ഭ്രാന്താലയമടക്കം കേരളത്തിനു കിട്ടിയ ചീത്തപ്പേരുകളിലൊന്നാണ് ദൈവത്തിന്റെ നാട്. ഭാഷാഭിമാനമില്ലാത്ത ജനത, പരിസ്ഥിതി മലിനീകരണത്തിൽ ഒന്നാംസ്ഥാനം, ആരാധനാലയകൃഷിയിലും പൊതുമേഖലാ സ്ഥാപനഹത്യയിലും മുൻപന്തിയിൽ.
ജീവൽ പ്രശ്നങ്ങളിൽ മൗനം പാലിക്കുന്ന സാംസ്കാരിക നായകന്മാർക്ക് ഭൂരിപക്ഷമള്ള സംസ്ഥാനം ഏറ്റവും കൂടുതൽ സാഹിത്യ പുരസ്കാരങ്ങൾ പിറന്നുജീവിച്ചുമരിക്കുന്ന പ്രദേശം- നമ്മൾക്ക് അവകാശപ്പെടാൻ ഇതുപോലെ ഒരുപാടു യോഗ്യതകളുണ്ട്.
ശൈശവവിവാഹം, കെട്ടുകല്യാണം, തിരണ്ടുകല്യാണം ഇവയൊക്കെ ഉത്സവമായി ആഘോഷിച്ച പ്രദേശമായിരുന്നു കേരളം. അതുകൊണ്ടുതന്നെ ഗംഭീരപോരാട്ടങ്ങളും കേരളത്തിലുണ്ടായി. കെട്ടുകല്യാണം, കന്യാശവഭോഗം, മുലക്കരം, പഴുക്കയേറ്, മണ്ണാപ്പേടി, പുലപ്പേടി തുടങ്ങിയവ സമ്പൂർണമായി ഒഴിവാക്കാനും നമുക്കു കഴിഞ്ഞു.
ഭഗവതിയുടെ ഭീഷണിയായിരുന്ന വസൂരിവിത്തുകളെ പൂർണമായി നിർവീര്യമാക്കാൻ കേരളത്തിനു കഴിഞ്ഞു.
എന്നാൽ ശൈശവ വിവാഹം പൂർണമായി ഒഴിവാക്കുവാൻ കേരളീയർക്ക് കഴിഞ്ഞില്ല.
ഏഴാം ക്ലാസിലെ വിദ്യാർഥിനിയുടെ വിവാഹത്തെപ്പറ്റി പ്രസംഗിച്ച ഒരു അധ്യാപികയുടെ സാമൂഹ്യദുഃഖത്തെത്തുടർന്നാണ് എനിക്ക് പുയ്യാപ്ല എഴുതേണ്ടിവന്നത്. എത്രയും പെട്ടെന്ന് ആ സാമൂഹ്യാവസ്ഥ മാറണേ എന്ന ആഗ്രഹമായിരുന്നു അപ്പോഴുണ്ടായിരുന്നത്. കുറേക്കാലം കഴിഞ്ഞ് ഈ കവിത കീറിക്കളയാൻ കഴിഞ്ഞേക്കുമെന്നുപോലും ചിന്തിച്ചിരുന്നു. എന്നാൽ പുതിയ കണക്കുകൾ ഏതു മനുഷ്യസ്നേഹിയെയും ഞെട്ടിപ്പിക്കുന്നതാണ്.
കേന്ദ്രപദ്ധതിയായ ഇന്റഗ്രേറ്റഡ് ചെയിൽഡ് ഡവലപ്മെന്റ് സ്കീമിന്റെ റിപ്പോർട്ടനുസരിച്ച് കേരളത്തിൽ പ്രതിവർഷം അറുനൂറ് ശൈശവവിവാഹങ്ങൾ നടക്കുന്നുണ്ടത്രെ.
ശൈശവവിവാഹത്തിന്റെ ഇരകളിൽ അധികവും കുഞ്ഞാമിനമാർതന്നെ. ബാലന്മാരെ ഈ കല്യാണദുരന്തനാടകപ്പന്തലിൽ കാണാറില്ല. കഴിഞ്ഞ അഞ്ചു കൊല്ലത്തിനുള്ളിൽ മലപ്പുറം ജില്ലയിൽ മാത്രം 2619 ശൈശവവിവാഹങ്ങൾ നടന്നത്രെ. അതിൽ 136 ബാലവിവാഹിതർ പട്ടികജാതിയിലും 98 പേർ ഹിന്ദുവിഭാഗത്തിലുംപ്പെട്ടവർ.
രണ്ടാംസ്ഥാനം പാലക്കാട് ജില്ലക്കാണ്. മുന്നൂറ്റെഴുപത്തെട്ട് വിവാഹങ്ങൾ. തൃശൂരിൽ എഴുപത്തേഴ്, കൊല്ലത്ത് അൻപത്, ഇടുക്കിയിൽ മുപ്പത്തൊൻപത്, കോഴിക്കോട് മുപ്പത്തിനാല്, കാസർകോട് ഇരുപത്താറ്, എറണാകുളം പന്ത്രണ്ട്, കോട്ടയം പത്ത്, തിരുവനന്തപുരത്തും കണ്ണൂരും എട്ടുവീതം. ഇങ്ങനെയാണ് ഇതുസംബന്ധിച്ച പത്രത്തിൽ വന്നകണക്ക്.
ശൈശവവിവാഹങ്ങൾക്ക് സാമ്പത്തികവും സാമുദായികവും വിദ്യാഭ്യാസപരവുമായ ധാരാളം കാരണങ്ങളുണ്ട്. അതിലൊരു പ്രധാന കാരണം ദൈവത്തിന്റെ പേരിൽ മതപൗരോഹിത്യം നൽകുന്ന അനുമതിയാണ്. അന്ധവിശ്വാസത്തിലധിഷ്ഠിതമായ അവിവേകം- അതുമാറാൻ ശാസ്ത്രീയവും സാംസ്കാരികവുമായ ബോധവൽക്കരണം അത്യാവശ്യമാണ്.
കളിക്കുകയും പഠിക്കുകയും ചെയ്യേണ്ടുന്ന പ്രായത്തിൽ പെൺകുഞ്ഞുങ്ങളെ കുടുംബക്കുരിശിലേറ്റാനായി പറയുന്ന ന്യായങ്ങളെല്ലാം അന്യായങ്ങളാണ്. മലയാളകവിതയിൽ വയലാറിന്റെ അയിഷയാണ് ഉദാഹരണം. അയിഷമാരെ സൃഷ്ടിക്കുന്നതിൽ നിന്നും മതസ്വാധീനമുള്ള കേരളം മാറിനടക്കേണ്ടതായിട്ടുണ്ട്.
കുറേക്കാലം കഴിഞ്ഞ് ഈ കവിത കീറിക്കളയാൻ കഴിഞ്ഞേക്കുമെന്നുപോലും ചിന്തിച്ചിരുന്നു>>>>>>>>>> ഇത് വായിച്ചപ്പോള്‍ കഴിഞ്ഞയാഴ്ച ഞാന്‍ ഫേസ് ബുക്കില്‍ എഴുതിയ ഒരു കുറിപ്പ് ആണോര്‍മ്മ വന്നത്. ഒരു ഭാഗം ഇവിടെ പേസ്റ്റ് ചെയ്തോട്ടെ:
ReplyDelete>>>>>>>>>>> (ഹൈസ്കൂളില്‍ പഠിക്കുമ്പോള്‍ ചിന്തിച്ചത്) ഞങ്ങളുടെ തലമുറ പ്രായംതികഞ്ഞ് യുവാക്കളാകുമ്പോള്‍ ജാതിപ്പിശാച് കേരളത്തില്‍ നിന്ന് തൂത്തെറിയപ്പെടുമെന്നും ഉച്ചനീചത്വങ്ങളില്ലാത്ത ഒരു സമൂഹം രൂപാന്തരപ്പെടുമെന്നും ഞാന്‍ സ്വപ്നം കണ്ടു.
ജീവിതനദി വീണ്ടും ഒഴുകിയപ്പോള്‍ യുവത്വത്തില്‍ത്തന്നെ പ്രവാസം സ്വീകരിക്കേണ്ടി വന്നു. പിന്നെ വല്ലപ്പോഴും അവധിക്കാലത്തെ സന്ദര്‍ശകന്‍ മാത്രമായി കേരളത്തില്‍.
13 വയസ്സില്‍ സ്വപ്നം കണ്ട ജാതിരഹിതമായ കേരളം സ്വപ്നത്തില്‍ത്തന്നെ മൃതിയടഞ്ഞു. യഥാര്‍ത്ഥത്തില്‍ ജാതീയത പതിന്‍മടങ്ങ് ശക്തിയോടെ സമൂഹത്തില്‍ വേരോട്ടം നടത്തുകയാണുണ്ടായത്. ഹ്രസ്വദൃഷ്ടികളായ രാഷ്ട്രീയനേതാക്കള്‍ അതിന് വളം വച്ചുകൊടുക്കുകയും ചെയ്തു.
കൈത്തണ്ടകളില്‍ പലവര്‍ണ്ണച്ചരടുകള്‍ കെട്ടിയ യുവാക്കള്‍!!
ശരീരത്തിന്റെ പലാവയവങ്ങളിലും ഏലസ്സുകള്‍ കെട്ടിയ യുവാക്കള്‍!!
സ്വര്‍ണ്ണക്കുരിശുകള്‍ നെഞ്ചില്‍ തൂക്കിക്കൊണ്ട് നടക്കുന്ന യുവാക്കള്‍!!
ചിന്തകളില്‍ പോലും ജാതീയത കൊണ്ടുനടക്കുന്ന മനുഷ്യര്‍!!
ചെറിയകാര്യങ്ങളിലും വലിയകാര്യങ്ങളിലും ജാതി മാത്രം മാനദണ്ഡമാക്കി പ്രവര്‍ത്തിക്കുന്ന മനുഷ്യര്‍!!
ഇവരുടെയൊക്കെയാണിന്ന് കേരളം. ജാതികേരളം. ഒരു ജാതിക്കേരളം
അയിഷമാരെ സൃഷ്ടിക്കുന്നതിൽ നിന്നും
ReplyDeleteമതസ്വാധീനമുള്ള കേരളം മാറിനടക്കേണ്ടതായിട്ടുണ്ട്.