ആരാധനാലയങ്ങള്‍ - മറ്റൊരു സമീപനം
------------------------------ ------------------------------ ----
വളരെ ചെറിയ ഒരു പ്രദേശമാണ് നമ്മുടെ കേരളം. തീവണ്ടിയില്‍ ഒന്നുറങ്ങി എണീക്കുമ്പോള്‍ കേരളത്തിന്റെ അതിര്‍ത്തിയാകും.
ഇന്ത്യയിലെ മറ്റ് സംസ്ഥാനങ്ങളുമായി താരതമ്യപ്പെടുത്തിയാല്‍ ആളെണ്ണവും കുറവാണ്. പക്ഷേ എത്രയധികം ആരാധനാലയങ്ങളാണ് കേരളത്തിലുള്ളത്. ഇത്രയും ആരാധനാലയങ്ങള്‍ വേണോ? ആരാധനാലയങ്ങള്‍ക്ക് പരിധി നിര്‍ണ്ണയിക്കണം.
എല്ലാ വീട്ടിലും പ്രത്യേക ആരാധനാലയങ്ങള്‍ കെട്ടിയിട്ടുള്ള നാടാണ് ബാലി. ആ ആരാധനാലയങ്ങള്‍ മൈക്ക് വച്ചും വാഹനങ്ങള്‍ തടഞ്ഞു നിര്‍ത്തി പണം പിടിച്ചു വാങ്ങിയും മനുഷ്യരെ ദ്രോഹിക്കുന്നില്ല. വിശ്വാസമുള്ളവര്‍ സ്വയം പൂക്കള്‍ നിവേദിക്കുന്നു. ചെമ്പകപ്പൂക്കളാണ് ഇതിനായി ഉപയോഗിക്കുന്നത്. അതിനായി ചെമ്പകമരങ്ങള്‍ നട്ടുവളര്‍ത്തുന്നു. പൂമണവും പ്രാണവായുവും പക്ഷിക്കും പ്രാണികള്‍ക്കുമിരിക്കാന്‍ തണലും സൌജന്യം. കുടുംബക്ഷേത്രങ്ങളില്‍ രശീതടിച്ചു പിരിവില്ല.
ലോകത്തിലെ ഏറ്റവും സന്തുഷ്ട രാജ്യങ്ങള്‍ സ്കാന്‍റിനേവിയന്‍ നാടുകളാണല്ലോ. അവിടെ ആരാധിക്കുവാനാരും ദേവാലയങ്ങളില്‍ പോകുന്നില്ല. പള്ളികള്‍ മാത്രമല്ല തടവറകളും ഒഴിഞ്ഞു കിടക്കുകയാണ്. പള്ളിഭക്തരും കുറ്റവാളികളും ഇല്ല.
പള്ളിപ്പിരിവുമില്ല. പുരാതനമായ ദേവാലയനിര്‍മ്മിതികളെല്ലാം അവര്‍ സശ്രദ്ധം സൂക്ഷിച്ചിട്ടുണ്ട്.
ഒരു മതത്തിന്‍റെ കേന്ദ്രസ്ഥാനമായ സൌദി അറേബ്യയില്‍ പള്ളിക്കുമുന്നില്‍ ഭണ്ഡാരങ്ങളില്ല. വിശ്വാസികളുടെ വ്യാമോഹത്തെ അവര്‍ പള്ളിമുറ്റത്ത് ഭണ്ഡാരരൂപത്തില്‍ കച്ചവടവല്‍ക്കരിക്കുന്നില്ല.
ഭഗവാന് പണമെന്തിനാടീ നിനയ്ക്കുമ്പം നിനയ്ക്കുമ്പം പണമല്ലിയോടീ എന്ന പഴയനാടകഗാനം മലയാളികള്‍ മറക്കാന്‍ പാടില്ല. ഇവിടെ ആരാധനാലയം നിര്‍മ്മിക്കുന്നതിന് മുന്‍പു തന്നെ വഞ്ചിപ്പെട്ടി സ്ഥാപിക്കുകയാണ് ചെയ്യുന്നത്.നാരായണഗുരുവിന്‍റെ മുന്നില്‍ പോലും കാണിക്കവഞ്ചിയുണ്ട്. ദൈവങ്ങളെ പോലെ നവോത്ഥാനനായകനെയും നമ്മള്‍ ഭണ്ഡാരത്തിന്‍റെ പിന്നിലിരുത്തുന്നു.
വാസ്തവത്തില്‍ ഭക്തര്‍ പണമിടുന്നത് എന്തിന് വേണ്ടിയാണ്? ആരാധനാലയത്തിലെ ജീവനക്കാര്‍ക്ക് വേതനം കൊടുക്കാനല്ല.
ദൈവം അവര്‍ക്ക് അരിയും തുണിയും വാങ്ങാനുള്ള പണം കൊടുക്കില്ലല്ലോ. അതിനു പണം വേറെ കണ്ടെത്തണം. അവര്‍ക്കും ജീവിക്കണമല്ലോ. മറ്റെന്തെങ്കിലും പണിയെക്കുറിച്ച് അവരാലോചിക്കാതിരിക്കാനുള്ള എല്ലാ പണിയും ജാതിയുടെ പേരില്‍ ഉണ്ടാക്കിയിട്ടുണ്ട്.
ദൈവം അവര്‍ക്ക് അരിയും തുണിയും വാങ്ങാനുള്ള പണം കൊടുക്കില്ലല്ലോ. അതിനു പണം വേറെ കണ്ടെത്തണം. അവര്‍ക്കും ജീവിക്കണമല്ലോ. മറ്റെന്തെങ്കിലും പണിയെക്കുറിച്ച് അവരാലോചിക്കാതിരിക്കാനുള്ള എല്ലാ പണിയും ജാതിയുടെ പേരില്‍ ഉണ്ടാക്കിയിട്ടുണ്ട്.
ആളുകള്‍ നേര്‍ച്ചനേരുന്നത് റഷ്യ - യുക്രൈന്‍ യുദ്ധം അവസാനിപ്പിക്കാനോ റോഡിലെ കുഴിയടയ്ക്കാനോ ഒന്നുമല്ല. സ്വന്തം കാര്യം നടത്തിക്കിട്ടാനായി കൊടുക്കുന്ന കൈക്കൂലിയാണത്. മഹാകവി ചങ്ങമ്പുഴ ഈ കൈക്കൂലിയേര്‍പ്പാടിനെ ഗംഭീരമായി വിമര്‍ശിച്ചിട്ടുണ്ട്.രണ്ടു തുട്ടേകിയാല്‍ ചുണ്ടില്‍ ചിരി വരും/ തെണ്ടിയല്ലേ മതം തീര്‍ത്ത ദൈവം എന്നും കൂദാശ കിട്ടുകില്‍ കൂസാതെ പാപിയില്‍ / കൂറുകാട്ടും ദൈവമെന്തു ദൈവമെന്നും പാല്‍പ്പായസം കണ്ടാല്‍ സ്വര്‍ഗ്ഗത്തിലേക്കുടന്‍ / പാസ്പോര്‍ട്ടെഴുതുവോന്‍ എന്തുദൈവം എന്നുമൊക്കെ ചങ്ങമ്പുഴ ചോദിച്ചിട്ടുണ്ടല്ലോ.
ആരാധനാലയത്തില്‍ പണമോ പട്ടോ മെഴുകുതിരിയോ ചന്ദനത്തിരിയോ കാഴ്ചവച്ചാല്‍ കാര്യം നടക്കും എന്ന ധാരണയില്‍ നിന്നാണ് കൈക്കൂലി സമ്പ്രദായം ഉടലെടുത്തത്. സര്ക്കാര്‍ ഓഫീസിലെ ഗുമസ്തദൈവങ്ങള്ക്കും ഡോക്ടര്‍,എഞ്ചിനീയര്‍ തുടങ്ങി സമസ്ത ദൈവങ്ങള്‍ക്കും കൈക്കൂലി കൊടുക്കുന്ന സമ്പ്രദായത്തിന്റെ വിത്തുകള്‍ ആരാധനാലയങ്ങളിലാണ് ആദ്യം വിതച്ചത്. വെടി വഴിപാടുമുതല്‍ ലക്ഷങ്ങള്‍ മുടക്കിയുള്ള വഴിപാടുകള്‍ വരെയുണ്ട്. ഇതു വേണ്ടെന്ന് വച്ചാല്‍ അഴിമതി രഹിതമായ ഒരു സമൂഹമായി നമ്മള്‍ മാറും. കുമ്പളങ്ങബലി മുതല്‍ നരബലിവരെയുള്ള അര്‍ഥരഹിതവും നീചവുമായ കൈക്കൂലിയില്‍ നിന്നും ഒരു സാക്ഷരസമൂഹം രക്ഷപ്പെടേണ്ടതായിട്ടുണ്ട്. കാര്യസിദ്ധീപൂജ എന്നൊരു പൂജതന്നെ നിലവിലുണ്ട്. എന്തുകാര്യം സിദ്ധിക്കാനാണ്? ഈ അന്ധവിശ്വാസങ്ങള്‍ സംരക്ഷിച്ചു വോട്ടാക്കുന്നവര്‍ സമൂഹത്തെ ഇരുണ്ട നൂറ്റാണ്ടുകളിലേക്ക് പിടിച്ച് വലിക്കുകയാണ്.
ആരാധനാലയം സംബന്ധിച്ച സമീപനത്തില്‍ മാറ്റമുണ്ടാകുന്നത് സമൂഹത്തിനു നല്ലതാണ്. നേര്‍ച്ചപ്പെട്ടികളും വഴിപാടുകളും ഉച്ചഭാഷിണി വച്ചുള്ള അലര്‍ച്ചകളും ഗതാഗത തടസ്സവും സൃഷ്ടിക്കാത്ത രീതിയിലുള്ള ഒരു സമീപനം സമൂഹത്തിനു നല്ലതാണ്.
No comments:
Post a Comment