന്ധത്തിന്‍റെ ദൃഢതയെക്കുറിച്ച് കലാനാഥന്‍ വിശദീകരിച്ചിട്ടുണ്ട്.


മാര്‍ക്സ് ജെന്നിക്കെഴുതിയ പ്രണയകവിതകളുടെ പിന്നാലെയൊന്നും കലാനാഥന്‍ പിന്നെ സഞ്ചരിച്ചില്ല. അദ്ദേഹം പാര്‍ട്ടിയില്‍ അംഗമാവുകയും വള്ളിക്കുന്നു പഞ്ചായത്തില്‍ വികസനകവിത രചിക്കുകയും വള്ളിക്കുന്നടക്കമുള്ള ഇന്ത്യന്‍ 



സമൂഹത്തില്‍ യുക്തിചിന്തയുടെ കവിത രചിക്കാനുള്ള വെള്ളക്കടലാസുകള്‍ ഉത്പാദിപ്പിക്കുകയും ചെയ്തു.


യുക്തിവാദം പരസ്യമായി പറയാത്തയാള്‍ മാര്‍ക്സിസ്റ്റ് അല്ലെന്നു കലാനാഥന്‍ പ്രഖ്യാപിച്ചു.അത് തെരഞ്ഞെടുപ്പില്‍ ജയിക്കാനും അധികാരത്തിലെത്തി ജനസേവനം നടത്താനും തടസ്സം സൃഷ്ടിക്കുകയില്ലെന്നു അദ്ദേഹം ജീവിതം കൊണ്ട് തെളിയിച്ചു.  കോണ്‍ഗ്രസ്സുകാരനായ   ഉള്ളിശ്ശേരി തെയ്യന്‍വൈദ്യരുടെ മകന്‍ കമ്യൂണിസ്റ്റ് കാരനായി. ഒറ്റമേശയിലേ രണ്ടു വലിപ്പുകളിലൊന്ന് തന്‍റെ കോണ്‍ഗ്രസ്സ് രേഖകള്‍ സൂക്ഷിക്കാനും അടുത്തത് മൂത്തമകന്‍റെ കമ്യൂണിസ്റ്റ് രേഖകള്‍ സൂക്ഷിക്കാനുമായി പകുത്ത ജനാധിപത്യവാദിയായിരുന്നു വൈദ്യര്‍.


യുവാവായ കലാനാഥനിലെ യുക്തിബോധാഗ്നിയില്‍ എണ്ണ പകരാനുള്ള ഒരു അന്തരീക്ഷം അന്ന് കോഴിക്കോട്ടുണ്ടായിരുന്നു. പ്രദീപം പത്രാധിപര്‍ തെരുവത്ത് രാമനാണ് അതിനു നേതൃത്വം നല്കിയത്. സ്വന്തം മൃതശരീരം വൈദ്യശാസ്ത്ര വിദ്യാര്‍ഥികള്‍ക്കുള്ള പാഠപുസ്തകമാക്കി മാറ്റിയ കേരളത്തിലെ ഏക പത്രാധിപരാണ് തെരുവത്ത് രാമന്‍. അദ്ദേഹത്തിന്റെ നേതൃത്വത്തില്‍ അന്നത്തെ കോഴിക്കോടന്‍ അന്തരീക്ഷം നാസ്തിക ചര്‍ച്ചകളുടെ പ്രകാശവേദി ആയിരുന്നു. പി.കടലുണ്ടി എന്ന ചോയി വൈദ്യനുമായി കലാനാഥന് നാല്‍പ്പതു വസന്തത്തിന്‍റെ അകലമുണ്ടായിരുന്നു. യുക്തിബോധം ജീവിതത്തില്‍ നിലനിര്‍ത്തുകയും ഉപജീവനത്തിനായി ജോത്സ്യപ്പണി സ്വീകരിക്കുകയും ചെയ്തിരുന്ന വൈദ്യരില്‍ നിന്നും കലാനാഥന് പലതും പഠിക്കാനുണ്ടായിരുന്നു.ജോത്സ്യം ഒരു കപടശാസ്ത്രമാണെന്ന് കലാനാഥന് ബോദ്ധ്യപ്പെട്ടത് അങ്ങനെയായിരുന്നു.


അക്കാലത്താണ് ഗ്രഹങ്ങളെല്ലാം ഒരേ നിരയില്‍ വരുന്നുവെന്നും മകരരാശിയില്‍ പ്രവേശിക്കുന്ന ആ ദിവസം ലോകം അവസാനിക്കുമെന്നും പ്രവചനമുണ്ടായത്. അന്ന് ജോത്സ്യന്‍മാര്‍ ഇളിഭ്യരാശിയില്‍ പ്രവേശിക്കുമെന്നൊരു പോസ്റ്റര്‍ കലാനാഥന്‍ തയ്യാറാക്കി ഫാറൂക്ക് കോളജിന്റെ പരിസരത്ത് ഒട്ടിച്ചു. ലോകം അവസാനിക്കാഞ്ഞതിനാല്‍ കലാനാഥന് വിദ്യാര്‍ഥികളുടെ ഇടയില്‍ വലിയ സ്വീകാര്യതയാണ് ഉണ്ടായത്. അന്നത്തെ യുവകവിക്ക് ഇങ്ങനെയും ചില കടമകള്‍ ഉണ്ടായിരുന്നു.



സ്വന്തം  വീട്ടില്‍ നിന്നാണ് അടുത്തുള്ള നിറംകൈതക്കോട്ട ക്ഷേത്രത്തിലെ അയിത്തം അവസാനിപ്പിക്കാനുള്ള സമരം ആരംഭിച്ചത്. യു.കലാനാഥന്‍ ബാല്യകാലത്ത് പരിചയപ്പെട്ട ആ സമരം ഒരു വലിയ പ്രചോദനം ആയിരുന്നു.

പിന്നീട് നിരവധി പോരാട്ടങ്ങള്‍ക്ക് അദ്ദേഹം നേതൃത്വം നല്കി. ഒരു പ്രധാനപ്പെട്ട സമരം രണ്ടാം ഗുരുവായൂര്‍ സത്യാഗ്രഹം ആയിരുന്നു. ഒന്നാം ഗുരുവായൂര്‍ സത്യാഗ്രഹത്തില്‍ കേളപ്പനോടും വിഷ്ണുഭാരതീയനോടുമൊപ്പം  സമരം ചെയ്തത് എ.കെ ജിയും പി.കൃഷ്ണപിള്ളയും ആയിരുന്നു. ഇന്ന്, അമ്മയാകാന്‍ അര്‍ഹതയുള്ളവരെ ശബരിമലയില്‍ പ്രവേശിപ്പിക്കരുതെന്ന് വാശിയുള്ളവരുടെ മുന്‍തലമുറക്കാര്‍ അന്ന് സമരക്കാരെ കായികമായി നേരിട്ടു. കാലക്രമത്തില്‍ അക്രമികള്‍ പരാജയപ്പെടുകയും ക്ഷേത്രപ്രവേശനം യാഥാര്‍ഥ്യമാവുകയും ചെയ്തെങ്കില്‍  രണ്ടാം ഗുരുവായൂര്‍ സമരം സ്വര്‍ണ്ണം പൂശി, പാഴാക്കുന്നതിനെതിരെ ആയിരുന്നു. ആ പണം വീടില്ലാത്തവര്‍ക്ക് വീടുണ്ടാക്കാനായി നല്‍കണമെന്നായിരുന്നു പവനന്‍റെയും കലാനാഥന്റെയും മറ്റ് സമരക്കാരുടെയും ആവശ്യം. അതില്‍ പങ്കെടുത്ത എല്ലാവരും ക്രൂരമായ മര്‍ദ്ദനത്തിന് ഇരയായി. മറ്റൊരു ബോധവല്‍ക്കരണ സമരം കലാനാഥന്‍ നയിച്ചത് പൊന്നമ്പല മേട്ടിലേക്കായിരുന്നു. മകരവിളക്ക് സ്വയം പ്രത്യക്ഷപ്പെടുന്നതല്ലെന്നും അധികാരികള്‍ കത്തിച്ച് കാണിക്കുന്നതാണെന്നും യുക്തിവാദികള്‍ തെളിയിച്ചു. ഇന്ന് മലയാളികളെക്കാള്‍ കൂടുതലായി മകരവിളക്ക് കാണാന്‍ തിരക്കുണ്ടാക്കുന്നത് മറ്റു സംസ്ഥാനങ്ങളിലെ ഭക്തന്മാരാണ്. 


വള്ളിക്കുന്നു പഞ്ചായത്തില്‍ കലാനാഥന്‍റെ നേതൃത്വത്തില്‍ നടന്ന കൂട്ടായപ്രവര്‍ത്തനങ്ങള്‍ ആ പഞ്ചായത്തിനെ കേരളത്തിലെ ഏറ്റവും മികച്ച പ്രാദേശിക ഭരണകൂടമാക്കി മാറ്റി. വിവിധ ജാതിമത വിശ്വാസികളെയും കീരിയും പാമ്പും കളിക്കുന്ന കക്ഷിരാഷ്ട്രീയക്കാരെയും യോജിപ്പിച്ചുകൊണ്ടാണ് മനുഷ്യാദ്ധ്വാനത്തിന്റെ മഹാകാവ്യം കലാനാഥന്‍ രചിച്ചത്. കടലുണ്ടി - ചെട്ട്യാർമാട് റോഡ്, കോട്ടക്കടവ് പാലം, ആനങ്ങാടി ഫിഷ് ലാന്റിങ് സെന്‍റര്‍ തുടങ്ങി നിരവധി സ്വപ്നപദ്ധതികള്‍ കലാനാഥന്‍ എന്ന ഹൃദയപക്ഷ പഞ്ചായത്ത് പ്രസിഡന്‍റിന്റെ നേതൃത്വത്തില്‍ സാക്ഷാത്ക്ക രിക്കപ്പെട്ടു. കാട്ടുങ്ങല്‍ തോട് ജനകീയ ജലസേചന പദ്ധതി, മണല്‍ചാക്കുകള്‍ കൊണ്ട് ഭിത്തിയുണ്ടാക്കി കടലാക്രമണം തടഞ്ഞ കൂട്ടായ പ്രവര്‍ത്തനം,മലയാട്ടില്‍ തോട് നവീകരണം, ജനകീയ ബോട്ടുജെട്ടി നിര്‍മ്മാണം തുടങ്ങിയ ഭാവനാപൂര്‍ണമായ പദ്ധതികളിലൂടെ വള്ളിക്കുന്നു പഞ്ചായത്ത് ജനകീയാസൂത്രണം വരുന്നതിനു മുന്നേതന്നെ ശ്രദ്ധിക്കപ്പെട്ടു.


ഈ വിജയത്തിന് കലാനാഥന്‍ മാതൃകയാക്കിയത് കൊച്ചീരാജ്യത്ത് നിരവധി പരിഷ്ക്കാരങ്ങള്‍ക്ക് നേതൃത്വം നല്കിയ മന്ത്രിയും യുക്തിവാദിയും കവിയുമായ സഹോദരന്‍ അയ്യപ്പനെ ആയിരുന്നു. അധികാരത്തിലെത്തുന്ന ഒരു യുക്തിവാദിക്കുമുന്നില്‍ അധികാരത്തിലെത്തിയ യുക്തിവാദികള്‍ തന്നെ മാതൃകയായിട്ടുണ്ട്. മനുഷ്യാദ്ധ്വാനത്തെ ഏകോപിപ്പിക്കുവാന്‍ കലാനാഥന്‍ കണ്ട ഒരു മാര്‍ഗം ഒന്നിച്ചുള്ള ആഹാരരീതിയായിരുന്നു. കൂട്ടായ പ്രവര്‍ത്തനം നടത്തേണ്ട ദിവസം രാവിലെതന്നെ ഒരു ആടിനെ അറുക്കും. ആട്ടിറച്ചിക്കറിയും ചോറും കഴിച്ചു വിശപ്പു മാറ്റിയിട്ട്  പ്രസിഡണ്ടും പൊതുജനങ്ങളും പിന്നേയും പണിക്കിറങ്ങും. അദ്ധ്യക്ഷന്‍ അഖിലേന്ത്യാക്കമ്മിറ്റിക്കു പോകാന്‍ വേണ്ടി മുങ്ങുന്ന പരിപാടിയൊന്നും കലാനാഥന് ഇല്ലായിരുന്നു.


ഭക്തരായ മതവിശ്വാസികളോട് ഈ യുക്തിവാദി നേതാവിന് ഒരു വിരോധവുമില്ലായിരുന്നു. അവര്‍ പലകാരണങ്ങളാല്‍ അകപ്പെട്ടുപോയവര്‍ എന്നായിരുന്നു അദ്ദേഹത്തിന്റെ സമീപനം. ബാബറിപ്പള്ളി പൊളിച്ചതിനെതിരെയും ക്രിസ്തുവിന്‍റെ ആറാം തിരുമുറിവ് നിരോധിച്ച കാലത്ത് ആവിഷ്ക്കാര സ്വാതന്ത്ര്യത്തിനു വേണ്ടിയും, മതമില്ലാത്ത ജീവന്‍ എന്ന മാതൃകാപാഠം സംരക്ഷിക്കാന്‍ വേണ്ടിയും കലാനാഥന്‍റെ നേതൃത്വത്തില്‍ നടത്തിയ സമാധാനപൂര്‍ണ്ണമായ സമരങ്ങള്‍ ശ്രദ്ധേയമായിരുന്നു.


മഹാരാഷ്ട്രയിലെ യുക്തിവാദി നേതാവായിരുന്ന നരേന്ദ്ര ധബോല്‍ക്കര്‍ കൊല്ലപ്പെട്ടപ്പോള്‍ കവിയും ഗവേഷകനുമായ ഇരിങ്ങല്‍ കൃഷ്ണനൊപ്പം ധബോല്‍ക്കറിന്റെ വീട്ടിലെത്തി അനുശോചനം രേഖപ്പെടുത്തിയ കലാനാഥന്‍ 

നാട്ടില്‍ വന്നിട്ട് അതെമാതൃകയില്‍ ഒരു ബില്ലിനു രൂപം നല്കി. കേരളത്തിന്റെ സെക്രട്ടേറിയറ്റിന് മുന്നില്‍ വലിയ ധര്‍ണ സംഘടിപ്പിക്കുകയും  അന്ധവിശ്വാസനിര്‍മ്മാര്‍ജന ബില്ലിന്‍റെ കരട് രേഖ മന്ത്രിമാര്‍ക്ക്  സമര്‍പ്പിക്കുകയും ചെയ്തു. അന്ധവിശ്വാസങ്ങള്‍ക്ക് എതിരെയുള്ള ബോധവല്‍ക്കരണത്തിനായി ഒന്നിലധികം തവണ കലാനാഥന്‍ 

കേരളയാത്രകള്‍ സംഘടിപ്പിച്ചു. പത്മനാഭന്‍ പള്ളത്ത് അഡ്വ.കെ.എന്‍ അനില്‍ കുമാര്‍, അഡ്വ.രാജഗോപാല്‍ വാകത്താനം, ഗംഗന്‍ അഴീക്കോട്, നാരായണന്‍ പേരിയ, ടി കെ ശക്തിധരന്‍,ജോണ്‍സണ്‍ ഐരൂര്‍, എ വീ ജോസ്  ധനുവച്ചപുരം സുകുമാരന്‍ ടി പി മണി, എലിസബത്ത് തുടങ്ങിയ സഖാക്കള്‍ അദ്ദേഹത്തോടൊപ്പം ഈ സന്നാഹങ്ങളില്‍ ഉണ്ടായിരുന്നു.


ഞങ്ങള്‍ പത്തു സാംസ്കാരിക പ്രവര്‍ത്തകര്‍ ചേര്‍ന്ന് കൊടിയും ബാനറുമില്ലാതെ നടത്തിയ മതാതീത കേരള സാംസ്കാരികയാത്ര അരിയല്ലൂരിലെത്തിയപ്പോള്‍ അവിടെ മനുഷ്യസംഗമം സംഘടിപ്പിച്ചത് കലാനാഥന്‍ ആയിരുന്നു. ആ മനുഷ്യസംഗമം ഉദ്ഘാടനം ചെയ്തുകൊണ്ട് അദ്ദേഹം നടത്തിയ പ്രസംഗത്തില്‍ ജാതിരഹിത കേരളത്തിന്‍റെ ആവശ്യകതയായിരുന്നു പ്രമേയമാക്കിയത്.


ഡോ.എ.ടി കോവൂര്‍ കൊളംബോയില്‍ നിന്നും അഴിച്ചുവിട്ട സമരോത്സുകയുക്തിവാദത്തിന്‍റെ തരംഗസഞ്ചാരത്തില്‍ യു.കലാനാഥന്‍ മികച്ച നാവികനായി. ഇടമറുകിന്റെയും കുടുംബത്തിന്റെയും സമര്‍പ്പിത യുക്തിവാദ പ്രവര്‍ത്തനങ്ങളെ  അഭിവാദ്യം ചെയ്ത കലാനാഥന് ഇടമറുകിനെ പോലെതന്നെ കേരളസാഹിത്യ അക്കാദമിയുടെ അംഗീകാരവും ലഭിച്ചു.


സ്പെഷ്യല്‍ മാരേജ് ആക്ട് അനുസരിച്ചായിരുന്നു യു.കലാനാഥന്‍റെ വിവാഹം.അദ്ദേഹത്തിന്റെ നേതൃത്വത്തില്‍ നൂറുകണക്കിനു മിശ്രവിവാഹങ്ങള്‍ കേരളത്തില്‍ നടന്നു. മരണാനന്തരം യു.കലാനാഥന്‍റെ നിശ്ചലശരീരം കോഴിക്കോട് മെഡിക്കല്‍ കോളജിലെ വിദ്യാര്‍ഥികള്‍ക്ക് പാഠപുസ്തകമായി മാറി. നാട്ടിലും വീട്ടിലും ഒരുപോലെ യുക്തിവാദിയായിരുന്നു കലാനാഥന്‍.


പത്മനാഭസ്വാമി ക്ഷേത്രത്തില്‍ സൂക്ഷിച്ചിട്ടുള്ള വമ്പന്‍നിധിശേഖരം ജനങ്ങള്‍ക്കുള്ളതാണെന്നും അതിലൊരുഭാഗമെങ്കിലും ദരിദ്രകേരളീയരെ സഹായിക്കാനായി ഉപയോഗിക്കണമെന്നും ആവശ്യപ്പെട്ടതിന് കലാനാഥന്റെ വീട് ആക്രമിക്കപ്പെട്ടു. കരുനാഗപ്പള്ളിയില്‍ അമൃതാനന്ദമയിയെ തുറന്നുകാട്ടിയതിനും തെരുവില്‍ വച്ച് കലാനാഥന്‍ അപമാനിക്കപ്പെട്ടു. 

പൊങ്കാലക്കെതിരെ പ്രതികരിച്ചതിന് സംഘടിത ഭക്തജനം കലാനാഥന്‍റെ വീടിനുമുന്നില്‍ പൊങ്കാലയിട്ടു.


ഇതൊന്നും ആ കലാപകാരിയായ കവിയുടെ ഉള്‍ത്തീ കെടുത്തിയില്ല.

കലാപനാഥന്‍ എന്നൊരു കുറ്റപ്പേരുപോലും ശത്രുക്കള്‍ അദ്ദേഹത്തിന് ചാര്‍ത്തിയിരുന്നു. മതങ്ങളെ കുറിച്ച് നന്നായി മനസ്സിലാക്കിയിരുന്ന കലാനാഥനുമായി ഇസ്ലാം മത പണ്ഡിതര്‍ നടത്തിയ സംവാദം ശ്രദ്ധേയമായിരുന്നു.


പത്മനാഭസ്വാമി സമ്മാനമെന്ന സാഹിത്യ അക്കാദമിയുടെ സവര്‍ണ്ണ ഹിന്ദു  പുരസ്ക്കാരം ഞാന്‍ വേണ്ടെന്ന് വച്ചപ്പോള്‍ അദ്ദേഹം എന്നെ പിന്തുണച്ചിരുന്നു. കവികള്‍ക്ക് അവാര്ഡ് നിഷേധത്തിലും ഐക്യപ്പെടാമെന്ന് അന്നാണ് ബോധ്യപ്പെട്ടത്. 


യുക്തിരേഖയില്‍ ശാസ്ത്രാധ്യാപകന്നായിരുന്ന കലാനാഥന്‍ ചെയ്തിരുന്ന ചോദ്യോത്തര പംക്തി ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു. മതം സാമൂഹ്യ പുരോഗതിയുടെ ശത്രു, ആത്മാവ് സങ്കല്‍പ്പമോ യാഥാര്‍ഥ്യമോ, ഇസ്ലാം മതവും യുക്തിവാദവും തുടങ്ങിയ സൂക്ഷിച്ചുവയ്ക്കാവുന്ന ഗ്രന്ഥങ്ങളും കലാനാഥന്‍ എഴുതിയിട്ടുണ്ട്. കലാനാഥന്‍റെ ഉത്സാഹത്തില്‍ തയ്യാറാക്കിയ യുക്തിദര്‍ശനം എക്കാലത്തേക്കുമുള്ള ഒരു റഫറന്‍സ് പുസ്തകമാണ്. യു. കലാനാഥനെ കുറിച്ചുള്ള ഒരു ബൃഹദ്ഗ്രന്ഥം കടലുണ്ടി പബ്ലിക് ലൈബ്രറി പ്രസിദ്ധീകരിച്ചിട്ടുണ്ട്. 


ചങ്ങമ്പുഴയില്‍ നിന്നും കലാനാഥന്‍ ശേഖരിച്ച വിത്തുകള്‍ പാഴായിട്ടില്ല. ഏതു വേനലിലും അത് മുളയ്ക്കാന്‍ സന്നദ്ധമായി അവശേഷിക്കുന്നുണ്ട്.

(മാതൃഭൂമി ആഴ്ച്ചപ്പതിപ്പ് 2024 ഏപ്രില്‍ 7)

No comments:

Post a Comment