Wednesday, 24 April 2024

പടപ്പാട്ടുകാരനായ സലിംരാജ്

 പടപ്പാട്ടുകാരനായ സലിംരാജ് 

------------------------------------------------
കുടുംബാംഗങ്ങളെ മാത്രമല്ല പി. സലിംരാജിന്‍റെ മരണം വേദനിപ്പിച്ചത്. ലോകത്തെമ്പാടും പടര്‍ന്നുകിടക്കുന്ന അദ്ദേഹത്തിന്റെ സൌഹൃദ മേഖലയെ ആ മരണം അമ്പരപ്പിച്ചു. പരുത്തിതൂവാലകൊണ്ട് അവര്‍ അവിശ്വസനീയതയോടെ മിഴിയൊപ്പി. കവി എന്നതിലുപരി സാംസ്ക്കാരികപ്രവര്‍ത്തകരുടെ സഹായിയായിരുന്നു സലീംരാജ്.

കേരള സാഹിത്യ അക്കാദമിയില്‍ പ്രൂഫ് റീഡറായിരുന്ന സലീമിന് അക്കാദമി ലൈബ്രറിയിലെ മുക്കും മൂലയുമെല്ലാം ഹൃദിസ്ഥമായിരുന്നു. മാസികകളുടെയോ പത്രങ്ങളുടെയോ പുസ്തകങ്ങളുടെയോ ശേഖരത്തില്‍ നിന്നു ആവശ്യക്കാര്‍ക്ക് വേണ്ട കാര്യങ്ങള്‍ പകര്‍ത്തിയെടുത്തു കൊടുക്കാന്‍ സലിം സദാ സന്നദ്ധനായിരുന്നു.

ഇടതുപക്ഷ രാഷ്ട്രീയത്തിന്‍റെ തണലിലായിരുന്നു സലിമിന്റെ വിദ്യാര്‍ഥി ജീവിതം. അതുകൊണ്ടുതന്നെ കെ രാധാകൃഷ്ണനും പി.ബാലചന്ദ്രനും വി.എസ് സുനില്‍ കുമാറും കെ.രാജനും സുനിലു മൊക്കെ സലീമിന് സഹോദരന്മാരായി. ബാലചന്ദ്രന്‍ ചുള്ളിക്കാടും കുഞ്ഞപ്പ പട്ടാന്നൂരും വി.ജി തമ്പിയുമൊക്കെ സലിമിന്റെ ഹൃദയത്തിലെ നക്ഷത്രങ്ങളായി. കുഞ്ഞുണ്ണി മാഷും വൈലോപ്പിള്ളിയും ആറ്റൂര്‍ രവിവര്‍മ്മയും എല്ലാം സൂര്യന്മാരായി.

ഒരാള്‍ പ്രണയത്തെ അനുഭവിച്ച വിധം എന്നൊരു ചെറുപുസ്തകവുമായിട്ടായിരുന്നു സലിമിന്റെ പുറപ്പാട്. ആയിരക്കണക്കിനു കവിതകള്‍ക്ക് വിഷയമായ പ്രണയത്തെ സലിം മറ്റൊരു രീതിയില്‍ അടയാളപ്പെടുത്തി. മാമ്പഴം തന്ന കാമുകിയോട് ഇത് സ്നേഹപ്രകടനം ആണെന്നും പ്രകടിപ്പിക്കാനാവാത്ത പ്രണയമാണ് തനിക്ക് വേണ്ടതെന്നും സലീമിലെ കാമുകകവി പറഞ്ഞു. പഴയ സിനിമാ പാട്ടുപുസ്തകത്തെ ഓര്‍മ്മിപ്പിക്കുന്ന ചെറുപുസ്തകമായിരുന്നു അത്. 
തൃശൂരിലെ സിനിമാപ്രേമികള്‍ പുറത്തിറക്കിയ കൊട്ടകയുടെ എഡിറ്ററും സലിം ആയിരുന്നു.

ഓരോ വര്‍ഷാദ്യവും മുടങ്ങാതെ പുതുവത്സരാശംസകള്‍ അറിയിക്കുന്ന സലിം അതിനായി സ്വന്തം കാര്‍ഡുകള്‍ തന്നെ  രൂപപ്പെടുത്തി. പിന്നെ തൃശൂര്‍ നഗരവും സഖാക്കളും സലിമിനെ കാണുന്നത് പടപ്പാട്ടുകാരനായിട്ടാണ്. ഓരോ വാക്കിലും ആവേശത്തിന്‍റെ ചോരയോട്ടമുള്ള വിപ്ലവഗീതങ്ങള്‍ സലിം എഴുതി. ചരിത്രത്തെ ചലിപ്പിച്ച അക്ഷരശക്തിയെന്നും  സ്വപ്നം കാണാന്‍ പഠിപ്പിച്ച പുസ്തകശക്തിയെന്നും വിശേഷിപ്പിച്ചുകൊണ്ട് സലിം എഴുതിയ കമ്മ്യൂണിസ്റ്റ് മാനിഫെസ്റ്റോ ഗീതം ഏറെ ശ്രദ്ധിക്കപ്പെട്ടു. വി എസിനെ കുറിച്ചെഴുതിയ കണ്ണേ കരളേ എന്ന ഗീതവും ജനപ്രിയത നേടി. ഗംഗാതടത്തില്‍ ബലിച്ചുടലകള്‍ കണ്ടു കണ്ണീരൊഴുക്കയാണിന്ത്യ എന്ന രചന ശ്രദ്ധേയമായത് സമീപകാലത്താണ്. മണ്ടേല മണ്ടേല നെല്‍സണ്‍ മണ്ടേല എന്ന പോരാട്ടപ്പാട്ടും ഹൃദയത്തെ സ്പര്‍ശിച്ചു. ഈ ഗാനത്തിനു സലിം ഇട്ടപേര് വീരവണക്കം എന്നായിരുന്നു വിപ്ലവഗാനങ്ങള്‍, പാര്‍ട്ടിയെന്നാല്‍, അക്ഷരനന്മ തുടങ്ങിയ ചെറുപുസ്തകങ്ങളും സലിമിന്റെ കയ്യൊപ്പ് പതിഞ്ഞതായിരുന്നു.

കബീറിന്‍റെ ഗീതങ്ങള്‍ മലയാളപ്പെടുത്തി പുഷ്പവതിയെക്കൊണ്ട് പാടിച്ച് ഒരു ശബ്ദകം പുറത്തിറക്കുന്നതില്‍ സലിം കാണിച്ച ഉത്സാഹത്തിന് മലയാളം കടപ്പെട്ടിരിക്കുന്നു. ഞാന്‍ ആവര്‍ത്തിച്ചു കേട്ടിട്ടുള്ള ഒരു ഗീതസമാഹാരമാണത്. സലിം ഒടുവിലെഴുതിയ പടപ്പാട്ട് തൃശൂരെ ഇടതുപക്ഷ സാരഥിയായ വി.എസ് സുനില്‍ കുമാറിന് വേണ്ടിയുള്ളതാണെന്ന് തോന്നുന്നു. സുനിലിനൊരു ഗീതം എന്നു പേരിട്ട ആ ഹൃദയപക്ഷഗീതം വി.എസ്.സുനില്‍ കുമാറിനെ ശരിയായ രീതിയില്‍ അടയാളപ്പെടുത്തുന്നതായിരുന്നു. അന്തിക്കാടിന്നമ്മമനസ്സില്‍  ചെന്തീപ്പൊരിയുടെ ചേലില്‍, തിളങ്ങിനില്‍ക്കും താരകമല്ലേ നമ്മുടെ വി.എസ്.സുനില്‍ കുമാര്‍ ഇങ്ങനെ ആരംഭിച്ച ആ ഗീതം ആ സഖാവിന്‍റെ ഹൃദയം പകര്‍ത്തുന്നതായിരുന്നു.

സിനിമ ലക്ഷ്യം വയ്ക്കാതെ സ്വന്തം ചോരയോടുള്ള കടപ്പാട് രേഖപ്പെടുത്താനായി മാത്രമാണു സലിം രാജ്  ഗീതങ്ങള്‍ രചിച്ചത്.
തൃശൂരെ വലുതും ചെറുതുമായ എല്ലാ സാംസ്ക്കാരിക സംരംഭങ്ങളിലും സലിമിന്റെ സാന്നിധ്യം ഉണ്ടായിരുന്നു. സലിം രാജ് നിളാനദിയെ വിശേഷിപ്പിച്ചത് കളിയച്ഛനെഴുതിയ കവിപാദം ചുംബിച്ച നിളയെന്നായിരുന്നു. മനസ്സില്‍ നിറയെ വിപ്ലവസ്വപ്നങ്ങളും പുറമെ അസാധാരണമായ ശാന്തതയും സലിമിന്റെ പൂര്‍ണ്ണതയായിരുന്നു.
-

No comments:

Post a Comment