മഴവരുന്നു പേമഴ
കുടിലിനുള്ളിലാരെല്ലാം
കിടുകിടെ വിറച്ചു കൊണ്ടൊ-
രമ്മയും കിടാങ്ങളും.
മഴയെനിക്കു പേടിയാണ്
പുലിയിറങ്ങി വന്നപോല്‍.
മഴകലിച്ചു കാറ്റുമായ്
വിരലു കോര്‍ത്തു താണ്ഡവം
കടപുഴക്കി മാമരം
പ്രളയമായി സങ്കടം.
മഴയെനിക്കു പേടിയാണ്
അടിയുലഞ്ഞു വീണപോല്‍.
മഴ വെളുത്ത തുമ്പിയാല്‍
കടലുയര്‍ത്തിയെറിയവേ
വലയില്‍ വീണു ജീവിത-
ക്കരയിടിഞ്ഞു താഴവേ
മഴയെനിക്കു പേടിയാണ്
ദുരിതദംഷ്ട്ര കണ്ടപോല്‍
മലകള്‍ പോലെ തിരകളും
ചുഴലിപോലെ ചുഴികളും
ഇരുളുകീറി മിന്നലും
മുടിയഴിഞ്ഞ രാത്രിയും
വറുതി തിന്ന പകലിലെ
വെയിലുകാര്‍ന്ന താളവും
മഴയെനിക്കു പേടിയാണ്
അലറിടും മൃഗങ്ങള്‍ പോല്‍
മുകളിലത്തെ സൈനികര്‍
പട നയിച്ചു കേറിയോ
ഇടിയിലെന്റെ മുളകളും
ചെടികളും കരിഞ്ഞുവോ
വയലിലും വരമ്പിലും
മരണബോംബ് വീണുവോ
ഒടുവിലത്തെയോര്‍മ്മയില്‍
പെശറു കേറിയോടിയോ?
മഴയെനിക്കു പേടിയാണ്
അരികില്‍ വന്ന ജ്വാല പോല്‍.
ഭവനഭദ്രതയ്ക്കു നീ
മതിലുകെട്ടി വാഴുവോന്‍
മഴ നിനക്കു പ്രണയവും
മധുവുമൊക്കെയായിടാം.
മഴയെനിക്കു പേടിയാണ്
ഗ്രഹനിപാതമെന്നപോല്‍.
ഉരുളു പൊട്ടി
നെഞ്ചിലെ മടകള്‍ പൊട്ടി
മണ്ണിന്‍റെ കരളുപൊട്ടി
പുഴയിലെ അണകള്‍ പൊട്ടി
ആയിരങ്ങള്‍
ജീവമുകുളകോടികള്‍
നിലവിളിച്ചു
മൃതിരുചിച്ചു
ചലനരഹിതരാകവേ
മഴയെനിക്കു പേടിയാണ്
പേടിയാണ്
പേടിയാണ്
കൊടുവസൂരി വന്നപോല്‍
ജലസമാധിയെന്നപോല്‍.
മഴപ്രേമക്കവിതകള്‍ക്ക് മുന്നില്‍ ഒരു നഗ്നകവിത.ഇഷ്ടം
ReplyDeleteകവി സത്യം കാണുന്നു ,കവിത ഇഷ്ടമായി
ReplyDeleteനന്ദി സിയാഫ്
Deleteസത്യം ....മഴയെ ഇടയ്ക്കൊക്കെ പേടിക്കാതെ വയ്യ .നല്ല കവിത ആശംസകള്‍ !
ReplyDeleteനന്ദി മിനി.
Deleteവായിച്ചു തോര്‍ന്നാലും പെയ്യുന്ന വരികള്‍... കുരീപ്പുഴ ശ്രീകുമാര്‍ സാര്‍... നമിക്കുന്നു...
ReplyDeleteമഴ എനിക്ക് പേടിയാണ്
ReplyDeleteകാരണം
ഞാനൊരു സിമന്റ് കച്ചവടക്കാരനാണ്
കലക്കി ആരിഫ്.മഴയെ ഭയക്കാന്‍ ഓരോ കാരണങ്ങള്‍!
Deleteമഴയെനിക്കു പേടിയാണ്
ReplyDeleteഅടിയുലഞ്ഞു വീണപോല്‍.
വലയില്‍ വീണു ജീവിത-
ക്കരയിടിഞ്ഞു താഴവേ
നന്ദി പ്രയാണ്‍.
Deleteമഴതന്‍ നഗ്നതയെ
ReplyDeleteപ്രാപിക്കാനിറങ്ങവേ
തുടിയായ് ചുറ്റിലുമുണരുന്നു
മാക്രികള്‍, മാക്രികള്‍ !!
പാവം മാക്രികള്‍!
Deleteമഴ എന്ന സത്യം
ReplyDeleteഅതെ ചങ്ങാതീ.
Deleteമഴയുടെ മറുവശം..
ReplyDeleteമഴയെനിക്കു പേടിയാണ്
ReplyDeleteഅലറിടും മൃഗങ്ങള്‍ പോല്‍
മുകളിലത്തെ സൈനികര്‍
പട നയിച്ചു കേറിയോ
ഇടിയിലെന്റെ മുളകളും
ചെടികളും കരിഞ്ഞുവോ
വയലിലും വരമ്പിലും
മരണബോംബ് വീണുവോ
ഒടുവിലത്തെയോര്‍മ്മയില്‍
പെശറു കേറിയോടിയോ?
ഈ വരികൾ അല്ല,
ഇവിടം കൂടുതൽ ഭയാനകമായി തോന്നി മാഷേ !!
എന്തായാലും മഴ ആവശ്യം ഒപ്പം
അധികമാകുമ്പോൾ ആധി
വർദ്ധിക്കുകയും ചെയ്യുന്നു.
ഇഷ്ടായി ഈൗ അവതരണം
ആശംസകൾ
ഞങ്ങൾക്കിവിടെ സിക്കന്ത്രാബാദിൽ
മഴയുടെ ഒരു തരി കാണാൻ
വേഴാമ്പൽ പോലെ ഇപ്പോഴും കാത്തിരിക്കുന്നു
നന്ദി കൂട്ടുകാരാ.മുഴുവന്‍ ചോരുന്ന രണ്ടു മുറിയുള്ള വീട്ടില്‍ കാറ്റടിച്ചാല്‍ തകര്‍ന്നു വീഴുമോ എന്ന് ഭയന്ന് കഴിഞ്ഞ ബാല്യം.പേടിക്കാതെ എന്ത് ചെയ്യും!
Delete