പെണ്‍കരുത്തിനു സല്യൂട്ട്
------------------------------ -------------
അര്‍ദ്ധനാരീശ്വര സങ്കല്‍പ്പം ഒരു കെട്ടുകഥയാണ്.ആ കഥയില്‍ത്തന്നെ ജാരത്തിയെ ജടയില്‍ ഒളിപ്പിച്ചു വച്ച പുരുഷകൌശലവുമുണ്ട്.എന്നാല്‍ ഇതൊക്കെ ഭാരതം സ്ത്രീത്വത്തിന് നല്കിയ അംഗീകാരമായി എടുത്തുകാട്ടാറുമുണ്ട്.
നിയമനിര്‍മ്മാണ സഭകളിലെ സ്ത്രീ പ്രാതിനിധ്യത്തെ കുറിച്ചു പ്രസംഗിക്കുമ്പോഴും ശിവപാര്‍വതീചിത്രം പരാമര്‍ശിക്കാറുണ്ട്.ഗംഗയെ മുടിമറയില്‍ ഒളിപ്പിക്കാറുമുണ്ട്.
നിയമനിര്‍മ്മാണ സഭകളിലെ സ്ത്രീ സംവരണം വളരെക്കാലമായുള്ള ചര്‍ച്ചാവിഷയമാണ്.കേരളത്തില്‍ പോലും ഇത് പ്രസക്തിയുള്ള വിഷയമായി നിലനില്‍ക്കുന്നു. തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളില്‍ വനിതകള്‍ക്ക് അമ്പതു ശതമാനം സംവരണം നല്കി അംഗീകരിച്ച സംസ്ഥാനമാണ് കേരളം.
നമ്മുടെ പഞ്ചായത്ത് സംവിധാനം നല്ല രീതിയില്‍ മുന്നേറുന്നുമുണ്ട്. മൂന്നു വനിതകളെ മന്ത്രിസഭയില്‍ ഉള്‍പ്പെടുത്തി കേരളം മാതൃകയായിട്ടുമുണ്ട്. എങ്കിലും വനിതാ മുഖ്യമന്ത്രിയെന്ന സാക്ഷരകേരളത്തിന്‍റെ സ്വപ്നം സഫലമായിട്ടില്ല.
നിയമസഭയിലും പാര്‍ലമെന്റിലും അന്‍പത് ശതമാനം സംവരണത്തിനുള്ള അര്‍ഹത വനിതകള്‍ക്കുണ്ട്. ജനസംഖ്യയില്‍ അധികവും സ്തീകളാണെന്ന യാഥാര്‍ഥ്യം നമ്മള്‍ മറക്കരുത്. കേരളത്തിന്‍റെ ഔദ്യോഗിക മണ്ഡലം സമര്‍ത്ഥമായി മുന്നോട്ട് കൊണ്ടുപോകുന്നത് വനിതകളാണ്. അദ്ധ്യാപകരില്‍ എഴുപതു ശതമാനവും വനിതകളുള്ള സംസ്ഥാനമാണ് കേരളം.
പാര്‍ലമെന്റില്‍ മുപ്പത്തിമൂന്ന് ശതമാനം സംവരണം സ്ത്രീകള്‍ക്ക് നല്‍കുമെന്നും അതിനായി വരുന്ന തെരഞ്ഞെടുപ്പില്‍ വിജയിപ്പിക്കണമെന്നുമാണ് കേന്ദ്രഭരണകക്ഷിയുടെ ആവശ്യം. ഇത് ആടിനു മുന്നില്‍ കെട്ടിയ പഴത്തൊലിയാണ്. ആത്മാര്‍ഥതയുണ്ടെങ്കില്‍, അര്‍ദ്ധനാരീശ്വരനെ ആരാധിക്കുന്നുണ്ടെങ്കില്‍ ഈ വ്യാജവൃത്തി വേണ്ടല്ലോ. നേരത്തെ തന്നെ ചെയ്യാമായിരുന്നല്ലോ.
സ്ത്രീപുരുഷ തുല്യത ഭരണഘടന വാഗ്ദാനം ചെയ്യുന്നതാണെകില്‍ കൂടിയും അത് നടപ്പാക്കാന്‍ കഴിഞ്ഞിട്ടില്ല. അതുമാത്രമല്ല സ്ത്രീത്വത്തെ അപമാനിക്കുന്ന സമീപനം പോലും, പാര്‍ലമെന്‍റ് മന്ദിരോദ്ഘാടന ചടങ്ങില്‍ നിന്നും രാഷ്ട്രപതിയെ ഒഴിവാക്കിയതിലൂടെ ഭാരതപ്രണയികളില്‍ നിന്നും ഉണ്ടായി. ലോക് സഭയില്‍ പതിനഞ്ചു ശതമാനവും രാജ്യസഭയില്‍ പതിമൂന്നു ശതമാനവുമാണ് നിലവിലുള്ള വനിതാ പ്രാതിനിധ്യം.
ഏറ്റവും കൂടുതല്‍ അംഗങ്ങളുള്ള ഉത്തര്‍പ്രദേശ് നിയമസഭയില്‍ പന്ത്രണ്ടു ശതമാനം മാത്രമാണ് സ്ത്രീപ്രാതിനിധ്യം. അവിടെ നാനൂറ്റിമൂന്ന് നിയമസഭാംഗങ്ങളാണ് ഉള്ളത്. നൂറ്റിനാല്‍പ്പത് അംഗങ്ങള്‍ മാത്രമുള്ള കേരളത്തില്‍ ഒന്‍പതു ശതമാനമാണ് സ്ത്രീ പ്രാതിനിധ്യം.വനിതാ പ്രാതിനിധ്യമേ ഇല്ലാത്ത മിസ്സോറാമും പോണ്ടിച്ചേരിയും ഒറ്റ വനിതമാത്രമുള്ള ഹിമാചല്‍ പ്രദേശും ഭരണഘടനക്ക് കളങ്കമായി നിലകൊള്ളുന്നു. വനിതാ മുഖ്യമന്ത്രിയുള്ള പശ്ചിമ ബംഗാളില്‍ പതിമൂന്നു ശതമാനമേ വനിതാ പ്രാതിനിധ്യമുള്ളൂ. രണ്ടു വനിതാ മുഖ്യമന്ത്രിമാര്‍ ഭരിച്ച തമിഴ് നാട്ടില്‍ വെറും അഞ്ചു ശതമാനമേ വനിതാ പ്രാതിനിധ്യമുള്ളൂ.
ഇന്ത്യയിലെ, ഭരണസാധ്യതയുള്ള രാഷ്ട്രീയ പാര്‍ട്ടികളെ അഗാധമായി സ്വാധീനിക്കുന്നത് മതങ്ങളാണ്. എല്ലാ മതങ്ങളും സ്ത്രീ വിരുദ്ധമാണ്. അവര്‍ സ്ത്രീകള്‍ക്ക് സ്വാതന്ത്ര്യത്തിനുള്ള അര്‍ഹതയില്ലെന്ന മനുവാചകം നടപ്പാക്കുകയാണ്.സീതയെ കാട്ടിലെറിഞ്ഞു കാഞ്ചനസീതയെ വാഴിക്കുകയാണ് മതങ്ങള്‍ ചെയ്യുന്നത്. പേരില്‍ത്തന്നെ മതമുള്ള മുസ്ലിം ലീഗിലൂടെ നിയമസഭയിലോ പാര്‍ലമെന്‍റിലോ ഒരംഗം പോലും ഉണ്ടായില്ലെന്നുള്ളത് മതാധിപത്യത്തിന്റെ ദുസ്വാധീനത്തെ ഉറപ്പിക്കുന്നു.
മലയാളത്തിന്‍റെ പ്രിയപ്പെട്ട കഥാകാരി സാറാ ജോസഫിന്‍റെ നേതൃത്വത്തില്‍ ലക്ഷക്കണക്കിനാളുകള്‍ ഒപ്പിട്ട, തുല്യതക്ക് വേണ്ടിയുള്ള നിവേദനം കേരളത്തിലെ ഭരണ - പ്രതിപക്ഷ രാഷ്ട്രീയ നേതൃത്വത്തിനു സമര്‍പ്പിക്കുന്നു. ഫാസിസ്റ്റ് കക്ഷിയോട് പറഞ്ഞിട്ടു കാര്യമില്ലെന്ന നിലപാടില്‍ അവര്‍ കേന്ദ്രം ഭരിക്കുന്ന തീവ്രവലതുപക്ഷ കക്ഷിക്കു നിവേദനം നല്കുന്നുമില്ല.
കേരളത്തിലെ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലെന്നപോലെ നിയമസഭകളിലും പാര്‍ലമെന്റിലും അമ്പതു ശതമാനം വനിതാ സംവരണം ആവശ്യമാണ്.
No comments:
Post a Comment