ഡോ നരേന്ദ്രധബോൽക്കർ എന്ന വലിയ മനുഷ്യന്റെ രക്തസാക്ഷിത്വം ഇന്ത്യയിലെ പുരോഗമന ചിന്തയെ വളരെയധികം സമരോത്സുകമാക്കി. കേരളമടക്കം പല സംസ്ഥാനങ്ങളിലും അന്ധവിശ്വാസ ദുരാചാര നിർമാർജന ബില്ലിനുവേണ്ടിയുള്ള ആവശ്യം ഉന്നയിക്കപ്പെട്ടു. നരേന്ദ്രധബോൽക്കറിന്റെ സ്വപ്നം പോലെ മഹാരാഷ്ട്രയിൽ പ്രസ്തുത നിയമം പ്രാബല്യത്തിൽ വരികയും ചെയ്തു.
മഹാരാഷ്ട്രയിലെ ജനങ്ങൾ കേരളീയരെപോലെ സമ്പൂർണ സാക്ഷരതയുടെ സുവർണ ഫലകമൊന്നും വച്ചവരല്ല. എങ്കിലും അവിടെ അന്ധവിശ്വാസ വിരുദ്ധ നിയമം പ്രാബല്യത്തിൽ വന്നു. സ്ത്രീധന നിരോധന നിയമംപോലെ അതു ചവിട്ടിമെതിക്കപ്പെട്ടേക്കാമെങ്കിലും പ്രയോജനപ്പെടുത്തണമെന്നുള്ളവർക്ക് ഉപകരിക്കുമല്ലോ.
ഇപ്പോൾ മറ്റൊരു ശ്രദ്ധേയമായ ചുവടുവയ്പ്പ് നടത്തിയിരിക്കുന്നത് അസം ഭരണകൂടമാണ്. കഴിഞ്ഞ അഞ്ചു വർഷത്തിനുള്ളിൽ എൺപത്തിരണ്ട് നിരപരാധികളാണ് അസമിൽ ദുർമന്ത്രവാദികളുടെ പീഡനത്തിന് ഇരയായത്. ദുർമന്ത്രവാദികൾക്ക് ജാമ്യം പോലും ലഭിക്കാത്തരീതിയിലുള്ള ഒരു നിയമനിർമാണത്തിനാണ് അസം ആഭ്യന്തര മന്ത്രാലയം ശ്രമിക്കുന്നത്. അസമിൽ തയാറാക്കിവരുന്ന നിയമത്തിൽ കുറ്റവാളികളിൽ നിന്നും ഈടാക്കുന്ന പിഴപ്പണം ഇരകൾക്ക് നൽകാനും വ്യവസ്ഥയുണ്ട്.
ദുർമന്ത്രവാദത്തിനിരയായ പാവങ്ങളെ സമൂഹം വിചിത്രദൃഷ്ടിയോടെ കാണുകയാണ് നിരക്ഷരതയുടെ രീതി. സാമൂഹ്യമായ ബഹിഷ്കരണം ഈ സമ്പ്രദായത്തിന്റെ തിക്തഫലമാണ്. അതിനാൽ ഇരകളെ പുനരധിവസിപ്പിക്കാനുള്ള വകുപ്പുകളും അസം നിയമത്തിലുണ്ട്. ദുർമന്ത്രവാദികൾക്ക് കടുത്തശിക്ഷയും നിർദേശിക്കുന്നുണ്ട്. ഗുവാഹതി കോടതിയിൽ റജീബ് കലിത എന്ന അഭിഭാഷകൻ നൽകിയ പൊതുതാൽപ്പര്യ ഹർജിയെ തുടർന്നാണ് അസമിൽ നിയമനിർമാണ നീക്കങ്ങളുണ്ടായിട്ടുള്ളത്.
ജിന്ന്, പിശാച് ബാധകളിൽ നിന്നും മോചിപ്പിക്കാനെന്ന പ്രാകൃത രീതി അനുസരിച്ച് നിരവധി കൊലപാതകങ്ങളാണ് കേരളത്തിൽ നടന്നത്. കേരളത്തിലെ പുരോഗമന സാംസ്കാരിക സംഘടനകൾ ഈ ക്രൂരകൃത്യങ്ങളെ സമൂഹമധ്യത്തിൽ വിചാരണ ചെയ്യുകയും അന്ധവിശ്വാസ നിർമാർജന നിയമത്തിനായി സർക്കാരിനെ സമീപിക്കുകയും ചെയ്തു.
ഇതിൽ ഏറ്റവും ശ്രദ്ധേയമായത് നിയമത്തിന്റെ കരടു തയാറാക്കി സർക്കാരിനു സമർപ്പിച്ച കേരള യുക്തിവാദി സംഘത്തിന്റെ പ്രവർത്തനമാണ്.
ഇക്കാര്യം കേരളീയരെ ബോധ്യപ്പെടുത്താൻ വേണ്ടി അവർ കാസർകോട്ടു നിന്നും തിരുവനന്തപുരത്തേക്ക് ജാഥ നടത്തുകയും അതിന്റെ സമാപനത്തിൽ നിയമത്തിന്റെ കരട് മുഖ്യമന്ത്രിയെ ഏൽപ്പിക്കുകയും ചെയ്തു.
ഇന്ത്യൻ ഭരണഘടനയുടെ 51 എ (ബി), 51 എ (എച്ച്), ആർട്ടിക്കിൾ 25 (1) ഇവയും ഡ്രഗ്സ് ആൻഡ് മാജിക്കൽ റമഡീസ് ആക്ടും പശ്ചാത്തലമാക്കി തയാറാക്കിയ ഈ ബിൽ കുറ്റത്തിന് വിധേയനായ വ്യക്തി പരാതി നൽകിയില്ലെങ്കിൽ പോലും കേസ് എടുക്കണമെന്ന് നിർദേശിക്കുന്നുണ്ട്. പൊതു പ്രവർത്തകർ നൽകുന്ന പരാതിയുടേയോ മാധ്യമ വാർത്തയുടേയോ അടിസ്ഥാനത്തിൽ കേസ് രജിസ്റ്റർ ചെയ്യേണ്ടതാണ്.
മതവിശ്വാസമില്ലാത്ത മനുഷ്യസ്നേഹികൾ മതവിശ്വാസികളുടെ രക്ഷയ്ക്കുവേണ്ടി മുന്നോട്ടുവയ്ക്കുന്ന ഒരു നിയമ നിർദേശമാണിത്.
അന്ധവിശ്വാസനിർമാർജന നിയമം കൊണ്ടുവരുമെന്ന് കഴിഞ്ഞ വർഷം തിരുവനന്തപുരത്ത് വച്ച് പ്രഖ്യാപിച്ച ആഭ്യന്തര വകുപ്പ് മന്ത്രി, ആ പ്രഖ്യാപനം ഇപ്പോൾ കാസർകോട്ട് വച്ച് ആവർത്തിച്ചിട്ടുണ്ട്. പ്രഖ്യാപനങ്ങളല്ല, പ്രവർത്തനമാണ് ഭരണകൂടത്തിൽ നിന്നും ജനങ്ങൾ പ്രതീക്ഷിക്കുന്നത്.