തിരുവനന്തപുരം അന്താരാഷ്ട്ര ചലച്ചിത്ര മേളയിലെ സജീവസാന്നിദ്ധ്യമായിരുന്നു പ്രൊഫ. ഐ ഇസ്താക്കും ഒഡേസ സത്യനും. രണ്ടുപേരും നമ്മളെ വേർപരിഞ്ഞു. സർഗാത്മകമായ നിഷേധത്തിന്റെ ഭാഗമായി താടിയും തലമുടിയും വളർന്നുപോകുന്ന ഒരു ജീവിതഘട്ടമുണ്ട്. ഒഡേസ സത്യൻ ആ ജീവിത ഘട്ടത്തിൽപെട്ട ആളായിരുന്നെങ്കിൽ ഇസ്താക്കു മാഷാകട്ടെ ക്രിയാത്മക നിഷേധത്തിന്റെ കണ്ണിയായിരുന്നിട്ടും താടിമീശ ഉപേക്ഷിച്ചു നിരന്തര ചർച്ചകളിൽ വ്യാപൃതനായി.
ചലച്ചിത്രോത്സവകാലത്ത് കൈരളി തിയേറ്ററിന്റെ മുറ്റം പല പ്രകടനങ്ങൾക്കും സാക്ഷിയാകുമല്ലൊ. ചാനലുകളിൽ മുഖം കാണിക്കാനുളള ബുദ്ധിജീവിമുകുളങ്ങൾ അവിടെ സാധാരണമാണ്. ക്യാമറയ്ക്കു മുഖം കൊടുക്കാതെ പുല്ലാങ്കുഴൽ വായിച്ചും നാടൻപാട്ടുപാടിയും അക്ഷരാർത്ഥത്തിൽ ഉത്സവാന്തരീക്ഷം സൃഷ്ടിക്കുന്ന യുവത്വം വേറെയുമുണ്ട്. ഇവിടെയൊന്നും ഒരിക്കലും കാണാൻ കഴിഞ്ഞിട്ടില്ല ഇസ്താക്കുമാഷെയും സത്യനെയും.
ഇസ്താക്കുമാഷാണെങ്കിൽ കാണേണ്ട ചിത്രങ്ങൾ മുൻകൂട്ടി തീരുമാനിച്ചിരിക്കും. സംവിധായകരുടെയും ചിത്രങ്ങളുടെയും വിശദവിവരങ്ങളും അദ്ദേഹത്തിന്റെ മനസിലുണ്ടാകും. പ്രിയപ്പെട്ട ചില പരിചയക്കാർക്ക് അതു പകർന്നുകൊടുക്കുകയുംചെയ്യും. അദ്ദേഹം നിർദേശിക്കുന്ന മൂന്നോനാലോ ചിത്രങ്ങൾ കണ്ടാൽത്തന്നെ ആ ചലച്ചിത്രമേളയിലേക്കുളള യാത്ര സഫലമാകും.
ചങ്ങനാശേരി എസ്ബി കോളജിലെ മലയാള വിഭാഗം അധ്യക്ഷനായിരുന്നു ആലപ്പുഴ കൈതവന കുമരംപറമ്പിൽ ഐ ഇസ്താക്ക്. ശരീരഭാഷക്കും വേഷഭാഷക്കും പ്രാധാന്യമുളള ഇക്കാലത്ത് ഈ പ്രൊഫസർ വെളളഷർട്ടും മുണ്ടുമുടുത്താണ് ലോക വിജ്ഞാനം ചുണ്ടിലമർത്തി നടന്നത്.
എഴുതാൻ കഴിവുളളവരെയെല്ലാം ഇസ്താക്ക് മാഷ് പ്രചോദിപ്പിച്ചു. ജാതി മത വിരുദ്ധനിലപാടിൽ ഉറച്ചുനിന്ന ഇസ്താക്ക് മാഷിന്റെ ജീവിതത്തിൽ ദൈവമോ ചെകുത്താനോ ഇല്ലായിരുന്നു. നാടൻപാട്ടുകളെ കണ്ടെത്തുകയും പൊതുമലയാളത്തിനു പരിചയപ്പെടുത്തുകയും ചെയ്തു. പി എം ആന്റണിയുടെ ക്രിസ്തുവിന്റെ ആറാം തിരുമുറിവിനെതിരെ ക്രിസ്തു മതമേധാവികൾ അണിനിരന്നപ്പോൾ ആവിഷ്ക്കാര സ്വാതന്ത്ര്യത്തിന്റെ പോരാളിയായി ഇസ്താക്ക് മാഷ് മാറി. അറിവിന്റെ ആ നിറകുടത്തിന് പ്രകടനപരത തീരെ ഇല്ലായിരുന്നു.
ഓഗസ്റ്റ് ആദ്യവാരത്തിൽ ഇസ്താക്ക്മാഷ് മരിച്ചു. അദ്ദേഹത്തിന്റെ ആഗ്രഹപ്രകാരം മൃതശരീരം ആലപ്പുഴ മെഡിക്കൽകോളജിലെ വിദ്യാർഥികൾക്ക് പാഠപുസ്തകമായി.
പ്രതികൂല വ്യവസ്ഥിതിയെ തളളിപ്പറഞ്ഞ സാംസ്ക്കാരിക പ്രവർത്തകനായിരുന്നു ഒഡേസ സത്യൻ. ജോൺ എബ്രഹാമിന്റെ ദർശന ദാർഡ്യത്തിൽ ഉദയംകൊണ്ട ജനകീയ സിനിമാ സംരംഭമായ ഒഡേസാ മൂവീസിനെ ജോണിന്റെ മരണാനന്തരം നയിച്ചത് സത്യൻ ആയിരുന്നു. ജോൺ ചെയ്തതുപോലെതന്നെ സിനിമ കാണാനുളള പണം കാണികളുടെ കൈയിൽനിന്നും മുൻകൂട്ടി വാങ്ങി സിനിമ നിർമ്മിച്ച് കവലകളിലും മറ്റും കാണിച്ചു. കേരളത്തിലെ സമാന്തരസിനിമപ്പാതയിൽ സത്യൻ കാലിടറാതെ നടന്നു. കവി എ അയ്യപ്പനെക്കുറിച്ചുളള ഇത്രയും യാതഭാഗം, മോർച്ചറി ഓഫ് ലവ്, അഗ്നിരേഖ തുടങ്ങിയ ലഘുചിത്രങ്ങൾ സത്യൻ കേരളത്തിനു തന്നു.
കവി എ അയ്യപ്പനെ ക്യാമറയ്ക്കുമുന്നിൽ നിയന്ത്രിച്ചു നിർത്തുക എളുപ്പമുളള കാര്യമായിരുന്നില്ല. അയ്യപ്പനെ ദീർഘകാലം വീട്ടിൽത്തന്നെ താമസിപ്പിച്ചാണ് സത്യൻ ആ ജീവിതരേഖ പകർത്തിയത്. അയ്യപ്പൻ എന്ന ജീനിയസിനെ സർപ്പസാന്നിധ്യമായിക്കണ്ട് അഭിജാത സുഹൃത്തുക്കൾ ഒഴിവാക്കിയ കാലത്താണ് സത്യൻ സ്വീകരിച്ചത്. ഇടതു തീവ്രവാദ സാധ്യതകളെ രാഷ്ട്രീയ ജീവിതത്തിൽ അനേ്വഷിച്ച സത്യൻ, കോഴിക്കോട് മെഡിക്കൽകോളജിൽ നടന്ന വിഖ്യാതമായ ജനകീയ വിചാരണയ്ക്ക് നേതൃത്വം നൽകുകയും ചെയ്തു.
ചിലർ അങ്ങനെയാണ്. വഴിമാറി സഞ്ചരിക്കും. വഴി നിർമ്മിച്ച് ആ പുതുവഴിയേ സഞ്ചരിക്കും. ഒഴുക്കിനു അനുകൂലമായി കിടന്നു കടലിൽ വീണു ചാകാതെ ഒഴുക്കിനെതിരെ നീന്തി ഏതെങ്കിലും കരപിടിക്കും.
പ്രൊഫസർ ഐ ഇസ്താക്ക് സ്വതന്ത്രചിന്തയുടെയും ജ്ഞാനമേഖലയുടെയും കരയിലെത്തി. ഒഡേസ സത്യൻ മൂല്യവത്തായ സമാന്തര സിനിമയുടെ കരയിലുമെത്തി. ഈ നിഷേധികളുടെ വേർപാട് വേദനിപ്പിക്കുമ്പോഴും അവരുടെ ജീവിതം നക്ഷത്രങ്ങളായി ദിക്കറിയിക്കുന്നു.
പ്രൊഫസർ ഐ ഇസ്താക്ക് സ്വതന്ത്രചിന്തയുടെയും ജ്ഞാനമേഖലയുടെയും കരയിലെത്തി. ഒഡേസ സത്യൻ മൂല്യവത്തായ സമാന്തര സിനിമയുടെ കരയിലുമെത്തി. ഈ നിഷേധികളുടെ വേർപാട് വേദനിപ്പിക്കുമ്പോഴും അവരുടെ ജീവിതം നക്ഷത്രങ്ങളായി ദിക്കറിയിക്കുന്നു.
അനുപമമായ രണ്ട് വ്യക്തിത്വങ്ങള്.
ReplyDeleteകുറിപ്പിന് നന്ദി
നല്ല പരിചയപ്പെടുത്തൽ
ReplyDelete