പ്രസിദ്ധ കവിയും ഗാനരചയിതാവുമായ റഫീക്ക് അഹമ്മദിന്റെ കാവ്യപുസ്തകം പ്രകാശനം ചെയ്തുകൊണ്ട് മലയാളത്തിന്റെ പ്രിയ കഥാകാരന്‍ എം മുകുന്ദന്‍ നടത്തിയ ഒരു പരാമര്‍ശം പ്രത്യേകം ശ്രദ്ധയര്‍ഹിക്കുന്നു. വര്‍ത്തമാനകാലത്ത് വായനക്കാരേക്കാള്‍ കൂടുതല്‍ കവികളുണ്ട് എന്നായിരുന്നു ആ പരാമര്‍ശം.
കേരളത്തിലെ ചില പ്രദേശങ്ങള്‍ കവിബാഹുല്യം കൊണ്ട് കൗതുകകരമായ ശ്രദ്ധയര്‍ഹിക്കുന്നതായി ഇതിനകം റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടുണ്ട്. തിരുവനന്തപുരം ജില്ലയിലെ, പശ്ചിമഘട്ടത്തിന്റെ കവാടമായ നെടുമങ്ങാടാണ് ഒരു പ്രദേശം. വ്യത്യസ്ത വ്യക്തിത്വത്തോടെ കാവ്യരംഗത്ത് പ്രവര്‍ത്തിച്ച് പൊതുമലയാളത്തില്‍ ശ്രദ്ധനേടിയവരാണ് നെടുമങ്ങാട്ടെ കവികള്‍. ഗിരീഷ് പുലിയൂര്‍, ചായം ധര്‍മ്മരാജന്‍, ബി എസ് രാജീവ് തുടങ്ങിയവരിലാരംഭിച്ച് മാതൃഭൂമി കവിതാരചനാ മത്സരത്തില്‍ ഒന്നാം സ്ഥാനത്തിനര്‍ഹയായ എന്‍ ജി നയനതാരയിലും സംസ്ഥാന സ്‌കൂള്‍ കലോത്സവത്തിന് കാവ്യരചനയില്‍ ഒന്നാം സ്ഥാനത്തെത്തിയ ആര്‍ദ്രാ രാജഗോപാലിലുംവരെ പ്രകാശിക്കുന്നതാണ് നെടുമങ്ങാടന്‍ കാവ്യനിര.
കണ്ണൂര്‍ ജില്ലയിലെ പയ്യന്നൂരും കോഴിക്കോട് ജില്ലയിലെ വടകരയും വ്യത്യസ്ത വ്യക്തിത്വമുള്ള കവികളാല്‍ സമര്‍ഥമാണ്. ഇവരുടെയൊക്കെ കവിതകള്‍ ജനങ്ങള്‍ വായിക്കുന്നുമുണ്ട്.
നവീന വായനയുടെ സുന്ദരമുഖമായ ഇന്റര്‍നെറ്റില്‍ ഏറ്റവും കൂടുതല്‍ വായിക്കപ്പെടുന്ന സാഹിത്യസംരംഭം കവിതയാണ്. സൈബര്‍ സാധ്യതകളെ നോവലായി ആവിഷ്‌ക്കരിച്ച എം മുകുന്ദന്‍ ഇതിനെക്കുറിച്ച് ബോധവാനാകാതിരിക്കാനിടയില്ല.
ഇന്റര്‍നെറ്റില്‍ നിരവധി കാവ്യചര്‍ച്ചാ സംഘങ്ങളുണ്ട്. അതില്‍ ഒരു പ്രധാന സംഘമാണ് മലയാള കവിതാദിനം ആവിഷ്‌ക്കരിച്ച് ആചരിച്ച കാവ്യകേളി. ബൂലോക കവിത, കലിക, കവിതമഴ, ശ്രുതിലയം തുടങ്ങി അസംഖ്യം കാവ്യചര്‍ച്ചാ സംഘങ്ങള്‍ ഇന്റര്‍നെറ്റില്‍ പ്രവര്‍ത്തിക്കുന്നുണ്ട്. ഇന്റര്‍നെറ്റില്‍ വായിക്കപ്പെടുന്ന നിരവധി ബ്ലോഗുകള്‍ കൂടാതെയാണ് ഈ കാവ്യവായന ഫലവത്താകുന്നത്. ശ്രുതിലയം എന്ന സോഷ്യല്‍ നെറ്റ് വര്‍ക്ക് ഗ്രൂപ്പ് എഴുത്തുകാരുമായി നടത്തിയ ദീര്‍ഘസംഭാഷണങ്ങള്‍ വളരെയധികം ശ്രദ്ധിക്കപ്പെട്ടിട്ടുണ്ട്. അക്ഷരം ഓണ്‍ലൈന്‍ മാഗസിനിലും നെല്ല് തുടങ്ങിയ മാഗസിനുകളിലും തുടര്‍ച്ചയായി വന്നുകൊണ്ടിരിക്കുന്ന കവിതകള്‍ വളരെയധികം ശ്രദ്ധിക്കപ്പെടുന്നുണ്ട്.
ലൈക്കും കമന്റും നോക്കിയാണ് കവിതയുടെ സ്വീകാര്യത തിട്ടപ്പെടുത്തുന്നതെങ്കില്‍ കരീം മലപ്പട്ടത്തിന്റെ കവിതയ്ക്കു ലഭിച്ച രണ്ടായിരത്തോളം ലൈക്കുകളും അനുകൂലിച്ചും പ്രതികൂലിച്ചുമുള്ള അനവധി പ്രതികരണങ്ങളും ഒരു വിസ്മയരേഖ തന്നെ സൃഷ്ടിച്ചു. കുഴൂര്‍ വിത്സന്‍, വിഷ്ണുപ്രസാദ്, ഉമാരാജീവ്, ഡോണമയൂര തുടങ്ങിയവരുടേയും രചനകള്‍ സൈബര്‍ ലോകത്ത് വ്യാപകമായി വായിക്കപ്പെടുന്നുണ്ട്.
ഇതൊന്നും കൂടാതെയാണ് 'ഇന്നു വായിച്ച കവിത' എന്ന പ്രതിദിന പംക്തി. ആനുകാലിക പ്രസിദ്ധീകരണങ്ങളില്‍ വരുന്നവയും പുസ്തകങ്ങളായി പ്രസിദ്ധീകരിക്കപ്പെടുന്നവയുമാണ് ഈ പംക്തിയില്‍ പ്രത്യക്ഷപ്പെടുന്ന കവിതകള്‍. ഓരോ ദിവസവും വായിക്കുന്ന കവിതകളില്‍ നിന്നും തിരഞ്ഞെടുക്കുന്ന മികച്ച രചനയാണ് ഇവിടെ പോസ്റ്റു ചെയ്യപ്പെടുന്നത്. മലയാളത്തില്‍ പ്രസിദ്ധീകരിക്കപ്പെടുന്ന ചെറുമാസികകളും ഞായര്‍ പതിപ്പുകളുമെല്ലാം പരിഗണിക്കുകയും കവിയുടെ പേര് കണക്കാക്കാതെ പോസ്റ്റ് ചെയ്യപ്പെടുകയും ചെയ്യുന്നു. ചൊവ്വാഴ്ച മുതല്‍ ശനിയാഴ്ച വരെയുള്ള ദിവസങ്ങളില്‍ മലയാള കവിതകളും ഞായര്‍ ദിനങ്ങളില്‍ കാലയവനികയ്ക്കുള്ളില്‍ മറഞ്ഞ് നക്ഷത്രങ്ങളായി മാറിയ കവികളുടെ രചനകളും തിങ്കളാഴ്ചകളില്‍ വിവര്‍ത്തിത കവിതകളുമാണ് ഈ പംക്തിയിലുള്ളത്.
ശരാശരി മുന്നൂറു വായനക്കാരാണ് എല്ലാ ദിവസവും ഇന്നു വായിച്ച കവിത ശ്രദ്ധിക്കുകയും അഭിപ്രായം രേഖപ്പെടുത്തുകയും ചെയ്യുന്നത്. ഇംഗ്ലണ്ടിലും ഓസ്‌ട്രേലിയയിലും ഗള്‍ഫ് നാടുകളിലും അമേരിക്കയിലും ഇന്ത്യയിലും ഒക്കെയുള്ള വായനക്കാര്‍ കവിതകള്‍ വായിച്ച് ശ്രദ്ധയോടെ പ്രതികരിക്കുന്നു എന്നുള്ളത് ഈ പംക്തിയുടെ ഒരു പ്രത്യേകതയാണ്. മലയാള കവിതയില്‍ ഇനിയും ശ്രദ്ധിക്കപ്പെടേണ്ട പി എസ് ഉണ്ണികൃഷ്ണന്‍, വിശ്വന്‍ മണലൂര്‍, മൈനാഗപ്പള്ളി ശ്രീരംഗന്‍, സാദിര്‍ തലപ്പുഴ, ലക്ഷ്മണന്‍ മാധവ് തുടങ്ങിയവരുടെ രചനകള്‍ക്ക് അസാമാന്യമായ സ്വീകാര്യതയാണ് ലഭിച്ചത്.
കഥയോ ലേഖനമോ നാടകമോ ഒന്നും തന്നെ സൈബര്‍ ചുമരുകളില്‍ കവിതയോളം വായിക്കപ്പെടുന്നില്ല. കവിതകളില്‍ തന്നെ ദീര്‍ഘകവിതകളോട് അത്ര കമ്പമില്ലെന്നുള്ളത് ശ്രദ്ധേയമായ കാര്യമാണ്. പ്രണയം, പ്രതിഷേധം തുടങ്ങിയവ വിഷയമായി വരുന്ന സ്‌ഫോടക ശേഷിയുള്ള ലഘുകവിതകള്‍ക്കാണ് സൈബര്‍ ലോകത്ത് കൂടുതല്‍ സ്വീകാര്യതയുള്ളത്. മറ്റു സാഹിത്യശാഖകളെ സൈബര്‍ വായന വളരെയധികം പിന്നിലാക്കിയിരിക്കുന്നു എന്നര്‍ഥം.
കവികള്‍ വര്‍ധിക്കുന്നു എന്നതില്‍ എം മുകുന്ദന്‍ പരിഭവപ്പെട്ടിട്ടുകാര്യമില്ല. എല്ലാവരും എഴുതട്ടെ. ലെനിന്‍ പറഞ്ഞതുപോലെ നൂറുപൂക്കള്‍ വിടരട്ടെ. കൂടെക്കൂട്ടേണ്ടുന്ന കവിതകള്‍ കാലം തിരഞ്ഞെടുത്തു കൊള്ളും.
|
Friday, 10 January 2014
കവികള്‍ ഇടങ്ങഴി, വായനക്കാര്‍ നാഴിയുരി
Subscribe to:
Post Comments (Atom)
കവിതപ്പൂക്കാലം വരട്ടെ
ReplyDeleteപൂർണ്ണ പിന്തുണ
ReplyDeleteസഹൃദയ കാവ്യമതേകുന്നു സുഖകര-
ReplyDeleteനിമിഷങ്ങള്‍!സുരഭിലയോര്‍മ്മകളീവിധം!
കവിയൊരു മായാപ്രപഞ്ചത്തെത്തൂലിക-
യാലൊരുക്കുന്നൊപ്പംനടക്കുന്നു കാലവും!!
-അന്‍വര്‍ ഷാ ഉമയനല്ലൂര്‍-