പശ്ചിമബംഗാളിന്റെ തലസ്ഥാനത്താണ് വിസ്മയകരമായ ആ കാഴ്ചകണ്ടത്. പ്രസിദ്ധമായ പ്രസിഡൻസി കോളജും മറ്റും സ്ഥിതിചെയ്യുന്ന കോളജ് സ്ട്രീറ്റിൽ ലക്ഷക്കണക്കിനു പഴയപുസ്തകങ്ങൾ നിരത്തിവച്ചിരിക്കുന്നു. നിരവധി ആളുകൾ പുസ്തകങ്ങൾ മറിച്ചുനോക്കി അവിടെ ചുറ്റിപ്പറ്റിനിൽക്കുന്നു.
ഫുട്പാത്തിൽത്തന്നെയാണ് ഈ പുസ്തകങ്ങൾ നിരത്തിവച്ചിട്ടുളളത്. വഴിയോരവാണിഭക്കാരെക്കൊണ്ട് വീർപ്പുമുട്ടിയ നഗരമാണ് കൊൽക്കത്ത. പുനരധിവാസ ക്രമീകരണങ്ങൾ ചെയ്തിട്ട് ജ്യോതിബസു എല്ലാ ഫുട്പാത്ത് കച്ചവടക്കാരെയും ഒഴിപ്പിച്ചു. എന്നാൽ പുസ്തകക്കച്ചവടക്കാരെ തുടരാൻ അനുവദിച്ചു.
ഇന്ത്യയിലെ പ്രധാന നഗരങ്ങളിലെല്ലാം പഴയ പുസ്തകങ്ങൾ വിൽക്കുന്ന തെരുവുകൾ ഉണ്ട്. കച്ചവടക്കാർ വിലകൊടുത്തുശേഖരിക്കുന്ന പുസ്തകങ്ങൾ കുറഞ്ഞ വിലയ്ക്ക് ഇവിടെ ലഭ്യമാണ്. ചാന്ദ്നിചൗക്കിൽ നിന്നും റുബായിയാത്തിന്റെ പഴയ പതിപ്പും മുംബൈയിൽ നിന്ന് ഖലിൽ ജിബ്രാൻ കാമുകിക്ക് എഴുതിയ കത്തുകളും കുറഞ്ഞ വിലയ്ക്ക് വാങ്ങിയത് ഓർക്കുന്നു.
അരവിന്ദന്റെ കാർട്ടൂൺകഥാപാത്രങ്ങളായ ഗുരുജിയും രാമുവും തെരുവോരത്തുനിന്നു കാഫ്കയെയും കാമുവിനെയും കണ്ടെത്തിയത് രസകരമായ ഒരു വായനാനുഭവം ആയിരുന്നല്ലൊ.
തിരുവനന്തപുരം നഗരത്തിലാണെങ്കിൽ ഇന്ത്യയിലെ ഏറ്റവും പഴക്കംചെന്ന ലൈബ്രറിയായ സ്റ്റേറ്റ് സെൻട്രൽ ലൈബ്രറിയുടെയും ലൈബ്രറി കൗൺസിൽ ആസ്ഥാനത്തിന്റെയും കേരള സർവകലാശാലാ ഓഫീസിന്റെയും പരിസരത്താണ് പഴയ പുസ്തകശേഖരങ്ങൾ വിൽപ്പനയ്ക്ക് വച്ചിട്ടുളളത്.
വഴിയോര പുസ്തകവിൽപ്പനശാലകളിൽ പുസ്തകം തേടിയെത്തുന്നവരിൽ അധികവും ശരാശരി കുടുംബങ്ങളിൽ നിന്നോ ദരിദ്രകുടുംബങ്ങളിൽനിന്നോ ഉളള സാധുക്കളായ വിദ്യാർഥികളാണ്. ഈ പുസ്തക ശേഖരങ്ങളിൽ എൺപതുശതമാനവും പഠന സഹായികളായിട്ടുളളവയാണ്. പാവപ്പെട്ട കുട്ടികൾക്ക് സാങ്കേതിക വിദ്യാഭ്യാസത്തിനു ആവശ്യമുളള പുസ്തകങ്ങൾ എല്ലാംതന്നെ വലിയ വിലയുളളവയാണ്. ആയിരംരൂപ മുഖവിലയുളള പഴയ പുസ്തകങ്ങൾ മുന്നൂറോ നാനൂറോ രൂപയ്ക്ക് ഇവിടെ ലഭിക്കും. അത് വലിയ സഹായംതന്നെയാണ്.
മറ്റു ജില്ലകളിലുളള വിദ്യാർഥികൾപോലും തിരുവനന്തപുരത്ത് പോകുന്നവരോട് പുസ്തകങ്ങൾ വാങ്ങിവരാൻ ആവശ്യപ്പെടാറുണ്ട്. മൂന്നു ലക്ഷത്തിലധികം പുസ്തകങ്ങളും മുപ്പതോളം കച്ചവടക്കാരുമാണ് തിരുവനന്തപുരത്തെ ഫുട്പാത്തിലുളളത്.
പുസ്തകക്കച്ചവടംകൊണ്ട് ഒരുവിധം കുടുംബം പുലർത്തിവരുന്ന ഇവരോട് പുസ്തകങ്ങളുമായി ഉടൻ സ്ഥലം വിടണമെന്നാണ് സർക്കാർ ആവശ്യപ്പെട്ടിട്ടുളളത്. ഒരുദിവസം ബുൾഡോസറുകളും പൊലീസുമായി സർക്കാർ അവതരിക്കുക കൂടി ചെയ്തു. മാധ്യമപ്രവർത്തകരുടെയും മറ്റും സാന്നിദ്ധ്യംകൊണ്ടാണ് അന്ന് പുസ്തകനശീകരണം സാധ്യമാകാതെ പോയത്.
പുനരധിവസിപ്പിക്കാനുളള ഒരു പരിശ്രമവും നടത്താതെ ഒഴിഞ്ഞുപോകാൻ ആജ്ഞാപിക്കുന്നത് ജനാധിപത്യ മൂല്യങ്ങൾക്ക് നിരക്കുന്നതല്ല. അവരും ഈ നാട്ടിലെ പൗരന്മാരല്ലേ. ജീവിക്കുവാനുളള അവകാശം അവർക്കുമില്ലേ?
വിദ്യാർഥികൾക്കു എത്താവുന്നതരത്തിൽ ഒരുസ്ഥലം കണ്ടെത്തിയിട്ടേ അവരോട് ഒഴിഞ്ഞുപോകാൻ ആവശ്യപ്പെടാവൂ. ആ തെരുവിൽതന്നെ ഒന്നരമീറ്ററിനുളളിൽ പുസ്തകം നിരത്തിവച്ചു വിൽപന നടത്താൻ അനുവദിക്കണമെന്ന അവരുടെ ആവശ്യവും ഭരണകൂടം പരിശോധിക്കണം.
മുല്ലപ്പെരിയാർ അണക്കെട്ട് കാക്കത്തൊളളായിരം വർഷത്തേക്ക് എഴുതിക്കൊടുത്തവരാണ് നമ്മൾ. തലസ്ഥാനനഗരത്തിലെ പല കെട്ടിടങ്ങളും സർക്കാർ ഭൂമിയിലാണ് നാമമാത്രമായ വാടകയ്ക്കും. അല്ലാതെയും ഉയർന്നു നിൽക്കുന്നത്. തെരുവു പുസ്തകക്കച്ചവടക്കാരോടുമാത്രം അധികാരത്തിന്റെ ഭാഷ ഉപയോഗിക്കുന്നത് മനുഷ്യത്വത്തിനു നിരക്കുന്നതല്ല. അധികാരപ്രയോഗം അവശരോടുമാത്രം എന്ന കാഴ്ചപ്പാട് ശരിയല്ല.
മഹാനഗരങ്ങളുടെ ഭരണാധികാരികൾ തെരുവുപുസ്തകക്കച്ചവടത്തെ സാംസ്കാരികമായ ഒരു അടയാളം എന്ന നിലയിലാണ് കാണുന്നത്. കേരളത്തിന്റെ തലസ്ഥാന നഗരത്തിനും ആ കാഴ്ചപ്പാട് യോജിക്കും. കുടിയിറക്കൽ ഒരു കലയേ അല്ലല്ലൊ.
കുടിയിറക്കൽ ഒരു കലയേ അല്ല സത്യം പക്ഷെ മനുഷ്യസ്നേഹികൾക്ക് അത് ഒരു കലാപമാണ് തെരുവോര പുസ്തകങ്ങളുടെ ഉപഭോക്താക്കളാണ് നമ്മളിൽ പലരും ഐക്യപ്പെടുന്നു
ReplyDeleteഅതെ ബൈജു.
ReplyDeleteപുസ്തകങ്ങള് നശിപ്പിക്കുന്നതും പുസ്തകക്കച്ചവടം തെരുവോരത്തായാലും നിരോധിക്കുകയും ചെയ്യുന്നത് സാംസ്കാരികാധ:പതനമാണ്
ReplyDeleteഅതെ അജിത്.
Deleteതീര്ച്ചയായും സര്.
ReplyDeleteനന്ദി കൂട്ടുകാരാ.
Delete