ലോകഫുട്ബോൾ കപ്പ് മത്സരമഹോത്സവം പല ചിന്തകളും നമുക്കുതന്നു. ഉത്സവം എന്നതിനെക്കാൾ ഒരു ലോകയുദ്ധത്തിന്റെ പ്രതീതി ആയിരുന്നു. സാഹിത്യകലാസാംസ്കാരിക മേഖലകൾക്ക് കൊടുക്കുന്ന ശ്രദ്ധയുടെ നൂറിരട്ടിയാണ് സർക്കാർ, കായികരംഗത്തിനു നൽകുന്നത്. സാമ്പത്തിക സഹായമാണെങ്കിൽ ആയിരമിരട്ടിയും. കവിതയോ നൃത്തമോ ഒന്നും മനുഷ്യനിൽ സ്പർധയുടെ പോർകൊമ്പുകൾ മുളപ്പിക്കാറില്ല. എന്നാൽ ഫുട്ബോളും ക്രിക്കറ്റും മറ്റും സ്പോർട്സ്മാൻ സ്പിരിറ്റും കടന്ന് വാർസ്പിരിറ്റിലെത്തിക്കും. ഇന്ത്യയും പാക്കിസ്ഥാനും തമ്മിൽ ക്രിക്കറ്റ് മത്സരം നടക്കുമ്പോൾ ഈ വികാരം പാരമ്യതയിൽ എത്തുന്നതു കാണാം.
ലോകകപ്പ് ഫുട്ബോൾ മേളയിൽ മലയാളികൾ അധികമാരും ജർമ്മനി ജയിക്കണമെന്ന് ആഗ്രഹിച്ചില്ല. ലാറ്റിൻ അമേരിക്കൻ രാജ്യങ്ങളും സ്പെയിൻ, ഹോളണ്ട് തുടങ്ങിയ രാജ്യങ്ങളുമാണ് ജയിക്കാൻ അർഹതയുളളവർ എന്നാണ് കേരളം കണ്ടെത്തിയത്. തൃശൂർ ലാ കോളജ് യൂണിയൻ വിദ്യാർഥികൾക്കിടയിൽ നടത്തിയ പ്രവചനമത്സരത്തിൽ, വലിയ വ്യത്യാസത്തോടെ ജർമ്മനി അഞ്ചാം സ്ഥാനത്താണുവന്നത്.
കേരളം മുഴുവൻ അർജന്റീന, ബ്രസീൽ, സ്പെയിൻ, ഇറ്റലി, ഫ്രാൻസ്, ഇംഗ്ളണ്ട് തുടങ്ങിയ രാജ്യങ്ങളുടെ ടീമുകളെ അഭിവാദ്യം ചെയ്തുകൊണ്ടുളള ഫ്ളക്സ്ബോർഡുകൾ ആയിരുന്നല്ലൊ. പല രാജ്യങ്ങളുടെയും പതാകകൊണ്ട് മലയാളി നഗ്നത മറയ്ക്കുകയും ചെയ്തു.
ബ്രസീലിന്റെയും അർജന്റീനയുടെയും പതാകകൾ ഏറ്റവുമധികം പാറിക്കളിച്ചതു മലപ്പുറം ജില്ലയിലായിരുന്നു. ബ്രസീലിന്റെ ദേശീയ പതാക ബ്രസീലിൽപോലും ഇത്രയും ഉണ്ടാകില്ല.
വിശ്വാസികളായ ആരാധകർ സ്വന്തം ടീം ജയിക്കാൻ വേണ്ടി പളളികളിൽ മെഴുകുതിരികളും ചന്ദനത്തിരികളും കത്തിച്ചു. അമ്പലങ്ങളിൽ പ്രതേ്യക പൂജനടത്തി. ബഹുഭൂരിപക്ഷം ആരാധകരുടെയും മുട്ടി പ്രാർഥനകളെ ദൈവം അവഗണിച്ചെന്നുവേണം കരുതാൻ. അല്ലെങ്കിൽ പണ്ടു നാസികൾ ഭരിച്ച ജർമ്മനി ജയിക്കില്ലായിരുന്നല്ലോ.
ഒരു ഭക്തൻ അർജന്റീനയുടെ മെസിക്കുവേണ്ടി ശത്രുസംഹാരപൂജ തന്നെ നടത്തിക്കളഞ്ഞു. എതിർ ടീമിലുളള എല്ലാവരെയും സംഹരിച്ച് മെസി നയിക്കുന്ന ടീം ജയിക്കാൻ വേണ്ടി ആയിരുന്നു നേർച്ച. തൃശൂർ ജില്ലയിലെ പീച്ചിഡാമിനടുത്തുളള വെളളക്കാരിത്തടത്തിലെ ശ്രീമഹാവിഷ്ണു മഹാലക് ഷ് മി ക്ഷേത്രത്തിൽ രണ്ടായിരത്തി ഇരുനൂറ്റിതൊണ്ണൂറ്റി മൂന്നാം നമ്പർ രസീത് അനുസരിച്ചാണ് ശത്രുസംഹാരപൂജ നടത്തിയത്. മെസി നയിച്ച അർജന്റീന തോറ്റെന്നു മാത്രമല്ല, മെസിക്ക് നല്ല കളിക്കാരനുളള സമ്മാനത്തിന് അർഹതയില്ലെന്ന് ഫുട്ബോൾ ഇതിഹാസം നമ്മുടെ ചെമ്മണ്ണൂർ ഫെയിം മറഡോണ ആക്ഷേപിക്കുകയും ചെയ്തു.
ബ്രസീലിനുവേണ്ടി നേർച്ചകൾ നടത്തിയ ആരാധകരുടെ അവസ്ഥയാണ് പരിതാപകരം. ഐതിഹാസികമായ തോൽവിയാണല്ലൊ ബ്രസീലിനു ലഭിച്ചത്. സമ്പന്ന രാഷ്ട്രമല്ലാത്ത ബ്രസീൽ ഈ മാമാങ്കം ഏറ്റെടുത്തതിനെതിരേ വൻ പ്രക്ഷോഭംപോലും അവിടെയുണ്ടായി. തോറ്റതിലുളള പ്രതിഷേധ പ്രകടനം വേറെയും. ശത്രുസംഹാരപൂജകൾ തിരിഞ്ഞുകടിച്ച സംഭവം കേരളത്തിൽ മുൻപും ഉണ്ടായിട്ടുണ്ട്.
വൈക്കം സത്യഗ്രഹത്തിന് നേതൃത്വം നൽകിയ തന്തൈപെരിയോർ ഇ വി രാമസ്വാമിക്ക് എതിരേ ആയിരുന്നു സംഹാരം
ഇ വി രാമസ്വാമിയുടെ തീപ്പൊരി പ്രസംഗങ്ങൾ വൈക്കം സത്യഗ്രഹപ്പന്തലിലേക്ക് സമരഭടൻമാരെ ആകർഷിച്ചതിൽ അസ്വസ്ഥരായ സവർണർ തിരുവിതാംകൂർ മഹാരാജാവിനു പരാതി നൽകി. രാജകിങ്കരന്മാർവന്ന് ഇ വി രാമസ്വാമിയെ അറസ്റ്റ് ചെയ്ത് പൂജപ്പുര സെൻട്രൽ ജയിലിൽ അടച്ചു. കൽത്തുറുങ്കിൽ കിടക്കുന്ന ഇ വി രാമസ്വാമിയെ ഉന്മൂലനം ചെയ്യാനായി ശത്രുസംഹാരയാഗം ആരംഭിച്ചു. വിശ്വാസമനുസരിച്ച് യാഗത്തിന്റെ പരിസമാപ്തിയിൽ ഇ വി രാമസ്വാമി മരിക്കണം. എന്നാൽ സംഭവിച്ചത് മറിച്ചാണ്. യാഗത്തിന്റെ പരിസമാപ്തിയിൽ രാജാവ് മരിച്ചു. അതിനെതുടർന്ന് തടവുപുളളികളെ തുറന്നുവിട്ടു. ഇ വി രാമസ്വാമി പുറത്തുവന്നു വൈക്കത്തെത്തി കൂടുതൽ തീജ്വാലകളോടെ സമരം തുടർന്നു.
ശത്രുസംഹാരത്തിന് നേർച്ചകളോ യാഗങ്ങളോ ഫലപ്രദമല്ല. സങ്കൽപ്പ കഥാപാത്രങ്ങളായ മതദൈവങ്ങൾക്ക് ഇക്കാര്യത്തിൽ ഒന്നുംചെയാൻ കഴിയില്ല. മെസിയുടെ ആരാധകൻ ക്ഷേത്രത്തിൽ ഒടുക്കിയപണം പാഴായിപ്പോയതുമാത്രം മിച്ചം. അതിനാൽ ദൈവത്തിന്റെ കൈയോ കാലോ വാലോ ഒന്നുമല്ലാതെ കൂട്ടായപരിശ്രമത്താൽ ശോഭയോടെ കളിച്ചു കപ്പുനേടിയ ജർമ്മനിയെ അഭിനന്ദിക്കാം.
ഫുട് ബോളിന് മാത്രമായി ഒരു ദൈവത്തെ ലോകകപ്പ് കാലത്ത് സൃഷ്ടിക്കണം. ഇത്രയും ദൈവങ്ങളെ സൃഷ്ടിച്ച മനുഷ്യന് അത് വല്ല ബുദ്ധിമുട്ടുമുള്ള കാര്യമാണോ
ReplyDeleteഅതെ അജിത്. :)
ReplyDeleteദൈവങ്ങളെക്കൊണ്ടു പൊറുതിമുട്ടിയിരിക്കുന്നു
ReplyDeleteആരാധകരെ കൊണ്ട് അവര്ക്കും...
ReplyDelete