നമ്മൾക്ക് അങ്ങനെയൊരു പ്രശ്നമുണ്ട്. എന്തെങ്കിലും സംഭവം ഉണ്ടായെങ്കിൽ മാത്രമേ പരിഹാര പ്രവർത്തനങ്ങൾ സാധിക്കൂ. പെരുമൺ റയിൽപ്പാലത്തിനോട് ചേർന്ന് ഒരു നടപ്പാത കൂടി വേണമെന്നത് പാലമുണ്ടാക്കിയകാലം തൊട്ടേയുളള ആവശ്യമായിരുന്നു. അധികാരികൾ ചെവിക്കൊണ്ടില്ല. കിലോമീറ്ററുകൾ ലാഭിക്കാനായി കായൽ മുറിച്ചു കടക്കാൻ ആ പാലത്തെ അവലംബിച്ച നിരവധിപേർ മരണമടഞ്ഞിട്ടുണ്ട്. ഒടുവിൽ പെരുമൺ ദുരന്തമുണ്ടായി. നൂറിലേറെ യാത്രക്കാർ ഒന്നിച്ചുമരിച്ചു. നടപ്പാലവും തീവണ്ടി ദുരന്തവും തമ്മിൽ ബന്ധമൊന്നും ഇല്ലെങ്കിലും നാട്ടുകാരുടെ ചിരകാല ആവശ്യം നിറവേറ്റപ്പെട്ടു.
ദുർമന്ത്രവാദനിരോധന നിയമത്തിലേക്ക് ആഭ്യന്തരമന്ത്രിയടക്കമുളളവരുടെ ശ്രദ്ധ ഇപ്പോൾ തിരിയാനുളള കാരണം കേരളത്തിൽ അടുത്തടുത്തു നടന്ന കൊലപാതകങ്ങളാണ്.
കൊല്ലം ജില്ലയിലെ തഴവയിൽ നിന്നാണ് ജിന്നിനെ ഒഴിവാക്കാനായി കൊലപ്പെടുത്തിയ ഒരു പാവം പെൺകുട്ടിയുടെ കഥ പുറത്തുവന്നത്. ഇസ്ലാം മതവിശ്വാസികളായ കുടുംബം, മകൾ മരിച്ചെന്നറിഞ്ഞിട്ടും കൊലയാളിയായ സിദ്ധനെ രക്ഷിക്കുകയും മൃതദേഹം മറവുചെയ്യാൻ ശ്രമിക്കുകയുമായിരുന്നു. അജ്ഞാത ഫോൺ സന്ദേശത്തെത്തുടർന്ന് കൊലപാതകവാർത്തയറിഞ്ഞ പൊലീസ്, മൃതദേഹം പോസ്റ്റുമോർട്ടത്തിനു വിധേയമാക്കാൻ ശ്രമിച്ചപ്പോൾ, ഞങ്ങടെ കുഞ്ഞിനെ കീറിമുറിക്കാൻ സമ്മതിക്കില്ലെന്ന വൈകാരിക മുറവിളി ഉയർത്തി വിശ്വാസികൾ തടസം സൃഷ്ടിക്കുക കൂടി ചെയ്തു.
മറ്റൊരു സംഭവം പൊന്നാനിയിലെ ഗർഭിണിയായ ഒരു യുവതി മന്ത്രവാദ ചികിത്സയെത്തുടർന്ന് മരണമടഞ്ഞതാണ്.
ഇനിയും മരണമുണ്ടായത് കൊണ്ടോട്ടിയിലെ ഒരു ക്ഷേത്രപൂജാരിയുടെ മന്ത്രവിശ്വാസംമൂലമാണ്. മന്ത്രവാദവും സിദ്ധപ്രവർത്തനവുമൊക്കെ അന്ധതയാണെന്ന് തിരിച്ചറിവുളള കുറേ ആളുകളെങ്കിലും ഇസ്ലാം-ഹിന്ദുമതങ്ങളിലുണ്ടെന്നത് ആശ്വാസകരമാണ്. കേരളത്തിലെ മതരഹിത സമൂഹം അവർക്ക് ഹസ്തദാനം നൽകുന്നുണ്ട്. മദ്യശാലകളിൽ ചില്ലുകുപ്പിയിലടച്ചുകിട്ടുന്ന ലഹരിദ്രാവകമാണ് ജിന്ന്. അതല്ലാതെ മറ്റൊരു ജിന്നും നിലവിലില്ല.
കേരളത്തിന്റെ സാക്ഷരതയെ കൊഞ്ഞനം കുത്തിക്കൊണ്ട് മന്ത്രവാദക്കളളങ്ങൾ വർധിച്ചുവരികയാണ്. ചില ലൊട്ടുലൊടുക്ക് ദിവ്യാത്ഭുത പരിപാടികളിലൂടെയാണ് മന്ത്രവാദികൾ പാവങ്ങളായ വിശ്വാസികളുടെ രക്ഷകരെന്ന തോന്നലുണ്ടാക്കുന്നത്. പൂനയിലെ നരേന്ദ്രധബോൽക്കറുടെ രക്തസാക്ഷിത്വത്തെത്തുടർന്ന് മഹാരാഷ്ട്രസർക്കാർ ദുർമന്ത്രവാദ നിരോധനനിയമം പാസാക്കി. അതു നടപ്പിലാക്കാനുളള സാക്ഷരത മഹാരാഷ്ട്രാ പൊലീസിന് ഇനിയും ഉണ്ടായിട്ടില്ലെങ്കിലും നിയമം ഒരു പ്രധാന പടിതന്നെയാണ്.
പൊലീസിൽ പരാതികൊടുത്ത് കോളാമ്പികൾ എടുത്തുമാറ്റാൻ കഴിയുന്നത് ശബ്ദമലിനീകരണ നിയന്ത്രണം സംബന്ധിച്ച നിയമം ഉളളതുകൊണ്ടാണ്. അതിനാൽ കേരള സർക്കാർ ഉടൻതന്നെ മന്ത്രവാദികളെ തളക്കാനുളള നിയമം നിർമിച്ചു നടപ്പിലാക്കേണ്ടതുണ്ട്. എങ്കിൽ മാത്രമേ ജിന്ന് ബാധയെ ഒഴിപ്പിക്കാനും ശത്രുസംഹാരത്തിനും നിധി കണ്ടെത്താനും മറ്റുമുളള മതാത്മക പരിശ്രമങ്ങൾ ഒഴിവാക്കാൻ കഴിയൂ. അതുവഴിയുളള നരഹത്യയും അങ്ങനെ ഒഴിവാക്കാൻ കഴിയും.
കേരളത്തിന്റെ സാക്ഷരതയെ കൊഞ്ഞനം കുത്തിക്കൊണ്ട് മന്ത്രവാദക്കളളങ്ങൾ വർധിച്ചുവരികയാണ്. ചില ലൊട്ടുലൊടുക്ക് ദിവ്യാത്ഭുത പരിപാടികളിലൂടെയാണ് മന്ത്രവാദികൾ പാവങ്ങളായ വിശ്വാസികളുടെ രക്ഷകരെന്ന തോന്നലുണ്ടാക്കുന്നത്.
ReplyDeleteനന്ദി കൂട്ടുകാരാ...
ReplyDelete