നിയമസഭയിലെ വന്ദേമാതരസന്ദേഹം
------------------------------
ബി.ജെ.പി ടിക്കറ്റിൽ ജയിച്ച് കേരളനിയമസഭയിലെത്തിയ, എസ്.എൻ.ഡി.പി.യോഗം ചാത്തന്നൂർ യൂനിയൻ പ്രസിഡന്റാണ് ബി.ബി.ഗോപകുമാർ. ആദരണീയനായ ഈ നിയമസഭാംഗം സ്പീക്കറോടും മറ്റു നിയമസഭാംഗങ്ങളോടുമായി ഒരു ചോദ്യം ഉന്നയിച്ചിരുന്നു. സഭാ ടി.വിയിലൂടെ അതു കണ്ടപ്പോൾ
ദീർഘകാലം അദ്ധ്യാപകനായിരുന്ന അദ്ദേഹമാണല്ലോ ഈ ചോദ്യം ഉന്നയിച്ചത് എന്നോർത്ത് ദുഃഖം തോന്നി. വന്ദേ മാതരം അദ്ദേഹം അവതരിപ്പിച്ചത് ഇങ്ങനെയാണ്. "പത്തു കൈകളിൽ ആയുധമേന്തിയ ദുർഗ്ഗ നീയാണ്.താമരപ്പൂവിൽ വിഹരിക്കുന്ന ലക്ഷ്മി നീയാണ്. വിദ്യ നൽകുന്ന സരസ്വതിയും നീയാണ്.നിന്നെ ഞാൻ വന്ദിക്കുന്നു.ഇത് ഭാരതത്തിന്റെ ആധ്യാത്മിക അടിത്തറയിൽ നിന്നുകൊണ്ട് എഴുതിയതാണ്. ഇവിടെ എവിടെയാണ് വർഗീയതയുള്ളത്?"
ബങ്കിം ചന്ദ്ര ചാറ്റർജി ആനന്ദമഠം എഴുതിയ സാഹചര്യവും അതിൽ ഈ കവിത ഉൾപ്പെടുത്തിയ സന്ദർഭവും ഒന്നും ഇവിടെ വിശദീകരിക്കാൻ ഉദ്ദേശിക്കുന്നില്ല. അത് ഇതിനകം ധാരാളമായി ചർച്ച ചെയ്യപ്പെട്ടുകഴിഞ്ഞു. നിയമസഭാംഗം പറഞ്ഞ അർത്ഥം ശരിയാണോ എന്നും ഇവിടെ ചികഞ്ഞു നോക്കുന്നില്ല. ഭരണഘടനാ പരമായി ഇന്ത്യ ഒരു മതേതരരാജ്യമാണ്. അതായത്, ഹിന്ദുക്കളും മുസ്ലിങ്ങളും ക്രിസ്ത്യാനികളും പാഴ്സികളും ബുദ്ധിസ്റ്റുകളും ജൈനവിശ്വാസികളും സിഖുമതക്കാരും ഒരു മതത്തിലും വിശ്വസിക്കാത്തവരും ഒന്നിലും ഉൾപ്പെടാത്ത ദലിത് ആദിവാസി ജനതയും എല്ലാവരും ഉൾപ്പെട്ടതാണ് ഇന്ത്യാമഹാരാജ്യം. വന്ദേമാതരത്തിലെ ചില വരികൾ ഒരു മതത്തിലെ ആരാധനാമൂർത്തിയെ മാത്രം ഉയർത്തിക്കാട്ടുന്നതാണ്. അത് പൗരസമൂഹത്തെ അടിച്ചേൽപ്പിക്കുന്നത് അഭികാമ്യമായ കാര്യമല്ല. കുറെ ഹിന്ദുക്കൾക്ക് സന്തോഷം വരും എന്നല്ലാതെ ഇന്ത്യയിലെ പൊതുസമൂഹത്തിന് ഒരു സന്തോഷവും ഉണ്ടാവുകയില്ല. പ്രാഥമികമായ ആനന്ദം പോലും ഉണ്ടാകുന്നില്ലെങ്കിൽ പിന്നെങ്ങനെയാണ് ദേശസ്നേഹമുണ്ടാവുക!
ലാ ഇലാഹ് ഇല്ലള്ളാഹ് എന്നോ യേശുവേ നിന്റെ രാജ്യം വരേണമേ എന്നോ എല്ലാ ഇന്ത്യക്കാരും ഏറ്റു ചൊല്ലണമെന്ന് നിർബ്ബന്ധം പിടിച്ചാൽ അതെത്ര അനീതിയാണ്! ആ അനീതിയാണ് വന്ദേമാതരത്തിലെ ആദ്യത്തെ രണ്ടു പാദങ്ങൾ കൂടാതെ എല്ലാ വരികളും ചൊല്ലണമെന്ന് നിർബ്ബന്ധിക്കുന്നത്. ആദരണീയനായ നിയമസഭാംഗത്തിന്റെ പൂർവ്വാശ്രമവും അദ്ദേഹത്തിന്റെ രാഷ്ട്രീയപ്രവർത്തനത്തിന് തണലേകി പഞ്ചായത്തു മെമ്പർ വരെയാക്കിയ ഇന്ത്യൻ നാഷണൽ കോൺഗ്രസ്സിന്റെ മുൻകാല അനിഷേധ്യനേതാക്കളാണ് വന്ദേമാതരത്തിലെ ആദ്യപാദങ്ങളൊഴിച്ച് മറ്റൊന്നും സ്വീകരിക്കേണ്ടതില്ലെന്ന് ആദ്യംതന്നെ അഭിപ്രായപ്പെട്ടത്. ഹിന്ദുമതരാഷ്ട്രീയപ്പാർട്ടിയിലേ
ഇനി മറ്റൊരുകാര്യമുള്ളത് എസ്.എൻ.ഡി.പി യോഗത്തിന്റെ സ്ഥാപകപ്രസിഡന്റായ നാരായണഗുരു പത്തുകൈയിലും ആയുധമുള്ള ഒരു ദേവതയെ ആരാധിക്കുവാൻ എങ്ങും ആവശ്യപ്പെടുകയോ അങ്ങനെയൊരു വിഗ്രഹം സ്ഥാപിക്കുകയോ ചെയ്തിട്ടില്ല. ഏറ്റവും പക്വതയാർന്ന അവസാനനാളുകളിൽ അദ്ദേഹം ജാതിയും മതവും ഉപേക്ഷിക്കുകയാണ് ചെയ്തത്. ആയുധധാരികളായ ഭീകരദൈവങ്ങളെ ഒഴിവാക്കി, ശങ്കരൻകുഴിയിലെ ഒറ്റക്കല്ലിൽ ശിവനെ സങ്കല്പിക്കുകയാണ് ഗുരു ചെയ്തത്. ആ ശിലാഖണ്ഡത്തിൽ സർപ്പവും ആയുധവും പോയിട്ട് കണ്ണും മൂക്കും പോലും ആലേഖനം ചെയ്തിരുന്നില്ല. പിന്നീടങ്ങോട്ട് അദ്ദേഹം നടത്തിയത് ദൈവവിരുദ്ധമായ പ്രതിഷ്ഠകളായിരുന്നു. മാത്രമല്ല, പള്ളികൾ പോലും സ്ഥാപിക്കാൻ ഗുരു സന്നദ്ധനായിരുന്നു. ഗുരു ഇറങ്ങിപ്പോയെങ്കിലും പ്രതിമകളിലൂടെ ഗുരുവിനെ മുൻനിർത്തുന്ന എസ്.എൻ.ഡി.പി യോഗം ഇതെല്ലാം മറക്കുകയും ചെയ്തിരിക്കുന്നു. രാമരാജ്യം ശരിയല്ലെന്ന് പണ്ഡിറ്റ് മദൻ മോഹൻ മാളവ്യയുടെ മുഖത്തുനോക്കിപ്പറഞ്ഞ സഹോദരൻ അയ്യപ്പനും ആത്മീയതയല്ല, നാസ്തികതയാണ് ശരിയെന്നു വിശ്വസിച്ച സി.കേശവനും എസ്.എൻ.ഡി.പിയുടെ പ്രസിഡന്റും സെക്രട്ടറിയുമൊക്കെ ആയിരുന്നു എന്നകാര്യം ഇന്നത്തെ വ്യാജശ്രീനാരായണീയർ മറന്നാലും സാംസ്ക്കാരിക കേരളം മറക്കുകയില്ല.
രഘുപതി രാഘവ രാജാറാം / പതീതാപാവന സീതാറാം / ഈശ്വര അള്ളാ തേരേ നാം എന്നു ജപിച്ചുനടന്ന നമുടെ രാഷ്ട്രപിതാവുപോലും ആയുധധാരിയായ ദുർദ്ദേവതയെ ആരാധിച്ചില്ല.
ലോകത്തിലേക്കും ശ്രേഷ്ഠമായ നാട് നമ്മുടെ ഹിന്ദുസ്ഥാൻ ആണെന്ന മഹാകവി ഇഖ്ബാലിന്റെ വരികളെ ഇരുളിലേക്ക് തള്ളിമാറ്റിയിട്ടാണ് ആയുധധാരിയായ ഒരു ദേവതയുടെ വാഴ്ത്തുപാട്ട് മുന്നോട്ടു വയ്ക്കുന്നത്. വന്ദേമാതരത്തിലെ ആദ്യവരികളുടെ എല്ലാ മനോഹാരിതയും കെടുത്തുന്നതാണ് ദുർഗ്ഗാപൂജയുടെ അന്ധവിശ്വാസദുർഗ്ഗന്ധമുള്ള അവസാനവരികൾ. അതുകൊണ്ടാണ് ദേശാഭിമാനികളായ നേതാക്കളും ഭരണാധികാരികളും ആ വരികളെ ഉപേക്ഷിച്ചത്.
ഒരു നിയമസാഭാംഗം പ്രതിനിധീകരിക്കുന്നത് ആ നിയോജകമണ്ഡലത്തിലെ മുഴുവൻ ജനങ്ങളെയുമാണ്. തനിക്ക് വോട്ടു ചെയ്യാത്തവരുടെയും പ്രതിനിധിയാണ് നിയമസഭാംഗം. അവർ വിവിധ ആരാധനാരീതികളുള്ള സ്വന്തം മണ്ഡലത്തിലെ വോട്ടർമാരെ അപമാനിക്കുന്നത് ശരിയല്ല. ചാത്തന്നൂരാണെങ്കിൽ കേരളയുക്തിവാദി സംഘത്തിന്റെ സംസ്ഥാനസെക്രട്ടറി സന്തോഷ് മാനവം അടക്കമുള്ള വോട്ടർമാർ അധിവസിക്കുന്ന സ്ഥലമാണ്. വിവിധ മതവിശ്വാസികളും അവിശ്വാസികളും അവിടെയുണ്ട്. അപ്പോൾ അവരുടെ പ്രതിനിധി, ഒരുമതത്തിലെ ചിലർ മാത്രം ആരാധിക്കുന്ന ഒരു മൂർത്തിയെ ന്യായീകരിക്കുന്നതും അതിന്റെ അപദാനങ്ങൾ ചൊല്ലുന്നതിൽ തെറ്റില്ലെന്നു വാദിക്കുന്നതും ഒരു മതേതരഭരണഘടനയ്ക്കു നിരക്കുന്നതേയല്ല.
No comments:
Post a Comment