സാക്ഷ്യം ആകാശപ്പെരുമാൾ
ബോദ്ധ്യം പ്രണയത്തിരുനാൾ
രാക്കിളിക്കൂട്ടുകാരില്ല
പൂത്തിരിത്താരകളില്ല
മുറ്റം വെയില്‍പ്പാൽ കുടിക്കെ
ഒറ്റയ്ക്ക് വന്നൂ നിലാവ്.
കണ്ണില്‍ വിഷാദസമുദ്രം
ചുണ്ടില്‍ ആക്രാന്തമാധുര്യം
ലോകപുരാതന കാവ്യം
വായിച്ച നെഞ്ചിലാകാശം.
എങ്ങോ വെയിലൊളിച്ചപ്പോള്‍
എങ്ങും പരന്നു നിലാവ്
ഓറഞ്ച് വൃക്ഷത്തണലില്‍
രാമച്ചമെന്നതു പോലെ
ചാഞ്ഞും ചരിഞ്ഞും കിടക്കും
കേരളമെന്നതു പോലെ.
നെറ്റിയില്‍ തൊട്ടു നിലാവ്
സ്വപ്നത്തിലെ മാന്‍കിടാവ്.
ഉച്ചിയില്‍ ചന്ദ്രഗിരിയും
പൊക്കിളില്‍ ഇഷ്ടമുടിയും
കൈവിരല്‍ തോറും കബനി
കാല്‍നഖത്തില്‍ താമ്രപര്‍ണി
വെണ്‍മുലയില്‍ പാല്‍ഭവാനി
കണ്‍മുന ചിത്താരിക്കാരി
ഓമല്‍വയറ്റില്‍ നിളയും
താഴെയായ് ചൂര്‍ണിപ്പുഴയും.
ചുംബനത്തിന്‍ ജലപാതം
മുങ്ങിപ്പോയ് രണ്ടു ദേഹങ്ങള്‍
ഓളങ്ങളില്‍ സഞ്ചരിച്ചൂ
സ്നേഹത്തിന്നോര്‍ഗാസപ്പൂക്കള്‍
ഉത്സവം ഘോഷിച്ചതുള്ളം
വിസ്മയമെന്നതേ കള്ളം.
പെട്ടെന്നു പെയ്തു മേഘങ്ങള്‍
പൊട്ടി കണ്ണീരിന്‍ മലകള്‍
ദുഃഖത്തിന്‍ ഭിത്തിപ്പുറത്ത്
ഹര്‍ഷത്തിന്‍ പോസ്റ്റര്‍ പതിച്ച്
ഒറ്റയ്ക്കു തന്നെ മടങ്ങി
കുട്ടിയെപ്പോല്‍ തേന്‍ നിലാവ്.
ഓര്‍ക്കുമ്പൊളോര്‍ക്കുമ്പൊളെല്ലാം
നേര്‍ത്തൊരു കാളലുണ്ടുള്ളില്‍.
ആകാശം സാക്ഷി!
ReplyDeleteകണ്ണില്‍ വിഷാദസമുദ്രം
ReplyDeleteചുണ്ടില്‍ ആക്രാന്തമാധുര്യം
ലോകപുരാതന കാവ്യം
വായിച്ച നെഞ്ചിലാകാശം.
nice ...beautiful..
ReplyDelete